ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കീക്കാനം - എന്റെ നാട്

ആമുഖം

Ilove KODOTH

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാളവാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം. ചരിത്രം അറിയാത്തവർ എന്നും ശിശുവായിരിക്കും. ഏതൊരു ദേശത്തിനും ചരിത്രമുണ്ട്. ചരിത്രം വളരെ രസകരമായ വിജ്ഞാനമേഖലയാണ്.‌‌ഒരാകാംക്ഷയുടെ മേഖല!ഇതിൽ എല്ലാം ഉൾകൊള്ളിച്ചിരിക്കുന്നു. ദേശം, ജനജീവിതം, കൃഷി, വ്യാവസായം, പരിസ്‌ഥിതി, ലോകത്തെ മാറ്റിമറിച്ച ആശയങ്ങൾ, വിപ്ലവങ്ങൾ, കണ്ടെത്തലുകൾ, പുരോഗതിയിലേക്കുള്ള കുതിപ്പ് ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ പരാമർശിക്കുന്നു.ജീവികളിൽ ഏറ്റവും കൂടുതൽ ആകാംഷ മനുഷ്യനാണ്. ആ ഒരു ആകാംഷയാണ് മറഞ്ഞുപോയ പലതിനെയും കണ്ടെത്തുന്നത്.ഈ എഴുത്തിലൂടെ ഞാൻ എന്റെ നാടിന്റെ പഴയ ചിത്രമാണ് പറയുന്നത്. ഈ സൃഷ്ടി എല്ലാവർക്കും ഉപകാരപ്രദമാവുമെന്ന് വിശ്വസിക്കുന്നു.

പനയാൽ ഗ്രാമത്തിലെ ഏറെ പ്രശസ്തവും പ്രകൃതി രമണീയവും ഗ്രാമീണ ചാരുത വിളിച്ചോതുന്നതുമായ ഒരു നാട്ടിൻപുറം. അതായിരുന്നു കീക്കാനാമെന്ന കൊച്ചുഗ്രാമം. കൃഷിഭൂമിയുടെ ഏറിയ ഭാഗവും ചുരുക്കം ചില നാട്ടുപ്രമാണിമാരുടെ കൈകളിൽ ആയിരുന്നുവെങ്കിലും ഇന്നാട്ടിലെ ജനങ്ങളുടെ മുഖ്യ ജീവിതോപാധി കൃഷിയും അനുബന്ധ മേഖലകളും ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു.അതുകൊണ്ട് തന്നെ ഇവരുടെ ആചാരനുഷ്ഠാനമെല്ലാം കാർഷിക സംസ്കൃതി ഉയർത്തിപിടിച്ചുകൊണ്ടുള്ളതായിരുന്നു.

സ്‌ഥലനാമ ചരിത്രവും ഭൂപ്രകൃതിയും

പണ്ട് ഈ പ്രദേശം മുഴുവൻ കാടായിരുന്നു, മുഴുവൻ ഭാഗവും. കൂടാതെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന താഴ്ന്നതും കുഴി പ്രദേശമായിരുന്നു. കാട് എന്ന് അർത്ഥം വരുന്ന കാനവും കീച്ചലുള്ള സ്ഥലം എന്നതുകൊണ്ട് കീഴ്ക്കാനം എന്ന് പേര് വന്നു. കാലത്തിന്റെ പരിഷ്കാരങ്ങളിലൂടെ അത് കീക്കാനം എന്നറിയപ്പെട്ടു.താരതമ്യേനെ കുഴിഞ്ഞതും നിരപ്പായ പ്രദേശമാണ്.

ജനജീവിതവും കാർഷിക സംസ്കാരവും

25, 50, 60, 75, 100 തുടങ്ങിയ കാലഘട്ടങ്ങൾക്കു വലിയ അർത്ഥമൊന്നും ഇല്ലെങ്കിലും ഒരു തിരിഞ്ഞു നോട്ടത്തിനും കടന്നു കാണലിനും അത് സഹായകരമായിരിക്കും. വർത്തമാനത്തിൽ മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് ഇന്നലെകളിലും നാളെകളിലും കൂടിയാണ്. ഓർമ്മകൾ ഉണ്ടാവണം എന്നത് പോലെ തന്നെ പ്രധാനമാണ് കടന്നു കാണലുകൾ ഉണ്ടാവണം എന്നതും. ഇത് നടക്കുന്നത് വർത്തമാനത്തിന്റെ ചില സവിശേഷ സന്ദർഭങ്ങളിലാണ്.വെളുത്തോളി,കീക്കാനം കണ്ണം വയൽ തുടങ്ങിയ പ്രദേശങ്ങൾ ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും കൂലിവേലക്കാരും ഭൂരിപക്ഷമുള്ള ഇടമാണ്. കോപ്പാളന്മാർ കലാപരമായി തുന്നി ഉണ്ടാക്കുന്ന പാള ഒട്ടു മിക്ക പുരുഷന്മാരും ധരിച്ചിരുന്നു. മുട്ടോളമെത്തുന്ന തോർത്തുമുണ്ടും പാളത്തൊപ്പിയുമാണ്ഗ്രാമാ തിർത്തിക്കുള്ളിലെ വേഷം. തോർത്തുമുണ്ടിലൂടെ കൈമുണ്ടിന്റെ വാൽ ഇറങ്ങി നിൽക്കുന്നത് കാണാം.മടിക്കുത്തിൽ ഒരു പീശാകത്തി തിരുകി വച്ചിട്ടു ണ്ടാകും. പീശാകത്തി അടക്ക ചുരണ്ടാനും പ്രതിയോഗിയെ നിലക്ക് നിർത്താനുമാണ് ഉപയോഗിച്ചത്.

സ്ത്രീകൾ ഭൂരിപക്ഷവും മുണ്ടും ബ്ലൗസും ആണ് ധരിച്ചിരുന്നത്. പ്രായംചെന്ന സ്ത്രീകൾ ചുറ്റി പുടവയും മാറുമറയ്ക്കാൻ ഒരു തോർത്തുമുണ്ടും. പെൺകുട്ടികൾ പാവാടയും ബ്ലൗസും, ആൺകുട്ടികൾ പന്ത്രണ്ട് -പതിമൂന്ന് വയസ്സ് വരെ ട്രൗസറിന് അകത്തായിരിക്കും. മൂന്ന് വില നെൽ കൃഷിചെയ്തിരുന്ന പുഞ്ചകണ്ടങ്ങൾ ഈ നാടിന്റെ ജൈവസമ്പത്ത് നിലനിർത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. തണ്ണീർതടങ്ങൾ ആയി നീരുറവകളെ പ്രദാനം ചെയ്യുന്ന പോഷകസമൃദ്ധമായ 'നെയ്ച്ചിങ്ങ' പെറുക്കിയെടുക്കാൻ പഴയകാലങ്ങളിൽ കുട്ടികളും മുതിർന്നവരും പ്രായഭേദമന്യേ മത്സരിക്കാറുണ്ടായിരുന്നത്രെ. പുലർച്ചെ നാല് മണിക്ക് മുൻപ് തന്നെ ആളുകൾ വയലിൽ എത്തും. ഏത്താം കൊട്ട ഉപയോഗിച്ച് വെള്ളം ഓളിയയിലൂടെ(ചാലുകളിലൂടെ) കൂവലിൽ(കുഴികളിൽ) എത്തിക്കും. കൂവലിൽ വെള്ളം നിറഞ്ഞാൽ ചന്തയിൽ നിന്ന് വാങ്ങിക്കുന്ന മൺപാനി(മൺകുടം) ഉപയോഗിച്ച് മുളകിനും പുകയിലയ്ക്കും പച്ചക്കറിക്കും വെള്ളമൊഴിക്കും. പുത്തൻ പാനി(കുടം) വെള്ളത്തിൽ ഇറക്കുമ്പോൾ പാനി വെള്ളം ആഗിരണം ചെയ്യുന്ന രസകരമായ ശബ്ദമുണ്ട്. നമ്മുടെ ശേഖരണത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയ ഒരു ശബ്ദമാണത്. ജന്മിത്ത വ്യവസ്ഥ ഇവിടെയും നിലനിന്നിരുന്നു. കഠിനമായി അധ്വാനിച്ചിട്ടും അരവയർ പോലും നിറയ്ക്കാൻ കഴിയാത്ത ഒരു കർഷകത്തൊഴിലാളി സമൂഹമാണ് ഉണ്ടായിരുന്നത്. ജന്മിയുടെ നിയന്ത്രണത്തിലാണ് എല്ലാവരും. ജന്മിയെ തലയുയർത്തി നോക്കാൻ പോലും അവർ ധൈര്യപ്പെട്ടിരുന്നില്ല. മണ്ണിൽ പൊന്നുവിളയിക്കുന്നത് കർഷകർ ആണെങ്കിൽആ പൊന്നിന്റെ സുഖം അനുഭവിക്കുന്നത് മറ്റൊരു വർഗ്ഗമാണ്.

ചെറിയ കുഴി കുഴിച്ച് അതിൽ ഇല വച്ചിട്ട് പ്ലാവിലയിൽ ഈർക്കിൽ കുത്തി സ്പൂണാക്കി അതിൽ കഞ്ഞി വിളമ്പി കഴിക്കും. പണ്ടുള്ളവർ പാളയുടെ അകവശത്തെ മടക്കുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പ്രധാനമായും നെല്ലായിരുന്നു കൃഷി എങ്കിലും മറ്റു പലതും ഇവിടെ വിളയി ച്ചിരുന്നു മുളക്, പുകയില, പച്ചക്കറി, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, തുടങ്ങിയവ കൃഷി ചെയ്തിരുന്നു.ജന്മിയുടെ അടിമ യായി കഴിയേണ്ടിവന്ന ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു.

തൊട്ടുകൂടായ്മ,കണ്ടു കൂടായ്മ, അയിത്തം തുടങ്ങിയ ദുരാചാരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സ്ത്രീകളും പട്ടിക വിഭാഗക്കാരുമാണ് ഏറെ കഷ്ടപ്പെട്ടത്.സ്ത്രീകൾ എന്നും വീടിനുള്ളിൽ( വീട് എന്ന് പറയാനാവില്ല-ഓലപ്പുര)ആയിരുന്നു സ്ത്രീ എന്നും അടുപ്പത്തായിരുന്നു. റെഡിമെയ്ഡ് തുണി ഷാപ്പുകൾ ഉണ്ടായിരുന്നില്ല.നാടൻ തയ്യൽക്കാരൻ ഏതെങ്കിലും പീടികയുടെ വരാന്തയിൽ തയ്യൽ മെഷീനുമായി ഇരുന്നിട്ടുണ്ടാകും. അവരുടെ മുമ്പിലേക്ക് പീടികയിൽ നിന്ന് വാങ്ങിച്ച തുണിത്തരങ്ങളുമായി കുട്ടികൾ ഓടി ചെല്ലും.കുട ആർക്കും ഉണ്ടായിരുന്നില്ല.കൊരമ്പ കൊണ്ടാണ് മഴയെ പ്രതിരോധിച്ചത്. ബാർബർ ഷോപ്പുകൾ അന്ന് വളരെ കുറവായിരുന്നു.മിക്കവാറും മരണ വീട്ടിൽ നിന്നാണ് മുടിയൊക്കെ മുറിക്കുക.വൈദ്യുതി ഇല്ലാത്ത കാലം.ചിമ്മിണി(മണ്ണെണ്ണ)വിളക്കുകളാണ് വീടുകൾ പ്രകാശമാനമാക്കിയത്.

പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ കല്യാണത്തോടനുബന്ധിച്ച് നടക്കുന്ന മംഗലംകളി ഏറെ ആസ്വാദ്യകരമാണ്. കൂടാതെ കല്യാണച്ചെക്കനൊപ്പം വീട്ടിലേക്കുള്ള യാത്രയിൽപെണ്ണവീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം ഒരു സംഘം തുടി കൊട്ടി പാടി താളം വെച്ച് പോകുന്നത് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.പരസ്പരം സ്നേഹിക്കുന്ന കുടുംബബന്ധങ്ങളും അയൽപക്ക ബന്ധങ്ങളും ഉണ്ടായിരുന്നു.ഒരു സാധനം കൊടുത്ത് മറ്റൊരു സാധനം വാങ്ങിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു.

വിദ്യാഭ്യാസം

Grihasandarsanam

]

snehalayam
SPC
SSLC

പാക്കം ഒരുകാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിംഗ് സമ്പ്രദായം കൊണ്ടുവന്ന ഇന്ന് തനി മലയാളികൾ ജീവിക്കുന്ന 'ചെട്ടി' വിഭാഗത്തിൽ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്.തമിഴിൽ 'സമീപം'എന്ന വാക്കിനെ പക്കം എന്ന് സൂചിപ്പിക്കുന്നതുകൊണ്ട് കടലിന്റെ പക്കത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ടു വിളിച്ചു.പാക്കാനാര് ഇവിടം സന്ദർശിച്ചതിനാലും പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.കേരള സംസ്ഥാനം നിലവിൽ വരുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻ നായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.1955-ൽ ഒരു ഓലപ്പുരയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യ വെക്കേഷൻ കാലത്ത് കാറ്റിൽ തകർന്നുപോയ സ്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്ക് മാറി.

തൊഴിൽ

നാനാവിധ ജാതിക്കാർ ഇവിടെ താമസിച്ചിരുന്നു.ആശാരി,മേസ്തിരി,കല്ല് ചെത്തുന്നവർ,മൺപാത്രം ഉണ്ടാക്കുന്നവർ,ചുടുകട്ട നിർമ്മിക്കുന്നവർ,പശുവിനെ മേയ്ക്കുന്നവർ,തെയ്യം കലാകാരന്മാർ,തെങ്ങ് ചെത്തു തൊഴിലാളികൾ തുടങ്ങി നിരവധി പേർ ഉണ്ടായിരുന്നു.ഏറ്റവും പ്രധാനപ്പെട്ട രണ്ടു തൊഴിലായിരുന്നു കൃഷിയും പശു വളർത്തലും.ഒരു വീട്ടിൽ തന്നെ അറുപതിലധികം പശുക്കൾ ഉണ്ടായിരുന്നു.പശുവിനെ മേയ്ക്കാനായി രണ്ടോ മൂന്നോ പണിക്കാരും ഉണ്ടായിരുന്നു.നാനാവിധ ജാതിക്കാർ ഉള്ളതുപോലെ നാനാവിധ തൊഴിലുകളും ഉണ്ടായിരുന്നു.

രാഷ്ട്രീയം

1970 പാവങ്ങളുടെ പടത്തലവൻ സ.എ.കെ.ജിയുടെ നേതൃത്വത്തിൽ അരവത്തും പെരിയാട്ടടുക്കം അച്ചുതഭട്ടിന്റെ ഭൂമിയിലും 1978-ൽ കയ്യൂരിൽ നടന്ന മിച്ച ഭൂമി സമരത്തിലും സമരവളണ്ടിയർമാരായി പങ്കെടുത്ത് കെ ചന്തു, വി ചെറിയോൻ കീക്കാനം, കൊട്ടൻ മൂലയിൽ, കുഞ്ഞികൃഷ്ണൻ മാളിയേക്കാൽ, നാരായണൻ കെട്ടിനുള്ളിൽ, പൊളിയപ്രം കുമാരൻനായർ, പുതിയ പള്ളത്തിങ്കാൽ മുത്ത് നായർ എന്നിവർ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സഖാക്കളുടെ സമര അനുഭവങ്ങളും പോരാട്ടവീര്യവും ജനകീയ ഇടപെടലുകളും ഈ നാടിന്റെ ഭാഗധേയവും ആധുനിക പള്ളിക്കര പഞ്ചായത്തിന്റെ ശില്പിയും ജനകീയ നേതാവുമായിരുന്ന സ. എം. കുഞ്ഞിരാമേട്ടന്റെ ഇടപെടലുകളും സാന്നിധ്യവും അതുവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാധീനമേഖല ആയിരുന്നു കീക്കാനം. വെളുത്തോളി പ്രദേശത്ത് കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിനും ചുരുങ്ങിയ കാലംകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമായി മാറ്റുന്നതിനും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.തുടർന്നിങ്ങോട്ട് കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനും ഭരണകൂട നെറികേടുകൾക്കുമെതിരെയും സാമൂഹ്യമാറ്റത്തിനുമായി നടത്തിയിട്ടുള്ള എല്ലാ പോരാട്ട വേദികളിലും ഈ പ്രദേശത്തെ സഖാക്കളുടെ സമരവീര്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഇത്തരത്തിൽ ഒരു തലമുറ നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളുടെ ഫലമായി ഈ പ്രദേശം ഒരു പാർട്ടി ഗ്രാമമായി രൂപപ്പെട്ടു.

നാടകം

1965 കാലംമുതൽക്കേ നാടകത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. വെളുത്തോളിയിലെ എല്ലാ പുരുഷന്മാരും നാടക കലാകാരന്മാരായിരുന്നു. രുഗ്മിണി സ്വയംവരം,കൃഷ്ണാർജ്ജുനാവിജയം തുടങ്ങിയ ഹിറ്റ്‌ നാടകങ്ങൾ വെള്ളരിക്കണ്ടങ്ങളിൽ തിമിർത്താടും. ഉയരമുള്ള കണ്ടമാണ് സ്റ്റേജ്. ഉയരം കുറഞ്ഞ കണ്ടത്തിൽ പ്രേക്ഷകർ.ഈ നാടകപ്രവർത്തകർ നാടകത്തിന്റെ വ്യാകരണം പഠിച്ചവരായിരുന്നില്ല.അധ്വാനവേളകളിലുണ്ടാകുന്ന ആഹ്ലാദത്തിന്റെ നാടകരൂപമായിരുന്നു അത്.അരങ്ങിൽ ഗ്യാസ് ലൈറ്റാണ് ഉപയോഗിച്ചിരുന്നത്.ശ്രീകൃഷ്ണൻ തകർത്ത ഭിനയിക്കുന്നതിനിടയിലാ യിരിക്കും ഗ്യാസ് ലൈറ്റിലെ ഗ്യാസ് പോകുന്നത്.ശ്രീകൃഷ്ണൻ അഭിനയം നിർത്തി ഗ്യാസ് അടിക്കും.തിളങ്ങുന്ന കുപ്പായത്തിനടിയിലെ വരയൻ ട്രൗസർ അപ്പോൾ കാണുമാറാകും.പാസ്റ്റിക് കണ്ടിട്ടില്ലാത്ത,പച്ചക്കറി വിൽപ്പനചരക്കാണെന്നറിഞ്ഞിട്ടില്ലാത്ത,നാടകം നാടക വ്യാകരണ പണ്ഡിതൻമാരുടേതെന്നറിഞ്ഞിട്ടില്ലാത്ത ആ കാലം മനുഷ്യനന്മയെ ഉയർത്തി പിടിച്ചിരുന്നു.

കോൽകളി

ആ കാലത്ത് ഈ നാട്ടുകാരുടെ മറ്റൊരു വിനോദോപാധിയായിരുന്നു കോൽക്കളി.കൃഷിയും ആചാരാനുഷ്ഠാനങ്ങളും വീര കഥകളും പുരാണങ്ങളും കോർത്തിണക്കി താളത്തിൽ പാടിയുള്ള കോൽക്കളി മെയ്യ് വഴക്കും ആരോഗ്യവും പ്രദാനം ചെയ്യുന്നതും ആസ്വാദകമനസ്സിൽ ഇടം നേടുന്നതുമായിരുന്നു.

തെയ്യം

പൗരാണിക കാലം മുതൽക്കേ ഐതിഹ്യങ്ങളിലും കഥകളിലും എല്ലാം കീക്കാനത്തിന്റെ പേരും പെരുമയും പറഞ്ഞുകേൾക്കുന്നുണ്ട്.മൂവാളംകുഴി ചാമുണ്ഡിയെ ചെമ്പുകുടത്തിലടച്ച് കുഴിച്ച് മൂടുന്നതിന് ഇടമന വാഴും തന്ത്രിയും തന്ത്രിയുടെ കയ്യാളായി പ്രവർത്തിച്ചതിൽ പ്രധാനി കീക്കാനത്ത് അടിയോടിയായിരുന്നുവെന്ന് മൂവാളംകുഴി ചാമുണ്ഡിയുമായി ബന്ധപ്പെട്ട തോറ്റം പാട്ടുകളിലും വായ്മൊഴികളിലും പറഞ്ഞുകേൾക്കുന്നുണ്ട്.ആനക്കല്ലിങ്കാൽ മുതൽ ഏലോത്തും കുഴി വരെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ വയലും ജൈവവൈവിധ്യങ്ങളുടെ കലവറയായ ആനകല്ലിങ്കാൽ എലോത്തുംകുഴി തോടും പടിഞ്ഞാറു നിന്നും കിഴക്കോട്ടോഴുകുന്ന ആമ്പൽ പൊയ്കയായിരുന്ന വടക്കേ തോടും ദേശാധിപതിയായി ആളുകൾ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തു പോരുന്ന ആനകല്ലിങ്കാൽ ചാമുണ്ഡി(നാടുവാഴുന്നമ്മ) ദേവസ്ഥാനം നിലനിൽക്കുന്ന കാവും വയൽ മധ്യത്തിൽ സ്ഥിതിചെയ്യുന്ന കീക്കാനം അരയാലിങ്കാൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനവും കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട് വിശ്വസിച്ചുപോരുന്ന കാലിച്ചാൻമരങ്ങളും(കാലിച്ചേകവൻ)ഈ നാടിന്റെ പ്രകൃതിഭംഗിയും ഗ്രാമീണ ചാരുതയും വിളിച്ചോതുന്നതാണ്.

കായികം

ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും വളർത്തിയെടുക്കുന്നതിൽ പണ്ടുമുതൽക്കേ കീക്കനാത്തുക്കാർ ശ്രദ്ധാലുക്കളായിരുന്നു. 1960-70 കാലഘട്ടങ്ങളിൽ കൃഷിക്കാരുടെ മുഖ്യ വിനോദമായിരുന്ന കമ്പളത്തിന്റെ (പോത്തോട്ടമത്സരം) പ്രധാനകേന്ദ്രം കീക്കാനമായിരുന്നു. അംഗീകാരമായിരുന്നു ഈ കീക്കാനം - കുന്നത്ത് അമ്പലത്തുകാലിൽ സമീപമായിരുന്നു മത്സരവേദി.ഇവിടെ നടത്തിയിരുന്ന മത്സരത്തിൽ പങ്കെടുക്കാൻ വീറും വാശിയോടുകൂടി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൃഷിക്കാർ എത്തിച്ചേരാറണ്ടായിരുന്നത്രെ. പലകയിൽ, വാലിൽ എന്നിങ്ങനെ രണ്ട് ഇനങ്ങളിൽ ആയിരുന്നു മത്സരം നടത്താറ്. മത്സരവിജയികൾക്ക് സ്വർണമെഡൽ, വെള്ളിമെഡൽ, സ്റ്റീൽ കപ്പ്‌, ഗജ്ജയും, മണ്ണിയും,സാൽവ, ഇളനീർക്കുല, വാഴക്കുല തുടങ്ങിയവ സമ്മാനമായി നൽകിയിരുന്നു.

വിശ്വാസം

തൂവക്കാളി (ചൊറിച്ചിൽ) മേൽ നിറയുക (ചിക്കൻ പോക്സ്) എന്നീ രോഗങ്ങൾ വന്നാൽ ഇവിടെ അടുത്തൊരു ആനക്കല്ലുണ്ട്, അവിടെ കരിക്കിൻകുല ( ഇളനീർ കുല) കൊത്തിവയ്ക്കും. അപ്പോൾ രോഗം ഭേദമാകുമത്രേ.കൂടാതെ തലവേദന ചുമ, ചെവി വേദന തുടങ്ങിയ രോഗങ്ങൾ വന്നാൽ ഭണ്ണരാത്ത് തറവാട് വിട്ടിൽ പോയി അവിടെ തിളച്ച നെയ്യ് കൈകൊണ്ട് എടുത്ത് വേദന ഉള്ള ഭാഗത്ത് പുരട്ടിയാൽ രോഗം ഭേദമാകും. കൂടാതെ ഇവിടെ പ്രേതം ഉണ്ടായിരുന്നുവെന്നും പറയുന്നു.

എന്റെ കണ്ടെത്തലുകൾ

കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ നാട് പല മാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ചു. മനുഷ്യന്റെ സ്വാർത്ഥതയുടെ ഫലമായി പ്രകൃതി പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായി.ഒരു നാടിന്റെ പൈതൃകം പേറുന്ന വടക്കേ തോട് അപ്രത്യക്ഷമായി.പുഞ്ചപ്പാടങ്ങൾ കവുങ്ങിൻ തോട്ടങ്ങൾക്ക് വഴിമാറി.നീരുറവകൾ വറ്റിവരണ്ടു.വേനൽ ആരംഭത്തിൽ ആനകലിങ്കാൽ എലോത്തും കുഴി മനുഷ്യന്റെ സ്വാർത്ഥതയുടെ പര്യായമായി അവശേഷിക്കുന്നു.കാലന്തരത്തിൽ ദേശത്തിന്റെ അതിർവരമ്പുകളിലും നാമധേയങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിലും മാറ്റം സംഭവിച്ചു.ഇന്ന് ഇരുന്നൂറിൽപ്പരം വീടുകളിലായി എണ്ണൂറോളം ആളുകൾ വസിക്കുന്ന ബൃഹത്തായ ബഹുജനാടിത്തറയുള്ള ഒരു പ്രദേശമാണ് വെളുത്തോളി.തൊഴിൽമേഖലയിലും വിദ്യാഭ്യാസരംഗത്തും ജീവിതനിലവാരത്തിലും വലിയ പുരോഗതി ഉണ്ടായി.ഏറെ പ്രധാനം മേഖലയുടെ സ്വാധീനമാണ്.ഏകദേശം നൂറോളം പേർ വിദേശരാജ്യങ്ങളിൽ ജോലി ചെയ്തു വരുന്നു.സാമൂഹ്യ പുരോഗതിയിൽ പ്രവാസികളുടെ സ്വാധീനം വളരെയധികമുണ്ട്.ഇവിടത്തെ ജനങ്ങളുടെ സംഘബോധവും സംഘടനാശേഷിയും മാതൃകാപരമാണ്.പ്രത്യേകിച്ച് യുവജനങ്ങളുടെയും സ്ത്രീകളുടെയും ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.ഏതൊരു പ്രവർത്തനവും ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഒരേ മനസ്സോടുകൂടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഈ നാടിന്റെ പ്രത്യേകതയാണ്.ഒന്നിനും അവസാനമുണ്ടാകുന്നില്ല,അതുപോലെ ചരിത്രത്തിനും.പഴയകാല പ്രദേശങ്ങളുടെ രൂപമാറ്റം വളരെയധികം ആകാംക്ഷയുളവാക്കുന്നു.എങ്കിലും എന്റെ നാട് എന്റെ അഭിമാനം

നന്ദി

എന്റെ നാടിന്റെ പഴയ കാലഘട്ടത്തെക്കുറിച്ച് എഴുതാൻ എന്നെ സഹായിച്ചത് നല്ലവരായ നാട്ടുകാരും ഇവിടത്തെ പഴയ പുസ്തകങ്ങളുമാണ്. എന്റെ നാടിന്റെ ചരിത്രം അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.ഈ പ്രദേശത്തെ ഇന്ന് കാണുന്ന രൂപത്തിൽ രൂപാന്തരപ്പെടുത്തുന്നതിൽ അക്ഷീണം പ്രയത്നിച്ച പോയകാല തലമുറയുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടപെടൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ഇത് എഴുതാൻ സഹായിച്ച എല്ലാവർക്കും നന്ദി, നമസ്കാരം.

SEIFIE POINT

തയ്യാറാക്കിയത്

അവിനയ.കെ

ക്ലാസ്സ് 10 എ

പൊതു മേഖല സ്ഥാപനങ്ങൾ

തപാലാപ്പീസ്

കോടോത്ത് സ്കൂളിന് സമീപത്ത് ഒരു സർക്കാർ ഹോമിയോ ആശുപത്രി,തപാലാപ്പീസ് എന്നിവ സ്ഥിതി ചെയ്യുന്നു.

post office
സർക്കാർ ഹോമിയോ ആശുപത്രി

[[പ്രമാണം:thumb|homoeo