ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/അകക്കാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അകക്കാമ്പ്

ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച പ്ലേഗിനും കോളറക്കും ശേഷം ലോകം ഇന്ന് കോവിഡ് 19 എന്ന മറ്റൊരു മഹാമാരി കൂടി നേരിടുകയാണ്.2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിലാണ് ആദ്യ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്.മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ച് ലക്ഷക്കണക്കിന് ജീവൻ അപഹരിച്ചു കഴി‍‍ഞ്ഞു.എന്നിട്ടും ഈ മഹാമാരിയെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈ കാലഘട്ടത്തിൽ ആരോഗ്യ പരിപാലനം, വ്യക്തി ശുചിത്വം, രോഗപ്രതിരോധശേഷി എന്നിവക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.
മുഖാവരണം ധരിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ വഴി നമുക്ക് കൊറോണ വൈറസ് വ്യാപനം ഒരു പരിധി വരെ തടയാൻ സാധിക്കും .കോവിഡ് 19 മാത്രമല്ല മറ്റു പല സാംക്രമിക രോഗങ്ങളും ഈ നിർദ്ദേശങ്ങൾ പാലിക്കുക വഴി നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കും .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറേണ്ടിയിരിക്കുന്നു. ഇതിനായി നാം അൽപ സമയം മാറ്റി വെക്കുക തന്നെ വേണം.ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത നമ്മെ ഭീതിപ്പെടുത്തുന്നതാണ്.ഇന്ത്യയിലെ കോവിഡ് 19 വ്യാപനം തടയുന്നതിൽ ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധി പത്തുലക്ഷത്തോളം പേർ ഈ ചേരിയിൽ തിങ്ങിപ്പാർക്കുന്ന എന്നതാണ് .ഒറ്റമുറി വീടുകളിൽ നാലും അഞ്ചും പേർ താമസിക്കുന്നതിനാൽ ഇവിടുത്തെ രോഗ വ്യാപനം വളരെ വേഗം നടക്കുന്നു.വൃത്തിഹീനമായ തെരുവുകളും മലിനജലം ഒഴുകുന്ന ഡ്രെയ്‌നേജുകളുമെല്ലാം മൂലം ഇവിടെ മറ്റു പല സാംക്രമിക രോഗങ്ങളുടെയും പ്രഭവകേന്ദ്രമാണ്.ആയതിനാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്.
കോവിഡ് 19 ഉൾപ്പെടെ മറ്റു പല രോഗങ്ങളും ബാധിക്കുന്നതു നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെയാണ്. ഗുരുതരമായ കരൾ രോഗമുള്ളവരിലും ഹൃദയ സംബന്ധമായ രോഗമുള്ളവരിലും ജീവിതശൈലി രോഗമുള്ളവരിലുമാണ് കോവിഡ് 19 രോഗം ഗുരുതരമായി ബാധിക്കുന്നത് .ഇതിനു പ്രധാനകാരണം അവരിലെ രോഗപ്രതിരോധശേഷിയുടെ കുറവാണ്. കേരളത്തിൽ മരിച്ചവരിൽ രണ്ടുപേർക്കു ഗുരുതരമായ കരൾ രോഗവും വൃക്ക സംബന്ധമായ രോഗവും ഉണ്ടായിരുന്നു എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ജങ്ക് ഫുഡിന്റെ ഈ കാലഘട്ടത്തിൽ ജീവിതശൈലി രോഗമുള്ളവരുടെയും ക്യാൻസർ രോഗികളുടെയും എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ കൊച്ചു കേരളമാണ് എന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ജീവിതശൈലിയിൽ വന്ന മാറ്റം നമ്മുടെ ഇടയിൽ രോഗികളുടെ എണ്ണവും വർധിപ്പിക്കുന്നു.കുടുംബത്തിൽ ഒരാൾക്കെങ്കിലും ജീവിതശൈലി രോഗമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഇല്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു.വിഷമയമായ ഭക്ഷ്യസാധനങ്ങളും ഫാസ്റ്റ് ഫുഡിനോടുള്ള അതിയായ ആസക്തിയും കേരളീയരെ രോഗികളാക്കിയിരിക്കുന്നു. ജീവിത തിരക്കുകൾക്കിടയിൽ ആരും അവരവരുടെ ആരോഗ്യത്തെപറ്റി ചിന്തിക്കുന്നില്ല.എന്നിരുന്നാലും സർക്കാരിന്റെ 'ഒരു മുറം പച്ചക്കറി' പദ്ധതി പോലുള്ള സംരഭങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ സ്വന്തം കൃഷി എന്ന ആശയം വരാർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.
സാധാരണയായി മഴക്കാലത്താണ് നമ്മുടെ കൊച്ചുകേരളത്തിൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാറുള്ളത് .മഴവെള്ളം കെട്ടികിടക്കുന്ന സാഹചര്യത്തിൽ വളരുന്ന കൊതുകുകൾ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പല രോഗങ്ങളും പരത്താറുണ്ട് . ഇതോടൊപ്പം മഞ്ഞപ്പിത്തവും എലിപ്പനിയും കോളറയും നമ്മുടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യാറുണ്ട് . ആരോഗ്യപ്രവർത്തകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും കൊതുകുനശീകരണ പ്രവർത്തനങ്ങളും നമ്മുടെ ഇടയിൽ സാംക്രമിക രോഗങ്ങൾ തടയാൻ സഹായിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഉണ്ടായ പ്രളയകാലത്ത് നാം സാംക്രമിക രോഗങ്ങളെ അതിജീവിച്ചത് ആരോഗ്യപ്രവർത്തകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതുകൊണ്ടാണ് .എന്നാൽ കോവിഡ് 19 ന്റെ ഈ സാഹചര്യത്തിൽ നാം മഴക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാൻ മുൻകരുതലെടുക്കാൻ വൈകുകയാണ്.ഈ കോവിഡ് 19 നോടൊപ്പം മറ്റു സാംക്രമിക രോഗങ്ങളും പടരാൻ സാധ്യതയുണ്ട്.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ ലോകം സമ്പൂർണ അടച്ചുപൂട്ടലിലാണ്.ഈ സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവരുന്നുണ്ട്. വിനാശകരമായ രീതിയിൽ പുകതുപ്പുന്ന ഫാക്ടറികളും വാഹനങ്ങളും നമ്മുടെ പ്രകൃതിയെ വിഷമയമാക്കിയിരുന്നു.കാർബൺ സംയുക്തങ്ങൾ ശ്വസിച്ച്‌ അർബുദം ബാധിച്ച ഭൂമിയുടെ ശ്വാസകോശങ്ങൾക്കു ഈ ലോക്ക് ഡൗൺ ഒരാശ്വാസമാണ്.പരിസരമലിനീകരണം കുറക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നാം പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.ഇതുവഴി റോഡരികുകളിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറഞ്ഞു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ദഹിക്കാൻ കഴിയാതിരുന്ന ഭൂമിക്കു പ്ലാസ്റ്റിക് നിരോധനവും ഒരു ആശ്വാസമായി.ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ സംതുലനാവസ്ഥയെ താളം തെറ്റിച്ചു. ഭൂമിയിൽ ഒരിക്കലും നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലേക്കാണ് മനുഷ്യർ വലിച്ചെറിഞ്ഞിരുന്നത്. പ്രളയകാലത്തു നിറഞ്ഞൊഴുകിയ പുഴകൾ ആ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ കരയിലെത്തിച്ചു.പ്ലാസ്റ്റിക് നിരോധനവും നമ്മുടെ പരിസര ശുചിത്വത്തിന്റെ ഭാഗമാണ്.
കോവിഡ് 19 എന്ന രോഗത്തിന്റെ മരുന്ന് കണ്ടെത്താൻ ഒരു വർഷത്തോളമെടുക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുക്കൂട്ടൽ.ഇത്തരം ഒരു സാഹചര്യത്തിൽ നാം ഭയപ്പെടുകയില്ല , ജാഗ്രതപുലർത്തുകയാണ് വേണ്ടത്.19-ാംനൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച പ്ളേഗ് രോഗം ഇന്ന് ഈ ലോകത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു.ആധുനിക സാങ്കേതികവിദ്യയുടെ ഈ കാലത്ത് പുരോഗമിച്ച ചികിത്സാസൗകര്യങ്ങൾ ഉപയോഗിച്ച് കോവിഡ് 19 നേയും നമുക്ക് ഈ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാൻ കഴിയും.ലോകത്തെ പല വികസിത രാജ്യങ്ങൾക്കും ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.വ്യവസായങ്ങളിൽ മാത്രം പുരോഗമിച്ച രാജ്യങ്ങൾ ചികിത്സാരംഗത്ത് വേണ്ടത്ര പരിഗണന നൽകിയില്ല എന്നതാണ് ഇതിനു പ്രധാന കാരണം.എന്നാൽ ഈ സാഹചര്യത്തിലും ഇന്ത്യ കോവിഡ് 19 നിയന്ത്രണങ്ങൾ നടപ്പിലാക്കി വരുന്നു.പ്രത്യേകിച്ചും കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്.നിർണായകമായ പ്രതിരോധപ്രവർത്തനങ്ങളും മത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായായ്മയും പ്രളയകാലത്തും നിപ്പാ പനിയുടെ കാലത്തും ഇപ്പോൾ ഈ കോവിഡ് 19ന്റെ കാലത്തും ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് ആകർഷിച്ചു.നമ്മൾ വ്യക്തിപരമായി അകന്നിരുന്ന് മനസുകൊണ്ട് അടുത്തിരുന്ന് ഈ കോവിഡ് 19 നെ ചെറുക്കാൻ പരിശ്രമിക്കാം.

ജിസ്ന ജോയ്
10 എ ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം