അതിജീവനം
നിശ്ശബ്ദമാക്കപ്പെട്ട തെരുവീഥിയിലൂടെ അയാൾ പതിയെ നടന്നകലുകയാണ്. അയാൾക്ക് രണ്ടു ദിവസമായി ഭയങ്കരമായ അസ്വസ്ഥത തുടങ്ങിയിട്ട്. പനിയും ചുമയും അങ്ങനെ അങ്ങനെ ഒരുപാടുണ്ട് ബുദ്ധിമുട്ടുകൾ. അങ്ങനെ നടന്നു പോകുമ്പോളാണ് പോലീസ് വാഹനം അയാളെ കണ്ടു നിർത്തുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ അയാളോട് ചോദിച്ചു . "പേരെന്താണ്?”

അയാൾ പറഞ്ഞു “ശരത്ത് ” “എവിടെ പോകുന്നു? ” “ ആശുപത്രിയിൽ” “ എന്തുപറ്റി ?” “ പനിയും ചുമയും ഒക്കെയാ സാറേ.” “കൂടെ വരാൻ ആരുമില്ലേ? ” “ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു.......ഒരു കാറപകടത്തിൽ അവർ ഇരുവരും പോയി.... ” “വന്നു കയറൂ...ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയാക്കാം .” “വേണ്ട സാർ .ഞാൻ നടന്നു പൊയ്ക്കോളാം” “ഞങ്ങളും ആശുപത്രിയിലോട്ടാണ്. വരൂ..” “ശരി സാറെ.” അങ്ങനെ ശരത്ത് ആശുപത്രിയിലെത്തി. ഡോക്ടർ പരിശോധിച്ചിട്ട് നല്ല പനിയുണ്ടെന്ന് പറഞ്ഞു. അപ്പോൾത്തന്നെ പോലീസിനെ അറിയിക്കുകയും ശരത്തിന്റെ സ്രവം പരിശോധനയ്ക്ക് അയയ്ക്കേണ്ടുന്ന നടപടികൾ സ്വീകരിയ്ക്കുകയും ചെയ്തു. 48 മണിക്കൂറുകൾ കഴിഞ്ഞ് പരിശോധനാഫലം ലഭിച്ചു. നോക്കിയപ്പോൾ ശരത്തിന് കൊറോണ വൈറസ് രോഗം അഥവാ കോവിഡ്-19 സ്ഥിരീകരിച്ചു.എല്ലാവർക്കും വളരെയധികം സങ്കടം ആയി . കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കോവിഡ്-19 കേസുകളുടെ എണ്ണം 19ആയി;ശരത്തിനെയും ചേർത്ത്.

ശരത്തിനെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി.അതുവരെ നിരീക്ഷണത്തിലായിരുന്ന ശരത്തിന് പേടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം താൻ മരിച്ചാൽ തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേയ്ക്ക് പോകാമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. ഈ ലോകത്ത് അവരെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ശരത്തായിരുന്നു.

അങ്ങനെ 15 ദിവസങ്ങൾക്ക് ശേഷം ശരത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്കായി അയച്ചു കൊടുത്തു.24മണിക്കൂറിനു ശേഷം പരിശോധനാഫലം എത്തി.ഫലം നെഗറ്റീവ് ആണ്.എല്ലാവർക്കും വളരെയധികം സന്തോഷമായി. ഈ സന്തോഷവാർത്ത ശരത്തിനെ അറിയിക്കാൻ എല്ലാവർക്കും തിടുക്കമായി. ശരത്തിനെ നോക്കിയിരുന്ന 8 നഴ്സുമാരും 3 ആരോഗ്യവിദഗ്ധരും ശരത്തിന്റെ വാർഡിൽ എത്തിച്ചേർന്നു. ശരത്തിനോട് ഒരു ഡോക്ടർ പറഞ്ഞു " തനിയ്ക്ക് ഇവിടം വിട്ടു പോകാം, പരിശോധനാഫലം നെഗറ്റീവ് ആണ്.” ശരത്തിന് വളരെ സന്തോഷമായി. അയാൾ എല്ലാവരോടും നന്ദി പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷം ശരത്ത് ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചു തനിയ്ക്കും അവരുടെയൊപ്പം പ്രവർത്തിക്കുന്നതിന് ആഗ്രഹമുണ്ടെന്നറിയിച്ചു.

രണ്ട് മാസങ്ങൾക്ക് ശേഷം ആരോഗ്യമന്ത്രിയും മറ്റ് ആരോഗ്യവിദഗ്ധരും പങ്കെടുക്കുന്ന ഒരു മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ശരത്തിനും അറിയിപ്പുകിട്ടി. അങ്ങനെ സമ്മേളന ദിനം വന്നെത്തി.എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ആരോഗ്യപ്രവർത്തകരെല്ലാം എത്തിച്ചേർന്നിരിക്കുന്നു. കൃത്യം 2.25ന് സമ്മേളനം ആരംഭിച്ചു. സന്തോഷവാർത്ത അറിയിക്കുന്നതിനായി ആരോഗ്യമന്ത്രി മൈക്കിനടുത്തേയ്ക്ക് വന്നു. മന്ത്രി പറഞ്ഞു -“ഇനി മുതൽ നമ്മുടെ കേരളത്തിൽ ഒരു കോവിഡ്-19 കേസുകൾ പോലും രജിസ്റ്റർ ചെയ്യില്ല. നമ്മുടെ കേരളത്തിൽ നിന്ന് ആ മഹാദുരന്തത്തെ ഒഴിപ്പിച്ചിരിക്കുന്നു. ഇതിനു വേണ്ടി രാവും പകലും പ്രയത്നിച്ച എല്ലാ ആരോഗ്യവിദഗ്ധരോടും രോഗികളെ ശുശ്രൂഷിച്ച എല്ലാ ആരോഗ്യ പ്രവർത്തകരോടും ഞാൻ നന്ദി പറയുന്നു. പിന്നെ ഇതിനുവേണ്ടി ഞങ്ങളോടു സഹകരിച്ച എല്ലാ കേരളീയർക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നിവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്കു വളരെ സന്തോഷമുണ്ട്. കൂടുതൽ ദീർഘിപ്പിക്കുന്നില്ല..നന്ദി...നമസ്കാരം. " അങ്ങനെ മലയാളികൾ കൊറോണയെന്ന മഹാമാരിയെയും കീഴടക്കി. പ്രതിരോധിക്കാം.അതിജീവിക്കാം

ആൻ മരിയ വിപിൻ
6A ഗവ.യു.പി.സ്കൂൾ, കുറ്റിലഞ്ഞി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം