Schoolwiki സംരംഭത്തിൽ നിന്ന്
1924ൽ ആണ് നിടുംപൊയിൽ എം.എൽ.പി സ്കൂൾ സ്ഥാപിതമായത്. മനയത്ത് പൈതൽ നായരായിരുന്നു സ്ഥാപക മാനേജർ. തുടക്കത്തിൽ കീഴ്പ്പണശ്ശേരി താഴെക്കുനിയിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് എടവനത്താഴെ കുനിയിലേക്ക് മാറ്റി. 1939ൽ സ്കൂൾ മാനേജ്മെൻറ് ബി. കൃഷ്ണൻ നായർ ഏറ്റെടുത്തു.ഈ വിദ്യാലയത്തിന് അടുത്തുതന്നെയുള്ള, ഇന്ന് ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ എന്നറിയപ്പെടുന്ന നിടുംപൊയിൽ മിക്സഡ് സ്കൂളിന്റെ സ്ഥാപകനും ഇദ്ദേഹമായിരുന്നു. 1940ൽ സ്കൂൾ കണ്ണമ്പത്ത് പറമ്പിലേക്ക് മാറ്റിസ്ഥാപിച്ചു.1953ൽ ഉണ്ടായ ഒരു കൊടുങ്കാറ്റിൽ കെട്ടിട്ടത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ തൊട്ടടുത്തുതന്നെയുള്ള നീലമ്പത്ത് എന്ന പറമ്പിൽ പുതിയ ഷെഡിൽ സ്കൂൾ പ്രവർത്തിച്ചുതുടങ്ങി.
1956ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.തുടക്കത്തിൽ രണ്ടാംതരം വരെയായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. 1940ൽ വടകര മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ശുപാർശ പ്രാകാരം മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ഓഫീസർ അഞ്ചാം തരം വരെ അംഗീകാരം നൽകി. 4-7-1961 ൽ സർക്കാർ അഞ്ചാം തരം നിർത്തലാക്കി.1977 ൽ ബി കൃഷ്ണൻനായർ നിര്യാതനായി. തുടർന്ന് അദ്ദേഹത്തിന്റെ പുത്രഭാര്യ ശ്രീമതി. ടി.കമലാക്ഷി അമ്മ മാനേജരായി ചുമതലയേറ്റു.
ഈ വിദ്യാലയത്തിന്റെ ആരംഭം മുതൽക്കുള്ള പ്രധാനദ്ധ്യാപകർ സർവ്വശ്രീ. ചാത്തുക്കുട്ടി കിടാവ്, എം.അച്ചുതൻ നായർ ,കേളുക്കുട്ടി നായർ, ബി.ദാമോദരൻ നായർ, ടി.ദാമോദരൻ, എം.ദിവാകരൻ എന്നിവരാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.പി കരുണാകരൻ മാസ്റ്റർ ദീർഘകാലം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നു. ബി ദാമോദരൻ മാസ്റ്റർ, ടി ദാമോദരൻ മാസ്റ്റർ, ടി തറുവയ് മാസ്റ്റർ എന്നിവർ മികച്ച അദ്ധ്യാപകരായി അംഗീകാരം നേടിയവരാണ്.1-4-2008 മുതൽ ശ്രീമതി. പി. കെ. അനിതയാണ് പ്രധാനദ്ധ്യാപിക.
2009 ജൂൺ മുതൽ സ്കൂൾ മുസ്ലിംകലണ്ടറിൽ നിന്നും ജനറൽകലണ്ടറിലേക്ക് മാറി ആസ്ബസ്റ്റോസ് ഷീറ്റുമേഞ്ഞ മേൽക്കൂരയായിരുന്നു സ്കൂളിലുണ്ടായിരുന്നത്. 2006ൽ കോൺക്രീറ്റ് കെട്ടിടമാക്കിമാറ്റി. 2013ൽ ഒന്നാംനിലക്കൂടി പൂർത്തിയാക്കി. MLA,MP ഫണ്ടിൽ നിന്നും കുട്ടികളുടെ IT പഠനത്തിനായി രണ്ട് കമ്പ്യൂട്ടറുകൾ സ്കൂളിന് കിട്ടി. 2013 മുതൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വന്നിരുന്ന കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു. യാത്രാക്ലേശം എന്നുമൊരു പ്രശ്നമായി നിലനിന്നിരുന്നു. മഴക്കാലത്ത് സ്കൂളിലെത്തുക വലിയ ബുദ്ധിമുട്ടായിരുന്നു. 2011ൽ സ്കൂളിന് സമീപത്തുകൂടി റോഡ് നിർമ്മിക്കുകയും 2019ൽ ടാറിംഗ് നടത്തുകയും ചെയ്തു. സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ പ്രൊജക്ടർ,ലാപ്ടോപ്പ്, കസേരകൾ,പുസ്തകങ്ങൾ എന്നിവ സംഭാവന ചെയ്യുകയുണ്ടായി. ഇപ്പോൾ ക്ലാസ്മുറികളെല്ലാം ടൈൽ പതിക്കുകയും 3ക്ലാസുകൾ സ്മാർട്ടാവുകയും ചെയ്തു. കുടിവെള്ളം, ശുചിമുറി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഒരു ദശാബ്ദത്തോളമായി.എൽ.എസ്.എസ് വിജയികളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അറബിക്കലോത്സവം, പ്രവൃത്തിപരിചയമേള എന്നിവ സബ്ജില്ലയിൽ തുടർച്ചയായി വിജയം കൈവരിച്ചുവരുന്നു. കായികമേളയിലും മികവാർന്ന പ്രകടനം നടത്തിവരുന്നു. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി എന്നിവ സ്കൂളിന് മികച്ച പിന്തുണ നൽകിവരുന്നു.