മാറ്റം

വേനലവധിക്ക് നാട്ടിലെത്തിയതായിരുന്നു അപ്പുവും കുടുംബവും.ഫ്ലാറ്റിലെ പരിമിതമായ ചുമരുകൾക്കുള്ളിൽ ആധുനികതയുടെ ഭാരവും പേറിയുള്ള യാന്ത്രികമായ ജീവിതത്തിൽ നിന്നും, അനന്തമായ ആകാശത്തിലേക്ക് കൂട്ടിൽ നിന്നും തുറന്നു വിട്ട ഒരു സ്വതന്ത്ര പറവ യെപ്പോലെയായിരുന്നു അപ്പു.

           കാണുന്നതെല്ലാം  അപ്പുവിന് വിസ്മയങ്ങളായിരുന്നു. വിശാലമായ മുറ്റവും നിറയെ ചെടികളും പൂക്കളും പൂമ്പാറ്റകളും കിളികളും അങ്ങനെ എന്തെല്ലാം കാഴ്ചകളായിരുന്നു. കൂട്ടുകാരോടൊത്ത് ഓടിച്ചാടി തൊടിയിൽ നടക്കുമ്പോൾ എന്തു രസമായിരുന്നു. കണ്ണുപൊത്തി കളിയും തൊട്ടു കളിയും അങ്ങനെ എന്തെല്ലാം... ചാഞ്ഞുകിടന്നിരുന്ന പേരമരത്തിൽ നിന്ന് എത്രയെണ്ണം കേറിപ്പറിച്ചതാ... കുലകുലയായ് നിൽക്കുന്ന മൂവാണ്ടൻ മാവിനെ ഒന്നു കല്ലെറിയാതെ പോവുന്നതെങ്ങനെ? തേനൂറുന്ന തേൻവരിക്കയുടെ മണം. ദൂരെ നിന്നു തന്നെ വായിൽ വെള്ളമൂറും.വയലിനോട് ചേർന്ന ആമ്പൽക്കുളത്തിൽ മുങ്ങാങ്കുഴിയിട്ടതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...
             കാറിൽ നിന്നും മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ അപ്പുവിന് മാറ്റത്തിന്റെ അടയാളം കണ്ടുതുടങ്ങി. ചതുരക്കട്ടകൾ  മനോഹരമായി അടുക്കി വെച്ചിരിക്കുന്നു. അതിലങ്ങിങ്ങായ് തല പൊക്കാൻ വെമ്പി നിൽക്കുന്ന പുൽക്കൊടികൾ. തെച്ചിയും പിച്ചിയും ചെമ്പരത്തിയുമെല്ലാം അപ്രത്യക്ഷമായി. പകരം വില കൊടുത്തു വാങ്ങിയ ധാരാളം ചെടികൾ ചട്ടിയിൽ വരിയായ് നിൽക്കുന്നു.
            വീടിന്റെ തറയിൽ കെട്ടിക്കിടന്ന ചെളി കണ്ട് അമ്മ പറഞ്ഞു.കഴിഞ്ഞ പ്രളയത്തിൽ വെള്ളം നിറഞ്ഞുണ്ടായതത്രേ.

എങ്ങനെ നിറയാതിരിക്കും...? ചുറ്റിലും വെട്ടിമുറിച്ച് കൂറ്റൻ മതിലുകൾ കെട്ടി സിമന്റു കട്ടകൾ കൊണ്ട് വിസ്മയം തീർക്കുമ്പോൾ, ഒഴുകിപ്പോവാൻ വഴികാണാതെ പിന്നെന്തു ചെയ്യാനാ..?

                അപ്പോഴാണ് അപ്പുവിന്റെ കണ്ണുകൾ പിന്നാമ്പുറത്തേക്ക് നീണ്ടത്. നിറയെ കായ്ചു നിന്നിരുന്ന പേരമരവും, മൂവാണ്ടനും, തേൻവരിക്കപ്ലാവും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പൂന്തേനുണ്ണാൻ പൂമ്പാറ്റകളും കിളികളും. അയൽപക്കത്തെ കൂട്ടുകാരുമൊന്നുമില്ലാതെ വീണ്ടും ചുമരുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു.

" മാറ്റം" അനിവാര്യമാണ്. അത് തുടർന്നു കൊണ്ടേയിരിക്കുന്നു. പുതിയ പുലരിയെ പുതുക്കി കൊണ്ട് എല്ലാം മാറിമറയുന്ന‍ു.

ദേവപ്രിയ.പി.കെ
7 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ