മത്സ്യാവതാരം
ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. [മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു . മത്സ്യാവതാര കഥ ഭംഗ്യന്തരേണ വിശുദ്ധബൈബിളിലും കാണുന്നു . ബൈബിളിൽ യോനാ പ്രവാചകനെ തിമിംഗിലം വിഴുങ്ങിയ കഥയിലും പ്രളയത്തെക്കുറിച്ച് സൂചിപ്പിക്കുന്നു . ബൈബിളിൽ മാത്രമല്ല, ഖുർആനിലും നൂഹ് നബിയോട് പ്രളയം വരുന്നതായിട്ടും ഉടൻ തന്റെ അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെടാൻ കൽപിക്കുന്നുണ്ട്. അതേ പോലെ , തിമിംഗിലത്തിന്റെ വയറ്റിൽ പെട്ട യൂനുസ് നബിയുടെ കഥയും ഖുർആനിൽ പറയപ്പെടുന്നു.
ക്ഷേത്രങ്ങൾ
മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക മത്സ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് . വയനാട് ജില്ലയിൽ മീനങ്ങാടി പഞ്ചായത്തിലാണ് പുരാതനമായ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏകക്ഷേത്രമെന്ന പ്രസിദ്ധിയും ഈ മഹാക്ഷേത്രത്തിനുണ്ട്. ദേശീയപാതയ്ക്കരുകിലായി ക്ഷേത്രം. മത്സ്യാവതാരമഹാവിഷ്ണുക്ഷേത്രത്തിന് പുറമെ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രം, മലക്കാട് ശിവക്ഷേത്രം, മാനിക്കാവ് മഹാദേവ ക്ഷേത്രം തുടങ്ങിവ ക്ഷേത്രങ്ങളുമുണ്ട്. മത്സ്യാവതാരക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളിൽ ബലിക്കല്ല്. അകത്ത് കടന്നാൽ ശ്രീകോവിലിൽ ചതുർബാഹുവായ മഹാവഷ്ണു. കിഴക്കോട്ട് ദർശനം, കന്നിമൂലയിൽ അയ്യപ്പൻ, തൊട്ടടുത്ത് ഗണപതി, ദുർഗ. ക്ഷേത്രക്കുളം മുന്നിലെ അകലെയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴി പോയ ഒരു ഋഷിവര്യൻ സമീപത്ത് കണ്ട ജലാശയത്തിൽ ദേഹശുദ്ധി വരുത്താനായി ഇറങ്ങിയത്രേ. അദ്ദേഹം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ നിന്നൊരു മത്സ്യം വായുവിലേക്ക് ഉയർന്ന് നൃത്തമാടി കുളത്തിലേക്ക് താഴ്‌ന്നുപോയി. പലതവണ ഇതാവർത്തിച്ചപ്പോൾ സംശയാലുവായ ആ താപസൻ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടെന്ന് ദിവ്യദൃഷ്ടിയിൽ അറിഞ്ഞു. ഉടനെ കരയ്ക്കുകയറി ജലാശയത്തിന്റെ പടിഞ്ഞാറുവശത്ത് ഉയർന്നൊരുസ്ഥലത്ത് മത്സ്യാവതാര സങ്കൽപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നെ നാട്ടുമുഖ്യന്മാരെ വിളിച്ച് വിവരം അറിയിക്കുകയും ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്ന് മീനാടിയ സ്ഥലമാണ് ഇന്ന് മീനങ്ങാടിയായത്. മീനാടി, മീൻ അങ്കിടി, എന്നൊക്കെ പഴയപേരുകൾ. ഈ പേരുകളാണ് പിന്നീട് മീനങ്ങാടിയായി മാറിയതെന്ന് പഴമ. അന്ന് നിർമ്മിച്ചക്ഷേത്രം പിൽക്കാലത്ത് അഗ്നിക്കിരയായി. അത് വീണ്ടും പുതുക്കിപണിയുകയും ചെയ്തു. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്തായിരുന്നുവെന്ന് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. പാൽപ്പായസവും നെയ്പായസവും കൂടാതെ പുഷ്പാജ്ഞലിയും മറ്റും വഴിപാടായി നടത്തിവരുന്നു. മംഗല്യഭാഗ്യത്തിന് ഇവിടെ വഴിപാടുകൾ നടത്തുന്നത് ഫലവത്താണെന്ന് അനുഭവസ്ഥർ. കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടായി നാളുകളിലാണ് ഉത്സവം. തിടമ്പുനൃത്തവും തായമ്പകവും നടക്കുന്നു. ആദ്യദിവസം കൂട്ടക്കാവിൽ നിന്നും എഴുന്നെള്ളത്ത് ഉണ്ടാകും. അന്നുരാത്രിയിൽ വെള്ളാട്ടും നടക്കും. കരുമൻകാവിൽ നിന്നുള്ളതാണ് പിറ്റേദിവസത്തെ പ്രധാന ചടങ്ങ്. രാത്രിയിൽ തിറ വെള്ളാട്ടമായി പരിപാടിക്ക് കൊഴുപ്പേകും. അടുത്തദിവസം ഭഗവതിയുടെ തിറ ഉച്ചയ്ക്കാണ്. മറ്റ് തിറകളും ഉണ്ടാകും. കൂടാതെ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോൽക്കളി എന്നിവയും ഉത്സവപരിപാടിക്ക് മാറ്റുകൂട്ടും. ആയിരക്കണക്കിന് ആദിവാസികളും ഉത്സവത്തിനായി ഇവിടെ എത്താറുണ്ട് .[4] മത്സ്യാവതാരത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന വളരെ കുറച്ച് ക്ഷേത്രങ്ങളെ ഉള്ളൂ . ബേട്ട് ദ്വാരകയിലെ ശംഖൊദര ക്ഷേത്രം , ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗലപുരത്തിലെ വേദനാരായണക്ഷേത്രം , ശ്രീലങ്കയിലെ ത്രിങ്കോമാലിയിലെ കോനേശ്വരം മത്സ്യകേശ്വരം ക്ഷേത്രം എന്നിവ പ്രധാനപ്പെട്ടണ് . മത്സ്യ നാരായണ ക്ഷേത്രം , ബാംഗ്ലൂരിൽ സ്ഥിതി ചെയ്യപ്പെടുന്നു .


മത്സ്യവതാരം (കഥ)
ബ്രഹ്മാവിന്റെ മുഖത്തു നിന്നു പതിച്ച വേദങ്ങളെ ഹയഗ്രീവൻ എന്ന അസുരൻ തട്ടിക്കൊണ്ടുപോയിട്ട് സമുദ്രത്തിന്റെ അഗാധതയിൽ പോയൊളിച്ചു . അവയെ വീണ്ടെടുത്ത് ബ്രഹ്മാവിനെ ഏല്പിക്കാൻ വേണ്ടിയായിരുന്നു ഭഗവാൻ മത്സ്യമായി അവതരിച്ചത് . ഒരിക്കൽ മഹാഭക്തനായ സത്യവ്രതൻ എന്ന തെക്കൻ പ്രദേശത്തെ രാജാവ് കൃതമാലാ നദിയിൽ കുളിച്ചു തർപ്പണം നടത്തുമ്പോൾ നദിയിൽ നിന്ന് ഒരു കുഞ്ഞുമത്സ്യം രാജാവിന്റെ കൈയിലകപ്പെട്ടു . അതിനെ രാജാവ് ഒരു കുടത്തിലെ വെള്ളത്തിലിട്ടു . ദിവസംപ്രതി മത്സ്യം വളർന്നുവന്നു . കുടത്തിൽ നിന്നും കലശത്തിലും അതിൽ നിന്നും കിണറ്റിലും അവിടെനിന്നു പിന്നീട് പൊയ്കയിലും മാറ്റി വിട്ടെങ്കിലും എങ്ങുംകൊള്ളാതെ വന്നപ്പോൾ അതിനെ പുഴയിലേക്കു മാറ്റാൻ നിശ്ചയിച്ചു . അന്നേരം മത്സ്യം പറഞ്ഞു - അയ്യോ മഹാരാജാവേ പുഴയിൽ എന്നെക്കാൾ വലിയ മുതലകളുണ്ടാവും , എനിക്ക് പേടിയാ . പിന്നീട് അതിനെ സമുദ്രത്തിൽ നിക്ഷേപിക്കാൻ രാജാവ് ഒരുങ്ങി . 'ഇത്രനാളും എന്നെ വളർത്തിയ നീ എന്നെ സമുദ്രത്തിൽ ഉപേക്ഷിച്ചാൽ ഉഗ്രൻ മകരമത്സ്യങ്ങളൊ ക്രൂരജന്തുക്കളൊ എന്നെ ഭക്ഷിക്കും' എന്ന് മത്സ്യം പറഞ്ഞതു കേട്ടപ്പോൾ സത്യവ്രതന് ഇത് മഹാവിഷ്ണു തന്നെയാണെന്ന് ബോധ്യമായി . വേദങ്ങളെ ഉദ്ധരിക്കാനായി ഭഗവാൻ മത്സ്യമായവതരിക്കുമെന്ന് നേരത്തേ തന്നെ രാജാവ് കേട്ടിരുന്നു . അതുകൊണ്ട് ഈ മത്സ്യം സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരം തന്നെയെന്നു മനസ്സിലാക്കിയ മഹാരാജാവ് ഭഗവാനെ സ്തുതിച്ചു . അതുകേട്ടു പ്രസന്നനായ മത്സ്യാവതാരമൂർത്തി അരുളിച്ചെയ്തു - 'ഇന്നേക്ക് ഏഴാം നാൾ മൂന്ന് ലോകവും പ്രളയസമുദ്രത്തിൽ മുങ്ങും . ആ പ്രളയജലത്തിൽ നീന്തിത്തുടിക്കാനായി ഞാൻ മത്സരൂപം ധരിച്ചു . ഹയഗ്രീവനിൽ നിന്നു വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിനെ ഏല്പിക്കലും എന്റെ ലക്ഷ്യമാണ് . പ്രളയസമുദ്രത്തിൽ അകപ്പെടുന്നതിനു മുൻപായി നീ എല്ലാ ഔഷധികളുടെയും വിത്തുകൾ സംഭരിച്ചു സൂക്ഷിക്കണം . ഏഴാംനാളിൽ കടൽ പെരുകിവരും . നീ അതിൽപ്പെട്ടുഴലുമ്പോൾ ഒരു തോണി പൊങ്ങിവരുന്നതു കാണാം . സപ്തർഷകളും പല തരത്തിലുള്ള പ്രാണികളുമുള്ള ആ തോണിയിൽ നീ കയറിക്കൊള്ളണം . ആ സമയം സൂര്യപ്രകാശം ഉണ്ടായിരിക്കുകയില്ല . ഋഷി കളുടെ ബ്രഹ്മതേജസിൽ സഞ്ചരിക്കാം . കൊടുങ്കാറ്റുണ്ടാകും . കപ്പൽ ആടിക്കൊണ്ടിരിക്കും . അപ്പോൾ എന്നെ അങ്ങ് അടുത്തു കാണും . എന്റെ കൊമ്പിൽ വാസുകിയെ കയറായി ഉപയോഗിച്ച് തോണി കെട്ടിയിടണം . ഞാൻ ആ തോണി വലിച്ചു കൊണ്ട് ഒരായിരം ചതുർയുഗങ്ങൾ സഞ്ചരിക്കും . വിനോദത്തിനായി ഞാൻ തോണി അങ്ങുമിങ്ങും വലിച്ചുകൊണ്ടു പോകും . മഹർഷിമാരുടെ ഉപദേശപ്രകാരം നീ എന്നെ ധ്യാനിക്കുമ്പോൾ ഞാൻ അവിടെ പ്രത്യക്ഷനാകും . അക്കാലത്ത് നിനക്ക് മനശുദ്ധിയും വിരക്തിയും ഉണ്ടാകും . ആ കാലത്ത് അങ്ങ് പരാബ്രഹ്മമായ എന്നോട് ചോദ്യങ്ങൾ ചോദിച്ച് പരമാർത്ഥതത്ത്വം അനുഭവിച്ചറിയുക . അതോടൊപ്പം തന്നെ ഞാൻ അങ്ങേയ്ക്ക് ജ്ഞാനോപദേശവും നല്കാം . ഇങ്ങനെ അരുളിച്ചെയ്തിട്ട് മത്സ്യരുപിയായ ഭഗവാൻ സമുദ്രാന്തർഭാഗത്ത് മറഞ്ഞു . രാജാവ് ഭഗവാൻ്റെ നിർദ്ദേശമനുസരിച്ച് വിത്തുകൾ ശേഖരിച്ചു . ഏഴാംദിവസം ലോകമാകെ പ്രളയസമുദ്രത്തിൽ മുങ്ങാൻ തുടങ്ങി . തിരമാലകൾക്കിടയിൽ കാണപ്പെട്ട തോണിയിൽ രാജാവ് സപ്തർഷികളോടൊപ്പം കയറി . മുനിമാരുടെ നിർദ്ദേശമനുസരിച്ച് രാജാവ് മത്സ്യാവതാരമൂർത്തിയെ ധ്യാനിച്ചു . അപ്പോൾ മത്സ്യരൂപിയായ ഭഗവാൻ അവിടെ പ്രത്യക്ഷനായി . നേരത്തേ നിർദ്ദേശിച്ചിരുന്നതനുസരിച്ച് തോണിയെ മത്സ്യത്തിൻ്റെ കൊമ്പിൽ രാജാവ് ബന്ധിച്ചു . മത്സ്യമൂർത്തിയായ ഭഗവാൻ രാജാവിന് തത്ത്വജ്ഞാനം ഉപദേശിച്ചുകൊടുത്തു . പ്രളയാവസാനത്തിൽ , ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത ഭഗവാൻ ഉറക്കമുണർന്ന ബ്രഹ്മാവിന് വേദങ്ങൾ നൽകി . ബ്രഹ്മദേവൻ ഭഗവാനെ നമസ്കരിച്ചു . ഭഗവത്കാരുണ്യത്താൽ ബ്രഹ്മദേവൻ വീണ്ടും സൃഷ്ടികർമ്മം ആരംഭിച്ചു . സത്യവ്രതൻ എന്ന രാജാവ് വൈവസ്വതൻ എന്നു പേരായ മനുവായി .