ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ
വെള്ളരിക്കുണ്ട് ഗ്രാമത്തിലെ പടിഞ്ഞാറേക്കര തറവാട്ടിലാണ് അമ്മുക്കുട്ടിയമ്മയുടെ താമസം. അമ്മുക്കുട്ടിയമ്മയും ഭർത്താവും രണ്ട് ആൺമക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അവരുടേത്. മൂത്ത മകൻ ശശി. ഇളയവൻ മധു. ആ കൊച്ചു കുടുംബം സന്തോഷത്തോടെ കഴിഞ്ഞിരുന്നു. പെട്ടെന്നാണ് അവരുടെ അച്ഛൻ്റെ മരണം. അത് അമ്മുക്കുട്ടിയമ്മയെ വളരെ ദുഃഖത്തിലാഴ്ത്തി.തൻ്റെ ഭർത്താവ് കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ആ കൊച്ചു കുടുംബം ഇതു വരെ കഴിഞ്ഞിരുന്നത്. ഇനി തൻ്റെ മക്കളെ എങ്ങനെ പഠിപ്പിച്ച് വലുതാക്കും എന്നോർത്ത് അമ്മുക്കുട്ടിയമ്മ സങ്കടപ്പെടാൻ തുടങ്ങി. പക്ഷെ തൻ്റെ സങ്കടങ്ങളൊന്നും മക്കളെ അറിയിക്കാതെ അമ്മുക്കുട്ടിയമ്മ എല്ലാം മനസ്സിലൊതുക്കി കഴിഞ്ഞു. അവർ അധ്വാനിച്ച് മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. ഒടുവിൽ രണ്ട്പേർക്കും നല്ല ജോലി കിട്ടി.ശശി ഒരു നല്ല എഞ്ചിനീയറായി മാറി. മധു ഒരു ബാങ്ക് ഉദ്യോഗസ്ഥനും. വൈകാതെ തന്നെ ശശിയുടെ കല്ല്യാണം കഴിഞ്ഞു. ഒരു നല്ല കുടുംബത്തിലെ പെണ്ണായിരുന്നു കാവ്യ. പെട്ടെന്ന് ജോലിയുടെ ആവശ്യത്തിനായി ശശിക്ക് വിദേശത്ത് പോകേണ്ടി വന്നു.പോകുമ്പോൾ ഭാര്യയെയും കൂടെ കൊണ്ടുപോയി. വീണ്ടും അമ്മുക്കുട്ടിയമ്മ ഒറ്റയ്ക്കായി. വൈകാതെ ഇളയ മകനായ മധുവും കല്യാണം കഴിച്ചു.ഒരു ടീച്ചറായിരുന്നു മധുവിൻ്റെ ഭാര്യയായ ദേവിക. അവൾ വീട്ടിൽ കയറിയതു തൊട്ട് കലഹങ്ങൾ തുടങ്ങി.പക്ഷെ അമ്മുക്കുട്ടിയമ്മ തൻ്റെ മകനുവേണ്ടി എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ ആ വീട്ടിൽ കഴിഞ്ഞു.ദേവിക രാവിലെ ജോലിക്കു പോകുമ്പോൾ ഒരു പാത്രത്തിൽ കുറച്ച് ഭക്ഷണമെടുത്തുവച്ച് പോകും. അമ്മുക്കുട്ടിയമ്മ വിശക്കുമ്പോൾ അതെടുത്ത് കഴിക്കും.വൈകാതെ അവർക്ക് മക്കളുണ്ടായി.അപ്പുവും അച്ചുവും.അവർക്ക് തൻ്റെ മുത്തശ്ശിയെ വളരെ ഇഷ്ടമായിരുന്നു. മുത്തശ്ശിക്ക് അവരേയും.പക്ഷെ ദേവിക കുട്ടികളെ അമ്മുക്കുട്ടിയമ്മയിൽ നിന്നും അകറ്റി. എന്നും രാവിലെ മധുവും ദേവികയും ജോലിക്കു പോകും. കുട്ടികൾ സ്കൂളിലും പോകും. വയസ്സാകുന്തോറും അമ്മുക്കുട്ടിയമ്മയ്ക്ക് പ്രഷർ, ഷുകർ തുടങ്ങിയ അസുഖങ്ങൾ കൂടിക്കൂടി വന്നു. അവരെ നോക്കാൻ ആരും ഇല്ലാതായി.അവർക്ക് മരുന്ന് വാങ്ങാനായി കാശ് ചിലവാകുന്നതുകൊണ്ട് ദേവിക അമ്മയെ ഒരു വൃദ്ധസദനത്തിൽ ആക്കാനായി മധുവിനോട് ആവശ്യപ്പെട്ടു. മധു വിസമ്മതിച്ചെങ്കിലും ദേവിക തൻ്റെ അച്ഛനെ വിളിച്ചുവരുത്തി മധുവിനെക്കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ആ പാവം അമ്മയെ അവർ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടു. പെട്ടെന്ന് ഒരു ദിവസം അമ്മുക്കുട്ടിയമ്മയ്ക്ക് അസുഖം വർദ്ധിച്ചു. മക്കളെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. അങ്ങനെ താൻ സ്നേഹിച്ച് വളർത്തിയ തൻ്റെ രണ്ട് മക്കളെയും ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ ആ അമ്മ ലോകത്തോട് വിട പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞാണ് അമ്മ മരിച്ച വിവരം മക്കൾ അറിഞ്ഞത്. അവരുടെ കൈകൊണ്ട് ചിതയ്ക്ക് തീ കൊളുത്താൻ പോലും സാധിക്കാത്തതിൽ അവർക്ക് വിഷമം തോന്നി.അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അച്ചുവും അപ്പുവും അവരുടെ അച്ഛനോടും അമ്മയോടും ചോദിച്ചു, വയസ്സാകുമ്പോൾ എല്ലാവരും വൃദ്ധസദനത്തിലാണോ കഴിയേണ്ടത് എന്ന്. ഞങ്ങളുടെ മുത്തശ്ശിയെ കൊണ്ട് നിർത്തിയിട്ടുണ്ടായിരുന്ന അതേ വൃദ്ധസദനത്തിൽ തന്നെയാണോ നിങ്ങളെയും ആക്കേണ്ടത് എന്നും ചോദിച്ചു. അപ്പോഴാണ് അവർക്ക് അവർ ചെയ്ത തെറ്റ് മനസ്സിലായത്. അതോർത്ത് പിന്നീടുള്ള കാലം അവർ സങ്കടപ്പെടുകയും ചെയ്തു.

വയസ്സാകുമ്പോൾ മാതാപിതാക്കളെ തള്ളിപ്പറയുന്ന ഓരോ ആൾക്കും ഈ കഥ ഒരു പാഠമായി മാറട്ടെ.


ADHITHYA K
7 A ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ