ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ഒരു തൈ നടാം...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടാം...

"ദാ..... ഈ കാണുന്ന മുറ്റത്ത് കട്ട പതിക്കണം. അതിന് തടസ്സമാവുന്ന മരങ്ങൾ മുറിച്ചു നിങ്ങൾ എടുത്തോ. പിന്നെ ദാ.... ആ കാണുന്ന മരം ഇല്ലെ? അത് കുറച്ച് പഴക്കമുള്ളതാ. അതങ്ങ് വെട്ടി ആ പറമ്പിലേക്കിട്ടോ." അച്ഛൻറെ ഈ സംസാരം കേട്ടു കൊണ്ടാണ് ശിവാനിക്കുട്ടിയുടെ അന്നത്തെ ദിവസം തുടങ്ങുന്നത്. അവൾ നേരെ അച്ഛൻറെ അടുത്തെത്തി. അവളുടെ നോട്ടം കണ്ടപ്പോഴേ അച്ഛന് കാര്യം മനസ്സിലായി. "എന്താടീ ഒരു നോട്ടം?" അച്ഛൻ ചോദിച്ചു. "കട്ട പതിക്കുന്നത് ഞാൻ സഹിക്കും.പക്ഷേ എൻറെ മരങ്ങളെ വെട്ടിയാ... അത് ഞാൻ സഹിക്കില്ല" ഇതും പറഞ്ഞുകൊണ്ട് അവൾ ആനന്ദിന്റെ റൂമിലോട്ടു പോയി. "ഏട്ടാ...ഏട്ടാ ..." "എന്താടീ ശിവ ?" "നമ്മുടെ മുറ്റത്ത് കട്ട പതിക്കുന്നതും പോരാഞ്ഞ് അമ്മേം അച്ഛനും കൂടി നമ്മുടെ മരങ്ങളെയും മുത്തശ്ശി മാവിനെയും വെട്ടാൻ പറഞ്ഞേക്കുന്നു". "അമ്മേ.... അച്ഛാ.... ഞങ്ങടെ മുത്തശ്ശിമാവിനെഎന്തിനാ വെട്ടുന്നത് അച്ഛാ? നിങ്ങൾ ഒരു ദിവസം അനുഭവിക്കും." "ഒന്ന് പോടാ ചെക്കാ.... "

ശിവാനിയും ആനന്ദും മുത്തശ്ശി മാവിന്റെ അടുത്തേക്ക് പോയി. അവരുടെ സങ്കടങ്ങളും പരിഭവങ്ങളും മുത്തശ്ശിമാവിനോട് പറഞ്ഞു.

രാത്രിയായി.രണ്ടുപേരും ഉറങ്ങിയില്ല. ഓരോ നിമിഷം കഴിയുന്തോറും ഹൃദയമിടിപ്പ് കൂടിക്കൂടി വരുകയാണ്. പിറ്റേ ദിവസം ശിവയും ആനന്ദും പുറത്തിറങ്ങി.സമയം രാവിലെ ഒമ്പത് മണി. പത്ത് മണിക്ക് മുത്തശ്ശിമാവ് നിലം പതിക്കും. അവർ രണ്ടുപേരും മുത്തശ്ശി മാവിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. മരം വെട്ടുകാർ വന്നുവെങ്കിലും മുത്തശ്ശി മാവിനെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള കരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ അച്ഛൻ വന്നു പിടിച്ചു മാറ്റേണ്ടി വന്നു. "മരം മുറിക്കരുത് മരം മുറിക്കരുത് " എന്ന അവരുടെ നിലവിളികൾ മരം മുറിക്കുന്ന ബഹളങ്ങൾക്കിടയിൽ അലിഞ്ഞില്ലാതായി.ആ രാത്രി കരഞ്ഞു തളർന്നു അവരുറങ്ങിപ്പോയി.

അതിരാവിലെ വിളിച്ചുണർത്തുന്ന കിളികളുടെ കലപില ശബ്ദം അതിനു ശേഷം അവിടെ കേട്ടില്ല.അവർക്ക് മരങ്ങളില്ലാത്ത ആ വീട്ടിൽ ശ്വാസം മുട്ടുന്നത് പോലെ തോന്നി. വേനൽക്കാലം വന്നെത്തി... "അതേയ് ചേട്ടാ.. കിണറ്റിൽ വെള്ളം വറ്റി തുടങ്ങി." "ങ്ഹാ...ഇപ്പ്രാവശ്യം വേനൽ മഴ തീരെ കിട്ടിയില്ലല്ലോ." അച്ഛൻറെയും അമ്മയുടെയും സംസാരം കേട്ട് ശിവ പുറത്തുവന്നു. അവൾ പറഞ്ഞു "അതെയ് മരങ്ങൾ വെട്ടിയപ്പോൾ ഇതൊന്നും ഓർത്തില്ലാലെ...."

പിറ്റേ ദിവസം അവർ തറവാട്ടിൽ പോയി. അച്ഛൻ അവിടന്ന് പറഞ്ഞു "ഹായ് നല്ല സുഖം..... ഇവിടെ നല്ല മഴയുണ്ടല്ലേ" "ഞങ്ങൾ ഇനി ഇവിടെയാ നിൽക്കുന്നേ" ആനന്ദും ശിവാനീയും അമ്മൂമ്മയുടെ കൈകളിൽ തൂങ്ങി പറഞ്ഞു. "വേണ്ട..അമ്മൂമ്മക്ക് ബുദ്ധിമുട്ടാവും" " ഇല്ല... ഞങ്ങൾ ഇനി ഇവിടെ മാത്രമേ തമാസിക്കൂ.. ശ്വാസം മുട്ടുന്ന ആ വീട്ടിലേക്ക് ഞങ്ങൾ ഇനിയില്ല" ഇതൊക്കെ കേട്ടു അമ്മൂമ്മ ചോദിച്ചു. "അവിടെ എന്താ ഉണ്ടായേ?" "അമ്മൂമ്മ അറിഞ്ഞില്ലേ ; അവിടെ കട്ട പതിച്ചത് പോരാഞ്ഞ് മരങ്ങൾ വെട്ടുകയും ചെയ്തു." "എടാ രാമേന്ദ്രാ; ഒരു നേരത്തെ വിശപ്പടക്കാൻ നിനക്ക് ഞാൻ കൊണ്ടുവന്ന മാമ്പഴം... അത് ആ മാവിൽ ഉണ്ടായതാടാ.. അറിയാമോ? എന്റെ മക്കൾ ഇവിടെത്തന്നെ നിന്നോട്ടെ."

കുറ്റബോധത്താൽ അയാളുടെ തല താഴ്ന്നു. രണ്ട് ദിവസത്തിനുശേഷം ശിവാനിയുടെ അമ്മയും അച്ഛനും പോകാനിറങ്ങി. "എന്നാ അമ്മേ ഞങ്ങൾ ഇറങ്ങുകയാണ് . "ന്നാ ശരി.. " വീട്ടിലെത്തി അയാൾ ആദ്യം തന്നെ ചെയ്തത് പറമ്പിൽ ഇറങ്ങി മരത്തൈകൾ നടുകയായിരുന്നു. അതിലൊന്ന് ചക്കര മാമ്പഴമായിരുന്നു......

ഒരു തൈ നടാം നമുക്ക് ഭൂമി മാതാവിന്നു വേണ്ടി... ഒരു തൈ നടാം നല്ലൊരു നാളേയ്ക്കു വേണ്ടി.....

ഉമ്മു നവാൽ മുനീഫ
6 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ