ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി

Schoolwiki സംരംഭത്തിൽ നിന്ന്

* സ്വാതന്ത്ര്യ കീർത്തി *


മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം എന്ന സ്‍ക‍ൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് സ്വാതന്ത്ര്യ കീർത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ' ആസാദി കാ അമൃത മഹോത്സവ് 'എന്ന പരിപാടിയോടനുബന്ധിച്ച് 2022-ലെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച * സ്വാതന്ത്ര്യ കീർത്തി * എന്ന പരിപാടിയിലൂടെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും, സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും ഐ.സി.ടി.യുടെ സഹായത്തോടെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നു.


*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യവ‍ും,ആശയര‍ൂപീകരണവ‍ും

ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി ഒരുപാട് ത്യാഗം സഹിച്ച് ജീവിതം ഉഴിഞ്ഞുവെച്ച നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ട്. എന്നാൽ പുതുതലമുറയ്ക്ക് സ്വാതന്ത്ര്യസമരസേനാനികളിൽ പ്രശസ്തരായ കുറച്ചുപേരെക്കുറിച്ചു മാത്രമാണ് അറിവുള്ളത്. ദേശീയ സമരങ്ങളിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളോടൊപ്പം, നമ്മുടെ ഗ്രാമത്തിലും, സമീപസ്ഥങ്ങളായ പ്രദേശങ്ങളിലും ഉള്ളതും എന്നാൽ അറിയപ്പെടാതെ പോയതുമായ സ്വാതന്ത്ര്യസമരസേനാനികൾ (ആലുംമൂട്ടിൽ ശ്രീ.എ.പി. ഉദയഭാനു, കരുവാറ്റ ശ്രീ.മാധവക്കുറുപ്പ്, കണ്ണങ്കര ശ്രീ.ബാലകൃഷ്ണപിള്ള, തോപ്പിൽ ശ്രീ.പുരുഷൻ, ത‍ുടങ്ങിയ..) എന്നിവരെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും അങ്ങനെ സ്വയം അറിവുകൾ ആർജിക്കുന്നതിനോടൊപ്പം കുട്ടികൾ അത് പൊതു സമൂഹത്തിനും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.പെറ്റമ്മയ‍ും, ജനിച്ച നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട്, സ്വന്തം നാടിനെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് വെള്ളംകുളങ്ങര നിവാസികൾ. സ്വാതന്ത്ര്യദിന സദ്യ ഉൾപ്പെടെ നല്കിക്കൊണ്ട്, സ്കൂളിൽ ഏറ്റവും വിപുലമായി നടത്തുന്ന ആഘോഷം സ്വാതന്ത്ര്യദിനാഘോഷം ആണെന്നുള്ളതും; 1964-ൽ ഭാരതത്തിൻറെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ ജവഹർലാൽ നെഹ്റുവിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ട് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് എന്നതും ഈ ദേശസ്നേഹത്തിന്റെ തെളിവുകളാണ്. പുതുതലമുറയിലും ഈ ദേശസ്നേഹം വളർത്തുന്നതിനും, ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സംഭാവനകൾ അവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഈ പ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യസമരവും, ഇന്ത്യ പുതുയുഗത്തിലേക്ക്.. ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്നീ യൂണിറ്റുകളുടെ തുടർപ്രവർത്തനങ്ങൾ ആയിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്അക്കാദമികമായ അറിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാംസ്കാരികമായ പൈതൃകവും, സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു പരിപാടി കൂടിയാണ് ഇത്. വിഭാവനം ചെയ്തിരിക്കുന്നത്.


* ഇത് എങ്ങനെയാണ് നടപ്പിലാക്ക‍ുന്നത്?

സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും, സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചും പാഠപുസ്തകത്തിലുള്ള അറിവുകൾ അവർക്ക് പകർന്നു കൊടുക്കുന്നതിനോടൊപ്പം, പഠിച്ചതിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുവാനായി അവരെ പ്രേരിപ്പിച്ചു.സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, വാർത്തകൾ, ഐ.സി.ടി. എന്നിവ ഉപയോഗപ്പെടുത്തി സ്വന്തമായി ഇതുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുവാൻ നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളിൽ നിന്നും, രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മറ്റ് മുതിർന്നവരിൽ നിന്നും ശേഖരിക്കുവാനും കുട്ടികളെ പ്രേരിപ്പിച്ചു.കുട്ടികളിൽ ശേഖരിക്കുന്ന അറിവുകൾ ഐസിടിയുടെ സഹായത്തോടെ ഫയലുകളായി കമ്പ്യൂട്ടറിൽ സൂക്ഷിക്കുകയും പിന്നീട് അത് പ്രൊജക്ടറിന്റെ സഹായത്തോടുകൂടി മറ്റു ക്ലാസിലെ കുട്ടികൾക്കായി അവതരിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ഫലപ്രദമായും രസകരമായും വിവരങ്ങൾ കുട്ടികളിലേക്ക് കൈമാറുവാൻ ഇത് സഹായിക്കുന്നു.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ യുപി വിഭാഗത്തിലും പിന്നീട് യു.പി. വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ എൽ പി തലത്തിലേക്കും അറിവുകൾ പകർന്നു കൊടുക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.2022 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.


* ഈ പ്രവർത്തനം ആർക്കൊക്കെ പ്രയോജനപ്പെട‍ുന്ന‍ു?

സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.