ജി യു പി എസ് തരുവണ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

തരുവണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനായി പി.മൊയ്തൂട്ടി ചെയർമാനും കെ.സി. അലി കൺവീനറുമായി തരുവണ സോഷ്യൽ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങൾ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച് മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സർക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാൽ മൊയ്തൂട്ടി, പള്ളിയാൽ ഇബ്രാഹിം, പള്ളിയാൽ നിസാർ, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ് രണ്ടുലക്ഷം രൂപ നല്കി. സർക്കാരിന്റെ നയം പുതിയ ഹൈസ്കൂളുകൾ അനുവദിക്കുന്നതിന് തടസ്സമായപ്പോൾ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികൾ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ ഒരു ബ്രാഞ്ച് അനുവദിച്ചപ്പോൾ തരുവണയിലെ നാട്ടുകാരുടെ ഹൈസ്കൂൾ എന്ന സ്വപ്നം ഭാഗികമായി യാഥാർത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂൺ 4-ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവർകൾ ബ്രാഞ്ച് ഹൈസ്കൂൾ നാടിന് സമർപ്പിച്ചു. ഹൈസ്കൂൾ യാഥാർത്ഥ്യമാവുന്നതിൽ അന്നത്തെ എം.എൽ. എ മാരായ ശ്രീമതി. രാധാ രാഘവൻ, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിർമ്മിച്ചതും നാട്ടുകാരുടെ പ്രവർത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടൻ മമ്മൂട്ടി,ചാലിയാടൻ ഇബ്രാഹിം, ചാലിയാടൻ അബ്ദുള്ള, പള്ളിയാൽ നിസാർ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയർത്തുന്നതിന് മുൻ എം.എൽ.എ. കെ.സി.കുഞ്ഞിരാമൻ, എൽ.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധർണ്ണകളും മറ്റു സമര പരിപാടികളും നടത്തി. 2011 ൽ അന്നത്തെ സർക്കാർ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. എം.എ ബേബി അവർകൾ നിർവ്വഹിച്ചു . 2011 മെയ് ഒമ്പതു മുതൽ ഈ സ്കൂളിലെ സീനിയർ അസിസ്റ്റന്റായ എം. മമ്മു മാസ്റ്റർക്ക് ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു .

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ/ഹൈസ്കൂൾ&oldid=1234865" എന്ന താളിൽനിന്ന് ശേഖരിച്ചത്