മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര ക്ലബ് 2021-22.

മർകസ് ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനം 31. 8.2021 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റ് പ്ലാറ്റഫാമിലൂടെ ഓൺലൈൻ പരിപാടി ആയി നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ.പോൾ കെ.ജെ. ഉദ്ഘാടനകർമം നിർവഹിച്ചു. കേരളാ സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ അസിസ്റ്റൻറ് പ്രൊഫസ്സർ ശ്രീ. അഖിലേഷ് മുഖ്യാഥിതി ആയിരുന്നു. ഗണിത ശാസ്ത്രത്തിലെ നൂതന പ്രവണതകളെയും സാധ്യതകളെയും കുറിച്ച് അദ്ദേഹം  ക്ലാസ് എടുത്തു. ജില്ലാ ഗണിത ശാസ്ത്ര അസോസിയേഷൻ കൺവീനറും മുൻ അധ്യാപകനുമായ ശ്രീ.കെ.ജി.രൂപേഷ് ആശംസകൾപ്പിച്ച് സംസാരിച്ചു. ഓരോ ക്ലാസ് ഡിവിഷനുകളിൽ നിന്നും ഗണിതത്തിൽ അഭിരുചിയുള്ള രണ്ട് വിദ്യാർത്ഥികളെ വീതം ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചത്. ക്ലബ് ചെയർമാനായി ഫലാഹ് 9F ഉം കൺവീനറായി സിദാൻ 9 I യും പ്രവർത്തിക്കുന്നു. ക്ലബിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി അവബോധം പ്രോഗ്രാമും ക്വിസ് മത്സരവും നടത്തി. കൂടാതെ ക്ലബ് മുൻകൈ എടുത്ത് ഗണിത ശാസ്ത്ര  എക്സ്പോ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം വീണ്ടും സ്കൂൾ അടച്ചതിനാൽ എക്സ്പോ നടത്താൻ കഴിഞ്ഞിട്ടില്ല. സ്കൂൾ തുറക്കുകയാണെങ്കിൽ വിവിധ തരത്തിലുള്ള പരിപാടികളും മൽസരങ്ങളുമായി പ്രസ്തുത എക്സ്പോ നടത്താനാകുമെന്നാണ് പ്രതീക്ഷ.


ഗണിതോത്സവം.

ഗണിതോത്സവം ക്യാമ്പ് വിദ്യാർത്ഥികൾക്കൊപ്പം  ഐ ഐ എം കോഴിക്കോട് സന്ദർശിച്ചപ്പോൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലേയും ഓരോ കുട്ടിയും മികവിലേയ്ക്ക് എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. അഖിലേന്ത്യാ തലത്തിൽ നടത്തിയ പഠനങ്ങളിൽ ഗണിതത്തിൽ കുട്ടികളുടെ നിലവാരം ഉയരേണ്ടതുണ്ട് എന്ന് തിരിച്ചറിയുന്നു. ഗണിതപ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാൻ പലകാരണങ്ങളാൽ കുട്ടികൾക്ക് പ്രയാസം നേരിടുന്നുണ്ട്. ഈ സ്ഥിതി മാറ്റിയെടുത്ത് സ്വാഭാവികമായി ഗണിതപഠനത്തെ എങ്ങനെ ജീവിതഗന്ധിയും ജീവിതബന്ധിയും ആക്കി മാറ്റാം എന്ന അന്വേഷണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന പദ്ധതിയാണ് ഗണിതോത്സവം. മർകസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബും കുന്നമംഗലം സബ്ജില്ലാ ഗണിതശാസ്ത്ര കമ്മിറ്റിയും സംയുക്തമായി നടത്തിയ ഗണിതോത്സവം പരിപാടി മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഗംഭീരമായി. ക്യാമ്പിന്റെ ഭാഗമായി ജല വിഭവ ഗവേഷണ കേന്ദ്രം, ഐ ഐ എം കോഴിക്കോട്, മേഖലാ ശാസ്ത്ര കേന്ദ്രം കോഴിക്കോട്, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ ക്യാമ്പിൽ സംബന്ധിച്ചു.