ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം
പ്രകൃതി ഒരു വരദാനം
ഒരു നാട്ടിൻപുറം. പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട ഒരു നാട്. അവിടെ ആളുകളെല്ലാം സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പാട്ട് പോലെ കിളികളുടെ കലപില കൂട്ടുന്ന ശബ്ദം. ആ ശബ്ദത്തിൽ താളം പിടിച്ച് അരുവികളും. ആരുടേയും മനസ്സിന് കുളിർമ്മ തോന്നിക്കുന്ന മനോഹരമായ കാഴ്ചകൾ.മരങ്ങളിൽ ചേക്കേറിയിരിക്കുന്ന കിളികൾ. മാവിൻ കൊമ്പുകളിൽ കാറ്റിന്റെ തലോടൽ പാറിക്കുമ്പോൾ,ചില്ലകളോടൊപ്പം ആടുന്ന മാമ്പഴങ്ങൾ. ഇവിടെ താമസിക്കുന്ന രണ്ട് കൂട്ടുകാരാണ് അലക്സും അശോകനും. രണ്ടുപേരും ചെറുപ്പം മുതലേ നല്ല സുഹൃത്തുക്കളാണ്. പ്രകൃതിയേയും പക്ഷിമൃഗാദികളേയും വളരെ ഇഷ്ടമാണ് അശോകന്.പ്രകൃതിയെ ഒരു വിധത്തിലും നശിപ്പിക്കുന്നത് അശോകന് ഇഷ്ടമല്ല. അലക്സിന്റെ സ്വഭാവം നേരെ മറിച്ചും. അലക്സിന് ബിസിനസിനോടും ഫ്ലാറ്റിലെ താമസത്തിനോടും ഒക്കെയാണ് കാര്യം. അലക്സിന്റെ മാതാപിതാക്കളാണ് ചാക്കോയും മേരിയും.അവർക്ക് അതൊന്നും ഇഷ്ടമല്ല. ഒരു ദിവസം അലക്സ് കാര്യം വീട്ടിൽ ചർച്ച ചെയ്തു." അപ്പച്ചാ, അമ്മച്ചി... നമുക്ക് ഇവിടെ നിന്ന് ഫ്ലാറ്റിലേക്ക് മാറി താമസിച്ചാലോ? ഞാൻ നല്ല വലിയ ഫ്ലാറ്റ് കണ്ട് വെച്ചിട്ടുണ്ട്...."അലക്സ് പറഞ്ഞു. " മക്കളേ ഞങ്ങളെങ്ങോട്ടും ഇല്ല. ജനിച്ചതും വളർന്നതും ഒക്കെ ഇവിടെയാണ്.ഇവിടെ തന്നെ കഴിയാനാണ് ആഗ്രഹം." അമ്മച്ചി പറഞ്ഞു."ഓ, ഇവർക്കൊന്നും പറഞ്ഞാൽ മനസ്സിലാകുന്നതുമില്ല." അലക്സ് ഒച്ചയിട്ടു. അവൻ അവന്റെ പാർട്നേഴ്സിനോടൊപ്പം അവരുടെ നാട്ടിൽ ഒരു ഫ്ലാറ്റ് പണിയാൻ തീരുമാനിച്ചു.അലക്സ് തന്റെ സുഹൃത്തായ അശോകനെ അറിയിച്ചു.അശോകൻ അതിനെ എതിർത്തു.അലക്സ് തന്റെ തീരുമാനത്തിൽ നിന്നും മാറിയില്ല. അവർ കുന്നുകൾ നികത്തി,മരങ്ങൾ മുറിച്ചു, വയലുകൾ മൂടി, പ്രകൃതിയെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരുന്നു.ഇതിനെല്ലാം പ്രകൃതി പ്രതികരിച്ചു തുടങ്ങി. ഇപ്പോൾ കിളികളുടെ നാദമില്ല. എല്ലാം നിലച്ചു. എങ്ങും പടുത്തുയർത്തിയ കെട്ടിടങ്ങൾ. ഒരു തുള്ളിശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്.ഇപ്പോൾ അവിടെ കുന്നുകളില്ല, വെള്ളം വറ്റാൻ തുടങ്ങി. എങ്ങും ചപ്പുചവറുകൾ. ഫ്ലാറ്റിലേക്കെത്തുന്ന ടൂറിസ്റ്റുകളെല്ലാം മദ്യപിച്ചും പാട്ടു പാടി ആർമ്മാദിച്ചും പല വിധത്തിലുള്ള മലിനീകരണം പകർത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു. മുത്തുമണികൾ പോലെ പല വർണ്ണങ്ങളിലുള്ള വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. വണ്ടികളിൽ നിന്നും വരുന്ന പുകമൂലം കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ പലവിധ ത്തിലുള്ള അസുഖങ്ങൾ. ആദ്യമൊക്കെ എന്തുവന്നാലും പ്രതിരോധിക്കാനുള്ള ശക്തി നാട്ടുകാർക്ക് ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അതെല്ലാം കുറഞ്ഞ് വരുന്നു.അവിടെയുള്ള ആളുകൾ ശുദ്ധജലം കുടിച്ചിട്ട് തന്നെ നാളുകളായി. പുഴകളും കിണറുകളും വറ്റി. വരണ്ടുണങ്ങിയ പ്രദേശം. എല്ലാവരും അലക്സിനെ കുറ്റപ്പെടുത്തി. തന്റെ ഏറ്റവും നല്ല ചങ്ങാതിയായ അശോകനും, തന്നെ കുറ്റപ്പെടുത്തിയപ്പോൾ അലക്സിന് അത് താങ്ങാനായില്ല…...പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും കെട്ടിടങ്ങളെല്ലാം ഇടിഞ്ഞ് വീണു. ഒട്ടനവധി ജനങ്ങൾ വിട പറഞ്ഞു. ഒരു വീട് പോലും ശേഷിക്കാതെ എല്ലാം പോയി. എല്ലായിടത്തും നിശ്ചലം…... ഒരു ഇലയനക്കം പോലുമില്ല…… ഓർക്കുക, നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ തെറ്റിനും ഇരട്ടിയായി തിരിച്ചു കിട്ടും.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |