"മഹാമാരി"
വുഹാനിലെ തെരുവിൽ നീ പിറന്നുവീണ നാളിൽ നാം
അറിഞ്ഞതില്ല നിന്നിലെ
കാളകൂട വിസ്‌ഫോടനം
എങ്കിലും നീയെനിക്കു
പകർന്നു തന്ന നേരുകൾ
മറക്കുകില്ല മനുഷ്യരാശി
തുടിക്കുവോളം നാൾ വരെ
വീമ്പടിച്ചു വിരളി പൂണ്ട തമ്പുരാക്കന്മാരെ നീ
ഏത്തമിട്ടു ക്ഷമ പറഞ്ഞു
ഓച്ഛാനിച്ചു നിർത്തി നീ
ആണവായുധങ്ങൾ തൻ
പ്രഹരശേഷി തകർത്തു നീ
അണു വലുപ്പമുള്ള
ശത്രുവായ് വിലസി നീ
നേരമില്ല എന്നു ചൊല്ലി തിരക്കു നീ നടിച്ച നാൾ സ്മരണയായ്
നേരം കൊല്ലാൻ കാത്തിരുന്നു കണ്ണുകൾ ദ്രവിച്ചതും
ഇമ്പമുള്ള വീട്ടിൽ നീ ഈണമിട്ടു തന്നതും
കൂമ്പടഞ്ഞ വാസന തളിർക്കുവാൻ തുണച്ചതും
ഇല്ല ഞങ്ങൾ ജയിച്ചിടും തകർത്തിടും കൊറോണയെ
എങ്കിലും എനിക്കു നീ കാട്ടി തന്നറിവുകൾ
നെഞ്ചിലേറ്റി ശക്തിയോടെ കുതിച്ചിടും നിസംശയം
നീ പകർന്നു നൽകിയ
ഊർജ്ജത്താൽ നിസംശയം