ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്ന് റിമോട്ടിലെ ഓരോ സ്വിച്ചും അലസമായി അമർത്തി കൊണ്ടിരിക്കുകയായിരുന്നു അയാൾ.ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനു ശേഷം അതൊരു സ്ഥിരം കലാപരിപാടി തന്നെയാണ്. ആദ്യ ദിനങ്ങളിലൊക്കെ ഒരാവേശത്തോടെ വാർത്താ ചാനലുകൾ കണ്ടിരിക്കുമായിരുന്നു. ഇപ്പോൾ അതും മടുത്തിരിക്കുന്നു സ്മാർട്ട് ഫോണിലേക്ക് ഒന്ന് നോക്കിയിട്ട് തന്നെ ദിവസങ്ങളായി.ഭാര്യ അടുക്കളയിലെ പാത്രങ്ങളോടുള്ള സ്ഥിരം കലഹം ആരംഭിച്ചിരിക്കുന്നു.

    എന്തോ ഓർത്തിട്ടെന്നവണ്ണം അയാൾ ഉമ്മറത്തേക്ക് നടന്നു.ഉമ്മറക്കോലായിലെ സ്വർണ്ണ നിറമുള്ള കൂട്ടിൽ തൂക്കിയിട്ടിരിക്കുന്ന തത്തയെ നോക്കി കഴിക്കാൻ ഇട്ടു കൊടുക്കുന്ന പഴത്തിൽ ഒന്ന് കൊത്തിയ ശേഷം അതും അലസമായിരിക്കുന്നു. ഏതോ ചിന്തയിലെന്ന പോലെ.
    ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് പറമ്പിലെ അതിർത്തിയിൽ ഉണ്ടായിരുന്ന മൂവാണ്ടൻ മാവ്. മതിൽ പണിയാൻ വേണ്ടി വെട്ടിമാറ്റിയപ്പോൾ കിട്ടിയ തത്ത കുഞ്ഞ് ആണത്.ഒരു നിമിഷത്തെ ചിന്തയ്ക്കപ്പുറം അയാൾ അതിനെ തുറന്നു വിട്ടു. ഉടനെ തന്നെ അത് സ്വാതന്ത്ര്യത്തിലേക്ക് പറന്നുയർന്നു.
     അത് പറന്നുയരുന്നത് നോക്കി നിൽക്കെ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.പക്ഷേ അതേ സമയം മനസിൽ ചിന്തിക്കുകയും ചെയ്തു. "നന്ദിയില്ലാത്ത ജന്തു എത്ര പെട്ടെന്നാണ് അത് ഇത്രയും നാൾ വളർത്തിയ യജമാനനെ വിട്ട് പറന്നുയർന്നത് ".ഇവിടെ എവിടെയെങ്കിലും അതിന് ഒരു കൂട് കൂട്ടാമായിരുന്നില്ലേ ? പെട്ടെന്ന് അയാൾ തന്റെപറമ്പിലേക്ക് കണ്ണോടിച്ചു.അതിന് കൂട് കൂട്ടാൻ ഒരു മരം പോലും അവിടെ ഉണ്ടായിരുന്നില്ല. ഭാര്യ പരിപാലിച്ചു പോരുന്ന ഒരു ചെമ്പരത്തിയല്ലാതെ ആ പറമ്പിൽ മറ്റൊന്നും പച്ചപ്പിനെ പ്രതിനിധീകരിച്ചിരുന്നില്ല.വീട് പണിയെടുക്കുന്ന സമയങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും മരങ്ങൾ എല്ലാം തന്നെ മുറിച്ചു മാ റ്റിയിരുന്നു.
             ഒരു സ്ക്കൂൾ അധ്യാപകനായിരുന്ന അയാൾ തന്റെകുട്ടികളോട് പരിസ്ഥിതി സംരക്ഷണത്തെ പറ്റിയും മരങ്ങൾ മച്ചു പിടിപ്പിക്കുന്നതിനെ പറ്റിയും നിരന്തരം പ്രസംഗിക്കുമായിരുന്നു. പെട്ടെന്ന് അയാൾ ഒരു തൂമ്പയെടുത്ത് പറമ്പിലേക്കിറങ്ങി. പറമ്പിന്റെ ഒരു കോണിൽ വാടി ശോഷിച്ചിരുന്ന മാവിൻ തൈ വേരടക്കം പിഴുതെടുത്ത് വളക്കൂറുള്ള ഭാഗത്ത് ഒരു നല്ല കുഴി എടുത്ത് അതിൽ വച്ച് പിടിപ്പിച്ചു.അത് വരെ തോന്നാതിരുന്ന സന്തോഷവും ആത്മസംതൃപ്തിയും അയാൾ നേരിട്ടനുഭവിച്ചറിഞ്ഞു.  
        ഇത് തിരിച്ചറിവിന്റെ കൂടി കാലമാണ്. അല്ലെങ്കിൽ പരിസ്ഥിതി ആയിരുന്ന അമ്മ തന്റെ മക്കൾക്ക് തിരിച്ചറിവ് നൽകാൻ ചെയ്യുന്ന ഒരു മധുര പ്രതികാരം.
അഭിനവ്.കെ.വി
5 ബി ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ