ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      
      ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ചു കേരളത്തിലും പിശാചിന്റെ കരങ്ങൾ ആഴ്ന്നിറങ്ങിയിരിക്കുന്നു . പലതരത്തിലും പലനാമങ്ങളിലുമായി അവൻ ഇവിടെ വിലസിനടക്കുന്നു . ആദ്യം ഒരു പ്രളയമായിട്ടായിരുന്നു അവന്റെ വരവ്. നമ്മുടെ നാടും നാട്ടുകാരമെല്ലാം ചേർന്ന് ഒറ്റക്കെട്ടായി നിന്ന് അതിനെ അതിജീവിച്ചു . അവന്റെ അടുത്ത വരവായിരുന്നു നിപ്പ എന്ന വൈറസിന്റെ രൂപത്തിൽ. അതിൽ നമുക്ക് ഏറ്റവും വിലപ്പെട്ട ഒരു മാലാഖയടക്കം മറ്റു കുറച്ച് നല്ല ആൾക്കാരുടെയും ജീവൻ ബലികൊടുക്കേണ്ടി വന്നെങ്കിലും അതിലും നമ്മൾ അതിജീവിച്ചു .അവന്റെ അടുത്ത വരവ് വീണ്ടും പഴയതു പോലെ പ്രളയരൂപത്തിൽ തന്നെയായിരുന്നു .കേരളത്തിന്റെ സ്വന്തം സൈന്യം എന്നു വിശേഷിപ്പിക്കാവുന്ന പ്രവർത്തിയുമായി മത്സ്യത്തൊഴിലാളികളും നല്ലവരായ എല്ലാ നാട്ടുകാരും ചേർന്ന് വലിയ അത്യാഹിതത്തിൽ നിന്ന് വീണ്ടും നാടിനെ രക്ഷിച്ചു. നമ്മൾ അതിജീവിച്ചു . ഇനി കുഴപ്പമില്ല. എല്ലാം നന്നായിട്ടു തന്നെ നടക്കുന്നു എന്ന് നമ്മൾ ആശ്വസിച്ചു . എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതം ഇനി  എന്ത് എന്ന് തീരുമാനിക്കുന്ന പത്താം തരത്തിലെ പൊതുപരീക്ഷയുടെ കാലമായിരുന്നു . അന്നേരമാണ് ഞാൻ വായിച്ചറിയുന്നത് കൊറോണ എന്ന ഒരു രോഗം അങ്ങ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും അത് അവിടങ്ങളിൽ വന ആൾനാശം പടർത്തിക്കൊണ്ടിരിക്കയാണെന്നും. പക്ഷെ നമ്മൾക്കിവിടെ കേരളത്തിൽ ഒന്നും പേടിക്കേണ്ടെന്നും നമ്മുടെ പരീക്ഷകളൊക്കെ നന്നായി നടന്നു പോകുമെന്നും മറ്റുള്ളവരെ പോലെ ഞാനും കരുതി. പക്ഷെ വിരലിലെണ്ണാവുന്ന ദിനങ്ങൾകൊണ്ട് അവൻ കോവിഡ് 19 എന്ന പേരിൽ നമ്മുടെ ഇന്ത്യ അടക്കം ലോകത്തിന്റെ പല ഭാഗങ്ങളും കൈപ്പിടിയിലൊതുക്കി . ഏറെ ഉത്സാഹത്തോടെ ഞാൻ എഴുതിക്കൊണ്ടിരുന്ന പൊതുപരീക്ഷയും പാതിവഴിയിൽ നിർത്തേണ്ടിവന്നു . ഇതും നമ്മൾ അതിജീവിക്കുമെന്നും പഴയതുപോലെ തന്നെ അത്യുത്സാഹത്തോടുകൂടി എനിക്ക് എന്റെ പരീക്ഷകളൊക്കെ എഴുതി തീർക്കാനും പറ്റുമെന്ന് ഇന്നും ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും നന്മകൾമാത്രം ഉണ്ടാകുന്ന ആ നല്ല നാളേക്കുവേണ്ടി എന്റെ കൊച്ചുകേരളത്തോടൊപ്പം ഞാനും കൈകോർക്കുന്നു.
അനുശ്രീ ജെ ദിനേശ്
10 എ ജി എച്ച് എസ് എസ് മടിക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ