ജി.യു.പി.എസ് തലക്കാണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഹരിതമലകൾ മാനം മുട്ടുന്ന ഭൂപ്രദേശങ്ങൾ, വയനാടൻ വനസ്ഥലികളിലെ ഔഷധ ഗുണമേറിയ തെളിനീരുമായി ഒഴുകിയെത്തുന്ന ബാവലിപ്പുഴ, പൊന്നുവിളയിക്കുന്ന കൃഷിയിട സമൃദ്ധികൾ നിറഞ്ഞ താഴ്‌വാരങ്ങൾ ........

കൊട്ടിയൂരിന്റെ ഭൗതികദൃശ്യം ഒറ്റനോട്ടത്തിൽ നമുക്ക് അനുഭവപ്പെടുന്നതിങ്ങനെയാണ്. ഈ മണ്ണിൽ കാലൊന്നമർത്തിച്ചവിട്ടി അൽപനേരം നിൽക്കൂ....

കേൾക്കാം ഭൂതകാലത്തിന്റെ നിശ്വാസങ്ങളുടെയും തേങ്ങലുകളുടെയും, പ്രതീക്ഷകളുടെയും, സാന്ത്വനങ്ങളുടെയും നേർത്ത മന്ത്രണങ്ങൾ.....

അതെ, കുടിയേറ്റത്തിന്റെ ചരിത്ര ഗാഥയുടെ പ്രതിധ്വനികൾ തന്നെ.

ജീവിക്കാനിത്തിരി മണ്ണിനുവേണ്ടി ഇറങ്ങിത്തിരിച്ചവർ, ജീവിതത്തിന്റെ നെടുങ്കൻ യാത്രയ്ക്കിടയിൽ ഇടത്താവളം തേടിയവർ, ഒളിച്ചോട്ടങ്ങൾക്കൊടുവിൽ രക്ഷാസങ്കേതം കണ്ടെത്തിയവർ...

അവരുടെയൊക്കെ വേദനകളുടെയും വേർപാടിന്റെയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും തുടിപ്പും ഗന്ധവും നിറഞ്ഞ ചരിത്രവഴികളിലൂടെ നമുക്ക് പോകാവുന്നത്ര ദൂരം ...

അതിനുമപ്പുറം മൺമറഞ്ഞുപോയ ഒരു ജനതയുടെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ, ഈ കാറ്റിൽ ഈ തെളിനീർത്തിളക്കത്തിൽ എവിടെയോ മറഞ്ഞിരുന്ന് നമ്മെ ഉറ്റുനോക്കുന്ന ധന്യാത്മാക്കളുടെ അദൃശ്യനയനങ്ങൾ കാണാൻ അകക്കണ്ണുകൾ തുറന്നു നോക്കു.....

നാം നിൽക്കുന്ന പ്രദേശത്തിന്റെ ആത്മാവിനെ തൊട്ടറിയാൻ കഴിഞ്ഞേക്കാം....

കുടിയേറ്റത്തിന്റെ ആദ്യനാളുകൾ സഹനത്തിന്റെ തായിരുന്നു. വേർപാടുകളുടെ വേദനകളും പ്രതികൂല സാഹചര്യങ്ങളുടെ വെല്ലുവിളികളും അതിജീവിച്ച ആ കർമ്മയോഗികൾ ആദ്യം യത്നിച്ചത് വിശപ്പിന്റെ വിളി അൽപ്പമൊന്ന് ശമി പ്പിക്കാനായിരുന്നു. അതിനുശേഷം വിദ്യാഭ്യാസത്തിനുള്ള മുറവിളി മുഴങ്ങിത്തുടങ്ങി. തങ്ങൾക്ക് ലഭിക്കാതെ പോയ അക്ഷരഭാഗ്യത്തിന്റെ പൂർത്തീകരണം തങ്ങളുടെ മക്കളിലൂടെ ലഭ്യമാകുന്നത് അവർ സ്വപ്നം കണ്ടു. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയോരങ്ങളെപ്പോലെ തന്നെ മലയെയും പുഴയെയും കാട്ടു മൃഗങ്ങളെയും മറികടന്ന് പോകാ മെന്ന് വെച്ചാൽ തന്നെ ഒരു പ്രാഥമിക വിദ്യാലയം സമീപപ്രദേശങ്ങളിലെങ്ങുമുണ്ടായിരുന്നില്ല. കൊട്ടിയൂർ മേഖലയുടെ വിദ്യാഭ്യാസ ഭൂപടം

ശൂന്യമായിരുന്നു.

കോളനി വാഴ്ചയുടെ അന്ത്യഘട്ടത്തിൽ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ഉൾനാടൻ ഗ്രാമങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിച്ചു തുടങ്ങിയ കാലം അവ മിക്കവാറും ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു.

അങ്ങനെയാണ് കൊട്ടിയൂർ മേഖലയിലെ തലക്കാണിയിൽ 1956 ൽ ഒരു എൽ. പി. സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായിത്തന്നെ തലശ്ശേരി സ്വദേശിയായ ശ്രീ എ. കണാരി മാസ്റ്ററായിരുന്നു. പ്രഥമാധ്യാപകനായി നിയമിതനായ ആ ഏകാദ്ധ്യാപകൻ,

നിർണ്ണായകമായിരുന്നു ഈ വിദ്യാലയത്തിന്റെ ശൈശവകാലം, സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. പിച്ചവെയ്ക്കാനിടമില്ലാത്ത ഒരു പിഞ്ചുകുഞ്ഞിനെ പോലെ ആദ്യനാളുകളിലെ ഇടർച്ച കളിൽ, പിതൃസഹജമായ വാൽസല്യത്തോടെ കൈത്താങ്ങായത്, ശ്രീ ദേവസ്യ മുത്തനാട്ട് എന്നിവരായിരുന്നു. സ്വന്തം വീടുകൾ പാഠശാലകളാക്കി മാറ്റി അവർ പ്രകടിപ്പിച്ച സ്നേഹോദാരമായ സമീപനമാണ് വളർച്ചയുടെ ആദ്യപടികൾ ചവിട്ടാനുള്ള ഊർജമായത്.

പഠനം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ദുഃഖരമായ മറ്റൊരു പ്രശ്നം ആവിർഭവിച്ചത്. ഏകാദ്ധ്യാപകനായ കണാരി മാസ്റ്റർക്ക് അസുഖം. ഈ ബാലാരിഷ്ഠതയിലും ഉദാരമതികളായ വ്യക്തികൾ പ്രതിവിധിയുമായെത്തി. ശ്രീ. എം. ഡി. തോമസ് മൂത്തനാട്ട്, ശ്രീ, ദേവസ്യ മുത്തനാട്ട്, ശ്രീ. മൈക്കിൾ നമ്പടാകം, ശ്രീ. ജോർജ്ജ് നമ്പൂടാകം തുടങ്ങിയ വ്യക്തികൾ അദ്ധ്യാപകന്റെ വേഷമണിഞ്ഞു.

ഇതിനിടയിൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടാക്കാൻ ശ്രീ. എൻ. ജെ. ലൂക്ക്, ശ്രീ. മൈക്കിൾ നമ്പൂടാകം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു. കണാരി മാസ്റ്റർക്കു പകരം ശ്രീ. ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യാപകനായി വരികയും ചെയ്തു. എങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. തൊള്ളായിരത്തി ഇരുപതുകളിൽ വക്കീലന്മാർ കോടതി ബഹിഷ്കരിച്ചതുപോലെ ഗവൺമെന്റ് വിദ്യാലയത്തിലേക്ക് കുട്ടികളെ അയയ്ക്കാതിരുന്ന ചില ബഹിഷ്കരണ പരിപാടികളും നാടിന്റെ പലഭാഗത്തും നടന്നിരുന്നു. കൊട്ടിയൂരിലും അനേകം പ്രശ്നങ്ങളി ലൊന്നായി ഇതും ഉയർന്നുവന്നിരുന്നു. ഈ നാട്ടിലെ ജനങ്ങൾ തന്നെ ഇതിനെതിരെ പ്രതികരിക്കുകയും, തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിലേക്കുതന്നെ പറഞ്ഞയയ്ക്കുകയും ചെയ്തു.

1958 ൽ ആലുവ, എടത്വാമല എൽ. പി സ്കൂളിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ശ്രീ. ടി. എ. മുഹമ്മദ് കുഞ്ഞുമാസ്റ്റർ പ്രഥമ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയത്തിൽ ചുമതലയേറ്റു. ഇതോടെ സ്വന്തമായി സ്ഥലം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളും ഊർജ്ജിതപ്പെടുത്തി. ഈ പ്രശ്നത്തിനും പരിഹാരം കണ്ടത് ഉദാരമതിയായ നാട്ടുകാരൻ തന്നെ, കോമാക്കുടി കണ്ണൻ എന്ന മഹത് വ്യക്തി സംഭാവനയായി നൽകിയ 25 സെന്റ് സ്ഥലത്ത് മലബാർ ഡിസ്ട്രിക് ബോർഡിന്റെ സഹായത്തോടെ 1959 ൽ നാട്ടുകാരും പി. ടി. എ. അംഗ ങ്ങളും ചേർന്ന് 5 മുറികളുള്ള ഒരു ഓലകെട്ടിടത്തിന്റെ പണിയാരംഭിച്ചു.

1960 ൽ ഈ കെട്ടിടത്തിൽ അധ്യയനം തുടങ്ങുകയും ചെയ്തു. 1962 ലാണ് തലക്കാണി ഗവ. എൽ. പി. സ്കൂൾ യു. പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യ പ്പെട്ടത്. ആദ്യകെട്ടിടത്തിന്റെ കെട്ടിമേയൽ സ്കൂൾ വെൽഫെയർ കമ്മിറ്റി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നട ന്നു. തുടർന്ന് 10 വർഷത്തോളം ഈ ജോലി ടെണ്ടർ ക്ഷണിച്ചാണ് നൽകി യിരുന്നത്.

തുടർന്നുകാലഘട്ടത്തിൽ പലപ്പോഴായി സ്ഥലവിസ്തൃതി വർദ്ധിപ്പിക്കുകയും കെട്ടിടം നവീകരിക്കുകയും ചെയ്തു. എന്നാൽ ഭൗതികമായ പല ചുറ്റുപാടുകളും പ്രതികൂല ഭാവത്തിൽ മുഖം കറുപ്പിച്ചുനിൽപ്പാ യിരുന്നു അപ്പോഴും. പ്രധാന റോഡിൽ നിന്നും സ്കൂളിലെത്താനുള്ള മാർഗ്ഗമായിരുന്നു അതിൽ മുൻപന്തിയിലുണ്ടായിരുന്നത്. ബാവലിപ്പുഴക്ക് കുറുകെ എല്ലാ വർഷവും ഒഴുകിപ്പോകാറുള്ള മരപ്പാലം നിർവ്വികാരം കിടന്നു. കരയിൽനിന്ന് പാലത്തിലേക്ക് കയറുമ്പോൾ ജീവൻ പണയപ്പെടും. ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിനിയെ പുഴ നിഷ്കരുണം വിഴുങ്ങിയത് ആരും മറന്നിട്ടില്ല. യാത്രാപ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ ശ്രീ. മൈക്കിൾ നമ്പൂടാകം ഓർമ്മിക്കുന്നു, “അന്നൊക്കെ എ. ഇ. ഒ. വന്നാൽ തിരിച്ചുപോകുന്നത് പിറ്റേന്നായിരിക്കും. ഞങ്ങൾ വീട്ടിൽനിന്ന് കട്ടിലും മറ്റും കൊണ്ടുപോയിക്കൊടുക്കും. സ്കൂളിൽ താമസിച്ച് പിറ്റേദിവസം രാവിലെയാണ് മടങ്ങുക. വാഹനസൗകര്യം കുറവായതിനാൽ വളരെദൂരം നടന്നുവേണം പോകാൻ"

1970 ൽ ജനകീയ പങ്കാളിത്തത്തോടെ സാമാന്യം മെച്ചപ്പെട്ട ഒരു മരപ്പാലം പണിതതോടെ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി.

ശ്രീ മുത്തനാട്ട് തോമസ് ആയിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.

1995-96 ലാണ് ഇപ്പോഴുള്ള കോൺക്രീറ്റ് പാലം പണികഴിച്ചത്. സ്വന്തം കുടുംബം പോലെയായിരുന്നു ഇവിടുത്തുകാർക്ക് ഈ സ്കൂളെന്ന് ശ്രീ ദേവസ്യ മൂത്തനാട്ട് ഓർക്കുന്നു. “ഓണമൊക്കെ നാട്ടുകാരും അദ്ധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിക്കും. വീട്ടിൽ ആഘോഷം അൽപം കുറഞ്ഞാൽ പോലും, സ്കൂളിലെ ആഘോഷങ്ങൾ ഗംഭീരമാക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമായിരുന്നു."

ഈ കാലഘട്ടത്തിനിടയിൽ തദ്ദേശീയരും അന്യദേശക്കാരുമായി അനേകം ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണാരി മാസ്റ്റർ, ജനാർദ്ദനൻ നമ്പ്യാർ, ടി. എ. മുഹമ്മദ്കുഞ്ഞു, ടി. പി. നാരായണൻ, കെ. എം. കേളുക്കുട്ടി നായർ, പി. കെ. ദാമോദരൻ, വി. സി. അനന്തൻ, അച്യുതൻ, പി. കെ. വിജയൻ, നാരായണൻ നമ്പീശൻ, എം. ലീല, കെ. ലക്ഷ്മിക്കുട്ടി, റ്റി. എസ്. ജേക്കബ്, പി. കെ. ദിവാകരൻ, കെ. പി. പത്മനാഭൻ, കെ. എ. അബ്രാഹം, വി. സുമിത്ര തുടങ്ങിയവരായിരുന്നു അവർ.

ഇ. കെ. ജയരാജ് മാസ്റ്ററാണ് ഇപ്പോൾ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുന്നത്. ഇന്ന്, സാമാന്യം മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും, ഇരിട്ടി സബ്ജില്ലയിലെ തന്നെ മെച്ചപ്പെട്ട നിലവാരവും സ്വായത്തമായിട്ടുള്ള വിദ്യാലയങ്ങളിലൊന്നാണ് തലക്കാണി ഗവ. യു. പി. സ്കൂൾ. ഈ സുവർണ്ണ ശോഭയ്ക്കുപിന്നിൽ കാലത്തിന്റെ ഓർമ്മത്താളുകളിൽ നാം വായിക്കുന്ന ചരിത്രമുഹൂർത്തങ്ങളും ത്യാഗത്തിന്റെ വിശുദ്ധിയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശക്തി ചൈതന്യങ്ങളും കൈകോർത്തിട്ടുണ്ട്. നമുക്ക് ലഭിച്ചതോ ആയിരമായിരം കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയും ഈ പ്രദേശത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് തേജസ്സ് പകർന്ന അനേകം തലമുറകൾക്ക് വിദ്യാമൃതമേകി പുഷ്കമാക്കിയും നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം.ചരിത്രംചരിത്രം