ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/രപ്രകൃതിയുടെ താളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ താളം

മലകളും, പുഴകളും, അരുവികളും, തോടും, കാടുകളും, കിളിക്കൊഞ്ചലും കൊണ്ട് മനോഹരമാണ് എന്റെ കേരളം .മലനിരകൾക്കിടയിലൂടെ സുന്ദരകിരണങ്ങൾ വിതറിക്കൊണ്ട്, ഉദിച്ചുയരുന്ന സൂര്യനെ കാണാൻ എന്ത് ഭംഗി. മഞ്ഞിന്റെ നനവുമായി മന്ദമാരുതൻ, മുറ്റത്തെ മുല്ലകളിൽ തഴുകി, എന്നെ തലോടുമ്പോൾ ഞാനറിയാതെ മറ്റൊരു പൂവായി വിരിയുന്നു. കിളിക്കൊഞ്ചലുകളും പ്രഭാതത്തിന് മനോഹരിതയേകുന്നു. സ്വർണ്ണം വാരി വിതറിയത് പോലുള്ള നെല്പാടങ്ങൾ, ഇടവഴികളെ മനോഹരമാക്കുന്ന കമുകിൻത്തോപ്പുകൾ. സൂര്യൻ ഉദിച്ച് വരുന്നത് കണ്ട് സൂര്യകാന്തി, സന്തോഷ പുളകിതയായി, സൂര്യനോട് പറയുന്നു, " പാതി വഴിയിൽ ഉപേക്ഷിച്ച് പോയ നിന്നോട് എനിക്കിന്നും പ്രണയമാണ്"- പ്രഭാതത്തെ മറികടന്ന് കൊണ്ട്, സൂര്യൻ ആകാശത്തിന് നടുവിലായി നിൽക്കുമ്പോൾ മനുഷ്യൻ ഉൾപ്പടെ എല്ലാ ജീവജാലങ്ങളും, സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും സമർപ്പണത്തിന്റെ വേദിയിൽ ആടിത്തിമിർക്കുന്നു. എല്ലാം കണ്ട് കൊണ്ട് ഒരു രാജാവിനെപ്പോലെ ശോഭിച്ചു നിൽക്കുകയാണവൻ. അവന്റെ പ്രണയിനിയോട് പോലും ഒരു വാക്കുരിയാടാതെ എഴാം കടലിനക്കരെ പോയി മറഞ്ഞു. ഇതിനെല്ലാം മൂകസാക്ഷിയായി ഒളിച്ച് നിന്നിരുന്ന ചന്ദ്രൻ , തന്റെ സുന്ദരപ്രകാശം പരത്തിക്കൊണ്ട് കൺചിമ്മാതെ നിന്നു.തിരുവാതിര ' നാളിലെ ചന്ദ്ര ശോഭയാൽ, പ്രകൃതി ലാസ്യ ഭാവത്തിലായിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ ചന്ദ്രനെ കാണാൻ എന്ത് ഭംഗി.ആമ്പലുകൾ സന്തോഷത്താൽ മതിമറന്ന് കൊണ്ട് തന്റെ ഇതളുകൾ വിടർത്തി സന്തോഷം പ്രകടിപ്പിച്ചു. പൂർണ്ണ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്, അരുവികളുടെ കളകളനാദം കേൾക്കാമായിരുന്നു.

അദബിയ
8 B ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ