പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ബുൾ ബുൾ
ബുൾ ബുൾ
സാധാരണ ഞായറാഴ്ച മാത്രം കാണാറുള്ളതാണ് ഈ ബുൾബുൾ പക്ഷിയെ. ആ ഇച്ചിരിപോന്ന അജ്ഞാതൻ (കൊറോണ) എന്ന് വന്ന് പരക്കാൻ തുടങ്ങിയോ അന്ന് മുതൽ സ്കൂളുമില്ല, പരീക്ഷയുമില്ല, ഹോ!.... വല്ലാത്ത കഷ്ടം തന്നെ! അത്കൊണ്ട് എന്തായി എനിക്ക് സ്ഥിരമായി ബുൾബുളിനെ കാണാറായി. അല്ലെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാ ഇവിടെ സമയം. എന്നാലും എന്റെ ബുൾബുൾ പക്ഷിയെ.... നിന്നെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ നിനക്ക് എന്തിന്റെ കേടാ... വെറുതെ വന്ന് മുറ്റത്തെ കാർപോർച്ചിൽ കിടക്കുന്ന എന്റെ കാറിനെ എന്തിനാ ഇങ്ങനെ കൊത്തി വേദനിപ്പിക്കുന്നത്? ആ കാറ് നിന്നോട് എന്ത് തെറ്റാ ചെയ്തത്.....? കാറിന്റെ ചില്ലിൽ തന്റെ പ്രതിബിംബം കണ്ട് ശത്രുവാണെന്ന് കരുതിയിട്ടാണോ? അതോ തന്റെ കൂട്ടുകാരനാണെന്ന് കരുതി ലോഹ്യം പറയുകയോ? ചിലപ്പോൾ അതിന് കൂട് കൂട്ടാൻ പറ്റിയ സ്ഥലം അന്വേഷിച്ച് നടക്കുകയായിരിക്കും. എന്റെ ബുൾബുളേ നിനക്കീ കൊറോണയൊന്നും ബാധകമല്ലേ..... സുഖമായി അങ്ങോട്ടും ഇങ്ങോട്ടും പറന്നുല്ലസിക്കുകയല്ലേ... യാതൊരു തടസ്സങ്ങളും ഇല്ല. നിന്റെ വണ്ടിയോടിക്കാൻ ആരുടെയും അനുമതിയും വേണ്ടല്ലോ. വല്ല പക്ഷിയുമായി ജനിച്ചാൽ മതിയായിരുന്നു. വീട്ടിലെ എല്ലാവരും അതിനെ പലവിധത്തിൽ ഓടിച്ചു വിടാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല. പോയേലും വേഗത്തിൽ വീണ്ടും പറന്ന് വരും. സന്ധ്യയായാൽ കാർപോർച്ചിനടുത്തെ അശോക മരത്തിലാണ് ഇതിന്റെ താവളം. അതിവിശാലമായി പറന്നു നടന്നിരുന്ന തന്റെ സ്ഥലത്ത് കാറ് കിടക്കുന്നത് അത്ര പിടിച്ചുകാണില്ല ഈ പക്ഷിക്ക്. സാധാരണ കാറിന് അവിടെ കിടക്കാൻ നേരമില്ലല്ലോ. ആ... എന്തെങ്കിലുമാകട്ടെ,. എന്തായാലും ഈ കൊറോണ അവധിക്കാലത്ത് നോക്കിയിരിക്കാൻ ഒരാളെ കിട്ടിയല്ലോ.... ഹും... എന്നെക്കുറിച്ച് എന്തൊക്കെയോ എഴുതിക്കൂട്ടുകയാണല്ലേ.... എന്ന ഭാവത്തിൽ ഇടയ്ക്കിടെ ഓട്ടക്കണ്ണിട്ട് നോക്കിക്കൊണ്ടിരിക്കുകയാണ് ആ ബുൾബുൾ ...
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ