മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മുന്നേറ്റങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ആറ് ദശവത്സരങ്ങളിലൂടെ ഈ വിദ്യാലയം കടന്നെത്തുമ്പോൾ അതിന്റെ ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര മെച്ചപ്പെടുത്തുന്നതിൽ ഈ സ്ഥാപനത്തിന്റെ മാനേജർ കാണിക്കുന്ന അതീവ ശ്രദ്ധയും താല്പര്യവും ശ്ലാഘനീയമാണ്. കെട്ടുറപ്പുള്ളതും സൗകര്യപ്രദവുമായ കെട്ടിടങ്ങൾ പഴയ ഓലമേഞ്ഞുണ്ടാക്കിയ ഷെഡ്ഡുകളെ കേവലം ഓർമ്മകളാക്കിയിരിക്കുന്നു. ശുദ്ധവായു സഞ്ചാരം വേണ്ടുവോളമുള്ള ക്ലാസ് മുറികളും ഓഫീസ്സും ആവശ്യമായ ഫർണീച്ചറുകൾ കൊണ്ട് സജ്ജമാണ്. ക്ലാസ്സുമുറികളിലേതു കൂടാതെ ഓരോ അധ്യാപകനും ഓഫീസിൽ പ്രത്യേകം മേശയും ഇരിപ്പിട സംവിധാനങ്ങളുമുണ്ട്. കെട്ടിടങ്ങൾ വൈദ്യുതീകരിക്കപ്പെട്ടവയും ലൈറ്റ്, ഫാൻ സൗകര്യങ്ങളോടുകൂടിയതും ആണ്. സ്കൂൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സ്വന്തമായ മൈക്ക് സംവിധാനമുണ്ട്. ഓരോ ക്ലാസിലും ലൈബ്രറി സൂക്ഷിക്കാനാവശ്യമായ സ്റ്റീൽ അലമാരകളുണ്ട്. ഓരോ ക്ലാസ് മുറിയിലുമുണ്ട് ക്ലോക്കുകൾ. കുട്ടികൾക്കുള്ള ഭക്ഷണമൊരുക്കുന്നതിന് സ്കൂളിൽ പ്രത്യേകമുറിയുണ്ട്. സ്വന്തമായ കിണറും ജലവിതരണ സംവിധാനങ്ങളുമുണ്ട്. 4 ഫ്ലഷ് ഔട്ട് കക്കൂസുകളും ഫ്ലഷ്ഔട്ട് സംവിധാനത്തോടു കൂടിയ ഒരു കുളിമുറിയും ഈ സ്ഥാപനത്തിലുണ്ട്. സ്കൂളും അതിന്റെ പരിസരവും മതിലുകൾ കെട്ടി സുരക്ഷിതമാണ്.......


എല്ലാ ക്ലാസ്മുറികളും സ്മാർട്ട് ആവുന്നു

2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് ക്ലാസ് റൂമുകളാക്കാൻ തീരുമാനമായി. ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി അനുവദിച്ച സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാൻ 05-08-2018ന് സ്കൂളിൽ ഹെഡ്മിസ്ട്രസ് വിളിച്ചുചേർത്ത അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണ സമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ ഒരു ക്ലാസ്റൂം സ്മാർട്ട് ആക്കാനുള്ള തീരുമാനം അറിയിച്ചു. മറ്റു ക്ലാസുകൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണസമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് മുറികളാക്കും.


കലകളുടെ രംഗവേദി

സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.


പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം

നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന് നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.