യു.പി.എസ്സ് മുരുക്കുമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നിലമേൽ


കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് എം സി റോഡിന്റെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ . ഇത്തിക്കര ആറിന്റെ പോഷക നദികൾ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. നിലമേൽ വില്ലേജിൽപ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 22.02 ച.കി.മീറ്ററാണ്. ചടയമംഗലം പഞ്ചായത്തിലെ കൈതോട്, മുരുക്കുമൺ , മുളയക്കോണം, നിലമേൽ എന്നീ വാർഡുകളും, പോരേടം, കുരിയോട് വാർഡുകളുടെ ഏതാനും ഭാഗങ്ങളും ചേർത്ത് 1977-ൽ നിലമേൽ പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. മുതുകുടിയിൽ അബ്ദുൽ റഹിമാൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. നിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം നിലമേൽ ജംഗ്ഷൻ തന്നെ. പാരിപ്പള്ളി-മടത്തറ റോഡ് നിർദ്ദിഷ്ട വർക്കല-കുറ്റാലം റോഡിൽ ഉൾപ്പെടുന്നു. വേയ്ക്കൽ മുസ്ളീം എൽ പി എസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. വ്യക്തിയുടെ വകയായിരുന്ന സ്ക്കൂൾ ഇപ്പോൾ ഗവ: എൽ പി സ്ക്കൂളാണ്. ബംഗ്ളാംകുന്നിൽ സ്ഥിതി ചെയ്യുന്ന ലൂഥറൻ മിഷൻ അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായത് 1929-ലാണ്. സ്ഥലത്തെ ആദ്യത്തെ യു.പി. സ്ക്കൂളാണിത്. അമേരിക്കൻ മിഷനറിമാർ സ്ഥാപിച്ച ഈ സ്ഥാപനം ഇവിടത്തെ ഹരിജനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളം ഏഴാം ക്ളാസ്സുവരെയുണ്ടായിരുന്ന ഈ ബോർഡിംഗ് സ്ക്കൂളാണ് നിലമേലിന്റെ സാംസ്ക്കാരിക നവോത്ഥാനത്തിനു നാന്ദികുറിച്ചത്. എൽ പി വിഭാഗം ഉൾപ്പെടുന്ന മൂന്നു യു.പി. സ്ക്കൂളുകളും, യു.പി. വിഭാഗം മാത്രമുള്ള ഒരു സ്ക്കൂളും, രണ്ട് എൽ പി. സ്ക്കൂളുകളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ മാറ്റാപ്പള്ളി മെമ്മോറിയൽ ഹൈസ്ക്കൂൾ , എൻ എസ് എസി ന്റെ ഉടമസ്ഥതയിലുള്ള ഒന്നാം ഗ്രേഡ് കോളേജ് എന്നിവ ഉന്നത വിദ്യാഭ്യാസത്തിനു സഹായിക്കുന്നു. പോസ്റ്റുഗ്രാഡ്വേറ്റ് പഠനത്തിനു സൌകര്യമുള്ള കോളേജ് കടയ്ക്കൽ , ചിതറ, മടത്തറ, ചടയമംഗലം, കിളിമാനൂർ , മടവൂർ - പള്ളിക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വളരെ പ്രയോജനകരമാണ്. ബംഗ്ളാംകുന്നിൽ പ്രൈമറി ഹെൽത്തു സെന്റർ , കൃഷിഭവൻ , വി ഇ ഒ യുടെ ആഫീസ്, വില്ലേജാഫീസ്, മൃഗാശുപത്രി എന്നിവയുണ്ട്. ഗവ: യു.പി. സ്കൂളിനോടനുബന്ധിച്ച് പ്രീ- പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. പ്രൈവറ്റു നഴ്സറി സ്കൂളുകളും മഹിളാസമാജം ഫീഡിംഗ് സെന്ററുകളും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധിക്കുന്നു. കോ-ഓപറേറ്റീവ് ബാങ്കിനു പുറമേ പ്രൈവറ്റ് ഫൈനാൻസിംഗ് ഏജൻസികളും സാമ്പത്തിക രംഗത്തുണ്ട്. സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന കലാ സാംസ്ക്കാരിക സമിതികളും, വായനശാലയും നിലമേലിന്റെ ജനജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

സ്ഥലനാമ ചരിത്രം

പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലവും ബാക്കി ഉയർന്ന പ്രദേശങ്ങളുമായിരുന്നു. നിലം നികത്തി അതിനുമേൽ സ്ഥാപിതമായ സ്ഥലമായതു കൊണ്ട്  ‘നിലമേൽ ‘ എന്ന പേര് സ്ഥലത്തിനു ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നിലത്തിനു സമീപം ഉയർന്ന (മേൽ ) പ്രദേശത്തു ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നതുകൊണ്ട് ‘നിലമേൽ ‘ എന്ന പേരു ലഭിച്ചതായും പഴമക്കാരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട് . ആദ്യകാല നാമം ‘നിലയ്ക്കൽ ‘ എന്നായിരുന്നെന്നും കാലക്രമത്തിൽ ‘നിലമേൽ ‘ ആയിത്തീർന്നതാണെന്നും എൺപത്തിയഞ്ചു വയസ്സിനുമേൽ പ്രായമുള്ള സ്ഥലവാസികൾ ഓർക്കുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും അടക്കി വാണിരുന്ന കുടുംബത്തിന്റെ പേര് ‘നിലമേൽ വീട്’ എന്നായിരുന്നു. ആ കുടുംബപ്പേര് പിന്നീട് സ്ഥലനാമമായി പരിണമിച്ചു എന്നും വിവക്ഷയുണ്ട്. എന്തായാലും ‘കൊട്ടാരക്കര താലൂക്കിന്റെ നെല്ലറ’ എന്നു മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് കരുതാം. പ്രദേശത്ത് അധിവസിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജാതിപ്പേരുകൾ പിൽക്കാലത്തു സ്ഥലനാമങ്ങളായി അറിയപ്പെടാനിടയായി. പഞ്ചായത്തിലെ പാണൻകോണം, പറയരുകോണം എന്നിവ ഉദാഹരണം. കൈത്തോടുകൾ ധാരാളമുണ്ടായിരുന്ന കൈതോടും, വെറ്റിലക്കൊടിയുടെ കേന്ദ്രമായിരുന്ന കൊടിക്കോണവും വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ട മുളയക്കോണം, മുരുക്കുമൺ , കൈതക്കുഴി, ആഴാന്തക്കുഴി എന്നിവയും സ്ഥല നാമങ്ങളുടെ പട്ടികയിൽപ്പെടുന്നു. ലൂഥറൻ മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലമേലിലെ ഉയർന്ന പ്രദേശത്ത് അമേരിക്കൻ മിഷനറിമാർ നിർമ്മിച്ച മനോഹരമായ ബംഗ്ളാവുണ്ട്. ഈ സ്ഥലം ‘ബംഗ്ളാവുകുന്ന്’- ഇപ്പോൾ ബംഗ്ളാംകുന്ന് - എന്നറിയപ്പെടുന്നു. വേയ്ക്കൽ , കരുന്തലക്കോട്, കണ്ണൻകോട്, പരുത്തിയിൽ , മണലയം, നെട്ടയം, ചേറാടുകുഴി, വെളളരി എന്നിവയൊക്കെ പ്രകൃതിയുമായും സമൂഹവുമായും ബന്ധപ്പെട്ട സ്ഥലനാമങ്ങളിൽപെടും.

സ്വാതന്ത്ര്യ സമരചരിത്രം

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പഞ്ചായത്തിലെ ധീരയോദ്ധാക്കൾ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഐതിഹാസികമായ ‘കടയ്ക്കൽ വിപ്ളവ’ത്തിലും ആറ്റിങ്ങൽ പ്രക്ഷോഭത്തിലും നിലമേൽ പഞ്ചായത്തിലെ സേനാനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1114 കന്നി 18-ാം തീയതി ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രയാണം തടയുന്നതിനായി റോഡിനു കുറുകെ മരങ്ങൾ മുറിച്ചിടുകയും കലുങ്കുകൾ തകർക്കുകയും ചെയ്ത് പട്ടാളത്തിന്റെ മുന്നറ്റം ഫലപ്രദമായി തടഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു ശിക്ഷിക്കപ്പെട്ടവരിൽ 7 വർഷവും 7 മാസവും ജയിൽ ശിക്ഷയനുഭവിച്ച കമ്പനിമല വിശ്വനാഥൻ നിലമേലിന്റെ അഭിമാനമായി. രാഘവൻ വൈദ്യൻ , രാമൻകുട്ടി, ചായക്കട നാരായണൻ , പരമു മേശിരി, ഈട്ടി ഹനീഫ, കൃഷ്ണൻ മേശിരി, മുതുകുടിയിൽ അബ്ദുൽ ഖരീം, മാമൂട്ടിൽ ഷാഹുൽ ഹമീദ് എന്നിവരും അറിയപ്പെടാത്ത മറ്റനേകം പേരും സ്വാതന്ത്ര്യ സമരത്തിലെ ഈ പഞ്ചായത്തിലെ കണ്ണികളായിട്ടുണ്ട്.

സാമൂഹിക-സാംസ്ക്കാരിക ചരിത്രം

ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്ക്കാരിക പുരോഗതിക്കു ചെറുതല്ലാത്ത പങ്കുവഹിച്ച പല വ്യക്തികളുണ്ട്. നിലമേൽ എൻ എസ് എസ് കോളേജ്, പഞ്ചായത്താഫീസ്, ഗവ: യു.പി. സ്കൂൾ തുടങ്ങി മറ്റു പല പൊതു സ്ഥാപനങ്ങൾക്കും സ്ഥലം സംഭാവന ചെയ്ത നിലമേൽ രാമനുണ്ണിത്താൻ , വലിയ വീട്ടിൽ വേലായുധനുണ്ണിത്താൻ എന്നിവരുടെ പേരുകൾ കൃതജ്ഞതയോടെയേ സ്മരിക്കാൻ കഴിയൂ. നാടിന്റെ സാമൂഹ്യ പുരോഗതിക്കാധാരമായ ഹൈസ്ക്കൂൾ , കോളേജ്, ആശുപത്രി, സഹകരണ സംഘം എന്നിവയുടെ ആവിർഭാവത്തിനു മുൻപന്തിയിൽ നിന്നു പ്രവർത്തിച്ച  മാറ്റാപള്ളി മജീദ്, മുൻ എം എൽ എ  വി. പ്രഭാകരൻ ,  നാവായ്ക്കുളം റഷീദ്, കലാ-സാഹിത്യ രംഗങ്ങളിൽ സംഭാവനകൾ നല്കിയിട്ടുള്ള  ആനപ്പുഴയ്ക്കൽ രാഘവൻ , നിലമേൽ അഞ്ചലാപ്പീസ് സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുകയും ആദ്യത്തെ അഞ്ചൽ മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത എസ്. കൃഷ്ണ പിള്ള എന്നീ പേരുകൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിലമേലുള്ള പ്രധാന ക്ഷേത്രം ഉണ്ണിത്താൻമാരുടെ കുടുംബ ക്ഷേത്രമായ ശ്രീധർമ്മശാസ്താ ക്ഷേത്രമാണ്. ഠൌണിനു സമീപമുള്ള ശാസ്താവു പൊയ്ക (പെരുങ്കുന്നം) എന്ന സ്ഥലത്തു നിലം കുഴിച്ചപ്പോൾ ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്ന് പഴമക്കാർ ഓർക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന പഞ്ചലോഹ  വിഗ്രഹമാണിത്. വില്ലും അമ്പും കൈയ്യിലേന്തി നില്ക്കുന്നതായിട്ടാണു വിഗ്രഹം. മുരുക്കുമൺ ശാസ്താ ക്ഷേത്രത്തിൽ ആണ്ടുതോറും വിപുലമായി ഉത്സവം ആഘോഷിക്കപ്പെടുന്നു. കൈതോട്, കൈതക്കുഴി, തൊട്ടുവള്ളി എന്നിവിടങ്ങളിൽ എല്ലാ വർഷവും ഉത്സവം നടത്താറുണ്ട്. ഈ ഉത്സവ പരിപാടികളിൽ നാനാജാതി മതസ്ഥരും സഹകരണ മനോഭാവത്തോടെ പങ്കെടുക്കുന്നു. നിലമേൽ പഞ്ചായത്തിലെ പ്രധാനപ്പെട്ട കാവുകൾ കൈതക്കുഴി ചാവരു കാവും കൊടിക്കോണം കാവുമാണ്. ഇവിടങ്ങളിലും ഉത്സവങ്ങൾ നടക്കുന്നു. നിലമേൽ പഞ്ചായത്തിൽ നാലു ക്ഷേത്രങ്ങളും, ആറു മുസ്സീം പള്ളികളും രണ്ടു ക്രിസ്ത്യൻ പള്ളികളും ഒരു ശ്രീനാരായണ ഗുരുമന്ദിരവും സ്ഥിതി ചെയ്യുന്നു. 1949 മുതൽ പ്രവർത്തിക്കുന്ന ‘സൌഹാർദ്ദ സമിതി’ ഗ്രന്ഥശാല ഇവിടത്തെ സാംസ്ക്കാരിക മേഖലയിലെ പ്രധാന കണ്ണിയായിരുന്നു. കലാ-കായിക-സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പഞ്ചായത്തിലുണ്ട്. 20 വർഷത്തിനു മേലായി ഈ രംഗത്തു പ്രവർത്തിക്കുന്ന ക്ളബുകളാണ് നാസ്സ്, വിശ്വദർശന എന്നിവ. എല്ലാ വർഷവും വേയ്ക്കൽ മരമടി മഹോത്സവം നടത്താറുണ്ട്. കാർഷികോത്സവമായ മരമടി മത്സരം നടത്തുന്ന, നിലമേൽ പഞ്ചായത്തിലെ ഏകപ്രദേശമാണു വേയ്ക്കൽ . മുതുകുടിയിൽ ജമാൽ സാഹിബ്ബ്, പൂങ്കോടിയിൽ മുഹമ്മദു കുഞ്ഞ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ മത്സരം. പൂങ്കോടിയിൽ വാവാക്കുഞ്ഞു സാഹബ്ബിന്റെ മേൽ നോട്ടത്തിൽ പൂർവ്വാധികം ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ്ടുതോറും ഇതൊരു മഹോത്സവമായി കൊണ്ടാടപ്പെടുന്നു. കേരളത്തിലാകെ ജനശ്രദ്ധ പിടിച്ചുപറ്റിയ വേയ്ക്കൽ മരമടി മഹോത്സവം കാർഷിക കേരളത്തിന്റെയും ടൂറിസ്റ്റുകളുടേയും ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലമേലിലെ ആദിമ നിവാസികൾ പ്രധാനമായും പട്ടികജാതിയിൽപെട്ടവരായിരുന്നു. പിന്നീട് ഉയർന്ന ജാതിയിൽപെട്ടവർ താമസമാക്കുകയും ഹരിജനങ്ങളെ അവരുടെ ജോലിക്കാരായി നിയോഗിക്കുകയും ചെയ്തു. വനപ്രദേശങ്ങളായിരുന്ന പല ഭാഗങ്ങളും അവരുടെ അധ്വാനം കൊണ്ടു കൃഷിയിടങ്ങളായി. കൃഷിയിടങ്ങൾ രൂപപ്പെടുത്തുന്നതിനു വേണ്ടി ഒരു പ്രദേശത്തുനിന്നു മറ്റൊരിടത്തേക്ക് അവർ മാറിമാറി നിയോഗിക്കപ്പെട്ടിരുന്നു. മലബാറിലെ ആഴ്വഞ്ചേരിയിൽ നിന്നു വന്ന നായർ മാടമ്പിമാരായിരുന്നു നിലമേൽ ഉണ്ണിത്താന്മാർ . അവരുടെ കുടുംബ വകയോ, അവരുടെ അധീനത്തിലും ഏകാധിപത്യത്തിലുമുള്ളതോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും. അവരുടെ കുടുംബത്തിന് ‘നിലമേൽ വീട്’ എന്നായിരുന്നു പേര്. പൂവണത്തുംകോടു മാടമ്പി എന്നറിയപ്പെട്ടിരുന്ന ‘കുതിരക്കാരൻ ഉണ്ണിത്താൻ ‘ ആയിരുന്നു പ്രദേശത്തിന്റെ അധിപൻ. അദ്ദേഹത്തിന്റെ അറിവും അനുവാദവും കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കു പോലും ഇതുവഴി സഞ്ചരിക്കാനോ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കഴിയുമായിരുന്നില്ല. യശഃശരീരനായ മുരുക്കുമൺ കെട്ടിടത്തിൽ കൃഷ്ണനുണ്ണിത്താന്റെ പിതാവ് പൂവണ്ണാലയ്യപ്പൻ എന്നു മാറാപ്പേരുള്ള നാരായണൻ ഉണ്ണിത്താൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. ജനവികാരം എക്കാലത്തും അടിച്ചമർത്തപ്പെടാൻ കഴിയില്ല. സഹജമായ ആത്മാഭിമാനത്തിന്റെ ബഹിർ സ്ഫുരണം അക്രമത്തിൽ കലാശിച്ച ചരിത്രവുമുണ്ട്. ഉണ്ണിത്താന്മാരുടെ പ്രതിനിധിയായി വടക്കൻ എന്നറിയപ്പെട്ടിരുന്ന ഒരു കങ്കാണിയുണ്ടായിരുന്നു. അധികാരത്തിന്റെ ചാട്ടവാർ ചുഴറ്റി അടിയാന്മാരെ ചൊല്പടിക്കു നിറുത്താൻ ശ്രമിച്ചിരുന്ന കങ്കാണിക്കു പക്ഷേ, അധികനാൾ അതു തുടരാനായില്ല. ഏകാധിപത്യത്തിനും, പീഢനത്തിനുമെതിരായി പ്രാകൃതാവസ്ഥയിലും പ്രതികരിച്ച അടിയാന്മാർ ‘വടക്കൻ കങ്കാണി’യെ ചുട്ടുകരിച്ചു കൊലപ്പെടുത്തി. ഈ സ്ഥലത്തിന് അടുത്തകാലം വരെ ‘വടക്കനെ കൊന്ന പച്ച’ എന്നു പേരുണ്ടായിരുന്നു. (ഇപ്പോൾ ചാറയം).

അതിരുകൾ

നിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്.

വാർഡുകൾ

  • എലിക്കുന്നാംമുകൾ
  • വലിയവഴി
  • നെടുംപച്ച
  • മുളയക്കോണം
  • മുരുക്കുമൺ
  • പുതുശ്ശേരി
  • കോളേജ്
  • വെളളാംപാറ
  • ചേറാട്ടുകുഴി
  • ഠൌൺ
  • ബംഗ്ലാംകുന്ന്
  • വയക്കൽ
  • കൈതോട്

സ്ഥിതിവിവരക്കണക്കുകൾ

🔸ജില്ല -കൊല്ലം

🔸ബ്ലോക്ക് -ചടയമംഗലം

🔸വിസ്തീര്ണ്ണം- 22.02 ചതുരശ്ര കിലോമീറ്റർ

🔸ജനസംഖ്യ -14208

🔸പുരുഷന്മാർ -6802

🔸സ്ത്രീകൾ -7406

🔸ജനസാന്ദ്രത- 645

🔸സ്ത്രീ : പുരുഷ അനുപാതം -1089

🔸സാക്ഷരത -89.57%

പൊതുസ്ഥാപനങ്ങൾ

  • യു.പി.എസ്സ് മുരുക്കുമൺ
    MURUKKUMON UPS
  • എൻ.എസ്സ്.എസ്സ് കോളേജ് നിലമേൽ
  • ജി.യു.പി.എസ് നിലമേൽ
  • നിലമേൽ സർവീസ് സഹകരണ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
  • ഗവ:ഹോസ്പിറ്റൽ നിലമേൽ
  • എം എം എച്ച് എസ് എസ് നിലമേൽ
  • ബി ആർ സി ചടയമംഗലം