ജി എൽ പി എസ് മംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് മംഗലം .ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ 1909 ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്ഥാപിച്ച ഇടയ്ക്കാട് ശിവക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം.

ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു.

      സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച് പോയവരിൽ  പ്രമുഖരായ ഡോക്ടർമാർ ,കലാകാരന്മാർ,അഡ്വക്കേറ്റ്സ്,അങ്ങനെ സമൂഹത്തിലെ ഉന്നതരായി മാറിയ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.ഈ പ്രദേശത്ത് താമസിക്കുന്നവരിലധികവും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് .അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്. തീരദേശമക്കൾ പ്രൈമറി വിദ്യാഭ്യസം നേടാൻ ആശ്രയിക്കുന്ന മികച്ചൊരു പൊതുവിദ്യാലയമാണ് മംഗലം ഗവ.എൽ.പി.സ്കൂൾ.

ദുരിത കാലത്ത് ആറാട്ടുപുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ് കൂടിയാണു സ്കൂൾ. വിദ്യ നൽകാനും സുരക്ഷനൽകാനും മംഗലം പ്രദേശത്തെ വെളിച്ചമായി നിലകൊള്ളുന്നു ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലം/ചരിത്രം&oldid=1763298" എന്ന താളിൽനിന്ന് ശേഖരിച്ചത്