മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം 2021 -22 അധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺലൈൻ മാധ്യമത്തിലൂടെ ജൂൺ ആദ്യം തന്നെ ആരംഭിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലേക്ക് പുതുതായി ചാർജെടുത്ത ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ്‍കുട്ടി പി എ അവറുകളുടെ അധ്യക്ഷതയിൽ ജൂൺ ആറാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കുട്ടികൾക്ക് അധ്യയന വർഷം ഒട്ടും നഷ്ടമാകാതെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന രൂപരേഖ തയ്യാറാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ covid-19 എന്ന മഹാമാരി ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ ആവിഷ്കരിച്ച ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ ആറാം തീയതി കൂടിയ സ്റ്റാഫ് കൗൺസിലിന് ശേഷം അധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുമായി ടെലഫോണിലൂടെ ബന്ധപ്പെട്ട് ടിവി ,ആൻഡ്രോയ്ഡ് ഫോൺ എന്നിവ വീടുകളിൽ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ്, ക്ലാസ് തലത്തിൽ തയ്യാറാക്കി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ടിവിയും ആൻഡ്രോയ്ഡ് ഫോണുകളും വിതരണം ചെയ്ത് മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ബെൽ പരിപാടി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി .

ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ് അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2021 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.

ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ‍ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.

ഭാവിപരിപാടികൾ

ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് പരമ പ്രാധാന്യം നൽകിയുള്ള പരിപാടികൾ ആവിഷ്കരിക്കും. സ്കൂൾ സുരക്ഷിത ഇടം എന്ന ചിന്ത മുഴുവനാളുകൾക്കും വരത്തക്ക രീതിയിലുള്ള പ്രോഗ്രാമുകൾ, കരുതലോടെ നടപ്പിലാക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും വളർച്ചയ്ക്കും, ബൗദ്ധിക പരിരക്ഷയോടൊപ്പം പ്രാധാന്യം നൽകുന്ന പരിപാടികൾ മാനേജ്മെൻറ്, രക്ഷാകർത്താക്കൾ, അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, എന്നിവരുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കും. കോവിഡ് മൂലം നഷ്ടമായ വർഷത്തെ പാഠ്യ പാഠ്യാനുബന്ധപ്രവർത്തനങ്ങളിലെ കുറവ് സമയബന്ധിതമായി പരിഹരിക്കും. L S G, കുടുംബശ്രീ , S M C , P T A എന്നിവരുടെ സഹകരണത്തോടെ പ്രഭാതഭക്ഷണവും ഇപ്പോഴത്തെ ഉച്ചഭക്ഷണ പരിപാടിയും വിപുലമായ രീതിയിൽ നടപ്പാക്കും. ഇതിനായി പച്ചക്കറി കൃഷി നടപ്പിലാക്കും. കുട്ടികൾ തമ്മിൽ തമ്മിലും കുട്ടികളും അധ്യാപകരും തമ്മിലും അവരുടെ ഭവനങ്ങൾ തമ്മിലും കൂടുതൽ ഐക്യവും സൗഹൃദവും സ്ഥാപിക്കാൻ ഉതകുന്ന പരിപാടികൾ ആവിഷ്കരിക്കും. ഈ വർഷം ലഭ്യമായ ഓൺലൈൻ പഠന സാങ്കേതിക സംവിധാനങ്ങൾ ക്ലാസ് മുറികളിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ മെച്ചമായ പഠന സംവിധാനങ്ങൾ ഉറപ്പാക്കും. അസൈൻമെൻറ്, മറ്റ് ഇതര ജോലികൾ സ്കൂളിൽ വന്ന് നടപ്പിലാക്കാൻ സാധിക്കും. കായിക പരിശീലനത്തിനും വിവിധങ്ങളായ കളികൾക്കും കൂടുതൽ പ്രാധാന്യം നൽകും. വായനയുടെ സംസ്കാരം വളർത്താൻ ആവശ്യമായ വിധത്തിൽ ലൈബ്രറിയുടെ ഉപയോഗം വർദ്ധിപ്പിക്കും. ജീവിത നൈപുണികൾ വികസിക്കുന്നതിന് അത്യാവശ്യമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ക്രമീകരിക്കും.

"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുളള കരുത്താർജിക്കലാണ‍് "‍‍‍‍‍‍‍എന്ന ഗാന്ധിജിയുടെ ഉദ്ധരിണിയെ അനുസ്മരിച്ച്, കോവി‍ഡ് 19 ഉണ്ടാക്കിയ പ്രതിസന്ധികളെ തരണം ചെയ്ത് മുഹമ്മ മദർ തെരേസ വിദ്യാലയം പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഏറെ‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.