ജി.യു.പി.എസ് മുഴക്കുന്ന്/ശ്രദ്ധ ( പരിഹാരബോധന പഠനം)

Schoolwiki സംരംഭത്തിൽ നിന്ന്

പല കാരണങ്ങൾ കൊണ്ട് അക്ഷരജ്ഞാനം ശരിയായ വിധത്തിൽ ഹൃദിസ്ഥമാക്കാൻ കഴിയാത്ത കുട്ടികൾക്ക് വേണ്ടി, സർവ്വശിക്ഷാ കേരള നടപ്പിലാക്കി വന്ന ഒരു പ്രത്യേക പഠനബോധന സമ്പ്രദായമാണ് ശ്രദ്ധ... 2017 മുതൽ ഈ പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചു.. ഞങ്ങളുടെ സ്കൂളിലും ശ്രദ്ധ പഠന സമ്പ്രദായം കൃത്യമായ മൊഡ്യൂളു കളോടെ തന്നെ നടപ്പിലാക്കി. തുടർ വർഷങ്ങളിലും പഠനപ്രവർത്തനങ്ങളും, പരിഹാരബോധന സമ്പ്രദായങ്ങളും നിശ്ചിത ടൈംടേബിൾ അനുസരിച്ച് നിർവഹിച്ചു വന്നിരുന്നു..

         എസ് .എസ് .കെ. നിർദ്ദേശാനുസരണം, എൽപി യുപി വിഭാഗങ്ങളിൽ നിന്നായി ഓരോ അധ്യാപകർ ബന്ധപ്പെട്ട പരിശീലന പദ്ധതികളിൽ സംബന്ധിച്ചു.. അവിടെ നിന്നും ലഭ്യമായ മൊഡ്യൂളുകളും, നിർദേശങ്ങളും അനുസരിച്ച്  പ്രാഥമിക തയ്യാറെടുപ്പുകൾ സ്കൂൾതലത്തിൽ നടപ്പിലാക്കി.. അതിനായി സ്കൂൾ എസ് ആർ ജി ചേരുകയും , കൃത്യമായ സമയക്രമവും, സ്ഥല സാഹചര്യങ്ങളും നിർണ്ണയിക്കുകയും ചെയ്തു.. കൂടാതെ ഓരോ മൊഡ്യൂളുകളും നടപ്പിലാക്കുവാൻ ആവശ്യമായ പഠന സഹായികൾ നിർമ്മിക്കുവാൻ ആരംഭിക്കുകയും ചെയ്തു.. മലയാളം, ഗണിതം എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പഠന ബോധന രീതികൾ ആയിരുന്നു ഈ പദ്ധതിയിൽ ആവിഷ്കരിക്കപ്പെട്ടത്.. സ്കൂൾ എസ് ആർ ജി യുടെ നിർദ്ദേശാനുസരണം, ബന്ധപ്പെട്ട അധ്യാപകർ ഒത്തുചേർന്ന് പഠനസഹായികൾ നിർമ്മിക്കുവാൻ ആവശ്യമായ സാധന സേവനങ്ങൾ സമാഹരിക്കാൻ ആരംഭിച്ചു... സാമ്പത്തികമായ പിന്തുണ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ഉറപ്പുനൽകി..
     സാധാരണ ക്ലാസ് സമയത്തിന് ശേഷം ഒരു മണിക്കൂർ ശ്രദ്ധ ക്ലാസുകൾക്കായി ഉപയോഗിക്കപ്പെട്ടു.. ഈ ക്ലാസ്സിൽ പഠിതാക്കൾ ആയി വന്ന കുട്ടികൾക്ക് ലഘുഭക്ഷണം നൽകുവാൻ എല്ലാ അധ്യാപകരും കൂടെയുണ്ടായിരുന്നു.. നിശ്ചിത ക്ലാസ്സുകൾക്ക് ശേഷം, ക്രമീകൃതമായ ഫോർമാറ്റിലുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും നടത്തി.. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ട കുട്ടികൾക്ക്, അവർക്ക് ലഭിച്ച ഗ്രേഡിന് അനുസരിച്ച് പരിഹാര ബോധന പ്രവർത്തനങ്ങൾ പിന്നീട് ആസൂത്രണം ചെയ്തു.. ഇതിനായി പ്രത്യേക എസ് .ആർ .ജി യോഗം ചേർന്നിരുന്നു..
        ബി. ആർ .സി.യിൽ നിന്ന് ലഭ്യമായ പ്രത്യേക ഫോർമാറ്റിൽ പഠിതാക്കളുടെ ഗ്രേഡുകൾ നിശ്ചിത സമയങ്ങളിൽ കൈമാറുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു... കൂടാതെ ശ്രദ്ധ ക്ലാസുകളുടെ അവലോകന റിപ്പോർട്ട് തയ്യാറാക്കുവാൻ സ്കൂൾ എസ്.ആർ. ജി ശ്രദ്ധിച്ചിരുന്നു..
    തുടർ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പരിഹാരബോധന പ്രക്രിയകൾ, ബന്ധപ്പെട്ട അധ്യാപകർ വഴി ക്ലാസ് റൂമുകളിൽ നടപ്പിലാക്കുവാൻ ഞങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിച്ചു കൊള്ളട്ടെ...