ജി എൽ പി എസ് പനമരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പനമരം

വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് പനമരം

ഭൂമിശാസ്ത്രം

വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പനമരം. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.9 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്: പുൽപ്പള്ളി, മാനന്തവാടി പഞ്ചായത്തുകൾ, റിസർവ് ഫോറസ്റ്, കിഴക്ക്: പൂതാടി പഞ്ചായത്ത്, തെക്ക്: കണിയാംപറ്റ, പൂതാടി പഞ്ചായത്തുകൾ, പടിഞ്ഞാറ്: വെള്ളമുണ്ട, എടവക പഞ്ചായത്തുകൾ എന്നിവയാണ്.

ഭൂമിശസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ്‌ പനമരം സുൽത്താൻ ബത്തേരിയിൽ നിന്ന് 19 കി.മി. മാനന്തവാടിയിൽ നിന്ന് 15 കി.മി. അകലത്തിലാണ് കിടക്കുന്നത്. സാക്ഷരത 78.05% ആണ്‌

പൊതുമേഖലാ സ്ഥാപനങ്ങൾ

ജി എൽ പി എസ് പനമരം

ഗവ. എച്ച് എസ് എസ് പനമരം

പോസ്റ്റ് ഓഫീസ്

കൃഷിഭവൻ

ഗ്രാമ പഞ്ചായത്ത്.

പനമരം പുഴ

മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനി നദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. പനമരം നഗരത്തിൽ നിന്ന് 6 കിലോമീറ്റർ വടക്കുമാറിയാണ് കബനി ഉത്ഭവിക്കുന്നത്. പൂക്കോട് തടാകത്തിന് സമീപമുള്ള പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് പനമരം നദിയിൽ സംഗമിക്കുന്നു.

പനമരം കോട്ട

ഇന്ത്യൻ സ്വാതന്ത്രസമരവുമായി വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. പഴശ്ശി രാജാവിന്റെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും അവരുടെയൊപ്പം 175 വില്ലാളികളും 1802 ഒക്ടോബർ 11 ആം തിയതി ബ്രിട്ടീഷുകരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയുണ്ടായി. ആ ശ്രമത്തിൽ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെടുകയുണ്ടായി. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 -ന് ചന്തുവിനെ പിടികൂടി വധിച്ചു. പഴശ്ശിയുടെ ബ്രീട്ടീഷുകാരോടുള്ള യുദ്ധങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ വിജയം.

പനമരത്തെ കൊക്കുകേന്ദ്രം

മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വാർഷിക പക്ഷിസർവ്വേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്ത് ആണ്. കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് ഈ കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പല വിദേശപക്ഷികളും മുട്ടയിടുന കാലത്ത് ഇവിടെ എത്തിച്ചേരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് കാലിമുണ്ടി കേരളത്തിൽ മുട്ടയിടുന്നത് 2010 -ൽ പനമരത്ത് നിരീക്ഷിച്ചത്. ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറുമുണ്ടി, ചായമുണ്ടി, കഷണ്ടിക്കൊക്ക് എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്. അമിതമായ രീതിയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതും പനമരം നേരിടുന്ന മറ്റൊരു പാരിസ്ഥിതിക ഭീഷണിയാണ്.

അയൽ ഗ്രാമങ്ങൾ

  • കായക്കുന്ന് ( Kayakkunn )നെല്ലിയമ്പം
  • നടവയൽ