ജി.യു.പി.എസ്. ചെങ്ങര/ഹരിത ക്ലബ്ബ്/2022-23
2022- 23


ഒരേ ഒരു ഭൂമിക്കായ്......പരിസ്ഥിതി ദിനാചരണം
മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരമാണ് പ്രകൃതി. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന മനുഷ്യനെ പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കാനും, പുതിയ തലമുറക്ക് പരിസ്ഥിതിയെക്കുറിച്ച് അവബോധം നൽകാനുമാണ് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. സ്കൂൾ ഹരിതക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്‍മാസ്റ്റർ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 2022ലെ പരിസ്ഥിതി ദിന സന്ദേശമായ ഒരേ ഒരു ഭൂമി എന്നതിനെക്കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന പ്രസംഗം ,ക്വിസ് മത്സരം, പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡ് നിർമ്മിക്കൽ ,പോസ്റ്റർ നിർമിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനം ,പ്രസംഗം എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു .
സൈലൻറ് വാലിയിലൂടെ ഭവാനിപ്പുഴയുടെ മടിത്തട്ടിലേക്ക് -പ്രകൃതിയെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ


സൈലൻറ് വാലി മുക്കാലി ത്രിദിന പഠന ക്യാമ്പ് സെപ്റ്റംബർ 21,22,23 തീയതികളിൽ ആയി നടന്നു. 37 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം സെപ്റ്റംബർ 21ന് രാവിലെ 10:30 ന് പുറപ്പെട്ടു.വൈകീട്ട് നാലുമണിക്ക് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു. ഈ പഠന ക്യാമ്പിലൂടെ കാടിന്റെ താളം അനുഭവിക്കാനും ജൈവവൈവിധ്യത്തെ ഹനിക്കാനോ ദുരുപയോഗം ചെയ്യാനോ നമുക്കവകാശമില്ലെന്നുള്ള തിരിച്ചറിവ് നേടുവാനും ഓരോ ക്യാമ്പ് അംഗങ്ങൾക്കും സാധിച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ പരിചയപ്പെടാൻ സാധിച്ചത് വസുദൈവ കുടുംബകം എന്ന മഹത്തായ സത്യത്തെ ചേർത്തു പിടിക്കാൻ മനസ്സിനെ പാകപ്പെടുത്തി. വൈൽഡ് ലൈഫ് അസിസ്റ്റൻറ് നിഷ മാഡം കുട്ടികൾക്ക് ക്യാമ്പ് ദിനചര്യകൾ വിശദമാക്കി. ഭക്ഷണം ആവശ്യമായതു മാത്രം ഭുജിക്കുക, വയറിനെ രോഗങ്ങളിൽ നിന്നും വിമലീകരിക്കുക എന്ന പാഠം കുട്ടികൾ ഈ ക്യാമ്പ് അനുഭവത്തിലൂടെ പഠിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം വളരെ മികച്ചതായിരുന്നു.
ഞങ്ങളും കൃഷിയിലേക്ക് - കർഷക ദിനാചരണം

കൃഷിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന ആനന്ദവും സ്വായത്തമാക്കുന്ന ആത്മവിശ്വാസവും അവർണ്ണനീയമാണ്. കരുതലിന്റെയും സൂക്ഷ്മതയുടെയും ബാലപാഠങ്ങൾ പകർന്നു നൽകി അധ്വാനശീലം, ക്ഷമാശീലം ,സഹവർത്തിത്വം തുടങ്ങിയ വ്യക്തിത്വ വികസന നൈപുണികൾ കൃഷിയിലൂടെ സ്വായത്തമാക്കാൻ സാധിക്കും. ക്ലബ്ബ് നൽകുന്ന പ്രവർത്തനങ്ങൾ കുട്ടികളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിച്ചു എന്ന് പറയാതെ വയ്യ. 2022- 23 അധ്യായന വർഷത്തിൽ സ്കൂളിനോട് ചേർന്ന് നാല് സെൻറ് സ്ഥലത്ത് സ്കൂൾ കൃഷിത്തോട്ടം ഒരുക്കി. നിലമൊരിക്കിയ ശേഷം വേലികെട്ടി സംരക്ഷിച്ചു വരുന്നു. കർഷകദിനത്തിൽ ക്ലബ്ബിന്റെയും ജൈവ പച്ചക്കറി കൃഷിത്തോട്ട നിർമ്മാണത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. രാമചന്ദ്രൻ ക്ലബ്ബ്പ്രസിഡൻറ് ഷമീലിന് തൈ നൽകി നിർവഹിച്ചു. കാർഷിക ജ്ഞാനമുള്ള വാർഡ് മെമ്പർ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യവും ഇന്നത്തെ കാർഷിക രീതികളും വിശദമാക്കി. വീട്ടിൽ ഏതെങ്കിലും വിളകളുടെ കൃഷി ചെയ്യണമെന്നും സ്കൂളിലെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വാഴക്കന്ന് ,പപ്പായ തൈ, മുരിങ്ങക്കൊമ്പ്, വെണ്ട, തക്കാളി, കപ്പ, ചീര, മുളക്, പയർ, കറിവേപ്പ്, വഴുതന എന്നിവയുടെ തൈകളും മഞ്ഞൾ, ചേമ്പ് തുടങ്ങിയവയുടെ വിത്തുകളും ആദ്യഘട്ടം എന്ന രീതിയിൽ കൊണ്ടുവന്നു. സ്കൂൾ ജൈവ പച്ചക്കറി കൃഷിക്ക് അങ്ങനെ തുടക്കമായി.