കോവിഡ് കാലം
മരണ ഗന്ധമിതേറുന്നു മണ്ണിതിൽ
മതി വരാതെ മദിക്കും കൊറോണയാൽ
പേടി വേണ്ട നമുക്കൊന്നിച്ച് നേരിടാം
വീട്ടിനുള്ളിലായ് തന്നെ ഇരുന്നിടാം.
സ്നേഹമല്പമകലെ നിന്നായിടാം
മോഹമൊക്കെ മനസ്സിൽ കുറിച്ചിടാം
രോഗമുക്തി വരുന്നതിനായിട്ട്
ദേഹശുദ്ധി മറക്കാതിരുന്നിടാം.
കൈകൾ നന്നായിട്ടിടയ്ക്കു കഴുകിടാം
കയ്യിൽ തൂവാലയൊന്നു കരുതീടാം
പത്ര വാർത്തകളൊക്കെ വായിച്ചിടാം
രോഗ കാര്യങ്ങളേറെയറിഞ്ഞീടാം.
വീട്ടിൽ വെറുതെ മുഷിഞ്ഞങ്ങിരിക്കാതെ
അറിവിൻ നിറവാർന്ന വായന ചെയ്തിടാം
കൂട്ടുകാരെയിടയ്ക്കു വിളിച്ചിടാം
ഫോണിലല്പം കളിച്ചു രസിച്ചീടാം.
യോഗ ചെയ്യാൻ പഠിച്ചിടാം നമ്മൾക്കു-
ചിത്രം വരച്ചു പഠിക്കാൻ ശ്രമിച്ചിടാം
മുത്തശ്ശി ചൊല്ലും കഥയതു കേട്ടിട്ടു
എല്ലാം മറന്നു സുഖമായി ഉറങ്ങിടാം.
ചുട്ടുപൊള്ളുമീ നട്ടുച്ച നേരത്തും
കഷ്ടമേറെ സഹിച്ചിട്ടു നമ്മൾക്കു
രോഗമില്ലാതെ കാക്കാൻ ശ്രമിക്കുന്ന-
മർത്ത്യ ദൈവങ്ങളെ തുണച്ചീടാം