ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പടിയൂരിന്റെ പെരുമ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമമാണ്‌ പടിയൂർ. കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പടിയൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് പടിയൂർ.
അതിർത്തികൾ:
  • വടക്ക് - കർണാടക വനം, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത്‌
  • കിഴക്ക്‌- ശ്രീകണ്ഠാപുരം ഗ്രാമപ്പഞ്ചായത്ത്, പായം ഗ്രാമപ്പഞ്ചായത്ത്, കർണാടക വനം
  • തെക്ക്- വളപട്ടണം പുഴ, മട്ടന്നൂർ മുനിസിപ്പാലിറ്റി, കീഴൂർ ചാവശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌, പായം ഗ്രാമപ്പഞ്ചായത്ത്
  • പടിഞ്ഞാറ്: ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത്‌, ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്ത്, പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത്‌

വാർഡുകൾ

മണ്ണേരി, ബ്ലാത്തൂർ, തിരൂർ, ഊരത്തൂർ, ആര്യംകോട്, പുലിക്കാട്, കല്ലുവയാൽ, നിടിയോടി, പടിയൂർ, പൂവം, കുയിലൂർ, പെരുമണ്ണ്, പെടയങ്കോട്, കല്ല്യാട്, ചോലക്കരി

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണ് പടിയൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ.
സ്വകാര്യമേഖലയിൽ എസ്.എൻ.ഡി.പി.യു.പി. സ്കൂൾ-പടിയൂർ, എ.യു.പി.സ്ക്കുൾ-കല്ല്യാട്, ഗാന്ധി വിലാസം എൽ.പി.സ്കൂൾ-ബ്ലാത്തൂർ, എ.എൽ.പി.സ്കൂൾ-ഊരത്തൂർ, നാരായണ വിലാസം എ.എൽ.പി.സ്കൂൾ-പെരുമണ്ണ്, എൽ.പി.സ്കൂൾ-കുയിലൂർ, സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ-കല്ലുവയൽ, നുസ്രത്തുൽ ഇസ്ലാം മദ്രസ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന കല്യാട് സിബ്ഗ കോളേജാണ് പഞ്ചായത്തിലെ ഒരേയൊരു കോളേജ്.

പ്രധാന സാംസ്കാരികകേന്ദ്രങ്ങൾ:

നിടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂർ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂർ പൊതുജന വായനശാല, ബ്ലാത്തൂർ സി.ആർ.സി. ഗ്രന്ഥാലയം, ആലത്തുപറമ്പ് പി കുമാരൻ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്.
എ.കെ.ജി.സ്മാരക വായനശാല ഊരത്തൂർ, തിരൂർ പൊതുജന വായനശാല, നിടിയോടി പൊതുജന വായനശാല, എ.കെ.ജി. വായനശാല കരവൂർ, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
കല്ല്യാട് സാംസ്കാരിക നിലയം, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാൾ, മാങ്കുഴി പട്ടികവർഗ്ഗ കമ്മ്യൂണിറ്റിഹാൾ, തിരൂർ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ്.
പടിയൂർ, കല്ല്യാട് എന്നിവിടങ്ങളിൽ വൃദ്ധജനങ്ങൾക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കുമുള്ള വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

ധനകാര്യ സ്ഥാപനങ്ങൾ

നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, എസ്.ബി.റ്റി. ബ്ളാത്തൂർ എന്നീ ദേശസാൽകൃത ബാങ്കുകളും, കല്ല്യാട് സർവ്വീസ് സഹകരണ ബാങ്ക്, ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക്-പടിയൂർ, വനിതാ സഹകരണസംഘം പടിയൂർ, കല്ല്യാട് എന്നീ സഹകരണ ബാങ്കുകളും ഈ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്.

1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന്‌ 1964 ജനുവരി 1-ന്‌ ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു.

പടിയൂർ എന്ന് കേൾക്കുമ്പോൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിൽ തെളിഞ്ഞുവരിക ഇപ്പോഴത്തെ സ്റ്റേറ്റ് ഹൈവേയുടെ ഇരുഭാഗത്തുമായി കിടക്കുന്ന പ്രദേശമായിരിക്കും. എന്നാൽ പഴയ പടിയൂർ എന്നത് പഴയ റോഡും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശവും ആണ്. പഴശ്ശി പദ്ധതിക്കുവേണ്ടി സ്ഥലം എറ്റെടുത്തതോടുകൂടി പഴയ പടിയൂർ ഇല്ലാതായി. 1976 ഓടു കൂടിയാണ് പുതിയ പടിയൂർ ഉണ്ടായത്. മുസ്ലിം ഖബർ മുതൽ പൂവം വരെയും മടപ്പുര ഭാഗം, മുച്ചിലോട്ടു കാവ്‌ തുടങ്ങിയ പ്രദേശങ്ങളും ഉൾപെട്ടതാണ് പഴയ പടിയൂർ. അതിനോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളാണ് ചാളംവയൽ, പുലിക്കാട്‌, ഞാലിൽ, വള്ളിത്തല , കൊമ്പൻപാറ, ആര്യങ്കോട്, കായക്കാംചാൽ(സ്കൂൾ തട്ട് ), നിടിയോടിച്ചാൽ, എരങ്കോക്കുന്ന് (ആശ്രമം എസ്റ്റേറ്റ്‌) തുടങ്ങിയവ. അന്ന് ആൾപ്പാർപ്പുള്ള പ്രദേശങ്ങൾ വളരെ കുറവായിരുന്നു. കുടുംബങ്ങൾ കുറവും സ്ഥലം കൂടുതലും. പഴയ പടിയൂർ വില്ലേജ് വളരെ വലിയ വില്ലേജ് ആയിരുന്നു. പെരുമണ്ണ്‌ തൊട്ടു പേരട്ട വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വില്ലേജ്. ഈ പ്രദേശങ്ങളൊക്കെ അന്ന് കല്യാട്ട് ജന്മിമാരുടെ കൈവശത്തിലായിരുന്നു. ഈ സ്ഥലങ്ങളിൽ കൃഷിപ്പണി ചെയ്യാൻ വേണ്ടി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്നവരാണ് പടിയൂർ പ്രദേശത്ത് ഉണ്ടായിരുന്ന ആദിതാമസക്കാർ എന്നാണു പറയപ്പെടുന്നത്‌.ഏറിയാൽ ഒരു 150 വർഷത്തെ പഴക്കമേ ഇന്നത്തെ പടിയുരിനു അവകാശപ്പെടാൻ കഴിയുകയുള്ളൂ.
പടിയൂരിനെപ്പറ്റി പറയുമ്പോൾ ഈ ഗ്രാമത്തിന്റെ തെക്ക് ഭാഗത്തുകൂടി ഒഴുകുന്ന വളപട്ടണം പുഴയെപ്പറ്റി പറയാതെ വയ്യ. ഒരു കാലത്ത് പടിയൂർ ഗ്രാമത്തിന്റെ എല്ലാമെല്ലാമായിരുന്നു പുഴ. മഴക്കാലത്ത്‌ കര കവിഞ്ഞൊഴുകിയ പുഴ. വേനൽക്കാലത്ത് തെളിനീരോടെ ഒഴുകിയ പുഴ. പുഴ ഈ ഗ്രാമത്തിന്റെ ജീവൻ ആയിരുന്നു, ജീവവായുവായിരുന്നു, ജീവജലമായിരുന്നു, ജീവതാളമായിരുന്നു. മഴക്കാലത്ത്‌ മുടിയഴിച്ച് ആർത്തട്ടഹസിച്ചു രൗദ്രഭാവത്തോടെ അതിവേഗം ഓടിപ്പോവുന്ന ഒരു യക്ഷിയെപ്പോലെ ആയിരുന്നുവെങ്കിൽ, വേനൽക്കാലത്ത് ശാന്തസുന്ദരിയായ ഒരു യുവതിയെപ്പോലെ ആയിരുന്നു പുഴ. അതിശക്തമായ കാലവർഷം കഴിഞ്ഞാൽ ഗ്രാമത്തിലെ മുഴുവൻ ആളുകളും പുഴയിലെത്തും കുളിക്കാൻ, നനയ്ക്കാൻ, മീൻ പിടിക്കാൻ.... അന്നൊക്കെ ഒരുപാട് തരത്തിലുള്ള മത്സ്യങ്ങൾ പുഴയിലുണ്ടായിരുന്നു. പ്രാചി, കാക്കമലേരി, ആരൽ, തുടങ്ങിയ സ്വാദിഷ്ടമായ മീനുകളുടെ കലവറയായിരുന്നു നമ്മുടെ പുഴ. വലിയ മഴക്കാലത്ത് വളരെ ആകർഷകമായ ഒരു കാഴ്ചയായിരുന്നു പാണ്ടികൾ അഥവാ ചങ്ങാടങ്ങൾ. പേട്ടയിലെ കൂപ്പിൽ നിന്നും വലിയ മരങ്ങൾ വലിയ വടം കൊണ്ട് കൂട്ടിക്കെട്ടിയതിനെയാണ് പാണ്ടി എന്ന് പറഞ്ഞിരുന്നത്. ശക്തിയായുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുകുന്ന ഈ പാണ്ടിയിന്മേൽ ചെറിയ തലക്കുടയും ധരിച്ചു ആളുകളും ഉണ്ടായിരുന്നു. ജീവനിൽ ഭയമുള്ള ആരും ഈ സാഹസികമായ യാത്രയ്ക്ക് മുതിരും എന്ന് തോന്നുന്നില്ല. ഈ പാണ്ടിയാത്രകൾ എല്ലാവരിലും വലിയ അത്ഭുതം ഉണ്ടാക്കിയിരുന്നു.
മഴക്കാലങ്ങളിലും വേനൽക്കാലങ്ങളിലും ഗ്രാമത്തിലെ പുരുഷന്മാരുടെ ഒരു ഹോബി ആയിരുന്നു പുഴയിലെ മീൻ പിടിക്കൽ. പുഴയോരത്ത് താമസിക്കുന്ന വീട്ടുകാർ കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് പുഴയിലെ വെള്ളമായിരുന്നു. ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല എന്നൊരു പഴമൊഴിയുണ്ടല്ലോ! വലിയ വെള്ളപ്പൊക്കം വന്നാൽ ഇതു കാണാനായി ആളുകൾ പുഴയോരത്ത് എത്തിച്ചേരുന്നതും അന്നത്തെ ഒരു കാഴ്ചയായിരുന്നു. കെട്ടിടം നിർമ്മിക്കാനാവശ്യമായ മണൽ പുഴയോരത്തു നിന്നു കോരിയെടുത്താണ് ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആവശ്യം നിറവേറ്റിയിരുന്നത്. പുഴയെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്.... (അപൂർണം)

പ്രാദേശിക പദവിജ്ഞാനകോശം

ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

അനക്ക്    =                   എനിക്ക്
അയിന് =                      അതിന്
അയിലേ =                     അതിലൂടെ 
അപ്രത്ത്    =                 അപ്പുറത്ത്
അങ്ങട്ട      =                 അയൽപക്കം
അന്റെ       =                 എന്റെ
അത്രപ്പൊടി =                 അത്രയും കുറവ്
അയല്      =                 അഴ
അട്ടം         =                 മച്ച്
അടച്ചൂറ്റി     =                 അടപലക

ആദീം പൂതീം    =          ആദ്യം മുതൽ
പോയിന്       =          പോയിരുന്നു
ആട             =          അവിടെ
ആയത്തിൽ    =          ആഴത്തിൽ
ആറിയിടുക     =          വിരിച്ചിടുക
ആല്            =          അഴ

ഇണ്ട്           =              ഉണ്ട്
ഇന്നോടാര്   =              നിന്നോടാര്
ഇത്രപ്പാട്      =              ഇത്രയധികം
ഇത്രപ്പൊടി    =              വളരെ കുറച്ച്

ഈമ്പുക    =         നുണയുക
ഈട        =         ഇവിടെ
ഈലേക്കൂടി =         ഈവഴി

ഉയീ        =        അയ്യോ
ഉരിയാടുക =        മിണ്ടുക
ഉരിക്കുക   =        പൊതിക്കുക

എണങ്ങൻ    =          അളിയൻ 
എന്നിറ്റ്        =         എന്നിട്ട്
എറച്ചി          =         ഇറച്ചി
എന്ത്ന്നാ      =        എന്താണ്
എറയം         =        വരാന്ത

ഏച്ചി           =        ചേച്ചി
ഏടപ്പോന്ന്   =       എവിടെ പോകുന്നു
ഏഡ്ത്തു      =       എവിടെ 
ഏഡ്യാ        =        എവിടെയാ
ഏട്ടൻ         =        ചേട്ടൻ

ഒരള്       =        ഉരൽ
ഒപ്പരം       =      ഒരുമിച്ച് 
ഒരിക്ക      =      ഒരു തവണ
ഒലുമ്പുക    =      പിഴിഞ്ഞെടുക്കുക

ഓൻ     =          അവൻ 
ഓറ്     =          അവർ
ഓള്     =          അവൾ
ഓന്റെ   =          അവന്റെ

കയിഞ്ഞു     =        കഴിഞ്ഞു 
കലമ്പി        =        വഴക്കുപറഞ്ഞു
കയ്യല്ല         =        കഴിയില്ല
കടച്ചിൽ       =        വേദന
കത്ത്യാള്      =        വാക്കത്തി
കയില്         =        തവി
കാളി           =        കരഞ്ഞു
കാമ്പ്          =        വാഴപ്പിണ്ടി
കീഞ്ഞു         =        ഇറങ്ങി  
കൂട്ടാൻ          =       കറി
കൂമ്പ്            =       വാഴച്ചുണ്ട്
കെരണ്ട്        =      കിണർ
കൊള്ളി        =      വിറക്
കൊത്തമ്പാരി =       മല്ലി
കോരിയ        =      സ്പൂൺ
കോയക്ക       =      കോവയ്ക്ക
കോയി          =      കോഴി
കൂട്ടം കൂടുക      =      വഴക്കുപറയുക
കുമിൽ          =      കൂൺ
കോപ്പ          =      കപ്പ്
കൊക്ക        =      തോട്ടി
കൈക്കലത്തുണി=   കരിക്കലത്തുണി
കൊച്ച           =   കൊക്ക്
കൊരക്കുക     =   ചുമയ്ക്കുക

ചാടുക         =       കളയുക
ചെമ്പോത്ത്  =    ഉപ്പൻ 
ചിക്ക്          =     ഝഡ
ചിമ്മിണി      =       മണ്ണെണ്ണവിളക്ക്
ചൂളി            =    ചെതുമ്പൽ
ചേതി          =     വരാന്ത
ചേരി          =       ചകിരി
ചൊണങ്ങുക =      ചുരണ്ടുക
ചൊങ്ക്        =      ഭംഗി

ഞ്ഞീ =     നീ
ഞാള്=    ഞങ്ങൾ
ഞമ്മള്=  ഞങ്ങൾ

തച്ചലക്കുക        =    അടിച്ചലക്കുക
തോനെ           =    കൂടുതൽ
തൊപ്പൻ          =    കൂടുതൽ
തായത്ത്          =   താഴെ
തേച്ച് വടിക്കുക   =   കഴുകി വൃത്തിയാക്കുക
താച്ചുക            =   കിടക്കുക
തണിയുക         =   തണിക്കുക
തട്ടുക              =   എടുക്കുക

പറയറാ     = പറയൂ
പോട്        = പോയ്‌ക്കൊള്ളൂ
പറങ്കി        = മുളക്
പായുക      = ഓടുക
പാരുക      =     ഒഴിക്കുക
പൈ         = പശു
പൈക്കുക   = വിശക്കുക
പൊര       = വീട്
പാങ്ങ്       = ഭംഗി
പുനയുക     = പിറുപിറുക്കുക
പാറാടൻ    = വവ്വാൽ
പിരാന്ത്     = ഭ്രാന്ത്
പിട്ട്          =  പുട്ട് 
പെരിയ     =  വഴി
പല          =  പലക
പൊക്കിള   =  കുമിള
പുയ്യാപ്ല     =   കിളിമീൻ
പൊട്ടാസ് =   പടക്കം
പാട്ട        =   കപ്പ്
പീടിയ     =   കട

ബസി   =   ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം
ബോണിയ =  കലം
ബത്താസ്=   മധുരക്കിഴങ്ങ്
ബെടക്ക്  =   മോശം

മയ്യാല      =      സന്ധ്യ
മോന്തി      =     മൂവന്തി (ത്രിസന്ധ്യ) 
മുടി വാരുക =     തലമുടി ചീകുക
മയ പാറുക =     മഴ ചിന്നം ചിന്നം പെയ്യുക
മാച്ചി        =     ചൂല്
മീട്         =     മുഖം
മൂരുക      =     കൊയ്യുക
മുരുട       =     മൊന്ത
മൂർത്തി     =    മൂർദ്ധാവ്
മൊത്തി   =    മുഖം
മേല്      =    ശരീരം
മുള്ളൂത്തി  =   പിൻ
മുക്ക്      =    കവല
മൂടി        =   അടപ്പ്

വണ്ണം    =   ഗമ
വണ്ണാമ്പല= ചുക്രിവല
വേറുക    =  വിതറുക
വറവ്     =  തോരൻ
വെണ്ണീർ  =  ചാരം
വായ      =  വാഴ
വണ്ണാൻ  =  എട്ടുകാലി