ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/എന്റെ ചെറിയ ആരോഗ്യ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചെറിയ ആരോഗ്യ ചിന്തകൾ

മാനസികമായും ശാരീരികമായും വളരെ അധികം ജാഗരൂകരായിരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാമിന്നു കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. നമ്മളിൽ ഒരാളും സ്വപ്നം പോലും കണ്ടിരിക്കാനിടയില്ലാത്ത ഒരവസ്ഥ. എല്ലാം നേടിയെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യനെ ഒരു കുഞ്ഞൻ വൈറസ് അവനവന്റെ വീട്ടിനുള്ളിലേക്ക് ഒതുക്കിയിരിക്കുന്നു. ഒന്നിനും സമയമില്ല എന്ന് പരാതിപ്പെട്ടിരുന്ന അവനിപ്പോൾ സമയം പോകാൻ വഴി ഇല്ലാതായിരിക്കുന്നു. ഈ കൊറോണക്കാലം നമ്മുക്ക് ഫലപ്രദമായി എങ്ങിനെ ചിലവഴിക്കാം? ഒരുപാട് കേട്ട് പഴകിയ വിഷയം ആണെങ്കിലും ഈ അവസരത്തിൽ ഏറ്റവും പ്രസക്തിയുള്ള വിഷയങ്ങളാണ് ശുചിത്വവും രോഗപ്രതിരോധവും. ആരോഗ്യപ്രദമായ ഒരു ജീവിതശൈലിക്കും രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും നാം ധാരാളം പഴങ്ങൾ പച്ചക്കറികൾ ഇവ കഴിക്കണം. ഇവയൊക്കെ നമ്മുടെ വീട്ടിൽ തന്നെ നട്ടുവളർത്താം. ഇപ്പോൾ അതിനു പറ്റിയ സമയമാണ്. ഈ സമയം ആശുപത്രിയിൽ പോകുന്നത് വളരെ സൂക്ഷിക്കേണ്ട കാര്യമാണ്. അതുകൊണ്ട് കഴിവതും രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക. അതിനായി നാം ശുചിത്വം പാലിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനായി നമ്മുക്ക് നമ്മുടെ പറമ്പിലുള്ള അജൈവമാലിന്യങ്ങൾ എല്ലാം ശേഖരിക്കാം. അവ ഉപയോഗിച്ച് ക്രിയാത്മകമായ ഒരുപാട് വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും. അതിനുവേണ്ടി കുറച്ച് സമയം മാറ്റിവെക്കാം. അതുപോലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ചു വളമാക്കി നമ്മുടെ പച്ചക്കറികൾക്കും ചെടികൾക്കും ഇട്ടുകൊടുക്കാം. അതിനായി മണ്ണിര കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് മുതലായ നമുക്ക് ചെയ്യാൻ സാധിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ നമ്മുടെ പരിസരം ശുചിയാകും. എലി, ഈച്ച, കൊതുക്, പാറ്റ മുതലായ രോഗവാഹകരായ ജീവികളെ നമ്മുടെ പരിസരത്ത് നിന്നും ഓടിക്കാനും ഇതുവഴി നമുക്ക് സാധിക്കും. നമ്മുടെ പറമ്പിൽ രാസവളങ്ങൾ ഒഴിവാക്കുകയും ചെയ്യാം. കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചു കഴുകണം എന്നാണ് പറയുന്നത്. അത് അർത്ഥമാക്കുന്നത് പരിസര ശുചിത്വം മാത്രമല്ല വ്യക്തി ശുചിത്വവും നമ്മൾ ശീലമാക്കണമെന്നാണ്.കഴിവതും കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ നാം മലിനമായ കൈകൾ കൊണ്ട് തൊടാതിരിക്കുക. കാരണം ചില രോഗങ്ങൾ നമ്മുടെ ഉള്ളിലേക്ക് കടക്കുന്നത് ഈ പറഞ്ഞ അവയവങ്ങളിൽ കൂടിയാണ്. പക്ഷെ ചിലത് വായുവിലൂടെയാണ്. ചില രോഗങ്ങൾ നമ്മുക്ക് പ്രതിരോധമരുന്നുകളിലൂടെ പ്രതിരോധിക്കാം. പോളിയോ, ഡിഫ്ത്തീരിയ, അഞ്ചാംപനി എന്നിവ അങ്ങനെ ഉള്ള രോഗങ്ങളിൽ ചിലതാണ്. അതുപോലെ മലിനമായ ചുറ്റുപാടുകൾ കാരണം നമ്മുക്ക് വരുന്ന അസുഖങ്ങളിൽ ചിലതാണ് മന്ത്, മഞ്ഞപ്പിത്തം, മലേറിയ എന്നിവ. ഇവയിൽ ചിലതൊക്കെ നമ്മുടെ മരണത്തിനു വരെ കാരണം ആകുന്നുണ്ട്. ചില രോഗങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കുന്നത് ചില മനുഷ്യരിൽ നിന്ന് തന്നെയോ മൃഗങ്ങളിൽ നിന്നോ ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവരിൽ ആ രോഗങ്ങളോട് പ്രതിരോധ ശേഷി ഉള്ളതുകൊണ്ടായിരിക്കും അങ്ങനെ സാധിക്കുന്നത്. എന്തായാലും നമ്മുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നാം മായം കലർന്ന ഭക്ഷണം പൂർണ്ണമായും ഒഴിവാക്കണം. ഏറ്റവും നല്ലത് നാം നമ്മുടെ പഴയഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങിപ്പോകുന്നതാണ്. കഴിയുന്നതും നമ്മുക്കു വേണ്ടത് നമ്മുടെ പറമ്പിൽ നിന്നും കണ്ടെത്തുക. ആവശ്യത്തിനുള്ളത് കൃഷി ചെയ്ത് എടുക്കുന്ന ശീലം വളർത്തുക. അതുവഴി നമ്മുക്ക് ആരോഗ്യവും മാനസികോല്ലാസവും ലഭിക്കുന്നത് കൂടാതെ സാധനങ്ങൾ വാങ്ങുമ്പോൾ വീട്ടിലെത്തുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കാനും സാധിക്കും. ഈ കൊറോണക്കാലം നമ്മുക്ക് ഒരുപാട് തിരിച്ചറിവുകളുടെയും നല്ല ശീലങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെയും കാലമാകുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

മാളവിക അനിൽകുമാർ
5 സി ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം