ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം
സഹ്യന്റെ മടിത്തട്ടിലെ കുടിയേറ്റ കർഷകരുടെയും തൊഴിലാളികളുടെയും മക്കൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുത്ത കൈതപ്പൊയിൽ ജി എം യു പി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു. 1949 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ബേസിക് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. കൊടപ്പനക്കൽ ബീരാൻകുട്ടി, കുഴിയിൽ മാത്യു, കളത്തിൽ ഹസൻ ഹാജി മുതലായവരുടെ ശ്രമഫലമായി കൈപ്പത്തൊടിക്കാരുടെ വാടക കെട്ടിടത്തിൽ തുടങ്ങിയ സ്കൂൾ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമാണ്.
1974 ബേസിക് എലിമെന്ററി സ്കൂൾ, യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . അക്കാലം മുതൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്കൂളായി ജി എം യു പി എസ് കൈതപ്പൊയിൽ മാറിയിരുന്നു. അന്ന് രണ്ട് ഷിഫ്റ്റുകളിൽ ആയിരുന്നു പഠനം നടന്നിരുന്നത്. 1987 ൽ ചമ്മരംപറ്റയിൽ സ്വന്തമായി സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്കൂൾ കൈതപ്പൊയിൽ തന്നെ നിലനിർത്തണമെന്ന് രക്ഷിതാക്കളുടെ ആവശ്യത്തെ തുടർന്ന് കൈതപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ മദ്രസാ കെട്ടിടം ഉപയോഗിച്ച് സെഷനൽ സമ്പ്രദായം അവസാനിപ്പിച്ച് കൈതപ്പൊയിലിൽ തന്നെ പ്രവർത്തനം തുടരുകയായിരുന്നു.
തിരുവമ്പാടി മുൻ എംഎൽഎ യശശരീരനായ ശ്രീ മോയിൻകുട്ടിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘത്തിന്റെ ഇടപെടലിലൂടെ കൊയപ്പത്തൊടി കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് 2003 ൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. സർക്കാറിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ആവശ്യമായ കെട്ടിടങ്ങളും ക്ലാസ് മുറികളും പണിത് മുഴുവൻ സൗകര്യങ്ങളുമായാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം കേരള സർക്കാരിന്റെ ഒരുകോടി ഫണ്ട് ഉപയോഗിച്ച് മികച്ച കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. അതിൽ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബ്, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസുകൾ, പാചകപ്പുര, ഓഡിറ്റോറിയം മുതലായവ പൂർത്തീകരിച്ചു.