പൊന്നാട് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർത്തി കാണിക്കണമെന്ന് അന്നത്തെ ഭരണാധികാരികളും ജനങ്ങളും ആഗ്രഹിച്ചു.അതിനു വേണ്ടി അവർ പല പദ്ധതികളും നടപ്പിലാക്കി. അതിലൊന്നാണ് വിദ്യാഭ്യാസത്തിൽ മുന്നേറ്റം ഉണ്ടാക്കുക എന്നത്.പല സംസ്ഥാനങ്ങളിലും അത് വിജയിപ്പിക്കാൻ സാധിച്ചു. എന്നാൽ കേരളത്തിൽ അന്നത്തെ അവസ്ഥ വളരെ മോശമായിരുന്നു. ദരിദ്ര്യവും ജാതി മത പ്രശ്നങ്ങളും കേരളത്തിന്റെ വികസനം താമസിപ്പിച്ചു.പക്ഷെ ഈ പ്രശ്നങ്ങളൊന്നും ലവലേശമില്ലാതെ എല്ലാരും ഒരു കുടുംബത്തിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്ന സുന്ദരമായ ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു.ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് എന്ന സുന്ദര ഗ്രാമം. ഇത്തിരി വൈകിയാണെങ്കിലും വിദ്യാഭ്യാസത്തിന്റെ മഹത്തം അവർ തിരിച്ചറിഞ്ഞു. വരും തലമുറയെ നല്ല വിദ്യാഭ്യാസം നൽകി വാർത്തെടുക്കണമെന്നവർ തീരുമാനിച്ചു. നല്ലവരായ നാട്ടുകാർ ചേർന്നു 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. ധാരാളം കുട്ടികൾ അവിടേയ്ക്കു വന്നു കൊണ്ടേയിരുന്നു.എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ അവിടെ ഇടമില്ലായിരുന്നു. ഇത് മനസ്സിലാക്കിയ നല്ലവനായ നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞു അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957-ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു. തലമുറകളെ അക്ഷര ലോകത്തേക്കും വെളിച്ചത്തിലേക്കും കൈ പിടിച്ചാനയിച്ച പൊന്നാട് എൽ പി സ്കൂൾ അറുപതാണ്ട് പിന്നിടുകയാണ്. നാഗരികതയുടെ ഒരു കൈപാടു പോലും പതിയാത്ത തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ളതും എന്നാൽ പട്ടണങ്ങളിലുള്ള ഏതൊരു സ്കൂളിനേയും വെല്ലുന്ന വിദ്യാഭ്യാസം നൽകുന്ന കുറച്ചു സ്കൂളുകളിൽ മികച്ച ഒന്നാണ് പൊന്നാട്.എൽ.പി.എസ്.നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടുo പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചകൾക്കായ് കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു.