ജി.യു.പി.എസ് പുള്ളിയിൽ/മക്കൾക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ സ്കൂൾ സാമീപ്യമനുഭവിക്കാതെ ഒന്നര വർഷത്തോടടുക്കുകയാണ്.  പലരും പുതിയ സ്കൂൾ കണ്ടിട്ടേയില്ല.ഇതിനിടയിൽ ലഭ്യമായ ഓൺലൈൻ പഠന സംവിധാനങ്ങൾക്കൊപ്പം കുട്ടികളെ പൂർണമായും ചേർത്തു നിർത്താൻ കഴിഞ്ഞിട്ടില്ലെന്നു പഠനങ്ങൾ വെളിവാക്കുന്നു. കൂട്ടുകാരും കളിക്കളങ്ങളും ഇല്ലാതായതും കുട്ടികളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ മൊബൈൽ ദുരുപയോഗം രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ പൊന്നോമനകൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്നതിനും പഠന പിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തമാക്കുന്നതിനുള്ള ക്ലാസുകളാണ് ‘ മക്കൾക്കൊപ്പം ’ പരിപാടി. പുതിയ സാഹചര്യം കുട്ടികളിലുണ്ടാക്കിയ മാനസികാവസ്ഥ തിരിച്ചറിയാൻ രക്ഷിതാക്കൾക്കു കഴിയുകയും അത്‌ ലഘൂകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് മക്കൾക്കൊപ്പം പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ തുടങ്ങിവർ പഠനത്തിനൊപ്പമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.സ്മാർട് ഫോൺ, കമ്പ്യൂട്ടർ, ടെലിവിഷൻ തുടങ്ങിയ പഠനോപകരണങ്ങളുടെ ഉപയോഗം ജാഗ്രതയോടെയാണെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് ആരോഗ്യകരമായ ഗൃഹാന്തരീക്ഷം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. താൽപര്യം കുറയാതെ കുട്ടികളെ പഠനത്തോടൊപ്പം നിർത്തണമെങ്കിൽ സ്നേഹവും അംഗീകാരവും സുരക്ഷിതത്വവുമുള്ള ഗൃഹാന്തരീക്ഷം വേണം. അവിടെയേ മാനസിക സംഘർഷമില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികൾക്കു വളരാനാകൂ. കോവിഡ് സൃഷ്ടിച്ച തൊഴിൽ നഷ്ടം, വരുമാനക്കുറവ്, പുറത്തിറങ്ങാനാവാത്തതിലുള്ള പ്രയാസം തുടങ്ങിയവ രക്ഷിതാക്കളെയും ബാധിച്ചിട്ടുണ്ട്. ഇതേ സമയം അമ്മമാരുടെ ജോലി ഭാരം വർധിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പ്രതിഫലനം കുട്ടികളുടെ നേർക്കാണ് പതിഞ്ഞത്. ഇതിനിടയിൽ അസൈൻമെന്റുകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ സഹായത്തിനായി എത്തുന്ന കുട്ടികളെ തൃപ്തിപ്പെടുത്താൻ രക്ഷിതാക്കൾക്ക് കഴിയാതെ വരുന്നു.പoനത്തിൽ സഹായിക്കാനാകാത്ത രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥ അവരിലും ആശങ്കയുളവാക്കി. ഭിന്നശേഷിക്കാർ, പഠന പിന്നാക്കക്കാർ തുടങ്ങിയവർ പിന്തള്ളളപ്പെടുന്നു,കുട്ടികൾ അനുസരണയില്ലാത്തവർ, കുസൃതികൾ, മടിയന്മാർ' എന്നൊക്കെ ചിത്രീകരിക്കപ്പെട്ടു. പലർക്കും ശകാരവാക്കുകളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുന്നു. വൈകി ഉറങ്ങൽ, വൈകി ഉണരൽ, ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, പകലുറക്കം,അലസത, ദേഷ്യം, ഭയം, അനുസരണക്കേട് തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾ ചിലരിൽ പ്രകടമായി. കോവിഡിനെക്കുറിച്ചു വരുന്ന വാർത്തകൾ ചിലരിൽ ഭയമുളവാക്കി. പoനതാൽപര്യത്തിൽ കുറവുണ്ടായി വായന കുറഞ്ഞു. ചിലർ മൊബൈൽ ഗെയിമിന്റെ പിറകെ പോയി. മൊബൈൽ ദുരുപയോഗ സാധ്യത ഏറി. ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു. ശീലങ്ങൾ മാറുന്നു. തുടർച്ചയായ മൊബൈൽ ഉപയോഗം കണ്ണിനെ ദോഷമായി ബാധിച്ചിരിക്കും. ...വ്യായാമക്കുറവ്, വീട്ടിൽ തന്നെ കഴിയുമ്പോൾ ഭക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ശരീരത്തിലും പ്രകടമായി. സ്കൂൾ പിടിഎ കളുടെ സഹകരണത്തോടെയാണ് ഓരോ സ്കൂളിലും ഇതു സംഘടിപ്പിക്കുന്നത്. .250 പേർക്ക് വരെ ഒരുമിച്ച് പങ്കെടുക്കാവുന്ന ഗൂഗിൾ പ്ലാറ്റ്ഫോം പരിഷത്ത് സ്കൂളുകൾക്ക് ലഭ്യമാക്കിയത്.