ജി എൽ പി എസ് ചളിപ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ കളപ്പുര. അതിനാൽ പുളി‍ഞ്ചോട്ടിലെ സ്കൂൾ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകിയിരുന്നത്. 1944 മേയ് മാസം 15ന് വി.ഗോപാലൻ നമ്പ്യാർ പ്രഥമ അധ്യാപകനായി ചാർജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാർത്ഥിയായി മുരിയൻകണ്ടൻ രാമൻ കുട്ടി മകൻ വേലായുധനെ ഒന്നാം ക്ലാസിൽ ചേർത്തി. പള്ളിക്കത്തൊടി ചെക്കുട്ടി മകൾ ഉണ്ണൂലിയാണ് ആദ്യ വിദ്യാർത്ഥിനി. ആദ്യ ദിവസം 5 ആൺകുട്ടികളും 4 പെൺകുട്ടികളും സ്കൂളിൽ ചേർന്നു.രണ്ടാം ദിവസം 3 ആൺകുട്ടികൾ മാത്രവും മൂന്നാം ദിവസം 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും സ്കൂളിൽ ചേർന്നു.1944-45 വർഷം 31 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 52 പഠിതാക്കൾ ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നു. അക്കാലത്ത് പെൺകുട്ടികളടക്കം ആരും തന്നെ ഷർട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെൺകുട്ടികൾ ചുമലിലൂടെ ഒരു തോർത്ത്മുണ്ട് പുതക്കും. അത്രമാത്രം.

കൂടുതൽ അറിയുവാൻ

വി.ഗോപാലൻ നമ്പ്യാർ ലീവിൽ പ്രവേ‍ശിച്ചപ്പോൾ കെ.വി.മാധവൻ നായരും എം പി ശങ്കരൻ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബർ 29 മുതൽ എം പി ശങ്കരൻ നമ്പീശൻ, വി ഗോപാലൻ നായർ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതൽ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നിർത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നൽകിയ കെട്ടിടത്തിൽ വളരെക്കാലം പ്രവർത്തിച്ചു. ഒരിക്കൽ സ്കൂളിന് എന്തോ കേടുപാടുകൾ സംഭവിച്ചു. അപ്പോൾ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂൾ പ്രവർത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതിൽ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേർന്ന കളപ്പുരയിലും പുതുപ്പറമ്പൻ ആണ്ടിമാമൻെറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതിൽ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂർണമായും നശിച്ചു. ഏകദേശം ഒരു വർഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തിൽ തന്നെ പ്രവർത്തനം പുനരാരംഭിച്ചു.
                           
കുട്ടികൃഷ്ണൻ മാഷ്, വാസന്തി ടീച്ചർ, കുറുപ്പുമാഷ്, വേലായുധൻ മാ‍ഷ്,അർജുന ആചാരി, പൊന്നമ്മ ടീച്ചർ, നാരായണി ടീച്ചർ,  ദാസ് മാസ്ററർ,  ശ്രീധരൻ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചർ, രാധ ടീച്ചർ, വത്സമ്മ ടീച്ചർ..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവർ. ഇന്ന് ചളിപ്പാടം ഗവ.എൽ.പി.സ്കൂൾ അതിൻെറ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയിൽ  ഏറെ തൽപരനായിരുന്ന ചളിപ്പാടത്തുകാർക്ക് ഏററവും പ്രിയങ്കരനായിരുന്ന മർഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നൽകിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രൻ ക്രിയാത്മകമായ നേതൃത്വം നൽകി. ഇപ്പോൾ ഈ സരസ്വതീക്ഷേത്രത്തിൽ  71 പഠിതാക്കളും 5 അധ്യാപകരും ഒരു പാർട്ട്ടൈം  സ്ററാഫുമുണ്ട്. സ്കൂളിൻെറ പുരോഗതിയിൽ തൽപരരായ  ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കൻ ലുക്മാനുൽ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിൻെറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവർത്തിക്കുന്നു.
                          
എൽ. സി.ഡി.പ്രൊജക്ടർ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്,  പഠനം പാൽ പായസമാക്കാൻ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂൾ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികൾക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികൾക്ക് കളിച്ചു പഠിക്കാൻ കുട്ടികളുടെ പാർക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമർ ചിത്രങ്ങൾ, പെൺകുുട്ടികൾക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിൻെറ ഇന്നത്തെ പ്രത്യേകതകളാണ്.