ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ദേവീസഹായം എൽ. പി. സ്കൂൾ ആലക്കാട് - ചരിത്രം

കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്തിലെ എഴാം വാർഡിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ് ആലക്കാട് ദേവീസഹായം എൽ പി സ്കൂൾ, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലായിരുന്ന ആലക്കാട് പ്രദേശം ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. മലകളാലും പാറക്കെട്ടുകളാലും തോടുകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്ത് നിന്നും മഴക്കാലത്തും മറ്റും സമീപപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുക ദുഷ്ക്കരമായിരുന്നു. സ്വന്തം ഗ്രാമത്തിൽ തന്നെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാകണമെന്ന ലക്ഷ്യത്തോടെ 1966 ജൂൺ 1 മണിപ്പുഴ മാധവൻ നമ്പൂതിരിയുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ കെ. സി. കോരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ആലക്കോട് രാജാവ് രാമവർമ്മരാജ ഭദ്രദീപം കൊളുത്തിയതോടെ ഈ പ്രദേശത്ത്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 56 കുട്ടികളോടെ രണ്ട് ഡിവിഷനുകളിലായി ക്ലാസ് ആരംഭിച്ചു. ശ്രീ കെ എൻ കൃഷ്ണൻ നമ്പൂതിരി പ്രഥമ പ്രധാനാദ്ധ്യാപകനായി. പി. കൃഷ്ണൻ മാസ്റ്റർ സഹാധ്യാപകനായും നിയമിതനായി. തുടർന്നുള്ള വർഷങ്ങളിൽ ശ്രീ പി ഈശ്വരൻ മാസ്റ്റർ, ശ്രീ കെ ടി എൻ വിജയൻ മാസ്റ്റർ, കെ പി ഈശ്വരൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. 1969 ൽ നമ്മുടെ വിദ്യാലയം 1 മുതൽ 4 വരെയുള്ള ക്ലാസുകളോടെ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി.