ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി

ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി വളർത്തുന്നതാണ് സ്ക്കൂൾ കലോത്സവങ്ങൾ. എന്നത്തെയും പോലെ മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ഈ വർഷവും സ്ക്കൂൾ കലോത്സവം സമുചിതമായി കൊണ്ടാടി. ഏതൊരു കലോത്സവത്തിൻ്റെയും ആദ്യപടിയെന്നോണം 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെ 4 ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് ചെണ്ട, തബല, വീണ , തംബുരു എന്നിങ്ങനെ പേര് കൊടുത്തു. ഇത് കുട്ടികളിൽ വീറും വാശിയും ഉണർത്തി. അവരുടെ സർഗവാസനങ്ങളെ വളർത്തി. പുതിയ കലാസൃഷ്ടികൾ രൂപം കൊണ്ടു. ധ്വനി 2025 ൽ 35 ഓൺ സ്റ്റേജ് മത്സരങ്ങളും 20 ഓഫ് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. ഓരോ ഗ്രൂപ്പിൻ്റെയും പോയിൻ്റ് നില സൂചിപ്പിക്കുന്ന സ്ക്കോർ ബോർഡും സ്കൂൾ വരാന്തയിൽ ഇടം പിടിച്ചു. മാറി മാറി വരുന്ന പോയിൻ്റ് നില കണ്ടെത്താൻ ഒരു കൂട്ടം കുട്ടികൾ എപ്പോഴും സ്ക്കോർബോർഡിന് മുമ്പിൽ ഉണ്ടായിരുന്നു. ഓഫ് സ്റ്റേജ് ഐറ്റത്തിൽ മത്സരിക്കാൻ വിദ്യാർത്ഥികളുടെ ബാഹുല്യം ഉണ്ടായിരുന്നു. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ചു. ഓൺ സ്റ്റേജ് ഐറ്റത്തിലും ഓഫ് സ്റ്റേജ് െഎറ്റത്തിലും തമിഴ്, കന്നട, ഉറുദു, അറബി തുടങ്ങി പല ഭാഷകളിലും മത്സരം നടന്നു. കലോത്സവത്തിൻ്റെ ഒരു പ്രധാന ആകർഷണ മായിരുന്നു ഫുഡ് കോർട്ട്. വിദ്യാർത്ഥികളുടെ ക്ഷീണം അകറ്റാൻ, ഒഴിവ് വേളകൾ ആനന്ദദായകമാക്കാൻ അത് സഹായിച്ചു. ധ്വനി 2025 ൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് 23 -7- 25 ന് മാതാ സ്ക്കൂൾ വേദിയായി. ഉദ്ഘാടന ചടങ്ങിന് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ . തോമസ് KJ സ്വാഗതം ആശംസിച്ചു.PTA പ്രസിഡണ്ട് ജെൻസൻ പുത്തൂർ അധ്യക്ഷപദം അലങ്കരിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. ജെയ് സൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ധ്വനി 2k25 ഉദ്ഘാടനം ചെയ്തത് പ്രശസ്ത ചാക്യാർകൂത്ത് കലാകാരനും മിമിക്രി ആർട്ടിസ്റ്റും ആയ ശ്രീ . പ്രദീപ് പൂലാനിയായിരുന്നു. ശേഷം അദ്ദേഹം മധുരം മലയാളം എന്ന പരിപാടി അവതരിപ്പിച്ചു. അതിലൂടെ അദ്ദേഹം കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് മജ്ഞു സജി പരിപാടിയ്ക്ക് ആശംസ അർപ്പിച്ചു. ധ്വനി 2k25 ജനറൽ കൺവീനർ ബീന സി.ഡി ടീച്ചർ പരിപാടിയ്ക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം രണ്ട് വേദികളിലായി ഭരത നാട്യം, നാടോടി നൃത്തം , ഗ്രൂപ്പ് ഡാൻസ്... തുടങ്ങി ധാരാളം പരിപാടികൾ അരങ്ങേറി. 25.7.25 ന് വൈകീട്ട് 5 മണിയ്ക്ക് പരിപാടികൾ അവസാനിച്ചു. ജൂലായ്10 ന് ആരംഭിച്ച് ഏകദേശം 10 ദിവസം നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ തംബുരു ഒന്നാം സ്ഥാനം നേടി. വീണ രണ്ടാം സ്ഥാനവും ചെണ്ട മൂന്നാം സ്ഥാനവും തബല നാലാം സ്ഥാനവും നേടി.