ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയും പോലീസും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പോലീസും


ഒരിക്കൽ ഒരു നാട്ടിൻപുറത്തെ മരവൃക്ഷച്ചുവട്ടിലിരുന്ന് നാട്ടുകാരിലെ ചില, നിഷേധികളെന്നു പറഞ്ഞുപൊങ്ങിനിന്ന മനുഷ്യർ സ്വർഗ്ഗീയസല്ലാപങ്ങളിൽ മുഴുകിയപോലെ ചീട്ടുകളിയിൽ ഏ‍ർപ്പെട്ടിരിക്കുന്നു.ഹനുമാൻ സൂര്യനെ വിഴുങ്ങാൻ കൊതിച്ച് തിരികെപ്പോന്നപോലെ കൊറോണയും തങ്ങളുടെ പ്രഭാവലയത്തെ മുറിച്ചുകടക്കാൻ ഒരുമ്പെടില്ല എന്ന വിശ്വാസമാണോ,അതോ കായികവീര്യത്തിലും മനോവീര്യത്തിലും എന്നോട് മല്ലിടാനാരുമില്ലെന്ന അമിതാവേശമാണോ ഇങ്ങനെ ദുഖങ്ങൾക്കിടയിലും സുഖിച്ചുനടക്കാൻ ഇവരെ സഹായിക്കുന്നതെന്നറിയില്ല.
"ഹ...ഹ...ആ പണമിങ്ങു തന്നേര്. എന്നോട് കളിച്ചാലിങ്ങനിരിക്കും.ഒരാൾ പറഞ്ഞു."
അപ്പോഴാണ് വൈദ്യനായ ഒരാൾ വരുന്നതവർ കണ്ടത്.അയാളെ കണ്ടപ്പോൾത്തന്നെ പലരും മുഖം കറുപ്പിച്ചു.
ഡോക്ടർ ഒന്നുപദേശിക്കാൻ തീരുമാനിച്ചു :"അതേ കൂട്ടരേ,ഈ കൊറോണക്കാലത്തെങ്കിലും ഈ ചീട്ടുകളി ഒഴിവാക്കരുതോ നമ്മുടെ ഗ്രാമത്തിനടുത്തായി ഒരാൾക്ക് കൊറോണ സ്ഥരീകരിച്ചുവല്ലോ."
"ഒന്നു പോ എന്റെ സാറേ..പണി ചെയ്തന്നെയാ ഞങ്ങളും ജീവിക്കുന്നേ.ഇപ്പോ അതില്ലാത്തതു കൊണ്ട് ചീട്ടുകളിച്ചു.ഏതായാലും ഭാഗ്യൊള്ളോന് കൊറേശ്ശെ പണം കിട്ടും."മറ്റൊരാൾ ചെറുതായിപ്പറഞ്ഞു.
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു:" കൊറോണയ്ക്ക് പാവമെന്നോ ധനികനെന്നോ ഉള്ള അന്തരമില്ല.ഇങ്ങനെ ചീട്ടുകളിക്കുന്നതുവഴി കുറച്ചുപേരുടേങ്കിലും ജീവിതം കഷ്ടത്തിലാവൂല്ലേ?അവ‍ർക്കും ജീവിക്കേണ്ടേ?ഉള്ളതുകൊണ്ട് ഉണ്ണാനല്ലേ നാം ശീലിച്ചത്,ശീലിക്കേണ്ടത്...?"
വണ്ണമുള്ള ഒരാൾ ചൊടിച്ചു കൊണ്ടു പറഞ്ഞു:" ഞഹ്ങക്ക് തന്നെ ഉണ്ണാനില്ല,അപ്പൊഴാ മറ്റൊള്ളോർക്ക്...സാറ് വേഗം വിട്ടോ,ഇവിടം അത്ര നല്ല സ്ഥലമല്ല."
ഇവരോടൊന്നും പറഞ്ഞിട്ടു കാര്യമില്ല എന്ന തരത്തിൽ ഡോക്ടർ കുറച്ചു മുന്നോട്ടു നടന്നു. അപ്പോഴുണ്ട് ഒരു ജീപ്പിന്റെ ഇരമ്പിക്കയറുന്ന ശബ്ദം.
"ഹയ്യോ,കരുണൻ പോലീസ്...ഓടിക്കോ... ഓടിക്കോ..."
ഒരാളെഴികെ മറ്റെല്ലാരും അപ്രത്യക്ഷരായി.നടക്കാൻ ലേശം ബുദ്ധിമുട്ടുള്ള അയാൾ വിറച്ചു വിറച്ചു നിന്നു.
കൊറോണയെയല്ല, ഇവർക്ക് കരുണനെയാ പേടി - ഡോക്ടർ ചിന്തിച്ചു.
പ്രതി പുതിയ അടവുമായിറങ്ങി :"എന്റെ സാറേ, ആ ലാത്തിയിൽ കൊറോണ വൈറസ് പിടിച്ചിട്ടുണ്ടെങ്കിൽ...ആ കയ്യിൽ...,കാലിൽ...ഹൊ!, എന്നെ ഒന്നും ചെയ്യല്ലേ, തൊടല്ലേ."
S.I പറഞ്ഞു:" നീ പേടിക്കേണ്ടാ കുട്ടാ.. ഞാനേ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ലാത്തിയാ. അതുകൊണ്ടിതിനിത്തിരി ചൂടു കൂടും." പ്രതിയെ ആകെ മൊത്തമൊന്നു നോക്കിക്കൊണ്ട് S.I തുടർന്നു:" എന്താ വേണോ? വേണ്ടെങ്കിൽ മര്യാദയ്ക്ക് പിറകേ നടന്നോ."
ചളിയിലമർന്ന മുഖവുമായി അയാൾ പോലീസിനെ അനുഗമിച്ചു.
"ദേ ഈ മാസ്ക്ക് വയ്ക്കാദ്യം.എന്നിട്ട് എന്റെ കൂടെ സ്റ്റേഷൻ വരെ നടന്നോ.ജീപ്പിലിരുന്നു പോകണ്ടാ. നിന്റെ മേലെന്തൊക്കെ അണു കാണുമെന്നാർക്കറിയാം."
"സാമുഹിക അകലം പാലിച്ചു നടന്നാ മതിയോ ,ഏമാനേ?"
"അകലമൊക്കെ പാലിക്കാം.എന്നു വെച്ച് രക്ഷപ്പെടാമെന്നു വിചാരിക്കേണ്ട."
"ഉം.."
"ഞങ്ങളത്ര മണ്ടന്മാരൊന്നുമല്ല.ങേ..."
പെട്ടെന്നു തിരിഞ്ഞു നോക്കിയ പോലീസുകാരൻ കണ്ടത് വിചിത്രമായൊരു കാഴ്ചയാണ്;മാസ്ക് വിറ്റ് കടയിൽനിന്നും പൈസ എണ്ണി വാങ്ങുന്ന പ്രതി.
"മാസ്കിനൊക്കെ തിവെലയല്ലേ,സാറേ?" പ്രതി നിഷ്കളങ്കമായി പറഞ്ഞു.
കാലത്തിന്റെ അസാധാരണ ഒഴുക്കിനെപ്പറ്റി S.I അപ്പോഴാണ് ചിന്തിച്ചത്.

ആനന്ദ് ശർമ്മ
10A ജി.എച്ച്.എസ്.എസ് മുട്ടം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ