ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/നെല്ലിപ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
നെല്ലിപ്പഴം

പുമലക്കാടിന്റെ ഒരു മൂലയിൽ ഒരു നെല്ലിമരം നിന്നിരുന്നു. മറ്റു മരങ്ങൾ എപ്പൊഴും അതിനെ കളിയാക്കുമായിരുന്നു.
“എടാ നെല്ലീ, നിന്നെ എന്തിനു കൊള്ളാം? നിന്റെ തടി വിറകിനു പോലും വേണ്ട. കായകൾക്കാവട്ടെ പുളിപ്പും ചവർപ്പും. നീ വൃക്ഷകുലത്തിനു തന്നെ അപമാനമാണ്.”
പാവം നെല്ലമരം. അതെല്ലാം കേട്ട് തല കുനിച്ചു നിന്നു.

അങ്ങനെയിരിക്കെ കൊടും വരൾച്ച വന്നു. കാടും നാടും ഉണങ്ങിവരണ്ടു. മൃഗങ്ങൾ വെള്ളത്തിനും ആഹാരത്തിനും വേണ്ടി നട്ടോട്ടമായി. കുറ്റിച്ചെടികളും പുല്ലും എല്ലാം ഇല്ലാതായി.
വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ ഒരു പുള്ളിമാനും തള്ളമാനും അതു വഴി വന്നു.
അവർ പ്ലാവിനെ സമീപിച്ചു. “ പ്ലാവു മരമേ ഞങ്ങൾക്കു വിശന്നിട്ടു വയ്യ. ഒരു ചക്കപ്പഴം തരുമോ?”
“ഹും ചക്കപ്പഴം. കടന്നു പൊയ്ക്കോണം ഇവിടുന്ന്.”
അതുകഴിഞ്ഞ് മാവിനോടും ആഞ്ഞിലിയോടുമെല്ലാം അവർ യാചിച്ചു. ഒന്നും ലഭിച്ചില്ല.

ഒടുവിൽ മാൻകുട്ടി നെല്ലിമരത്തെ ദയനീയമായി നോക്കി. നെല്ലിമരം കൊമ്പുകൾ താഴ്ത്തി ധാരാളം നെല്ലിക്കാകൾ അവർക്കു നല്കി. അവർ സന്തോഷത്തോടെ നെല്ലിക്ക തിന്നു വിശപ്പു മാറ്റി.
‘ഹായ് എന്തു രുചി. തേൻവരിക്കയും മാമ്പഴവും ഉണ്ടായിട്ടെന്താ? ആർക്കും ഉപകാരമില്ലാത്ത അവയെക്കാൾ എത്ര നല്ലതാണീ കുരുന്നു നെല്ലിക്ക.”
മാനുകളുടെ വാക്കു കേട്ട് മാവും പ്ലാവും തലതാഴ്ത്തി നിന്നു.

ആരതി രാജ്
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ