ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്
സ്ഥാപകനായ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനമനുവദിക്കുന്ന, യുവജനങ്ങൾക്കു വേണ്ടിയുളള സ്വയം സന്നദ്ധവും കക്ഷിരാഷ്‍ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്‍ഥാനമാണ് ഭാരത് സ്‍കൗട്‍സ് ആന്റ് ഗൈഡ്സ്.
മുതിർന്നവരുടെ നേതൃത്വത്തിൽ ചെറുസംഘങ്ങളിൽ അംഗങ്ങളായി പ്രവർത്തിച്ച് സ്വഭാവസംസ്‍കരണം, വൈദഗ്‍ദ്ധ്യ സമാർജ്ജനം, സ്വാശ്രയത്വം, വിശ്വാസ്യത, സഹകരിച്ച് പ്രവർത്തിക്കുന്നതിനും നയിക്കുന്നതിനുമുളള യോഗ്യത എന്നിവയെ ലാക്കാക്കി ക്രമമായ കണ്ടെത്തലുകൾ നടത്തുകയും ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുകയും സ്വയം ഭരണത്തിനുളള പരിശീലനം നേടുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി. പ്രവൃത്തിയിലൂടെയുളള പഠനമാണ് ഈ പ്രസ്‍ഥാനത്തിന്റെ മുഖമുദ്ര. 'തയ്യാർ' (‘Be prepared’) എന്നതാണ് സ്‍കൗട്ട് - ഗൈഡ് മുദ്രാവാക്യം. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ എല്ലായ്പ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം പുലർത്തുന്നവരും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും എപ്പോഴും തയ്യാറുളളവരും ആണെന്ന് മുദ്രാവാക്യം സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ സ്കൗട്ട് - ഗൈഡ് കേഡറ്റ്സിനുളള പരമോന്നത പുരസ്കാരമായ രാഷ്ട്രപതി അവാർഡ്, സംസ്ഥാന തലത്തിൽ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്‍കാർ എന്നിവയ്ക്ക് ജി വി എച്ച് എസ് എസ് അത്തോളി യൂണിറ്റിലെ കേഡറ്റ്സ് അർഹരായിട്ടുണ്ട്.
ഇപ്പോൾ ഒരു സ്‍കൗട്ട് യൂണിറ്റിലും മൂന്ന് ഗൈഡ്സ് യൂണിറ്റുകളിലുമായി 128 കേഡറ്റ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു.