ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഞാൻ തുടങ്ങുകയാണ്. തുടങ്ങട്ടെ. ഇത് പണ്ടൊരിക്കൽ എവിടെയോ നടന്ന കഥയല്ല . അതുകൊണ്ടു തന്നെ ഒരിടത്തൊരിടത്ത് എന്ന വാചകം ഇതിനു യോജിക്കുന്നില്ല. ഇത് തുടങ്ങുന്നത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലല്ല . അങ്ങ് ദൂരെ ചൈനയിലാണ്. ചൈനയിലെ വലിയ ആഡംബരത്തോടെ കഴിയുന്ന ഒരു വീട് . ഇത് എന്റെ മനസിലെ കഥയാണ് ട്ടോ . പെട്ടന്ന് ആ വീട്ടിലേക്ക് ഒരു അതിഥി കൂടി കടന്നുവന്നു. ഒരു വലിയ അതിഥി.ആ വീട്ടിലുള്ളവർ പോലും അറിയാതെ വന്ന ഒരു അതിഥിയായിരുന്നു അത്. ആ അതിഥിയോടൊപ്പം തങ്ങിയപ്പോൾ അവർക്ക് പല മാറ്റങ്ങളും വന്നു. ഇത് വായിക്കുമ്പോൾ ഏവരും കരുതുക ഈ അതിഥി നന്മ നിറഞ്ഞ ഒരാളാണ് എന്നും അവന്റെ നന്മ മറ്റുള്ളവരിലേക്ക് വന്നു കാണും എന്നായിരിക്കും. കാരണം ഞാൻ പറഞ്ഞല്ലോ വീട്ടുകാർക്ക് പല മാറ്റങ്ങളും സംഭവിച്ചെന്ന് . "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം " എന്ന ചൊല്ല് നിങ്ങളുടെ മനസിൽ വന്നു കാണും അല്ലേ. എന്നാലതല്ല. ആ അതിഥി ഒരു ഭയങ്കരനായിരുന്നു. മറ്റുള്ളവരെ നശിപ്പിക്കാൻ കച്ചകെട്ടിയ ഒരു ഭീകരൻ . ഇതോടു കൂടി അവരുടെ സ്ഥിതിയാകെ മാറി. ചുമയും , പനിയും , ജലദോഷവും അങ്ങനെയങ്ങനെ. പെട്ടന്ന് തന്നെ അവർ ആശുപത്രിയിലേക്ക് ഓടി .പിന്നെ വേറൊരു കാര്യം വിട്ടു പോയി ആ വീട്ടിലേക്ക് ഭീകരന്മാരായ അതിഥികളുടെ എണ്ണം പെരുകി പെരുകി വന്നിരുന്നു. അതിനാൽ അവർ പോവുന്ന വീഥിയിലൂടെയും , സമ്പർക്കത്തിലാവുന്നവരുടെയും കൂടെ ആ അതിഥികളും പോകാൻ തുടങ്ങി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അങ്ങനെയങ്ങനെ.

പിന്നീടവർക്ക് മനസിലായി, അതൊരു നല്ല അതിഥിയായിരുന്നില്ലെന്നും, അവരുടെ ജീവിതം നശിപ്പിക്കാൻ വന്ന ഒരു മഹാമാരിയാണെന്നും . അങ്ങിനെ ആ രോഗത്തിന് ഒരു പേരും വന്നു. കൊറോണ എന്ന കോവിഡ് 19. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുന്നവിത ഈ രോഗത്തെ ഏവരും ഭയന്നു. ചിലർ ഇത് വന്ന് മരണത്തെ പുൽകി. ചിലർ ഐസൊലേഷൻ വാർഡിന്റെ ഏകാന്തതയിലുമായി . സമ്പന്നതയുടെ ഉത്തുംഗതയിൽ ജീവിച്ച മനുഷ്യർ ദുരിതപൂർണമായ ജീവിതത്തിന്റെ കഷ്ടതകൾ അറിഞ്ഞു തുടങ്ങി. അങ്ങിനെ ഈ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു. ഈ ഭൂമിയാകെ കൊറോണ എന്ന മഹാ വിപത്തിന്റെ കൈപ്പിടിയിലുമായി . ഏകാന്തതയുടെ തുരുത്തിൽ പെട്ട മനുഷ്യരുടെ വിങ്ങലും , പൊട്ടിക്കരച്ചിലും മാത്രം എങ്ങെങ്ങും . ഇതൊരു മഹാമാരി തന്നെ. എല്ലാവരും ഉറപ്പിച്ചു. പതിയെ പതിയെ ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിച്ച നമ്മുടെ നാട്ടിലും ഈ വിപത്ത് കടന്നുവന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ തകർത്ത ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനു ശേഷം ലോകമെമ്പാടും നിശ്ശബ്ദത തളം കെട്ടി നിന്നു . ഈ വിപത്തിനെ പ്രതിരോധിക്കാൻ നാമൊറ്റക്കെട്ടായി നിൽക്കണം. കൃത്യമായ ഇടവേളകളിൽ സോപ്പുപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കിയും , മാസ്ക് ധരിക്കുകയും ചെയ്യുമ്പോൾ തന്നെ നാം നമ്മുടെ ശരീരം കോവിഡിൽ നിന്നകറ്റുകയാണ്. ഈ ഒരവസരത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് നമ്മുടെ രക്ഷയ്ക്ക് വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയ്ക്കും, ഡോക്ടർമാർക്കും , നഴ്സുമാർക്കുമാണ്. അവർക്ക് നമ്മളെത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച നഴ്സ്മാരെയും നാമൊരിക്കലും മറക്കാൻ പാടില്ല.നമുക്ക് വേണ്ടി ഇത്രയും ചെയ്യുന്ന ഇവർക്കായി എന്ത് പ്രതിഫലമാണ് തിരിച്ചു നൽകുക ?

ഭയമല്ല നമുക്ക് വേണ്ടത് , നിതാന്തമായ ജാഗ്രതയാണ്. ഇവിടെ ഞാൻ നിർത്തുകയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് നാം നമ്മുടെ ഭൂമിക്ക് വേണ്ടിയും , നാടിനു വേണ്ടിയും കൊറോണ യോട് പൊരുതണം. ഉടലു കൊണ്ടടുക്കാതെ മനസ് കൊണ്ടടുത്ത് .

ദ്യുതി പാർവണ
6 F ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ