മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/എന്റെ ഗ്രാമം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി. മൊട്ടക്കുന്നുകളുടെ ഊര് എന്ന അർത്ഥത്തിൽ മൊട്ടന്നൂർ ലോപിച്ചാണ് മട്ടന്നൂർ ആയത് എന്നും, അതല്ല പഴയ സർവ്വേ റെക്കോർഡുകളിൽ പട്ടിണിക്കാട് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ പ്രദേശം പരിണമിച്ചാണ് മട്ടന്നൂരായതെന്നുമാണ് കരുതുന്നത്.
കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരി അന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് തലശ്ശേരി - കൂർഗ് പാതയോട് ചേർന്നാണ് മട്ടന്നൂരിന്റെ അഭിമാനമായ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ പ്രൗഢിയോടെ നിലകൊള്ളുന്നത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂർ നഗരത്തിൽ നിന്നും 4 കി മി പടിഞ്ഞാറായാണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു. മട്ടന്നൂരിന് അടുത്ത് ഇരിക്കൂർ - ഇരിട്ടി സംസ്ഥാനപാതയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്. അണക്കെട്ടിനോടനുബന്ധിച്ച് മനോഹരമായ പൂന്തോട്ടമുണ്ട്. ബോട്ടിംഗിന് ഡാമിൽ സൗകര്യമുണ്ട്.
പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടിയും ഇന്ത്യയുടെ ഉഗാണ്ടയിലെ ഇപ്പോഴത്തെ ഹൈക്കമ്മീഷണറായ ശ്രീ. അജയ് കുമാർ ഐ.എഫ്.എസും വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ കൂടിയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറും സിനിമാ സംവിധായകൻ സലീം അഹമ്മദ്, പ്രശസ്ത മിമിക്രി താരം ശിവദാസ് മട്ടന്നൂർ, പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ തുടങ്ങിയവരും മട്ടന്നൂരിനെ പ്രശസ്തമാക്കിയവരാണ്.