ജി എച്ച് എസ് എസ് കടന്നപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
STUDENTS POLICE CADET
SPC

STUDENTS POLICE CADET

2019 ഫെബ്രുവരി 13ന് അന്നത്തെ എംഎൽഎ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. 2021ൽ കണ്ണൂർ റൂറൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.സീനിയർ എസ് പി സി കേഡറ്റ് ആയ ശ്രീഹരി ഇ.വി സംസ്ഥാന തല പരിപാടികളിൽ പങ്കെടുത്തു. 2022 ജൂനിയർ എസ് പി സി കേഡറ്റ് ശില്പ ശശി ധീരതയ്ക്കുള്ള ദേശീയ അവാർഡ് നേടി.

1. എന്റെ ജീവൻ എന്റെ ലഹരി

വലിയ കാൻവാസ് ബോർഡിൽ ലഹരി വിരുദ്ധ ക്യാമ്പെയ്നിൻ്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി. കടന്നപ്പള്ളി ചന്തപ്പുരയിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഇ പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചന്തപ്പുര ടൗണിലെ മുഴുവൻ ആൾക്കാരും ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി, ഈ ക്യാമ്പെയ്നിൻ്റെ ഭാഗമായി. പിന്നിട് ചന്തപ്പുരയിൽ നിന്നും ഒപ്പുശേഖരണ യാത്ര അടുത്ത പ്രദേശമായ കണ്ടോന്താറിൽ ചെന്ന് അവിടുത്തെ പബ്ലിക് ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസറും സ്റ്റാഫും അവിടെ സന്നിഹിതരായിരുന്ന മറ്റുള്ളവരും ഒപ്പ് രേഖപ്പെടുത്തി.

2. എക്സൈസ് വകുപ്പുമായി ചേർന്ന് കുട്ടികളുടെ വീടുകളിലും , മറ്റുള്ളവരുടെ വീടുകളിലും ചന്തപ്പുര, കടന്നപ്പള്ളി പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും ലഹരി മുക്ത വീട് സ്റ്റിക്കർ , നോട്ടിസ് വിതരണം ചെയ്തു

3. എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനായ ശ്രീ. രാജീവൻ എന്നവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ ദിവസങ്ങളിലായി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി.

4. ജനമൈത്രി പോലീസുമായി ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി ബോധവത്കരണ ക്ലാസ് നടത്തി.

5. ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം , കഥ, കവിത, ഉപന്യാസ രചന മത്സരം എന്നിവ നടത്തി

6. എക്സൈസ് വകുപ്പ് കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ, ഉപന്യാസ രചന മത്സരങ്ങൾ കുട്ടികൾക്കായി നടത്തി.

ചേന നടീൽ ഉത്സവം

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് യൂണിറ്റ് കടന്നപ്പള്ളി കോട്ടത്തും ചാലിലെ കർഷകനായ ശ്രീ. മുകുന്ദൻ എന്നവരുടെ പറമ്പിൽ കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ച് ചേന കൃഷി നടീൽ ഉത്സവം നടത്തി. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യമായതിനാൽ കുറച്ച് കേഡറ്റുകളും രക്ഷിതാക്കളും മാത്രമേ പങ്കെടുത്തുള്ളു. എന്നിരുന്നാലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്ന വലിയ പാഠം സമൂഹത്തിന് നൽകാൻ സാധിച്ചു. ഈ അവസരത്തിൽ ഓരോരാളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടുന്ന ആവശ്യകതകളെ കുറിച്ചും വീട്ടുകാരെയും സമൂഹത്തേയും ബോധവാൻമാരാക്കാനും കുട്ടികൾ മുന്നിട്ടിറങ്ങണമെന്ന് ഒർമിപ്പിച്ചു. എസ്.പി സി സീനിയർ കേഡറ്റ് ആകാശ് പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൻ്റെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് ശ്രീ.സതീശൻ കെ.സി നിർവഹിച്ചു. കേഡറ്റുകളായ ഹരിശ്രീ, നിരഞ്ജന, പ്രാർത്ഥന, ദേവദർശ്, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് മനോജ് കെെപ്രത്ത്, സന്തോഷ് കുമാർ, പ്രദീപൻ, ലതീഷ് പുതിയടത്ത് , സിൽജ എം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

വാക്സിൻ ചലഞ്ചിൽ കുട്ടിപ്പോലീസും

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി തുക കൈമാറി. കുട്ടികൾക്ക് ലഭിച്ച യു.എസ്.എസ്. സ്കോളർഷിപ്പ് തുകയും വിഷു കൈനീട്ടവും , സക്കാത്ത് കിട്ടിയ തുകയും അവരുടെ ചെറുസമ്പാദ്യങ്ങളും ആണ് നിധിയിലേക്ക് നൽകിയത്. സമൂഹത്തിന് മാതൃകയാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കുട്ടി പോലീസുകാരെ പിടിഎ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് കെ.സി സതീശൻ, ഗാർഡിയൻ എസ്.പി.സി പ്രസിഡൻ്റ് മനോജ് കെെ പ്രത്ത്, പ്രധാനധ്യാപിക രാജമ്മ എ എം, ലതീഷ് പുതിയടത്ത്, സിൽജഎം എന്നിവർ പങ്കെടുത്തു.

അകന്നിരിക്കാം മനസുകൊണ്ടടുക്കാം (കോവിഡ് ബോധവത്കരണ ക്ലാസ്)

കോവിഡ് രണ്ടാം തരംഗം അതിശക്തമായ ഈ സാഹചര്യത്തിൽ ഓൺലൈൻ ബോധവത്കരണ ക്ലാസുമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ. ക്ലാസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കോവിഡ് കോർഡിനേറ്റർ ഡോ. ഷമീന മമ്മദ് കോയ കൈകാര്യം ചെയ്തു. കുട്ടികളിലൂടെ സമൂഹത്തിൻ്റെ നാനാതുറകളിലുമുള്ളവരെ ബോധവത്കരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടുന്നതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. മാസ്ക്ക് ധരിക്കേണ്ടുന്ന ആവശ്യകതയും മറ്റ് രീതിയിലുള്ള സുരക്ഷാ മാർഗങ്ങളും ക്ലാസിൽ വിവരിക്കുകയുണ്ടായി. കണ്ണൂർ ജില്ല എസ്.പി.സി. അഡീഷണൽ നോഡൽ ഓഫീസർമാരായ കെ.രാജേഷ് , കെ.വി സുവർണൻ, പ്രാെജക്റ്റ് അസിസ്റ്റൻ്റ് ജയദേവൻ സി.എം , പ്രധാനധ്യാപിക രാജമ്മ എ എം, പി ടി.എ പ്രസിഡൻറ് സതീശൻ കെ.സി, മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത്, സിൽജ. എം, ഗോപിക, ഗായത്രി, ശ്രീഹരി, ദേവിക എന്നിവർ സംസാരിച്ചു.

ഹൃദയം കൊണ്ടൊരു പ്രതിരോധം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ച് ദിവസമായി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്നു. കോവിഡ് നിയമ ലംഘനം നടത്തുന്നവരുടെ പേരുവിവരങ്ങൾ ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തലാണ് ജോലി. നിയമ ലംഘനം നടത്തിയവരിൽ സർക്കാർ ജീവനക്കാരും ബാങ്ക് ജീവനക്കാരും അധ്യാപകരും ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. .......

ഫോൺ റിംഗ് ചെയ്യുന്നു. ഹലോ ....

പോലീസ് സ്റ്റേഷൻ

അതെ.... എന്താണാവശ്യം ....

സാറെ മറ്റന്നാൾ എൻ്റെ ഏച്ചിയുടെ മോളെ പിറന്നാളാണ് .....

അതിന്.....

ഒരു Gift കൊടുക്കാൻ പോകാൻ അനുമതിക്കായിട്ടാണ് സർ ......

അല്ല സഹോദര നിനക്ക് കുറച്ച് കാര്യ ഗൗരവമില്ലെ ..... നമ്മൾ നേരിടുന്ന ഈ സാഹചര്യത്തെ കുറിച്ച് ബോധ്യമില്ലെ ..... എങ്ങനെ ചോദിക്കാൻ പറ്റുന്നു.

അല്ല സർ ... എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് .... കഴിഞ്ഞ വർഷവും പോകാൻ പറ്റിയില്ല ...

എൻ്റെ പൊന്നു സഹോദര .... ഇനിയും മനസിലായില്ലെങ്കിൽ ഞാൻ എന്തു പറയാനാ....

ആ മോളെ ഞാൻ വിളിച്ച് ആശംസകൾ നേരാം ഫോൺ നമ്പർ താ ......

വേണ്ട സർ...... ചില പ്രിയപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ഞങ്ങൾ എല്ലാം മറന്നു പോകും അതാ .......

സാരമില്ല. ....... നിൻ്റെ വിഷമം മനസിലാകുന്നു. ... ഈ വർഷവും സാധിച്ചില്ലെങ്കിലും നീയും അവളും ഞാനുമൊക്കെ ജീവിച്ചിരുന്നാൽ അടുത്ത വർഷവും ആഘോഷിക്കാലോ....

മറുവശത്ത് ഒരു നിശബ്ദത .... എന്നാൽ ശരി സർ ... ok

ഫോൺ വച്ചിടും പോലിസുകാരൻ എന്തോ ആലോചനയിൽ കുറെ നേരം നിന്നു.

ഞാൻ ചോദിച്ചു എന്താ സർ, എന്തു പറ്റി .... എൻ്റെ കൊച്ചുമോളുടെ പിറന്നാളും മറ്റന്നാളാ ..... അവൾ ഒരു ഭിന്നശേഷിയുള്ള കുട്ടിയാ ... എല്ലാ വർഷവും ഞങ്ങൾ ഒന്നിച്ച് ഈ ദിവസം ആഘോഷമാക്കി മാറ്റാറുണ്ട്....... അവൾക്കത് വലിയ കാര്യമാ ..... സമ്മാനങ്ങളൊക്കെ മാറോട് ചേർത്ത് പിടിച്ച് ഒന്നു രണ്ട് കൊഴിഞ്ഞ പല്ലുകളുള്ള മോണകാട്ടി ചിരിയുണ്ട് ...... ഇങ്ങനെ എത്രയെത്ര കുട്ടികൾ കാണും മാനസിക ഉല്ലാസങ്ങളൊക്കെ നഷ്ടപ്പെട്ടവർ

അതോർത്തു പോയി അതാ .....

അപ്പോഴേക്കും അടുത്ത കോൾ വന്നു.

ഹലോ പോലീസ് സ്റ്റേഷൻ,

സാറെ എൻ്റെ താമസസ്ഥലത്തു നിന്നും അര കിലോമീറ്റർ അപ്പുറത്തുള്ള പറമ്പിൽ നിന്നും തേങ്ങ പറിച്ച് വീട്ടിലെത്തിക്കാൻ അനുമതി വേണമായിരുന്നു. ......

പോലിസുകാരൻ ചിരിച്ചു. .... സ്വന്തം പറമ്പിൽ നിന്നും തേങ്ങ പറിക്കാൻ പോലും അനുമതി അപേക്ഷ .... എൻ്റെ കൊറോണേ....

ഇതിൽ കുറച്ച് ഭാഗങ്ങൾ കൂട്ടിച്ചേർത്തതാണ്. എന്നിരുന്നാലും നിയമപാലകർ വളരെ സംയമനത്തോടെ ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്നു .....

Big Salute

ലതീഷ് പുതിയടത്ത്,

SPC, CPO GHSS

Kadannappally

കുട്ടി പോലീസ് പൾസ് ഓക്സിമീറ്റർ നൽകി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിന് പൾസ് ഓക്സിമീറ്റർ നൽകി. കേഡറ്റുകളായ ഹൃതിക് പി, ആകാശ് .കെ എന്നിവർ ചേർന്ന് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ബേബി മനോഹരന് കൈമാറി. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ കേഡറ്റുകളെ മെമ്പർ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് സതീശൻ കെ.സി. പ്രധാനധ്യാപിക രാജമ്മ എ എം, മനോജ് കെെപ്രത്ത്, ബിജു.പി.യു. ലതീഷ് പുതിയടത്ത്, സിൽജ.എം എന്നിവർ നേതൃത്വം നൽകി

ഭക്ഷ്യ കിറ്റ് നൽകി കടന്നപ്പള്ളിയിലെ കുട്ടി പോലീസുകാർ

ലോക്ഡൗൺ സമയത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും കോവിഡ് ബാധിച്ച കുട്ടികൾക്കും ഭക്ഷ്യ കിറ്റ് നൽകി കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ്. വിതരണോത്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് ശ്രീ. മോഹനൻ കെ. നിർവഹിച്ചു. വിവിധങ്ങളായ പരിപാടികളിലൂടെ കടന്നപ്പള്ളി പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കുട്ടിപ്പോലീസുകാരെ അഭിനന്ദിച്ചു. കുട്ടികളിൽ സഹജീവികളാട് സഹാനുഭൂതി വളർത്താനും സഹായിക്കാനുമുള്ള മനസ് ഉണ്ടാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു . ചടങ്ങിൽ പരിയാരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പ്രജീഷ് ഏഴോം , പിടിഎ പ്രസിഡൻ്റ് കെ.സി. സതീശൻ, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് മനോജ് കെെപ്രത്ത് , ലതീഷ് പുതിയടത്ത്, കെ.പി.പ്രേമലത എന്നിവർ പങ്കെടുത്തു.

ഒപ്പരം

ഇന്നലെ നടന്ന ഒപ്പരം എന്ന പരിപാടി നല്ല നിലവാരം പുലർത്തി എന്ന് പൊതുവിൽ അഭിപ്രായം വന്നിട്ടുണ്ട്. നമ്മുടെ മക്കൾ നല്ല രീതിയിൽ അവരുടെ ഭാഗം നിർവഹിച്ചു. നല്ല നിലവാരം പുലർത്തുന്ന ചോദ്യങ്ങൾ ചോദിച്ചും സംശയ നിവാരണം നടത്തിയും നമ്മൾ കരുതിയ രീതിയിൽ പരിപാടി വിജയകരമായി .... നെറ്റ് വർക്കിൻ്റെ ചെറിയ പ്രശ്നം ഇടയ്ക്കുണ്ടായിരുന്നു. അതൊന്നും നമ്മുടെ പരിപാടിയെ അത്രയധികം ബാധിച്ചില്ല. Zoom ൽ ഉൾക്കൊള്ളാൻ പറ്റുന്ന ആൾക്കാർ മുഴുവനായി ഉണ്ടായിരുന്നു. കണ്ണൂർ FB പേജിൽ ഇപ്പോൾ തന്നെ 2.3k viewers ഉണ്ട്. പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച നിങ്ങൾ ഓരോരുത്തരെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. പുതുതായി ചേർന്ന കുട്ടികൾ അവരുടെ രക്ഷിതാക്കൾ അതുപോലെ മറ്റു രക്ഷിതാക്കൾക്കും PTA അംഗങ്ങൾക്കും അധ്യാപകർക്കും നന്ദി അറിയിക്കട്ടെ. കണ്ണുർ ജില്ലാ Spc നേതൃത്വത്തിലുള്ള DNO മാർ ADNO മാരായ രാജേഷ് സർ സുവർണൻ സർ, Proj . Asst. ജയദേവൻ സർ, പയനീർ ടീം വിഷ്ണു എന്നിവർക്കും നന്ദി അറിയിക്കട്ടെ ......നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്ത താനിയ മാഡത്തിനും .... തിരക്കിനിടയിലും 2 മണിക്കൂർ സമയം നമ്മോടൊപ്പം ചെലവഴിച്ചു പ്രത്യേകം നന്ദി അറിയിക്കട്ടെ. ..... എല്ലാവരും നല്ല മക്കളായി വളരുക ..... നമ്മൾ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുക. Spc ഗീതം, സ്വാഗതം, അധ്യക്ഷത , നന്ദി എന്നിവ ഏറ്റെടുത്ത് വളരെ മനോഹരമായി പരിപാടിയുടെ നിയന്ത്രണം മുഴുവൻ ഏറ്റെടുത്ത് ഒരു കേഡറ്റ് എങ്ങിനെ ആയിരിക്കണമെന്ന് നിങ്ങൾ തെളിയിച്ചു. നിങ്ങളുടെ അധ്യാപകനാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. തുടർന്നുള്ള പരിപാടികളിൽ മറ്റുള്ളവർക്ക് അവസരം ലഭിക്കുന്നതാണ് . എല്ലാവരും തയ്യാറാകുക. ജില്ലാ SPC മേധാവികൾ നമ്മുടെ പരിപാടിയെ അഭിനന്ദിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ

ലതീഷ് പുതിയടത്ത് ( cpo)

കടന്നപ്പള്ളി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ജില്ലാ - സംസ്ഥാന അംഗീകാരം

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് സംസ്ഥാന ജില്ലാ തലങ്ങളിൽ അംഗീകാരം. കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ മികച്ച എസ്.പി സി. സ്കൂളായിട്ടാണ് തെരഞ്ഞെടുത്തത് . 2019 ൽ അന്നത്തെ കല്യാശ്ശേരി എം.എൽ.എ ടി .വി.രാജേഷിൻ്റെ പ്രയത്നത്തിലൂടെ അനുവദിക്കപ്പെട്ട സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനം 2019 ഫിബ്രവരി 13ന് നടന്നിരുന്നു. അന്ന് മുതൽ ആരോഗ്യ സാമൂഹിക സേവന സാംസ്ക്കാരിക പരിപാടികളിലുടെ കടന്നപ്പള്ളി പ്രദേശത്ത് നിറ സാന്നിധ്യമാകാൻ എസ്.പി.സിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കോവിഡ് കാലത്ത് കുട്ടികളിൽ മാനസിക ഉല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യബോധം വളർത്തുന്നതിനും കലാകായിക രംഗങ്ങളിൽ മികവ് പ്രകടിപ്പിക്കാനും ഉതകുന്ന വ്യായാമം, യോഗ, പാചകം, രക്ഷിതാക്കളെ സഹായിക്കൽ, പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ, പത്ര വാർത്ത തയ്യാറാക്കൽ, ഡയറി എഴുത്ത്, അടുക്കള തോട്ടം, വീടും പരിസരവും വൃത്തിയാക്കൽ, പൂന്തോട്ട നിർമാണം, പൂന്തോട്ട പരിപാലനം, പുസ്തകവായന, ചിത്രരചന, എന്നീ പരിപാടികൾ ദിവസേന കുട്ടികൾ നടത്തി വരുന്നു. കൂടാതെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും , രക്തദാനത്തിന് സമ്മതപത്രം ശേഖരിക്കുന്ന പ്രവർത്തനങ്ങളും കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളും ചെയ്ത് വരുന്നു. കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഒപ്പരം എന്ന പരിപാടി കണ്ണൂർ ജില്ലാ എസ്.പി സി യുമായി ചേർന്ന് നടത്തി. ഇതോടൊപ്പം കുട്ടികൾ തന്നെ പരസ്പരം വിളിച്ച് സംസാരിച്ച് സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന പരിപാടികളും ചെയ്യുന്നുണ്ട്. കുട്ടികൾ വീടുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി വരുന്നു. പഞ്ചായത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഓക്സിമീറ്റർ നൽകുകയുണ്ടായി. കുട്ടികളുടെ ചെറു സമ്പാദ്യങ്ങളും യു.എസ്.എസ്. സ്കോളർഷിപ്പ് തുകകളും, സക്കാത്തും വിഷു കൈനീട്ടവും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി നൽകിയത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിക്കുകയുണ്ടായി. കൃഷി വിജ്ഞാൻ കേന്ദ്രം കണ്ണൂരുമായി ചേർന്ന് അരയേക്കർ സ്ഥലത്ത് ഉഴുന്ന് വിത്തിറക്കി നൂറുമേനി കൊയ്യാൻ സാധിച്ചു. മാതൃഭുമിയുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ പത്രം നൽകുന്ന അക്ഷരക്കൂട്ടിൻ്റെ ഭാഗമായി കുട്ടികൾക്കും സ്ഥാപനങ്ങൾക്കും പത്രം നൽകാൻ സാധിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കടന്നപ്പള്ളി യു.പി. സ്കൂൾ ബൂത്ത് ഹരിത ബൂത്താക്കി മാറ്റാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വോട്ടർമാരെ ബോധവത്കരിക്കാനുമുള്ള പരിപാടി നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഹരിത തെരഞ്ഞെടുപ്പ് പ്രചരിപ്പിക്കാനും, എൻ്റെ വോട്ട് എൻ്റെ അവകാശം എന്നതിലൂടെ മുഴുവൻ വോട്ടർമാരെയും ബുത്തിലെത്തിക്കാനും , കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടുന്ന ആവശ്യകത ബോധിപ്പിക്കാനും കണ്ടാേന്താർ ഹെൽത്ത് സെൻ്ററിൽ നിന്ന് ചന്തപ്പുര വരെ സൈക്കിൾ റാലി നടത്തി. കൂടാതെ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 2 ബൂത്തുകൾ ഹരിത ബൂത്തുകളാക്കി മാറ്റാൻ സാധിച്ചു. ശുചിത്വമിഷനുമായി ചേർന്ന് നടത്തിയ ഈ പരിപാടി സംസ്ഥാന തലത്തിൽ തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കൃഷി വിജ്ഞാൻ കേന്ദ്ര യുമായി ചേർന്നു നടത്തിയ 10 സെൻ്റ് ചേന കൃഷി നടന്നു വരുന്നു. 300 ഓളം ഔഷധ സസ്യങ്ങൾ വിവിധ ഭാഗങ്ങളിലും കുട്ടികളുടെ വീടുകളിലും നട്ടു പിടിപ്പിച്ച് കഴിഞ്ഞ ഓസോൺ ദിനാചരണവും, സുഗതകുമാരി, ഓർമ്മ ദിനവും ആചരിച്ചു. കഴിഞ്ഞ വർഷം എസ്.പി. സി. ദിനാചരണം ദശദിനങ്ങളിലായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രക്തദാന ബോധവത്കരണം , ഹോമിയോപ്പതി, കൊറോണക്കാലത്തെ സൗഹൃദം, കോവിഡ് അറിയേണ്ടുന്ന കാര്യങ്ങൾ, ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസുകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. എസ്.പി.സി. പദ്ധതിയുടെ പരിപാടികളായ ഒരു വയറൂട്ടാം എന്നതിൻ്റെ ഭാഗമായി സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകി. ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമ്മാനങ്ങളും പുസ്തകങ്ങളും നൽകി. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടിക്ക് ധനസഹായവും പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേശയും കസേരയും നൽകി. എസ്.പി സി പദ്ധതിയുടെ ജനോപകാര പ്രധാനമായ പരിപാടികൾ മുൻനിർത്തി കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്ത് 30,000 രൂപ തനതു ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. പ്രവർത്തന മികവ് കൊണ്ട് സംസ്ഥാന എസ്.പി.സി കോർ കമ്മറ്റി അംഗമാകാൻ സ്കൂളിലെ എസ്.പി.സി സി.പി.ഒ ആയ ലതീഷ് പുതിയടത്തിനെ തെരഞ്ഞെടുത്തിരുന്നു. സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്ലാസിൽ ജലസംരക്ഷണത്തെ കുറിച്ച് ക്ലാസ് കൈകാര്യം ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്. ഇ വിശ്രീഹരി , ഗോപിക പ്രദീപ് എന്നീ കേഡറ്റുകൾക്ക് സംസ്ഥാന തലത്തിൽ നടക്കുന്ന ഓൺ ലൈൻ പരിപാടികളിൽ പല പ്രമുഖരോടും ചോദ്യങ്ങൾ ചോദിക്കാനുള്ള മത്സരങ്ങളിൽ വിജയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എസ്.പി.സി കോർ കമ്മറ്റി മീറ്റിംഗിൽ ആണ് കണ്ണൂർ റുറൽ പോലീസ് ജില്ലയിലെ മികച്ച സ്കൂളായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിനെ തെരഞ്ഞെടുത്ത പ്രഖ്യാപനം ഉണ്ടായത്. സ്കൂൾ എസ്.പി.സി. പ്രവർത്തനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമുണ്ടായത്. സ്കൂൾ എസ്.പി സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അഡ്വൈസറി ബോർഡും ഗാർഡിയൻ എസ്.പി.സി യും ആണ്. എസ്.പി സി പ്രവർത്തനങ്ങൾക്ക് പരിയാരം പോലീസ് ഇൻസ്പെക്ടർ ജിജോ സ്കൂൾ പ്രിൻസിപ്പാൾ പി.വി ലീന , പ്രധാനധ്യാപിക എ എം രാജമ്മ ,പിടിഎ പ്രസിഡൻ്റ് കെ.സി സതീശൻ , ഗാർഡിയൻ പ്രസിഡൻ്റ് മനോജ് കെെപ്രത്ത്, ലതീഷ് പുതിയടത്ത്, എം.സിൽജ. ഡ്രില്ലിംഗ് ഇൻസ്ട്രക്ടർ മാരായ സഹദേവൻ , അമൃത എന്നിവർ നേതൃത്വം നൽകുന്നു.

സുന്ദർലാൽ ബഹുഗുണയ്ക്കായി ഫലവൃക്ഷ വനം

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ് , മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിൽ സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി ഫലവൃക്ഷ വനമൊരുക്കുന്നു. അതിൻ്റെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ കല്യാശ്ശേരി എം എൽ എ എം.വിജിൻ നിർവഹിച്ചു. വിവിധ തരത്തിലുള്ള ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തയ്യാറാക്കിയിട്ടുണ്ട്. ഓരോ മരത്തിനും ഓരോ പേരു ചൊല്ലി വിളിച്ച് സംരക്ഷിക്കും. എം എൽ എ നട്ടമരത്തിന് സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി സുഗത എന്ന നാമകരണം നൽകി. എം.പി. വിരേന്ദ്രകുമാറിൻ്റെ ഓർമ്മയ്ക്കായി പഞ്ചായത്ത് പ്രസിഡൻറ് നട്ട മരത്തിന് വീരേന്ദ്ര് എന്ന നാമവും നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുലജ, വൈസ്. പ്രസിഡൻ്റ് എം. മോഹനൻ, വാർഡ് മെമ്പർ ബേബി മനോഹരൻ, പി ടി എ പ്രസിഡൻ്റ് സതീശൻ

കെ.സി, മനോജ് കെെപ്രത്ത്, പോലീസ് ഓഫിസറായ സഹദേവൻ പ്രധാനധ്യാപിക എ എം രാജമ്മ , ലതീഷ് പുതിയടത്ത്, എം സിൽജ എന്നിവർ പങ്കെടുത്തു.

കൂട്ടുകൂടാൻ വീട്ടിലേക്ക്

വായനയെ കൂട്ടുപിടിച്ച് അറിവിൻ്റെ വാതായനങ്ങൾ തുറന്ന് മിടുക്കരായി വളരാൻ കുട്ടികളുടെ വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പ്രവർത്തനത്തിന് കടന്നപ്പള്ളി സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഉദ്ഘാടനം ബഹു. കല്യാശ്ശേരി എം.എൽ.എ എം. വിജിൻ നിർവഹിച്ചു. ചടങ്ങിൽ കറ എന്ന ഹ്രസ്വ സിനിമയിലെ അഭിനയത്തിന് ഭരത് മുരളി മീഡിയ ഹബ് ഓൺലൈൻ അവാർഡിൽ മികച്ച ബാലനടനായി തെരഞ്ഞെടുത്ത ജൂനിയർ കേഡറ്റ് മാസ്റ്റർ ഋഷികേശ് സതീശനെ അനുമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബേബി മനോഹരൻ, പി ടി എ പ്രസിഡൻറ് കെ.സി സതീശൻ പ്രിൻസിപ്പാൾ പി.വി. ലീന , പ്രധാനധ്യാപിക എ.എം രാജമ്മ, മനോജ് കൈപ്രത്ത്, ഋഷികേശ് സതീശൻ , രവി എം ലതിഷ് പുതിയടത്ത്, സിൽജ.എം

എന്നിവർ പങ്കെടുത്തു.

ഹെലൻ കെല്ലർ ദിനാചാരണം

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻ്റ് കണ്ണൂർ താലൂക്ക് യൂണിറ്റിന്റെയും എസ്.പി.സി ജി എച്ച് എസ് എസ് കടന്നപ്പള്ളി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ

ഹെലൻ കെല്ലർ ദിനാചരണം നടത്തി ഹെലൻ കെല്ലറുടെ ജീവിതയാത്രയെക്കുറിച്ചും പ്രതിസന്ധികളെ മറികടന്നു അവർ നേടിയെടുത്ത വിജയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന പ്രഭാഷണവും വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും, ഹെലൻ കെല്ലറിന്റെ ജീവിതം എന്ന വിഷയത്തിൽ ഒരു പ്രസംഗമത്സരവും സംഘടിപ്പിച്ചു. ഉദ്ഘാടനം കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക എ എം രാജമ്മ നിർവഹിച്ചു.

ഹെലൻ കെല്ലർ അനുസ്മരണം കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ രമേശൻ പുന്നത്തിരിയൻ നിർവഹിച്ചു ടി. വി തമ്പാൻ , കെ. കെ സക്കറിയ ,ടി. എൻ മുരളിധരൻ, എം സാജിദ് , ടി.ചിത്ര , എം. ശിവദാസൻ ,കെ. സി. സതീശൻ ,മനോജ്‌ കൈപ്രത്ത് ,ടി. പ്രശാന്ത് എന്നിവർ സംസാരിച്ചു

ഓണത്തിന് ഒരു കൊട്ടപ്പൂവ്

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി ഗവ.ഹയർ സെക്കൻററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും കടന്നപ്പള്ളി കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പൂകൃഷിയുടെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ നിർവഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ വി.വി ജിതിൻ മുഖ്യാതിഥിയായി. പ്രധാനധ്യാപിക എ എം രാജമ്മ, മനോജ് കൈ പ്രത്ത്, ലതിഷ് പുതിയടത്ത്, സന്തോഷ് കുമാർ, എ. ഷൈജു, എം.രവി, കെ.പി.പ്രേമലത തുടങ്ങിയവർ സംസാരിച്ചു.

കെ. എസ്. ഇ .ബി ജീവനക്കാർക്ക് ആദരം

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പന്ത്രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് കടന്നപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കെ എസ് ഇ ബി മാതമംഗലം സെക്ഷൻ ഓഫീസിലെ ജീവനക്കാരെ ആദരിച്ചു.പ്രധാനാധ്യാപകൻ. എം രവി ഉപഹാരം നല്കി. അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻജിനീയർ എ വി പ്രകാശൻ ഉപഹാരം ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് കെ.സി സതീശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാർസിയൻ പ്രസിഡണ്ട് മനോജ് കൈപ്രത്ത് ,അസി.എഞ്ചിനീയർ പി എസ് അബ്ദുൾ ബഷീർ, എം.സിൽജ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ലതീഷ് പുതിയടത്ത് സ്വാഗതവും കിരൺകുമാർ നന്ദിയും പറഞ്ഞു.

ഒളിമ്പ്യന് ആദരം

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഒളിമ്പ്യൻ കെ.എസ്. മാത്യു എന്നവരെ ആദരിച്ചു.ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് ആണ് ചടങ്ങ് നടത്തിയത് ചെറുപുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ

മാത്യു കാരിത്താങ്കൽ ചടങ്ങിൽ പങ്കെടുത്തു. പി ടി എ പ്രസിഡൻ്റ് കെ.സി. സതീശൻ ഉപഹാരം നൽകി. എസ്.പി.സി സ്പോർട്സ് ക്ലബ്ബ് ഫിറ്റ്സ് ൻ്റെ ഉദ്ഘാടനവും നടന്നു. ലതീഷ് പുതിയടത്ത്, കെ.പി.പ്രേമലത, ലിജോ വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അവബോധ പ്രതലം സൃഷ്ടിക്കലും പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനവും നടത്തി

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും മാതൃഭൂമി സീഡ് ൻ്റെയും നേതൃത്വത്തിൽ  ഗാന്ധിജയന്തി വാരാഘോഷം തുടങ്ങി. കുട്ടികൾ സ്കൂളും വീടും ശുചീകരിച്ചു. കുട്ടികളിൽ  പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ അവബോധം പ്രതലം സൃഷ്ടിക്കൽ  കൂടാതെ  പ്രകൃതി ചൂഷണങ്ങളെ ശാസ്ത്രീയമായി സമീപിച്ച്  അതിനെതിരെ പ്രതികരിക്കാനുള്ള പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനവും നടന്നു ചടങ്ങ് ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് കെ സി സതീശൻ നിർവഹിച്ചു. പിടിഎ വൈ. പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷനായി. പൗര ശാസ്ത്രജ്ഞർ പ്രഖ്യാപനം  പ്രധാനധ്യാപിക ബീന ടീച്ചർ നിർവ്വഹിച്ചു  ചടങ്ങിൽ എം.രവി , എ.സുബൈർ, എം.സുധിഷ, കെ.രതീഷ്  ലതീഷ് പുതിയടത്ത് , എം.സിൽജ . എം.ടി.ബാബു, കെ.പി പ്രേമലത, ഇ.വി.ശ്രീഹരി എന്നിവർ സംസാരിച്ചു.

പോലീസ് സ്മൃതിദിനം ആചരിച്ചു.

പരിയാരം പോലീസ് സ്റ്റേഷൻ്റെ കീഴിൽ വരുന്ന ജി എച്ച് എസ് എസ് കടന്നപ്പള്ളി, ജി എച്ച് എസ് എസ് ചെറുതാഴം , ജി എച്ച് എസ് പാച്ചേനി എന്നീ സ്കൂളുകളിലെ എസ്.പി സി യൂണിറ്റുകൾ ചേർന്ന് പോലീസ് സ്മൃതിദിനം ആചരിച്ചു. ചടങ്ങിൽ പരിയാരം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് സ്കൂളുകൾ നൽകിയ ആദരം സമർപ്പിച്ചു. ചടങ്ങിന് പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബു നേതൃത്വം നൽകി. പ്രിൻസിപ്പൽ എസ്. ഐ രൂപ മധുസൂദനൻ , കടന്നപ്പള്ളി സ്കൂൾ പിടിഎ പ്രസിഡൻറ് കെ.സി സതീശൻ, മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത്, സിൽജ. എം കെ .സന്തോഷ് , ചെറുതാഴം സ്കൂൾ പിടിഎ അംഗം എ ജയൻ മാസ്റ്റർ, രാജേഷ് പയ്യരട്ട, പാച്ചേനി സ്കൂളിലെ മുഹമ്മദ് റാഫി മാസ്റ്റർ, എസ്.പി.സി കേഡറ്റുകൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

സ്കൂളിലൊരു പച്ചക്കറി തോട്ടം

കടന്നപ്പള്ളി ഗവ.  ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും കടന്നപ്പള്ളി കൃഷിഭവനുമായി ചേർന്ന് സ്കൂളിലൊരു പച്ചക്കറി തോട്ടം ഒരുക്കി. പദ്ധതിയുടെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ നിർവഹിച്ചു. കൃഷി ഓഫീസർ ജിതിൻ വി വി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ബേബി മനോഹരൻ തൈകൾ കൈമാറി . പി ടി എ പ്രസിഡൻറ് കെ.സി. സതീശൻ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ. ഹെഡ്മിസ്ട്രസ് സി.പി. ബീന, മനോജ് കൈപ്രത്ത് ,  ലതീഷ് പുതിയടത്ത്, എം.സിൽജ , സുധിഷ.എം എന്നിവർ സംസാരിച്ചു.

കാവലായ് ഒരു കൈത്തിരി  

കണ്ണൂർ ജില്ല പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ചൈൽഡ് ലൈൻ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ, കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ സംരക്ഷണ ദീപം തെളിയിക്കാനും പ്രതിജ്ഞ ചെയ്യാനും GHSS കടന്നപ്പള്ളിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റും അണി ചേർന്നു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് കെ.സി. സതീശൻ അധ്യക്ഷനായി. പരിയാരം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ ദീപം കൈമാറി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി സുധാകരൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻറ് മനോജ് കൈപ്രത്ത്, ലതീഷ് പുതിയടത്ത് , കേഡറ്റുമാരായ ഗോപിക പ്രദീപ്, ഇ.വി. ശ്രീഹരി എന്നിവർ സംസാരിച്ചു, അധ്യാപകരും, രക്ഷിതാക്കളും, പിടിഎ അംഗങ്ങളും , നാട്ടുകാരും, കേഡറ്റുകളും   പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടന്ന ചടങ്ങ് , കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് ശക്തമായ താക്കീത് നൽകാനും അങ്ങനെ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സാമൂഹ്യ  പ്രതിബന്ധത വളർത്താനും  സാധിച്ചു.

ഭരണഘടന ദിനാചരണം

കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ഭരണഘടന ദിനം, സ്ത്രീധന വിരുദ്ധ ദിനം എന്നിവ ആചരിച്ചു.  പ്രധാനധ്യാപിക  സി. പി. ബീന യുടെ അധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ . കെ. രതീഷ് നിർവഹിച്ചു. ഓരോ ഭാരതീയൻ്റെയും വീടുകളിൽ സൂക്ഷിക്കുന്ന തരത്തിൽ ഭരണഘടനയെ നമ്മൾ സ്വീകരിക്കേണ്ടുന്നതിൻ്റെ ആവശ്യകത ഓർമ്മപ്പെടുത്തി. ഭരണഘടനയുടെ ആമുഖാവതരണം സീനിയർ കേഡറ്റ്  ദേവിക എം നടത്തി. തദവസരത്തിൽ സ്കൂൾ ഭരണഘടനയുടെ പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലതീഷ് പുതിയടത്ത് , എം. സിൽജ. കേഡറ്റുകളായ ഗോപിക പ്രദീപ്, ആകാശ് പ്രദീപ് എന്നിവർ സംസാരിച്ചു.

ലോക എയ്ഡ്സ് ദിനം ആചരിച്ചു.

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും , കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം , മാതൃഭൂമി സീഡ് എന്നിവയുമായി ചേർന്ന് ലോക എയ്ഡ്സ് ദിനാചരണം നടത്തി.  ഹെൽത്ത് ഇൻസ്പെക്ടർ ടി.വി കൃഷ്ണൻ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എം.രവീന്ദ്രൻ, എം.വി പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ധാരണവും ഐക്യദീപം തെളിയിക്കലും നടത്തി. ചടങ്ങിൽ പ്രധാനധ്യാപിക സി.പി ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ , എം.സുധിഷ, പി.ശൈലജ, കെ.പി. പ്രേമലത എന്നിവർ സംസാരിച്ചു.

ധ്യാൻചന്ദ് അവാർഡ് ജേതാവായ കെ.സി.ലേഖ യ്ക്ക് ആദരം

പിലാത്തറ റോട്ടറി ക്ലബും കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും ചേർന്ന് ധ്യാൻചന്ദ് പുരസ്ക്കാര ജേതാവ് കെ.സി.ലേഖയെ ആദരിച്ചു. പ്രമോദ് നായനാർ ഉദ്ഘാടനവും ആദര സമർപ്പണവും നടത്തി. പി.വി.സുരേന്ദ്രനാഥ് പ്രതിഭാ പരിചയം നടത്തി. ചടങ്ങിൽ കെ.സി സതി ശൻ , ഹരീഷ് കക്കീൽ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ , പ്രധാനധ്യാപിക സി.പി. ബീന മനോജ് കൈപ്രത്ത് , ലതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.

ഭിന്നശേഷി ദിനാചരണം

സ്നേഹത്തണൽ എന്ന പേരിൽ ഭിന്നശേഷി കുട്ടികളെ ഒന്നിച്ചു നിർത്തുകയും അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്ത പരിപാടി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും മാതൃഭൂമി സീഡ് ക്ലബിൻ്റെയും നേതൃത്വത്തിൽ നടന്നു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിൽ വനം വകുപ്പ് നടത്തിയ പരിസ്ഥിതി ക്വിസിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഇ.വി. ശ്രീഹരിയെ അനുമോദിച്ചു. പ്രധാനധ്യാപിക സി.പി. ബീനയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റർ ടി. സുരേഷ്, ലതീഷ് പുതിയടത്ത്, സജിന പത്മനാഭൻ, കെ.വി. മനീഷ, എം.സിൽജ എന്നിവർ സംസാരിച്ചു.

ആരോഗ്യ സാക്ഷരത ക്ലാസ്

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയും, കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ലോക എയ്ഡ്സ് ദിനാചരണ ത്തിൻ്റെ ഭാഗമായി ആരോഗ്യ സാക്ഷരത ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.വി കൃഷ്ണൻ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എം.രവീന്ദ്രൻ, എം.വി പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ധാരണവും ഐക്യദീപം തെളിയിക്കലും നടത്തി. ചടങ്ങിൽ പ്രധാനധ്യാപിക സി.പി ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ , എം.സുധിഷ, പി.ശൈലജ, കെ.പി. പ്രേമലത എന്നിവർ സംസാരിച്ചു.

സാർത്ഥകം 2021 അവധിക്കാല ക്യാമ്പ്

കടന്നപ്പള്ളി ഗവ.ഹയർ സെക്കൻററി സ്കൂൾ സ്റ്റുഡൻ്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് തുടങ്ങി. പരിയാരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ബാബു പതാക ഉയർത്തി. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുലജ നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് മനോജ് കെെപ്രത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ. മോഹനൻ പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് എസ്.പി സിക്ക് അനുവദിച്ച തുക കൈമാറി. മുൻപിടിഎ പ്രസിഡൻ്റ് കെ.സി.സതീശനെ ആദരിച്ചു. വെള്ളത്തിൽ മുങ്ങി താഴ്ന്ന മൂന്ന് ജീവനെ രക്ഷപ്പെടുത്താനുള്ള ധീരത കാട്ടിയ ജൂനിയർ കേഡറ്റ് ആയ ശീതൾ ശശിയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ഐ വത്സല ടീച്ചർ അനുമോദിച്ചു.  കണ്ണൂർ റൂറൽ ജില്ല എസ്. പി.സി അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ  സി.വി. തമ്പാൻ ക്യാമ്പ് വിശദീകരണം നടത്തി. വിഭവ സമാഹരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബേബി മനോഹരൻ നടത്തി. പഞ്ചായത്ത് സിക്രട്ടറി പി. രാജീവൻ, പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ.കെ, ഹെഡ്മിസ്ട്രസ് സി.പി. ബീന, കെ.സി. സതീശൻ, രാജേഷ് പി വി, സന്തോഷ് കുമാർ ടി വി , അമൃത സി.എം,  ലതീഷ് പുതിയടത്ത്, സിൽജ എംഎന്നിവർ സംസാരിച്ചു.

പച്ചക്കറി വിളവെടുപ്പ്

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മാതൃഭൂമി സീഡ് ക്ലബ് എന്നിവ കടന്നപ്പള്ളി പാണപ്പുഴ കൃഷിഭവനുമായി ചേർന്ന് നടത്തിയ പച്ചക്കറി വിളവെടുപ്പ് നടത്തി. ക്യാബേജ് , കോളി ഫ്ലവർ, തക്കാളി, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. ഉദ്ഘാടനം കൃഷി ഓഫീസർ ജിതിൻ.വി .വി നിർവഹിച്ചു.  പി ടി എ പ്രസിഡൻ്റ് മനോജ് കെെപ്രത്ത് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബീന സി.പി, സന്തോഷ് കുമാർ. ടി.വി, സുബൈർ. എ, വിക്ടോറിയ ജി, വിജേഷ് കെ.വി. സിൽജ .എം ലതീഷ് പുതിയടത്ത് , ആകാശ് പ്രദീപ് എന്നിവർ സംസാരിച്ചു.

മനുഷ്യാവകാശ ദിനം

കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു . മനുഷ്യാവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ സീനിയർ കേഡറ്റ് ശ്രീഹരി ഇ.വി സംസാരിച്ചു. എ. കാർത്തിക് , എം. ദേവിക, പി.വി.ശ്രാവൺ, ഋഷികേശ് സതീശൻ , ആലിംസിയ എന്നീ കേഡറ്റുകൾ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് മനുഷ്യാവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള  ബോധം സൃഷ്ടിക്കാൻ അവബോധ പ്രതലം, കൈപ്പട എന്നീ  പരിപാടികൾ സംഘടിപ്പിച്ചു.  പ്രധാനധ്യാപിക സി.പി. ബീന, ലതീഷ് പുതിയടത്ത്, എം.സിൽജ, പി.കീർത്തന, എം. ആര്യ എന്നിവർ സംസാരിച്ചു.