മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/വായനയുടെ പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വായനയുടെ പൂക്കാലം

കോവിഡ് 19 തടയാനുള്ള തീവ്രജാഗ്രതയിലാണ് ലോകത്താകമാനമുള്ള മനുഷ്യർ. ലോകമെമ്പാടും ഒരു മഹാമാരിയായിത്തീരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ് കോവിഡ് 19 ന്റെ സാന്നിധ്യം ഭീതി പരത്തുന്നത്. എന്നാൽ നമ്മെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ഈ കുഞ്ഞൻ വൈറസ് നമുക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്ത് സർഗ്ഗശേഷി പരിപോഷിപ്പിക്കാനുള്ള അവസരം കൂടിയാണ്. വായനയായിരുന്നു എന്നിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുന്നതിനായി ഞാൻ കണ്ടെത്തിയ മാർഗം. ലോക്കഡോണിന്റെ ഇക്കാലത്തു തീർത്തും സർഗ്ഗശേഷി പരിപോഷിപ്പിക്കുക. നമുക്ക് കിട്ടുന്ന ഓരോ നിമിഷവും വിലപിടിച്ചതാണ്. ഈ അധ്യയനവർഷം നാം ആർജിച്ചെടുത്ത അറിവുകളും ശേഷികളും മൂല്യബോധവും സമൂഹനന്മയ്ക്ക് വേണ്ടി പ്രയോജനപ്രദമായി പ്രാവർത്തികമാക്കാൻ ഈ അവസരം ഉചിതമാണ്. എനിക്ക് കോവിഡ് 19 സമ്മാനിച്ചത് വസന്തകാലം തന്നെയായിരുന്നു. തികച്ചും സർഗാത്മകമായി ഞാൻ എന്റെ വായനയുടെ ലോകം പുതുക്കി.വായന സംഭാവന ചെയ്യുന്നത് ഓരോ അറിവുകളാണ്. മനുഷ്യർക്ക്മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ് വായന. വളയാതെ വളരാൻ വായന ഒഴിവാക്കാൻ സാധിക്കാത്ത ഘടകം തന്നെയാണ്. അറിവ് നേടാനുള്ള പ്രധാന മാർഗവും വായനതന്നെ. വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ അറിവ്. കോവിഡ് 19 എനിക്ക് സാമ്മാനിച്ച വായനയുടെ ലോകം വിവരണാതീതമാണ്. ലോക്‌ഡോണിന്റെ ഈ ദിനങ്ങൾ ശരിയായി വിനിയോഗിക്കാം. ഈ ദിനങ്ങളിൽ ഞാൻ വായിച്ച ഒരു നോവലിലൂടെ......

ഖസാഖിന്റെ ഇതിഹാസം :-വാക്കും വരയും ഒരുപോലെ വഴങ്ങിയ മലയാളത്തിലെ അത്യപൂർവ കവികളിലൊരാളായ ഒ. വി. വിജയന്റെ ആദ്യ നോവലായിരുന്നു ഖസാഖിന്റെ ഇതിഹാസം. മലയാള സാഹിത്യചരിത്രത്തിൽ ഒരു പ്രകാശഗോപുരമായി ഈ കൃതി നിലനിൽക്കുന്നു. നോവലിൽ കാറ്റും വയലും കരിമ്പനകളുമെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നു. പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക.1969ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കല്പങ്ങളെ മാറ്റിമറിച്ചു. പ്രാചീനമായ ആ ഗ്രാമത്തിലേക്ക് സർക്കാറിന്റെ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുന്നതിനായി എത്തുന്ന രവിയിലൂടെ കഥ ആരംഭിക്കുന്നു.ഇത് രേഖീയമായ ഒരു കഥയല്ല.

'

കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നുപിടിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം' എന്ന മാന്ത്രിക വരിയുടെ അവാച്യമായ സർഗ്ഗസൗന്ദര്യത്തിന്റെ നിറവിലൂടെയാണ് 'ഖസാക്കിന്റെ ഇതിഹാസം' ആരംഭിക്കുന്നത്. പൂർവ്വ നിശ്ചയങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്നതാണ് മനുഷ്യജന്മങ്ങളുടെ കർമ്മ പരമ്പരകളെന്ന കഥയുടെ കാമ്പിലേക്കുള്ള സൂചന ആ വരികളിൽ ഒളിച്ചിരിപ്പുണ്ട്.അത് ശ്രദ്ധിക്കാതെ കഥയിലേക്ക് കടക്കുന്നയാൾ തീർച്ചയായും കഥയറിയാതെ ആട്ടം കണ്ടത് പോലെയാകും.

രവി സ്ഥാപിക്കുന്ന ഏകാധ്യാപകവിദ്യാലയത്തിൽ കുട്ടികളെല്ലാംതന്നെ ചേരുന്നു. അതോടെ നാട്ടിലുണ്ടായിരുന്ന മതാധ്യാപകർ എല്ലാം ഉപേക്ഷിക്കപ്പെടുന്നു. അധ്യാപകനായ രവിയുടെ പക്കൽ തൂപ്പുകാരനായി മൊല്ലാക്ക എന്ന മതാധ്യാപകൻ എത്തുന്നു. ഒടുവിൽ വിദ്യാർഥിനിയായിരുന്ന, ബാല്യത്തിന്റെ അവസാന പടവിലെത്തിയ,നിഷ്കളങ്കയായ കുഞ്ഞാമിന തന്റെ കൈകളിലേക്ക് ഋതുമതിയാവുമ്പോൾ പാപബോധവും പാവദയയും രവിയെ ഉൽക്കടമായി പിടികൂടുന്നു. പാപങ്ങളുടെ കണക്ക് വർദ്ധിക്കുവാതിരിക്കുവാൻ രവി ഖസാക്ക് വിടുവാൻ തീരുമാനിക്കുന്നു. രവി കൂമൻകാവിൽ ബസ് കാത്തു നിൽക്കുമ്പോൾ ഒരു സർപ്പത്തിന് വിഷബാധയേറ്റ് മരണം വരിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.

ഖസാക്കിന്റെ ഭാഷ അന്നുവരെ മലയാളികൾ പരിചയിച്ചിട്ടില്ലാത്ത ഒരു തരം ഭാഷയായിരുന്നു. പ്രൗഢവും കുലീനവുമായ ഒരു നോവൽഭാഷ ഖസാക്കിൽ ഉടലെടുത്തു.

നോവൽ വായിക്കുന്ന ഓരോ നിമിഷത്തിലും അതിന്റെ അർത്ഥധ്വനി കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. നോവലിന്റെ ഓരോ വാക്കും ഉൾക്കൊണ്ടു വായിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. ഓരോ വായനയും ഓരോ അറിവുകളാണ്.

പുസ്തകം പോലെ നമ്മെ തിരുത്തുന്ന മറ്റൊരു ചങ്ങാതി ഇല്ല. അങ്ങനെ ലോക്ക്ഡൗണിന്റെ ദിനങ്ങളും പിന്നിട്ടു കൊണ്ടിരിക്കുന്നു. വായനക്കായി ഞാനെന്റെ ലോക്കഡോൺ ദിനങ്ങൾ നീക്കിവെക്കുന്നു. കോവിഡ് 19 എന്ന കുഞ്ഞൻവൈറസിനെ 'ശാരീരിക അകലം സാമൂഹിക ഒരുമ' എന്ന കാഴ്ചപ്പാടോടെ നമുക്ക് ചെറുത്ത് തോൽപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു,കൂടെ സർഗാത്മകദിനങ്ങളും. ഈ അവധിക്കാലം സർഗാത്മകമായി വിനിയോഗിക്കാം.......

ഷഹാന മജീദ്
10 B മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം