വിരസത

നമുക്ക് ഈ കാലത്തെ കൊറോണ കാലം എന്നുകൂടി വിശേഷിപ്പിക്കാം വീട്ടിലെ ടിവി തുറന്നാലും ഉപ്പാപ്പാന്റെ റേഡിയോ തുറന്നാലും ഉമ്മാന്റെ വാട്സ്ആപ്പ് ഉപ്പയുടെ ഫേസ്ബുക്കും എന്തിനധികം അയൽവാസികളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് പോലും കൊറോണയെ കുറിച്ചാണ്. വിരസതയുടെ അങ്ങേയറ്റം എത്തിയപ്പോൾ ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിച്ചു. തള്ളവിരലില്ലാത്ത ഗ്രാമം എന്ന കഥ എന്നെ വല്ലാതെ ആകർഷിച്ചു. കഥാകാരൻ ഉദ്ദേശിച്ചത് പോലെ ആ സ്വാതന്ത്ര്യത്തിന് ഇന്നലെകൾ ഉണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി. നെയ്ത്തുകാരായിരുന്ന ഒരു ഗ്രാമത്തെ മുഴുവൻ ഇനിമുതൽ നെയ്ത്ത് ചെയ്യില്ല എന്ന ശപഥം ചെയ്യാൻ മാത്രം അവരെ പ്രാപ്തരാക്കിയത് കമ്പനിയുടെ ക്രൂരതകൾ ആയിരുന്നു. കരാറനുസരിച്ച് നെയ്തു കൊടുത്തില്ലെങ്കിൽ മുക്കാലിയിൽ കെട്ടി ചാവും വരെ അടിക്കും. അതിൽ നിന്നും രക്ഷപ്പെടാനായി ആ ഗ്രാമത്തിലെ എല്ലാവരും സ്വന്തം തള്ളവിരൽ മുറിച്ചു. എന്തിനധികം സ്വന്തം കുഞ്ഞുങ്ങളുടെ വിരൽ മുറിച്ച് എറിഞ്ഞു കൊടുക്കുക, അവരുടെ ഒരു ആചാരമായി മാറി. തള്ളവിരൽ മുറിച്ചാൽ നെയ്യാൻ പറ്റില്ലല്ലോ. എങ്ങനെയൊക്കെ ചെയ്തിട്ടും കമ്പനി അവരെ വെറുതെ വിടാനും ഒരുക്കമല്ലായിരുന്നു. നിരന്തരമായ മാർഗ്ഗത്തിലൂടെ അവരെ ഓരോരുത്തരെയും അവർ ഇല്ലാതാക്കി കൊണ്ടേയിരുന്നു. ഈ കഥയിലൂടെ അവർ അനുഭവിച്ച വേദനകളും യാതനകളും ഞങ്ങളുടെ കൊറോണ കാലത്ത് ഈ സ്വാതന്ത്ര്യം ഒരു ബുദ്ധിമുട്ട് അല്ല എന്ന് തോന്നിപ്പോകുന്നു. ഗോവർധനന്റെ യാത്രാകുറിപ്പുകളിലെ തള്ളവിരലില്ലാത്ത ഗ്രാമം എന്ന ആനന്ദിന്റെ മനോഹരമായ ഈ കഥ ഇന്നത്തെ ദിവസത്തെ മനോഹരമാക്കി എങ്കിലും എന്റെ കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു.

ഫാത്തിമതു നസു്ഹ പി പി
3എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ