മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2024-25
റെയിൻബോ ടാലെന്റ് സെർച്ച് എക്സാം
റെയിൻഹോ പബ്ലിഷേഴ്സ് പ്രതിഭാധനരായ വിദ്യാർഥികളെ കണ്ടെത്താനായി വർഷം തോറും നടത്തുന്ന റെയിൻബോ ടാലന്റ് സെർച്ച് പരീക്ഷയിൽ മഞ്ഞളാംപുറം യു.പി. സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽനിന്നായി 69 വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. 47 വിദ്യാർഥികൾ മെഡലിന് അർഹത നേടി.
ബെസ്റ്റ് യൂണിറ്റ് അവാർഡ്
ADSU നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് രൂപതാതലത്തിൽ നൽകിവരുന്ന ബെസ്റ്റ് ADSU Unit അവാർഡിന് കഴിഞ്ഞ അധ്യയനവർഷം മഞ്ഞളാംപുറം യു.പി. സ്കൂൾ അർഹത നേടി. ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഉണർവ് എന്ന പേരിൽ ഒരു കൈയെഴുത്ത് മാസികയും സ്കൂളിൽ തയ്യാറാക്കിയിരുന്നു. ഈ നേട്ടങ്ങളും മികവും ഈ വർഷവും തുടർന്നുകൊണ്ടിരിക്കുന്നു.
ഉപജില്ലാ കായികമേള
ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മഞ്ഞളാംപുറം യു.പി. സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. ജേതാക്കളായ വിദ്യാർഥികളുടെ വിവരങ്ങൾ :
- ജുവൽ ആഗ്നസ് ജോബിൻ - സബ്ജൂനിയർ 200 മീറ്റർ ഓട്ടം - 3rd
- ഏദൽ ടോം ജോഷി - എൽ.പി. മിനി സ്റ്റാന്റിങ് ബ്രോഡ് ജംപ് - 3rd
- ആൻമേരി ഷൈൻ - എൽ.പി. കിഡ്ഡീസ് ലോങ് ജംപ് - 2nd
- റോസ് ആൻ മരിയ - യു.പി. കിഡ്ഡീസ് 100 മീ. ഓട്ടം - 3rd
- ഇയോൺ - എൽ.പി. കിഡ്ഡീസ് 100 മീ. ഓട്ടം - 3rd
- എൽ.പി. മിനി ഷട്ടിൽ റിലേ - 2nd
- ബാഡ്മിന്റൺ - സബ്ജൂനിയർ ബോയ്സ് - 2nd
- ബാഡ്മിന്റൺ - സബ്ജൂനിയർ ഗേൾസ് - 2nd
- ഫുട്ബാൾ - സബ്ജൂനിയർ ഗേൾസ് - 4th
ഉപജില്ലാ കലോത്സവം - ഹാട്രിക് നേട്ടം
കലോത്സവത്തിന്റെ ഓവറോൾ ട്രോഫി വാങ്ങുന്ന ടീം മഞ്ഞളാംപുറം
കൊളക്കാട് വച്ച് നടന്ന ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി. ജനറൽ, യു.പി. ജനറൽ, സംസ്കൃതോത്സവം, അറബിക് കലോത്സവങ്ങളിലായി 52 കുട്ടികൾ മഞ്ഞളാംപുറം യു.പി. സ്കൂളിൽനിന്നും പങ്കെടുത്തു. എൽ.പി. ജനറൽ കലോത്സവത്തിൽ 11 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലുമായി 65 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് മഞ്ഞളാംപുറം യു.പി. സ്കൂൾ കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ 13 വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പിനങ്ങളിലുമായി 80 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് ഈ വിജയം. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഉപജില്ലാ കലോത്സവത്തിൽ മഞ്ഞളാംപുറം യു.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ഹാട്രിക് വിജയത്തിൽ പി.ടി.എയും മാനേജ്മെന്റും സ്കൂളിനെ അഭിനന്ദിച്ചു. ജില്ലയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ :
- യു.പി. ഭരതനാട്യം - ആഗ്നേഷ് കെ.എ.
- യു.പി. ഉറുദു സംഘഗാനം
- യു.പി. സംസ്കൃതോത്സവം - വന്ദേമാതരം
ജില്ലാ കലോത്സവം
പയ്യന്നൂരിൽ വച്ചു നടന്ന കണ്ണൂർ റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ മഞ്ഞളാംപുറം യു.പി. സ്കൂൾ ശ്രദ്ധേയമായ വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. രണ്ടിനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും മഞ്ഞളാംപുറം യു.പി. സ്കൂൾ നേടി.
- യു.പി. ഭരതനാട്യം - 1st A Grade - ആഗ്നേഷ് കെ.എ.
- യു.പി. ഉറുദു സംഘഗാനം - 1st A Grade
- യു.പി. സംസ്കൃതം വന്ദേമാതരം - A Grade
സ്കൂൾതല ഡിജിറ്റൽ മാസിക & കൈയെഴുത്തു മാസിക
മഞ്ഞളാംപുറം യു.പി. സ്കുൾ ഡിജിറ്റൽ മാസിക പുറത്തിറക്കി. ദ്വൈമാസികയായ ‘ധ്വനി’ യുടെ പ്രകാശനം ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും കലാകാരനുമായ ശ്രീ നാദം മുരളി ഓൺലൈനായി പ്രകാശനം ചെയ്തു. മാഗസിന്റെ എഡിറ്റിങ്ങിലും സൃഷ്ടികളുടെ ശേഖരണത്തിലും വിദ്യാരംഗം കലാസാഹിത്യവേദി മുഖ്യമായ പങ്കു വഹിക്കുന്നു. കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള മാധ്യമമായി ഇതു വർത്തിക്കുന്നു. ഇതേ പേരിൽത്തന്നെ ഒരു കൈയെഴുത്തുമാസികയും തയ്യാറാക്കിവരുന്നു. അതിന്റെ പ്രകാശനം ഫെബ്രുവരിയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ രചനാപാടവത്തിന് സ്കൂൾ പ്രോത്സാഹനമേകുന്നു.
ഉപജില്ല/ജില്ല മേളകളിലെ പങ്കാളിത്തം
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ - ഐ.ടി. മേള സെപ്തംബറിൽ നടത്തപ്പെട്ടു. മേളയിൽ മികച്ച പങ്കാളിത്തം കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കുട്ടികൾ വീട്ടിൽനിന്നും സാധനങ്ങൾ നിർമിച്ചുകൊണ്ടുവന്നു. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മാലിന്യങ്ങൾ പരിമിതപ്പെടുത്താനും ഉണ്ടായ മാലിന്യങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ച് ശേഖരിക്കാനും അവ സംസ്കരിക്കാനും സീഡ് ക്ലബ് അംഗങ്ങൾ ശ്രദ്ധിച്ചു.
2024-25 അധ്യയന വർഷം സ്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മഞ്ഞളാംപുറം യു. പി. സ്കൂളിനു സാധിച്ചു. അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വന്നിരുന്നു.
ഉപജില്ല സ്കൂൾ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത - പ്രവൃത്തിപരിചയ - ഐടി മേള ചാവശ്ശേരി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ എൺപതോളം കുട്ടികൾ വിവിധ മേളകളിൽ പങ്കെടുത്തു.
വിവിധ മേളകളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർഥികൾ
ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പോയിന്റുനിലയിൽ വിവിധ മേളകളിൽ മഞ്ഞളാംപുറം യു.പി. സ്കൂൾ ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി.
- ശാസ്ത്രമേളയിൽ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനം
- ഐ.ടി. മേളയിൽ മൂന്നാം സ്ഥാനം
- ഗണിതശാസ്ത്രമേളയിൽ നാലാം സ്ഥാനം
- ശാസ്ത്രമേളയിൽ ഓവറോൾ അഞ്ചാം സ്ഥാനം
- സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ആറാം സ്ഥാനം
- പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ആറാം സ്ഥാനം
ഉയരങ്ങളിലേക്ക് പെഡൽ ചവിട്ടിക്കയറാം
പരിസ്ഥിതി സൗഹൃദമായ യാത്രാമാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ സൈക്കിൾ ഉപയോഗിച്ച് വരുന്നത് പ്രോത്സാഹിപ്പിച്ചു വരുന്നു. സൈക്കിൾ പരിശീലനത്തിന് അധ്യാപികയായ ഷീബ എൻ.ജെ. നേതൃത്വം നൽകുന്നു. പെൺകുട്ടികൾക്ക് സ്കൂളിൽവച്ച് സൈക്കിൾ പരിശീലനവും നൽകിവരുന്നുണ്ട്. സ്കൂളിൽ പതിനൊന്നോളം കുട്ടികൾ സൈക്കിളിൽ വരുന്നുണ്ട്.
മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം
മാതൃഭൂമി സീഡ് നൽകുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഹരിതവിദ്യാലയം പുരസ്കാരം ഈ വർഷം മഞ്ഞളാംപുറം യു.പി. സ്കൂളിന് ലഭിച്ചു. യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മഞ്ഞളാംപുറം യു.പി. സ്കൂളിനു വേണ്ടി നവംബർ 11 ന് കണ്ണൂർ വച്ച് നടന്ന ചടങ്ങിൽ ഡോ. ജാഫർ പാലോട്ടിൽനിന്ന് ഹെഡ്മിസ്ട്രസും സീഡ് അംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹരിതവിദ്യാലയ പ്രഖ്യാപനം
12/11/2024
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യുപി സ്കൂൾ ഹരിത വിദ്യാലയം പ്രഖ്യാപനം കേളകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ടി അനീഷ് നിർവഹിച്ചു. സ്കൂൾ ഹരിത വിദ്യാലയം ആക്കുന്നതിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ ‘ചെടിയും ചട്ടിയും’ പദ്ധതി ഉദ്ഘാടനം ശ്രീ സജീവൻ പാലുമ്മിയും, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ആദരവ് ശ്രീ ജോണി പാമ്പാടിയും നിർവഹിച്ചു. സ്കൂൾ മാനേജർ റവ ഫാ ജോർജ് ചേലമരം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ ശുചിത്വ ബോധവൽക്കരണ പ്ലക്കാർഡുമായി യോഗത്തിൽ പങ്കെടുത്തു. സീഡ് കോഡിനേറ്റർ ഹൈറുന്നിസ ചടങ്ങിന് നേതൃത്വം നൽകി. ശുചിത്വ ക്ലബ്ബ് കൺവീനർ ശ്രീമതി സൗമ്യ ആന്റണി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. ഈയൊരു നേട്ടം സ്വന്തമാക്കുന്നതിൽ ഇക്കോ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും പങ്കാളിത്തം പ്രധാനമായിരുന്നു.
മാലിന്യമുക്ത മഞ്ഞളാംപുറം
മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ശില്പശാലയിൽ മഞ്ഞളാംപുറം യു.പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു. മാലിന്യ സംസ്കരണ ഉപാധികളെക്കുറിച്ച് കുട്ടികൾക്ക് അവിടെ നിന്ന് അറിവ് ലഭിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനത്തെക്കുറിച്ചും തദ്ദേശസ്വയംഭരണവകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം ലഭിച്ചു. കുട്ടികളുടെ ഹരിതസഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ച് നടന്നു. മഞ്ഞളാംപുറം യു. പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളും ഹരിതസഭയിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
പ്ലാറ്റിനം ജൂബിലി വിളംബര ജാഥ - ബൈക്ക് റാലി
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒക്ടോബർ പതിന്നാലിന് രാവിലെ വിളംബര ജാഥയായി ബൈക്ക് റാലി സംഘടിപ്പിക്കപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശങ്ങളെല്ലാം ചുറ്റുന്ന രീതിയിലായരുന്നു ജാഥ ക്രമീകരിച്ചത്. എഴുപത്തിയഞ്ചാം വാർഷികമായതിനാൽ 75 ബൈക്ക് അണിനിരന്ന വാഹനറാലിയായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. രക്ഷാകർത്താക്കളും പൂർവവിദ്യാർഥികളുമടക്കമുള്ള ആളുകളുടെ പിന്തുണയോടെയാണ് ഇത് വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചത്. വിപുലമായ രീതിയിൽ ഈ വർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പേരാവൂർ ഡി.വൈ.എസ്.പി. റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ജാഥയോടനുബന്ധിച്ച് ബാന്റ് സെറ്റിന്റെ അകമ്പടിയോടെ ഡി.വൈ.എസ്.പിയ്ക്കും സബ് ഇൻസ്പെക്ടർക്കും സ്വാഗതമരുളി. കായികമേളയിൽ പങ്കെടുത്ത വിദ്യാർഥികൾ ദീപശിഖാപ്രയാണം നടത്തി.
അതിരൂപതാതല ശിശുദിനാഘോഷം
പ്ലാറ്റിനം ജൂബിലി നിറവിൽ ആയിരിക്കുന്ന മഞ്ഞളാംപുറം യു.പി. സ്കൂളിൽ വച്ച് തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെ അതിരൂപതാതല ശിശുദിനാഘോഷം നടത്തപ്പെട്ടു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രക്ഷാകർത്താക്കളും കുട്ടികളും അടങ്ങുന്ന 75 പേർ അണിനിരന്ന മെഗാതിരുവാതിര, മാർഗംകളി, എന്നിവയും ശിശുദിനാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങിൽ ഫ്ലവർ ഡ്രിൽ നടത്തപ്പെട്ടു. ബാന്റ് സെറ്റിന്റെ അകമ്പടിയോടെ സ്കൗട്ട്, ഗൈഡ്, വിവിധ ഡിസ്പ്ലേകൾ, ചാച്ചാജി വേഷധാരികൾ, എന്നിവയുമായി വർണാഭമായി ശിശുദിനറാലി കേളകം ടൗണിലേക്ക് നടത്തപ്പെട്ടു. കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നല്ലപാഠം, സീഡ്, എ.ഡി.എസ്.യു. മുതലായ ക്ലബ്ബുകൾ തങ്ങളുടേതായ വിവിധ പ്ലോട്ടുകളും സന്ദേശദായക പ്ലക്കാർഡുകളുമായി റാലിയിൽ പങ്കുചേർന്നു.
പഠനയാത്രകൾ
സ്കൂളിൽനിന്നും ഈ വർഷം വ്യത്യസ്ത ബാച്ചുകളായി മൂന്നു പഠനയാത്രകൾ സംഘടിപ്പിക്കപ്പെട്ടു. യു.പി. വിഭാഗം കുട്ടികൾക്കായി മൈസൂരുവിലേയ്ക്കും 2,3,4 ക്ലാസുകളിലെ കുട്ടികൾക്കായി പഴശ്ശി ഇക്കോ പാർക്കിലേക്കും LKG, UKG, 1 ക്ലാസുകൾക്കായി കണ്ണൂർ വിസ്മയ പാർക്ക് എന്നിവിടങ്ങളിലേയ്ക്കുമായിരുന്നു പഠനയാത്ര ക്രമീകരിക്കപ്പെട്ടത്. ഈ മൂന്നു പഠനയാത്രകളിലായി ഇരുന്നോറോളം വിദ്യാർഥികൾ പങ്കെടുത്തു. പഴശ്ശി പാർക്കിലേയക്കുള്ള യാത്ര വിവിധ സസ്യങ്ങളെയും ആവാസവ്യവസ്ഥകളെയും പരിചയപ്പെടാനുള്ള അവസരമായിരുന്നു. അൻപതോളം കുട്ടികൾ ഈ യാത്രയുടെ ഭാഗമായിരുന്നു. വളപട്ടണം പുഴയെ അടുത്തറിയാനും ജലത്തിന് ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കാനും ഈ യാത്ര സഹായകരമായിരുന്നു. മൈസൂരുവിലേയ്ക്കുള്ള യാത്ര കർണാടകയുടെ വേറിട്ട സംസ്കാരത്തെ പരിചയപ്പെടാനും കുട്ടികൾ വിവിധ പാഠ്യവിഷയങ്ങളിൽ പഠിച്ച കാര്യങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനും ഉള്ള അവസരമായിരുന്നു. ഇൻഡോ ഇസ്ലാമിക് ശൈലിയിൽ പണികഴിച്ച നിർമിതികൾ നേരിൽ കണ്ട് മനസ്സിലാക്കാനും സുൽത്താന്റെ കാലത്തെ സ്മാരകങ്ങൾ കാണാനും സാധിച്ചു. 113 വിദ്യാർഥികൾ ഈ യാത്രയുടെ ഭാഗമായി. വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രയിൽ 55 വിദ്യാർഥികൾ പങ്കെടുത്തു. കുട്ടികൾ തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കാനും ഈ യാത്രകൾ കാരണമായിട്ടുണ്ട്.
അന്താരാഷ്ട്ര അബാക്കസ് മത്സരം
ബംഗളൂരു വച്ചു നടന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ മഞ്ഞളാംപുറം യു.പി. സ്കൂളിലെ ആവണി മനോജ് പങ്കെടുക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് സർട്ടിഫിക്കറ്റിനും ട്രോഫിക്കും അർഹയായി. ജില്ല, സംസ്ഥാന, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചാണ് അന്താരാഷ്ട്ര മത്സരത്തിനായി ആവണി മനോജ് യോഗ്യത നേടിയത്. മികച്ച ഗണിതശേഷി പുലർത്തുന്ന ആവണി മനോജിനെ പി.ടി.എയും മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു. അബാക്കസ് ആന്റ് മെന്റൽ അരിതമെറ്റിക് ടീച്ചേഴ്സ് അസോസിയേഷനാണ് ഈ മത്സരം സംഘടിപ്പിച്ചത്.
ബിരിയാണി ചാലഞ്ച്
15/08/2024
മഞ്ഞളാംപുറം യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർധനസഹായ ഫണ്ട് ശേഖരണാർഥം ബിരിയാണി ചാലഞ്ച് നടത്തി. രണ്ടായിരത്തിനടുത്ത് ബിരിയാണി ഓർഡറുകൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ ലഭിക്കുന്ന ലാഭം ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ ഈ പദ്ധതി വൻ വിജയമായിരുന്നു. ഓർഡർ ശേഖരിക്കുന്നതിൽ കുട്ടികളും അധ്യാപകരും തങ്ങളുടേതായ പങ്കുവഹിച്ചു. പി.ടി.എയുടെ കൂട്ടായ്മയുടെയും പരിശ്രമത്തിന്റെയും ഫലമായിരുന്നു വൻ വിജയമായി മാറിയ ഈ പദ്ധതി. സ്കൂൾ മാനേജ്മെന്റ് പി.ടി.എയെ അഭിനന്ദിച്ചു.
YES 2k24
സാമ്പത്തിക പിന്നോക്കാവസഥ ഉള്ളതോ മാതാപിതാക്കളിൽ ആരെങ്കിലും രോഗികളുമായ മിടുക്കരായി പഠിക്കുന്ന കുട്ടികളെ ഏറ്റെടുത്ത് അവർക്ക് പഠന സഹായം നൽകുന്നതിനുവേണ്ടി നല്ലപാഠം ക്ലബ്ബും, പിടിഎ യും കഴിഞ്ഞ അധ്യയന വർഷം മുതൽ നടപ്പിലാക്കിയ ഏറ്റവും മനോഹരമായ പദ്ധതിയാണ് YES (Young Angel’s Educational Scholarship) 2k23. കഴിഞ്ഞ അധ്യയന വർഷം നടപ്പിലാക്കിയ ഏറ്റവും മനോഹരമായ പദ്ധതിയാണ് ഇത്. ഈ അധ്യയന വർഷത്തിൽ ഇതിന്റെ ഭാഗമായി YES 2k24 എന്ന പേരിൽ വിദ്യാലയത്തിൽ 2 മുതൽ 7 വരെ പഠിക്കുന്ന 10 കുട്ടികളെയാണ് ഏറ്റെടുത്തിരിക്കുന്നത്. പിറ്റിഎ പ്രസിഡന്റ് സുജയ് ജേക്കബിന്റെ ബിടെക് പഠന ഗ്രൂപ്പിന്റെ വാട്ട്സ്അപ്പ് കൂട്ടായ്മയും വിദേശത്ത് ജോലിയുള്ളവരും ചേർന്നാണ് ഈ തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നത് . ഏറ്റെടുത്ത കുട്ടികൾ നിലവിൽ പഠിക്കുന്ന ക്ലാസ് മുതൽ പ്ലസ് ടു പഠനം വരെയാണ് ഈ സഹായം നൽകുന്നത്. കുട്ടികളുടെ പഠനപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ രക്ഷിതാവ് ഈ തുക ഉപയോഗിക്കാൻ പാടുള്ളു എന്ന് നിർദ്ദേശം ഭാരവാഹികൾ വച്ചിരിക്കുന്നു. 120000 രൂപയാണ് ഇതിന്റെ ഭാഗമായി ആകെ വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയന വർഷം മാർ ജോർജ് ഞരളക്കാട്ടാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.
