പുതിയങ്ങാടി എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി.

        1916 ൽ കൊളക്കോട്ട് പക്രൻ മുസലിയാർ എന്ന ആൾ കോട്ടേൻ്റവിട ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ഇത് പിന്നീട് അവിടെ നിന്നും വടക്കോട്ട് ഓത്തുപുരയും സ്രാമ്പിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന എടവലത്ത് പറമ്പിലേക്ക് മാറ്റി. ഇത് മദ്രസപoനം കഴിഞ്ഞ് കോട്ടേൻറവിട എത്താനുള്ള വിഷമം പരിഹരിക്കാൻ വേണ്ടിയായിരുന്നു. എടവലത്ത് പറമ്പും സ്കൂളും മഠത്തിൽ നമ്പ്യാരുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഈ ഭൂമിയും സ്കൂളും എടത്തിൽ അമ്മത് ഹാജി അയാളുടെ ഭാര്യയുടെ പേരിൽ വിലയ്ക്കു വാങ്ങി. ഇവരാണ് ഇതുവരെയും മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ ടി.കെ അമ്മത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിക്ക് സ്കൂൾ കൈമാറി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

      1932 ലാണ് സ്കൂൾ നവീകരിച്ച ഒരു കെട്ടിടത്തിലേക്ക് മാറുന്നത്.2013 ൽ വീണ്ടും നവീകരിച്ച് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.കൊമ്മിളി, കാക്കന്നൂർ, നെല്ലൂർ, അങ്ങാടിത്താഴ,പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളായിരുന്നു ഭൂരിഭാഗവും ഇവിടെ പഠിച്ചിരുന്നത്.ഓർക്കാട്ടേരി നിന്നു വരുന്ന കുങ്കക്കുറുപ്പായിരുന്നു ആദ്യത്തെ അധ്യാപകൻ. പരിശീലനം ലഭിച്ച രാമക്കുറുപ്പ് അധ്യാപകനായി വന്നതോടെ അഞ്ചാം ക്ലാസും നിലവിൽ വന്നു .

        സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായിരുന്നത് കല്ലുള്ളതിൽ മൂസ്സ (S/o കുഞ്ഞാലി) എന്നയാളാണ്.സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ പിന്നോക്കം നിൽക്കുന്ന കാലത്തും 1916 ലെ രേഖയിൽ ഒരു അലീമ എന്ന വിദ്യാർത്ഥിനിയും ഇവിടെ പഠിച്ചിരുന്നു.

    ഇവിടെ നിന്നും അറിവുനേടി ജീവിതത്തിൻ്റെ നാനാതുറകളിലേക്ക് പ്രവേശിച്ച പൂർവവിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൻ്റെ സമ്പത്ത്. അവരിൽ പലരും ഉന്നത നിലവാരം  പുലർത്തുന്നവരാണെന്നതിൽ സ്കൂളിനഭിമാനിക്കാൻ ധാരാളമുണ്ട്.

     ഇന്ന് ഈ കാണുന്ന തെങ്ങിൻതോട്ടങ്ങളുടെ സ്ഥാനത്ത് നെൽവയലുകളാണ് അന്നുണ്ടായിരുന്നത്. നടപ്പാതകളുടെ സ്ഥാനത്ത് വയൽവരമ്പുകൾ.ടാറിട്ട റോഡിന് പകരം ചെമ്മൺ നിരത്ത്.കോൺക്രീറ്റ് കെട്ടിടങ്ങളില്ല. വാഹനങ്ങൾ അപൂർവം. സ്കൂൾ കെട്ടിടം ഓലമേഞ്ഞതായിരുന്നു.

   എടവലത്ത് സ്കൂൾ - പഴമക്കാരുടെ ഇടയിൽ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളിൻ്റെ പേര് അങ്ങിനെയാണ്. പഴയ കാലത്തെ സ്കൂളുകളിൽ പലതും അറിയപ്പെടുന്നത് അവ സ്ഥിതി ചെയ്യുന്ന പറമ്പിൻ്റെ പേരിലാണ്.അങ്ങിനെയാകാം ഈ സ്കൂൾ എടവലത്ത് സ്കൂൾ ആയി അറിയപ്പെട്ടത്. ഓദ്യോഗിക രേഖകളിൽ ഈ സ്കൂൾ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളാണ്.