ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ...
ബാലികാമഠം എന്റെ രണ്ടാം മാതൃഭവനം ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് ഞാനെന്റെ പ്രിയപ്പെട്ട ബാലികാമാഠത്തിന്റെ പടിയിറങ്ങി. പിന്നെ തിരുമൂലപുരം എന്ന സ്ഥലപ്പേരും ബാലികാമഠം എന്ന സ്ക്കൂളിന്റെ നാമധേയവും വ്യക്തിബോധത്തോടൊപ്പം എന്നിൽ പറ്റിക്കൂടി. ഒരു പതിനൊന്നു വയസ്സുകാരിയുടെ അമ്പരപ്പോടും സംഭ്രമത്തോടും ആശങ്കയോടും, സ്‌ക്കൂളിൽ അച്ഛനോടൊപ്പം ആദ്യമായെത്തിയത് മനസ്സിന്റെ താളിലെ മങ്ങാത്ത ചിത്രമാണ്. ഇരുവശവും കാറ്റാടി മരങ്ങൾ അതിരിടുന്ന ചരൽപ്പാതയും സയൻസ് ലാബിന്റെ മുമ്പിൽ ജൂൺ മാസത്തിലെ മഴയെ തോൽപിച്ച് നെറുകയിൽ ചുവന്ന പൂക്കുടകളുമായി വിലസി നിന്ന വാകമരവും ചാപ്പലിന്റെ പിറകിലെ പനിനീർ ചാമ്പയും, ഒരു ചാപ്പൽ തന്നെയും, ഒന്നും പരിചിതമായ ലോകമായിരുന്നില്ല. ആ കുട്ടി, അച്ഛൻ ഗേറ്റു കടന്നു പോയതോടെ ഒച്ചയുണ്ടാക്കാതെ കരയാനും തുടങ്ങി.
ഒരുപാട് കൂട്ടുകാരികൾ, ചേച്ചിമാർ, കൊച്ചനിയത്തിമാർ എല്ലാവരും വീട്ടിലെ ഓമനകൾ. ആക്കുട്ടിയും അവരിലൊരാളായി. വലിയൊരു എട്ടു കെട്ടാണ് സ്‌ക്കൂൾ. എന്നെയും വിസ്മയിപ്പിച്ചു കൊണ്ട് രണ്ടു കെട്ടിലുമുള്ള നടു മുറ്റങ്ങൾ. ഒന്നിലൊരു ശക്കരശ്ലി മാവ്, മറ്റതിൽ പനിനീർ ചാമ്പമരം. ഭൂമിയെ തട്ടി നിരപ്പാക്കാതെ ഭൂമിയുടെ കിടപ്പനുസരിച്ച് പണിഞ്ഞ കൊട്ടാര സദൃശ്യമായ കെട്ടിടം. മരങ്ങൾക്കും കെട്ടിടങ്ങൾക്കുമുള്ളിൽ നടു മുറ്റങ്ങളെ ചുറ്റി ക്ലാസ് മുറികൾ. നടുക്ക് വിശാലമായൊരു ഹാൾ. മുകളിൽ വലിയ തട്ടിൻപുറം. പകലിൽ ക്ലാസു മുറികളായുള്ള ഹാളിലും തട്ടിമ്പുറത്തുമായി, രാത്രിക്കാലത്ത് കൂട്ടുകാരികളോടൊത്ത് പായ് വിരിച്ചുറങ്ങാം. നക്ഷത്രങ്ങളെ നോക്കി നോക്കി അവ അരികിൽ എത്തുന്നതും അമ്പിളി അമ്മാവനെ മാവിന്റെ ചില്ലയിലൂടെ എത്തുന്നതും അമ്മയുടെ സ്നേഹം നറുനിലാവായി പൊഴിയുന്നതും നിലാവിന്റെ കുഞ്ഞലകൾ താരാട്ടുപാടുന്നതും കണ്ട് സംഭ്രമിച്ചു നിന്ന അന്നത്തെ കുുട്ടി ബാലികാമത്തിന്റെ ഭാഗമായി മാറി. ബാലികാമഠത്തിലെ എന്റെ ജീവിതകാലം എന്നെ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞ സുവർണ്ണകാലമാണ്. പല നാടുകളിൽ നിന്ന് പല സാഹചര്യങ്ങളിൽ നിന്ന് വരുന്ന കൂട്ടുകാരികൾ ഒന്നിച്ച് ഊണ് കഴിക്കുന്നു. ഒന്നിച്ച് ഉറങ്ങുന്നു. ആരും തമ്മിൽ വഴക്കിടാനോ നീണ്ടനാൾ പിണങ്ങി കഴിയാനോ സാദ്ധ്യമല്ല. എടി, പോടി, എടേ, ഇയ്യാൾ എന്നൊന്നും പരസ്പരം വിളിച്ചു കൂടാ. പേരു വിളിക്കാം, കുഞ്ഞേ എന്നു വിളിക്കാം. ഈ സദ്‍മനോഭാവത്തിന് കാരണം സ്‌ക്കൂളിന്റെ സർവ്വസ്വമായ മദാമ്മയും കൊച്ചമ്മമാരും നൽകുന്ന ജീവിത പാഠങ്ങളാണ്. ടീച്ചറില്ല, കൊച്ചമ്മയാണ് അതായത് ചേച്ചി.
ഒരു കള്ളം പറയാൻ ബാലികാമഠത്തിൽ പഠിച്ച കുട്ടികളുടെ നാവു പൊങ്ങുകയില്ല, കൊച്ചു തെറ്റുകൾ പോലും ഒളിപ്പിക്കാതെ ഏറ്റു പറഞ്ഞു പോകുന്ന സംസ്കാരം മനസ്സിൽ ഊട്ടി ഉറപ്പിച്ചു തന്നു. കുമ്പസാരം എന്ന മഹനീയാചാരം സ്വയം ബോദ്ധ്യപ്പെടാൻ നൂറാവർത്തി തെറ്റു ചെയ്താലും മാപ്പുനൽകാനൊരു ശക്തിയുണ്ടെന്നും തെറ്റിൽ നിന്ന് ശരിയിലേക്കുള്ള മനസ്സിന്റെ തീർത്ഥയാത്രയാണ് ജീവിതമെന്നും എന്നൊക്കെ ബോർഡിംഗ് മിസ്സിസ് അന്നമ്മ കൊച്ചമ്മയും അമ്മുക്കുട്ടി കൊച്ച മ്മയും പഠിപ്പിച്ചു തന്നു.
സ്റ്റെൽ നടപ്പുകാരിയായ ഗ്രേസി കൊച്ചമ്മയുടെ ബയോളജി ക്ലാസുകൾ ഓർക്കുന്നു. ദീനാമ്മ കൊച്ചമ്മയെ ഓർക്കുന്നത് സയൻസ് ലാബിൽ ഫിസിക്സ് പഠിപ്പിക്കാനെത്തുന്നതല്ല. കഥ പറയുന്ന ദീനാമ്മ കൊച്ചമ്മയെ ആണ്. ഒരു ചാന്തു കുപ്പിയോളമേയുള്ളു. ആളിനേക്കാൾ കൂടുതൽ തലമുടി. പാടുപെട്ട് ഒച്ച യെടുത്താണ് കഥ പറച്ചിൽ. എല്ലാ ശനിയാഴ്ചകളിലും അത്താഴമൂണു കഴിഞ്ഞാൽ 6B യിൽ ചെന്നിരിക്കാൻ ഹെഡ് ഗേളിന്റെ അറിയിപ്പു കിട്ടും. പഠിക്കുന്ന പുസ്തകം കൈകൊണ്ടു തൊടേണ്ടാത്ത ശനിയാഴ്ചകളിൽ നിലാവു മയങ്ങുന്ന, മഴ ചാറുന്ന രാത്രികളിൽ, ചാമ്പ മരച്ചില്ലയിൽ തിളങ്ങുന്ന ഇലകളെ നോക്കിയിരിക്കും. കൊച്ചമ്മ കഥ പറയാനെത്തി. ഇടത്തെ കൈ കവിളിൽ ചേർത്ത് “ഡ്രാക്കുള പുസ്തകം” മറ്റൊരു കൈയിൽ പിടിച്ച് കഥ തുടങ്ങുന്നു. കഥ രക്ത രക്ഷസ്സിന്റേതാണ്. “മാർത്താണ്ഡവർമ്മ'യും ഇതിഹാസ കഥകളും പരിചിതമായതിനാൽ ദംഷ്ട്രപ്പല്ലുകൾ നീണ്ട് ചോര കുടിക്കുന്ന ഡ്രാക്കുള കഥ കേട്ട് തരിച്ചിരു ന്നു. പേടി തോന്നിയേയില്ല, പേടിക്കിവിടെ സ്ഥാനമില്ല. കണക്കിനു സ്ഥിരമായി പൂജ്യം ലഭിക്കുന്ന സ്ഥാനത്ത് നിൽക്കുന്ന എന്നെ വി.എം. മറിയാമ്മ കൊച്ചമ്മ കൊച്ചുകളിയാക്കലിലൂടെയാണ് ശിക്ഷിച്ചത്. അന്ന് നവ വധുവായിരുന്ന കൊച്ചമ്മയുടെ സ്വർണ്ണാഭരണങ്ങളും പ്രിന്റു ചെയ്ത തൂവെള്ളക്കവിണിയും നോക്കി ഞാനിരുന്നു. എന്നെ കണക്കു പഠിപ്പിക്കാൻ അസാദ്ധ്യം. വേറേ വിഷയങ്ങൾക്ക് മിടുക്കിയാ ണെന്നു വെച്ച് എന്നോടു ക്ഷമിച്ചു. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനൊരു സ്ക്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച അഭിവന്ദ്യനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള യശ:ശരീരനായതിന്റെ നൂറാം വാർഷികത്തിൽ എന്റെ സ്‌ക്കൂൾ ജീവിതം മുഖ്യവിഷയമാക്കി നിലാമഴയെന്ന നോവൽ ഞാൻ എഴുതി. ആ മഹനീയ വേളയിൽ ബാലികാമഠത്തിലൊരു മുഖ്യാതിഥിയായി തിരിച്ചെത്തി, ഒരു ജന്മത്തിന്റെ സുകൃതം. എന്റെ മറിയാമ്മ കൊച്ചമ്മയുണ്ട് എന്നെ സ്വീകരിക്കാൻ. എന്നെ കൊച്ചമ്മ ഓർക്കുന്നില്ല. എന്നെക്കാൾ ഏഴു വർഷം മുമ്പ് പഠിച്ച എന്റെ സഹോദരി എസ്. രാധയുടെ ആരെങ്കിലുമാണോ എന്നൊരു ചോദ്യം. ഇന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ. രാധാ ഹരിലാൽ ആണ് അത്. കണക്കിന് നൂറിൽ നൂറ് മാർക്ക് വാങ്ങിയ എന്റെ അക്ക ഇരുന്ന സീറ്റ് കൂടി കൊച്ചമ്മ ഓർത്തിരിക്കുന്നു. ഒരമ്മയുടെ മക്കളായ ഞാനും അക്കയും തമ്മിൽ എന്തൊരു വ്യത്യാസം. റോസമ്മ കൊച്ചമ്മ എന്നെ തയ്യൽ പഠിപ്പിച്ചു മടുത്തു. എന്റെ അക്ക തുന്നിയ ക്രോസ് സ്റ്റിച്ച് വച്ച ഷീറ്റുകൾ പലതും ഉണ്ട് ഇന്നും എന്റെ വീട്ടിൽ. അമ്മുക്കുട്ടി കൊച്ചമ്മയെ അന്ന് ആരും ആരാധിച്ചു പോകുന്നൊരു മഹതിയാണ്. നല്ല പൊക്കവും ചുരുണ്ട മുടിയും നല്ല ചിരിയും കൊച്ചമ്മയെ അഴകുറ്റവളാക്കിയിരുന്നു. ഒരിക്കൽ സിക്ക് റൂമിൽ ഏകാകിനിയായി കിടന്ന എന്റെ അരികിലെത്തി കൊച്ചരിപ്പല്ലുകാട്ടി മനോഹരമായി ചിരിച്ച് എന്നെ സമാശ്വസി പ്പിച്ച കൊച്ചമ്മയുടെ കരുതലും സ്നേഹവും അറിഞ്ഞ ഞാൻ, ബാലികാമഠം സ്ക്കൂൾ എന്റെ രണ്ടാം മാതൃഭവനം ആണെന്ന് ഉറപ്പിച്ചു. ഒരു അന്യതാബോധവും വേണ്ടാ, ഈ വലിയ വീട്ടിലെ പ്രാധാന്യമുള്ളൊരു വ്യകതിയാണ് ഞാനും ശനിയാഴ്ച തോറും ചാപ്പലിൽ എത്തി താമസിച്ച് ഞങ്ങൾക്ക് സദാ ചാരനിഷ്ഠമായ ജീവിതത്തിന്റെ പാഠങ്ങൾ പകർന്നുതന്ന വന്ദ്യപുരോഹിതനെ ഞാൻ ഓർക്കുന്നു. രണ്ട് കന്യാസ്ത്രീകളെ ഞാൻ ആദരവോടെ ഓർക്കുന്നു. ഒരു വറ്റു പോലും പാഴിൽ കളയാതെ ഞങ്ങളെ അന്നത്തിന്റെ വില പഠിപ്പിച്ചു തന്ന സ്നേഹ വഴികൾ കളയുന്ന വറ്റിന് അവകാശികൾ ഉണ്ടെന്ന ബോധം. ഈ ഭൂമി എല്ലാവർക്കും ഉള്ളതാണെന്ന സമത്വ ദർശനം. പെൺകുട്ടികൾക്ക് വീട്ടുജോലികൾ പറഞ്ഞുതന്ന മ്രേടൻ തങ്കമ്മ കൊച്ചമ്മയേയും, ഏലിച്ചേടത്തി, ഭാരതി, അവറാൻ ചേട്ടൻ, ആരെയും എനിക്ക് മറക്കാനാവില്ല, ഏതാനും ദിവസം മാത്രം പഠിപ്പിച്ച അപ്പു കൊച്ചമ്മയേയും ഓർക്കുന്നു. സ്‌ക്കൂളിൽ ഞങ്ങൾക്കൊരു കാരണവർ ഉണ്ടായിരുന്നു. സ്ക്കൂളിലെ സകല കണക്കുകളും പണവും സൂക്ഷിക്കുന്ന ഞങ്ങളുടെ റൈട്ടർ സാർ. നേര്യത് വളച്ച് തോളിലിട്ട് നന്നേ വൃദ്ധനായൊരു ശാന്തശീലൻ. അമ്പലത്തിലെ ശാന്തിക്കാരനാണെന്നു തോന്നുന്ന സൌമ്യത. ഞങ്ങളെ റൈട്ടർ സാർ കൊച്ചു മക്കളായി കരുതി. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ കുളിക്കുവാനും തോർത്തും സോപ്പുപെട്ടിയും സോപ്പും കൃത്യമായി ഉപയോഗിക്കണമെന്നും പഠിപ്പിച്ച അന്നമ്മ കൊച്ച മ്മയെ ഞാനോർക്കാറുണ്ട്. സോപ്പു പെട്ടിയിൽ വെള്ളവുമായി സോപ്പു കുഴമ്പു രൂപത്തിലാക്കി വെയ്ക്കുമ്പോൾ അന്നമ്മ കൊച്ചമ്മ പറയുമായിരുന്നു, ഇങ്ങനെ വെയ്ക്കരുതെന്ന്. സോഷ്യൽ സ്റ്റഡീസിനു ഞാൻ അത്ര മോശമല്ലാത്തതിനാൽ അനുഗ്രഹപൂർവ്വമായി എന്നെ നോക്കി മന്ദഹസിച്ചിരുന്ന ഏലിയാമ്മ കൊച്ചമ്മയെ ഞാനാദ്യം ഓർക്കേണ്ടതാണ്.
ജൂൺ മാസത്തെക്കുറിച്ച് ഓർക്കു മ്പോൾ വിസ്മയകരമായ ഒരു കാര്യം ഉണ്ട്. അതു പറയാതെ വയു. ഞങ്ങളെ മലയാളം പഠിപ്പിച്ച എന്റെ മീനാക്ഷി ചേച്ചി കഴിഞ്ഞൊരു തവണയിലെ സ്ക്കൂൾ ഒത്തുകൂടലിൽ എത്തി എന്നെയും എന്റെ പേരക്കുട്ടികളെയും അനുഗ്രഹിച്ച ശേഷം രണ്ട് നാൾക്കുള്ളിൽ ഇഹലോകവാസം വെടിഞ്ഞു. രാമായണപാരായണത്തി ലൂടെ സാഹിത്യലോകത്തിലേക്കു എന്നെ കൈപിടിച്ചെത്തിച്ച സമാദരണിയായ ചേച്ചിയുടെ പാവനസ്മരണയുടെ മുമ്പിൽ തലകുനിക്കുന്നു. മലയാളം പഠിപ്പിച്ച പാപ്പി സാറിനെയും എം.എ. മറിയാമ്മ കൊച്ചമ്മയേയും ഹെഡ്മാസ്റ്റർ വർഗ്ഗീസ് സാറിനെയും ഞാൻ സ്മരിക്കുന്നു. ഈ ഓർമ്മകളിൽ എന്റെ സ്മരണകൾക്ക് പരിവേഷം അണയിക്കുന്നത് മിസ് പി. ബ്രുക്ക്സ്മിത്ത് എന്ന ഞങ്ങളുടെ പ്രിയംകരിയായ മദാമ്മയാണ്. ബാലികാമഠത്തിലെ പെൺകുട്ടികൾ ഭാവിയിൽ പകച്ചു നിന്നിട്ടില്ല. ഞങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുവാനുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നു. കൃത്യനിഷ്ഠയും അച്ചടക്കവും സാമാന്യമര്യാദയും, കാരൂ ണ്യവും സഹിഷ്ണതയും പൊരുത്തപ്പെട്ടു പോകലും ഞങ്ങൾ കുരുന്നിലെ പഠിച്ച പാഠങ്ങളാണ്. അതു ഞങ്ങളെ പഠിപ്പിച്ചത് മദാമ്മയുടെ നേതൃത്വമാണ്. ലണ്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നി ന്നും നേടിയ ബിരുദത്തിന്റെ തിരിനാളം ഇങ്ങകലെ കേരളത്തിലെ ആയിരക്കണക്കിനു പെൺകുട്ടികൾക്ക് വെളിച്ചമായി. കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറ ഉറപ്പിച്ച് വഴികാട്ടിയായി നിസംഗമായി കർമ്മം ചെയ്തതിന്റെ മഹനീയ മാ തൃകയാണ് മദാമ്മ. ഒരു അവാർഡും പ്രതീക്ഷിക്കാത്ത ദേവാത്മാവാണെന്റെ മദാമ്മ. മാറിയ കാലത്തിന്റെ വികൃതമായ പേടിപ്പിക്കുന്ന അവസ്ഥയുമായൊരു താരതമ്യം. അതിവിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ മുൻവശത്തൊരു തുരുമ്പിച്ച ഇരുമ്പു ഗേറ്റും മതിലുമുണ്ട്. ബാക്കി പുറകുവശത്തും, റോഡിനെ അഭിമുഖീകരിക്കുന്ന വശങ്ങളിലും പാമ്പു ചെടികൾ എന്നു ഞങ്ങൾ വിളിച്ച കാട്ടുചെടികളാണ് ഉയർത്തിപിടിച്ച കരങ്ങളുമായി മതിൽ തീർത്തത് കൊച്ചമ്മമാരും, മദാമ്മയും താമസി ക്കുന്ന കെട്ടിടങ്ങൾ സ്‌ക്കൂൾ കെട്ടിടത്തിൽ നിന്നുംവിട്ട് ഒരു നടുമുറ്റം കടന്ന് നാലഞ്ചുപടി അകലെയാണ്. വലിയ എട്ടു കെട്ടിലെ ക്ലാസുമുറികളിൽ ഹോളിൽ തട്ടിൻപുറത്ത് ഞങ്ങൾ അനേകം പെൺകൊച്ചുങ്ങൾ ഉറങ്ങുന്നു. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവർ. ഞങ്ങൾ ഉറങ്ങാൻ കിടന്നോ എന്ന ഉറപ്പു വരുത്തി, ലൈറ്റുകൾ അണച്ച് അന്നമ്മ കൊച്ചമ്മ പടിയിറങ്ങി പോകുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളോടോപ്പം ഉറങ്ങുന്ന മെലിഞ്ഞ ശരീരമുള്ള ലില്ലിക്കുട്ടി കൊച്ചമ്മ കൊട്ടാര വാതിലുകൾ അടയ്ക്കുന്നു. ഞങ്ങളുറങ്ങുന്നു. ശാന്ത രാത്രികൾ, ഒരു പേടിയുമില്ലാതെ. ഞങ്ങളെ ആരാണ് കാത്തു പോന്നത്. വിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ ഒരു കാവൽക്കാരനില്ല, കാവൽ നായ്ക്കളുമില്ല, മദാമ്മയുടെ പൂച്ച മാത്രം ഇരുട്ടിൽ നടക്കുന്നു. രണ്ടു മഹാ മരങ്ങൾ കെടിടത്തിനകത്തു ഉറങ്ങാതെ നിന്നു. കാലം, അതാണ് കാലം, ശാന്തമായ ജീവിതം. പരസ്പര വിശ്വാസം, സ്നേഹം ഇവ സുരക്ഷിതത്വം നൽകുന്നു. ഒരു പതിമൂന്നുകാരി ക്ക് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനി ൽ ഒറ്റയ്ക്കു ചെന്ന് ട്രെയിൻ കയറി പോകാം. വീട്ടിൽ നിന്ന് തിരിച്ചു തനിയെ വരാം. ഒരു പേടിയുമില്ലാതെ മകൾ സ്‌ക്കൂളിൽ എത്തിയോ എന്നറിയാൻ ഫോണില്ല. ഒരു ആശങ്കയും വേണ്ടാ, പരിഭ്രമവും ഇല്ല, അവൾ സുരക്ഷിതയായിരിക്കും. അതായിരുന്നു ആ കാലം. അതിനാൽ ഇരുട്ടു പരക്കുമ്പോഴും ഞങ്ങൾ പ്ലേ ഗ്രൌണ്ടിൽ കളിച്ചു നടന്നു. തൊട്ടടുത്ത റോഡിൽ നിന്നാരും ഞങ്ങളെ തുറിച്ചു നോക്കിയില്ല.
ബാലികാമാത്തിലെ എന്റെ ജീവിതത്തിലെ ഓരോ ദിനവും എനിക്കിന്ന് ഓർക്കാനാവും. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചു തന്ന പാഠങ്ങളാണ് ഞാൻ അവിടെയും പഠിച്ചത്. ഞങ്ങൾ ബാലികാമഠം പെൺകുട്ടികൾ എവിടെയും ശോഭിക്കുന്നു. ഞ ങ്ങൾക്ക് കള്ളം പറയാനാവില്ല. വലിയ തെറ്റുകളും ചതികളും ഞങ്ങൾക്ക് അസാദ്ധ്യമാണ്. ഞങ്ങൾ നല്ല വീട്ടുകാരികളാണ്. മിതവ്യയം ശീലിക്കുന്ന മാതൃകാ കുടുംബിനികൾ. സന്താനങ്ങളെ നേർവഴിക്കു നയിക്കുന്നവർ. മുതിർന്നവരെ നയിക്കാനും ആദരിക്കാനും ഇല്ലാത്തവരെ സഹായിക്കാനും ഞങ്ങൾ ആരുടേയും പിറകിലല്ല. സഹാനുഭൂതിയും സമഭാവനയും ജന്തുജാലങ്ങളെ പോലും സ് നേഹിക്കാനുള്ള സന്മനസ്സും ഞങ്ങൾക്കുണ്ട്. ഞങ്ങൾക്കെന്തല്ലാം ഗുണങ്ങളുണ്ടോ അതിനെല്ലാം ഞങ്ങൾ ബാലികാമഠം എന്ന മാതൃഭവനത്തോടു പൂർണ്ണമായും കടപ്പെട്ടിരിക്കുന്നു. എനിക്കെന്റെ സ്‌ക്കൂളിനെ ഇന്നും അനുഭവിക്കാനാകും. പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം മദാമ്മയുടെ മുറിവാതിക്കലെ മോർണിംഗ്ലോറി പൂക്കളുടെ സൗമ്യസുഗന്ധം, വിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ അതിരിട്ടു നിന്ന കാട്ടു ചെടികളിൽ പൊട്ടി വിരിഞ്ഞപ്പൂക്കളിൽ നിന്ന് കാടിന്റെ മണം, ഡൈനിംഗ് ഹോളിലെ കൽമേശകളുടെ മണം. ഒഴിക്കാനായ് കിട്ടുന്ന മോരിന്റെ സ്വാദ് , മുളകു ചമ്മന്തിയുടെ രുചി, തുടിക്കുന്ന ഈ ഓർമ്മകൾ എന്നിൽ പെയ്ത് ഒഴിയില്ല. നിലാമഴയിലും അതു പെയ്തു തീർന്നില്ല. ചിലപ്പോഴെല്ലാം നിലാവും മഴയും ഇളം വെയിലുമായി ഓർമ്മകളെന്നെ അതിശീഘ്രം പുറകോട്ടു കൊണ്ടുപോയി പച്ചപാവാടയും വെള്ള ബ്ലൗസ്സുമിട്ടൊരു ബാലികയാക്കുന്നു. നിത്യഹരിതയായ എന്റെ സ്ക്കൂളിന് സഹാനുഭൂതിയുള്ള ഇന്നത്തെ അദ്ധ്യാപികമാർക്ക് സ്ക്കൂളിന്റെ മാനേജ്മെന്റിന്, എന്റെ നേർ അവകാശികളായ കൊച്ചനുജ ത്തിമാർക്ക് പൂർവ്വ വിദ്യാർത്ഥിനികൾക്ക് ഹൃദ്യമായ സ്നേഹം.