ജി.യു.പി.എസ് ഉളിയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്.തുടക്കത്തിൽ 25 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. പുതിയ പറമ്പൻ അവോക്കറാണ് ആദ്യ പഠിതാവ്. രണ്ട് അധ്യാപകരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1914 ൽ ക്ലാസുകളുടെ എണ്ണം നാലായി അത്ര തന്നെ അധ്യാപകരും. വിദ്യാലയത്തിന്റെ പേര് ഉളിയിൽ ബോർഡ് ലോവർ എലിമെന്ററി സ്കൂൾ എന്നായി. കുട്ടികളുടെ എണ്ണം കൂടാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലയളവിൽ കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് വിദ്യാലയം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1956 ൽ ആറാം തരവും 1958 ൽ എട്ടാം തരം വരെയുള്ള പൂർണ എലിമെന്ററി സ്കൂളായ വിദ്യാലയത്തിൽ 40 ഓളം പെൺകുട്ടികളുൾപ്പെടെ 172 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1958 മുതൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തതോടെ ഗവ.യു.പി.സ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി.1961 ൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി 8 ാം തരം നീക്കം ചെയ്യപ്പെട്ടു. വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി സ്ഥിരപ്പെട്ടു. ആരംഭകാലത്ത് സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വാടകക്കെട്ടിടം ജീർണാവസ്ഥയിലായതിനാൽ 1973 കാലഘട്ടത്തിൽ പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. നാട്ടുകാരുടെ സമ്മർദ്ദഫലമായി 100 അടി* 20 അടി വലുപ്പത്തിലുള്ള താല്ക്കാലിക ഷെഡ് സർക്കാർ നിർമ്മിച്ചു നൽകി. മൂന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെയുള്ള 10 ഡിവിഷനുകൾ ഷെഡ്ഡിലും ഒന്നും രണ്ടും ക്ലാസുകൾ മദ്രസ കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചത്. സ്കൂൾ ഓഫീസ് പീടികമുറിയിലായിരുന്നു അപ്പോഴും. 1973-74 കാലഘട്ടത്തിൽ 182 പെൺകുട്ടികളും 216 ആൺകുട്ടികളും 15 അധ്യാപകരും വിദ്യായത്തിൽ ഉണ്ടായിരുന്നു. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. 1932ൽ ശ്രീ. വടുവൻ, 1935 ൽ ശ്രീ.അച്യുതൻ, 1960 കളിൽ ശ്രീ. നാണു, ശ്രീ.ഗോപി ശ്രീ.കൃഷ്ണൻ നമ്പൂതിരി,ശ്രീ.കൃഷ്ണൻ എന്നിവർ ഹെഡ്മാസ്റ്റർ സ്ഥാനം അലങ്കരിച്ചതായി കാണുന്നു. 1970 കളിൽ ശ്രീ. മൂസ്സ, ശ്രീ.സി.നാരായണൻ നമ്പ്യാർ, ശ്രീ.കെ.നാരായണക്കുറുപ്പ്(1979-1989), ശ്രീ.സി.എം.ബാലകൃഷ്ണൻ നമ്പ്യാർ (1983-1985), പി.വി.പത്മനാഭൻ നമ്പ്യാർ 1985-1995), ശ്രീ.പി.നാണു (1995-1997), ശ്രീ.വി.വി.ചാത്തുക്കുട്ടി നമ്പ്യാർ (1997-2004), ശ്രീ.കെ.വി.രവീന്ദ്രൻ (2004-2016) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. 2016 മുതൽ ശ്രീ.പി.വി.ദിവാകരനാണ് ഈ സ്ഥാനം അലങ്കരിക്കുന്നത്.