ജി എൽ പി എസ് ചുള്ളിയോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 100 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിൽ വള്ളിയിൽ മമ്മാജി എന്നയാള‍ുടെ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലത്ത് ബത്തേരിയിൽ മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. തൊട്ടട‍ുത്ത് തമിഴ്‍നാട്ടിൽ നെല്ലിമാട് [ നീലഗിരിജില്ല , മുന്നനാട് ] എന്ന സ്ഥലത്തും അമ്പലവയലിലും മാത്രമാണ് സ്കൂർ ഉണ്ടായിരുന്നത്. ഇത് കൂടാതെ കുടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു . സ്ഥലത്തെ പ്രധാനികളുടെ വീടുകളിലെ കളപ്പുരയിലായിരുന്നു കുടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നത്. താഴെ നാട്ടിൽ നിന്നും വന്ന ആശാൻമാരായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. 150രൂപ വാർഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവർത്തിച്ചിരുന്നത്.1937-ൽ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി.കുറച്ചുകാലങ്ങൾക്കു ശേഷം ഈ സ്ക്കൂൾ ഏറ്റെടുത്ത് സർക്കാർ ഹരിജൻ വെൽഫെയർ സ്ക്കൂൾ ആയി പ്രഖ്യാപിച്ചു. അമ്പുക്കുറുപ്പ് എന്ന അധ്യാപകനായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നിലവിലുള്ളസ്ഥലത്ത് വിദ്യാലയം പ്രവർത്തനം തുടങ്ങിയിട്ട് ഏതാണ്ട് 50 വർഷത്തോളമായി.

പരശുരാമന്റെ കാലത്ത് നിർമ്മിച്ചു എന്നു പറയപ്പെടുന്ന ചുള്ളിയോട് മഹാശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് വണ്ണം കുറവായിരുന്നു. ‘ചുള്ളി ഉടലുള്ള ആൾ - ചുള്ളിയോട്ടപ്പൻ’ ഇങ്ങനെയാണ് ഈ പ്രദേശം ചുള്ളിയോട് എന്ന പേരിൽ അറിയപ്പെടാൻ കാരണം. ചുള്ളിയോട് എന്ന പ്രദേശത്ത് സ്ക്കൂൾ കെട്ടിടം അല്ലാതെ വേറെ കെട്ടിടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.അന്നൊക്കെ ഈ സ്കൂളിലെത്താൻ ഒരു ഒറ്റയടിപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. 1948 ൽ വയനാട് കോളനൈസേഷൻ സ്കീമിലൂടെയാണ് ഇപ്പോഴുള്ള റോഡുവെട്ടി സോളിംങ് നടത്തിയത്. 1953 ൽ സർക്കാർ വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തി ഈ സ്ഥലത്ത് ഒരു കിണർ നിർമ്മിച്ചു.

1957-ൽ കേരള സർക്കാർ നിലവിൽ വന്നപ്പോൾ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും, 1962 -ൽകേരളസർക്കാർ വിദ്യഭ്യാസ നയമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ. എന്നിങ്ങനെ വേർതിരിക്കുകയും, അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. 1984-ൽ കുറുക്കൻ കുന്ന് എന്ന സ്ഥലത്ത് ചൂരാലിൽ വർഗീസ്, ചെറുപുറം മത്തായി എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമിച്ചു. 60% പട്ടിക വർഗ്ഗ വിദ്യാർഥികൾ പഠിച്ചിരിന്ന ഈ വിദ്യാലയം പിന്നീട് ഗവ: എൽ പി സ്ക്കൂൾ എന്ന പേരിൽ സർക്കാർ മാറ്റുകയും അറബി ഒരു പഠന വിഷയമായി ആരംഭിക്കുകയും ചെയ്തു. 2012 മുതൽ പ്രീപ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 5 അധ്യാപകരും , ഒരു പി.ടി.സി.എമ്മും 3 പ്രീപ്രൈമറി ജീവനക്കാരുമുള്ള വിദ്യാലയത്തിൽ 150 ഓളം വിദ്യാർത്ഥികൾ പാഠ്യപാഠ്യേതര കാര്യങ്ങളുമായി മുന്നേറിവരുന്നു.