ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം വർണാഭമായി

പ്രവേശനോത്സവം

മഞ്ചേരി : ഗവ. ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ തല പ്രവേശനോത്സവം പ്രശസ്ത ടെലിവിഷൻ താരവും നിരവധി അംഗീകാരങ്ങളുടെ ജേതാവും ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദാർഥിയുമായ മാസ്റ്റർ പി. ശ്രീദേവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്, ഹെഡ്മാസ്റ്റർ ടി.കെ. ജോഷി, പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.എം. ഹുസൈൻ, എക്സിക്യൂട്ടീവ് അംഗം ആയിഷ ജമാൽ, ഡെപ്യൂട്ടി എച്ച്.എം. എൻ.നാരായണനുണ്ണി, സ്റ്റാഫ് സെക്രട്ടറി വി.പി. മണികണ്ഠൻ, എസ്.ആർ.ജി. കൺവീനർ കെ.പി. റസ്ലി, കെ.എം. അബ്ദുള്ള, പ്രോഗ്രാം എന്നിവർ പ്രസംഗിച്ചു. ഇല്യാസ് മാഷുടെ നേതൃത്വത്തിൽ വിദ്യാർഥികളായ പത്മതീർഥ എസ്, ആകർഷക കെ, ശിവനന്ദ എന്നിവർ അവതരിപ്പിച്ച മാജിക്, എൻ.സി.സി. കാഡറ്റുകൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് എന്നിവ നവ്യാനുഭവമായി. വിദ്യാർഥികൾ അവതരിപ്പിച്ച, സ്കിറ്റ്, ഗാനാലാപനങ്ങൾ, മോണോ ആക്റ്റ്, സുരേന്ദ്രൻ മാഷിൻ്റെ നേതൃത്വത്തിൽ നടന്ന കൂട്ട പാട്ട് തുടങ്ങിയ കലാപരിപാടികൾ ചടങ്ങിനെ വർണാഭമാക്കി.

യാത്രയയപ്പ് ചടങ്ങ്

യാത്രയയപ്പ്

നമ്മുടെ സ്കൂളിൽ നിന്നും ജി എച്ച് എസ് പന്നിപ്പാറയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച അറബി അധ്യാപകനായ സിദ്ധിഖ് അലി മാഷ്, ജി.ജി. എച്ച് എസ് വണ്ടൂരിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച സോഷ്യൽ സ്റ്റഡീസ് അധ്യാപിക അജിത ടീച്ചർ, ജി യു പി എസ് പനങ്ങാങ്ങരയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച യു പി അധ്യാപിക പ്രസീജ ടീച്ചർ എന്നിവർക്ക് ഇന്ന് സ്കൂളിൽ വെച്ച് യാത്രയയപ്പ് നൽകി.ബഹു ഹെഡ്മാസ്റ്റർ ടി.കെ. ജോഷി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്. എം നാരായണനുണ്ണി. എൻ , ഹൈ സ്കൂൾ എസ് ആർ ജി കൺവീനർ റസ്‌ലി കെ പി, സുകുമാരൻ, ജലജ പ്രസാദ് ,എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.ഷൈന ടീച്ചർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനാചരണം

മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വ്യാപാരി വ്യവസായി ഏകോപന സമതി മഞ്ചേരി യൂണിറ്റിന്റേയും മഞ്ചേരി ഇൻഡസ് മോട്ടോർസിന്റെയും സഹകരണത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ സുബ്രഹ്മണ്യനെ പൊന്നാട അണിയിച്ച് ആദരിച്ചു.ഡെപ്യൂട്ടി എച്ച് എം നാരായണനുണ്ണി ടി , ഷൈന സി എ ,അബ്ദുൾസലാം പി, മനേഷ് പി,റസ് ലി കെ പി, വി.പി. മണികണ്ഠൻ,സുകേശ് ഒ പി, എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്രൂട്ട് ഗാർഡൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ കാണിച്ച് ചർച്ചകൾ സംഘടിപ്പിച്ചു. പ്രത്യേക വിഷയം നൽകിക്കൊണ്ട് പ്രസംഗ മത്സരം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ല്യാസ് മാഷിന്  സ്പേസ് ക്ലബിന്റെ ആദരം

ആദരിക്കൽചടങ്ങ്

2023-ലെ അധ്യാപക അവാർഡ് ജേതാവ് ശ്രീ ഇല്ല്യാസ് മാഷിനെ സ്കൂൾ സ്പേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സ്കൂളിലെ അധ്യാപകനും സ്പേസ് ക്ലബ് കൺവീനറുമാണ് ഇദ്ദേഹം. ഹെഡ്മാസ്റ്റർ ശ്രീ ജോഷി സർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി ഷീബ ടീച്ചർ സ്വാഗതം ആശംസിച്ചു. സ്പേസ് ക്ലബിന്റെ സ്നേഹോപഹാരം HM ഇല്യാസ് മാഷിന് സമർപ്പിക്കുകയും ശ്രീ മനേഷ് സാർ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും ചെയ്തു. സ്പേസ് ക്ലബ് അംഗം ആവണികൃഷ്ണ ചടങ്ങിന് നന്ദി പറഞ്ഞു. അധ്യാപകരായ അഞ്ജു ടീച്ചർ, ജംഷീന ടീച്ചർ, അമ്മു ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

വായന വാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും

മഞ്ചേരി : ഗവ. ബോയ്സ് ഹൈസ്കൂൾ വായനദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. റുഖിയ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ടി.കെ ജോഷി അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയ

പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ സലീം ടി. പെരിമ്പലം മുഖ്യാതിഥിയായി.

വിദ്യാരംഗം കൺവീനർ ശ്രീമതി രാധിക .പി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ. നാരായണാനുണ്ണി, സ്റ്റാഫ് സെക്രട്ടറി വി.പി. മണികണ്ഠൻ, എസ്.ആർ.ജി. കൺവീനർ  റസ്ലി കെ.പി. എന്നിവർ സംസാരിച്ചു.  സബ് ജക്റ്റ് കൗൺസിൽ കൺവീനർ സി. രാമകൃഷ്ണൻ നന്ദി പറഞ്ഞു.

സലീം. ടി. പെരിമ്പലത്തിൻ്റെ  'മലാല വീപ്സ് കൊറോണ ഗോ', 'ഒന്നാന്തരം,' എന്നീ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. വായനാനുഭവം പങ്കുവെക്കൽ, കവിതാലാപനം, കവിതയുടെ ദൃശ്യാവിഷ്കാരം, ഗാനാലാപനം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മോടി കൂട്ടി.

നിറഞ്ഞ സദസിൽ ബോയ്സിന്റെ ആദ്യ രക്ഷാകർതൃയോഗം

രക്ഷിതാക്കളുടെ നിറസാന്നിധ്യത്താൽ ശ്രദ്ധേയമായി മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ ആദ്യ PTA മീറ്റിംഗ്. പത്താം ക്ലാസിലെ കുട്ടികളുടെ PTA മീറ്റിംഗ് ജൂൺ 15, 16 ദിവസങ്ങളിലായി മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ PTA പ്രസിഡണ്ട് അഡ്വ. ശ്രീ. ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്നു.  15 ന് മലയാളം മീഡിയം കുട്ടികളുടെ രക്ഷിതാക്കളുടേയും 16 ന് ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ രക്ഷിതാക്കളുടേയും യോഗങ്ങൾ ആണ് നടന്നത്. സ്കൂളിലെ പഠന പ്രവർത്തനങ്ങൾ വിശദീകരിച്ച്  SRG കൺവീനർ ശ്രീമതി റസ്‌ലി കെ.പി ചടങ്ങിൽ രക്ഷിതാക്കളെ സ്വാഗതം ചെയ്തു. കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെ കാര്യക്ഷമമായും ഗൗരവമായും ചർച്ച ചെയ്യപ്പെട്ടു. ഈ വർഷം സ്കൂളിൽ 560 കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കുട്ടികളുടെ പഠന കാര്യത്തിൽ രക്ഷിതാക്കളുടെ പങ്കിനെ കുറിച്ച് മുഖ്യ പ്രഭാഷകനും സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ.ജോഷി ടി.കെ രക്ഷിതാക്കളെ ഓർമിപ്പിച്ചു. രക്ഷിതാക്കളുടെ ആശങ്കകൾ ദൂരീകരിക്കാനും ആത്മവിശ്വാസം നിറക്കാനും ഉതകുന്ന രീതിയിൽ വളരെ തന്മയത്വത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് സ്കൂളിൽ നടക്കുന്ന വിജയഭേരി പ്രവർത്തനങ്ങളുടെ വിശദമായ അവതരണം ശ്രീ മനേഷ് മാഷിന്റെ വാക്കുകളിലൂടെ സദസ്സിലിരിക്കുന്ന ഓരോ രക്ഷിതാവും മനസാ ഏറ്റുവാങ്ങി ചടങ്ങിന്റെ ആദ്യ ദിവസം ശ്രീരാമകൃഷ്ണൻ മാഷും രണ്ടാം ദിവസം ശ്രീ സലീം മാഷും സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.

അന്താരാഷ്ട്ര യോഗദിനം

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ SPC യുടേയുംNCC യുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (21/06/23 ) അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു.

രാവിലെ 8. മണിക്ക് ആരംഭിച്ച യോഗാ പരിശീലനത്തിന് ശ്രീ. മനോജ് കാവനൂർ, ശ്രീ വിജയൻ വാഴയിൽ എന്നിവർ നേതൃത്വം നൽകി. തൊണ്ണൂറോളം കേഡറ്റുകൾ രാവിലെ 8 മണിക്ക് ആരംഭിച്ച യോഗാ പരിശീലനത്തിൽ പങ്കെടുത്തു.

"ഡിജിറ്റൽ വായനയുടെ അനന്ത സാധ്യതകളെ പരിചയപ്പെടുത്തി ടീം ATL"

വായന വാരാഘോഷവുമായി ബന്ധപ്പെട്ട് "ഡിജിറ്റൽ വായനയുടെ ലോകം" എന്ന വിഷയത്തിൽ സ്കൂൾ അടൽ ടിങ്കറിങ് ലാബ് അംഗങ്ങൾ "World of Digital Reading" എന്ന പേരിൽ സെമിനാർ നടത്തി.

തീർത്ഥ. എ. കെ,  അശ്വന്ത്.എം, ധ്രുപദ് മനോജ്, അവനിജ. കെ, ശ്രേയ ലക്ഷ്മി.പി എന്നീ  മിടുക്കരാണ് സെമിനാർ നടത്തിയത്.സാധാരണ പുസ്തക വായനയിൽ നിന്നും ഡിജിറ്റൽ വായനയുടെ അനന്തസാധ്യതകളിലേക്ക് ഇവർ വായനക്കാരെ കൈപിടിച്ചു നയിച്ചു.

ഇ-ബുക്കുകളുടെ സാധ്യതകൾ, അവയുടെ മെച്ചങ്ങൾ പരിമിതികൾ എന്നീ വിഷയത്തിൽ തുടങ്ങി  ഇ-വായനക്ക് സഹായകമായ വെബ് സൈറ്റുകൾ, ബ്ലോഗുകൾ, വ്യത്യസ്ത സമൂഹ മാധ്യമങ്ങൾ,വിവിധ തരം ആപ്പുകൾ, വിവിധ യൂണിവേഴ്സിറ്റികളുടെ ഡിജിറ്റൽ ലൈബ്രറികൾ, ഓഡിയോ ബുക്കുകൾ,  എന്നിവ പരിചയപ്പെടുത്തിയതിനോടൊപ്പം ഇവയിലേക്കെത്താനുള്ള വഴികളും, ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന രീതികളും വരെ ഈ കുട്ടികൾ പരിചയപ്പെടുത്തി.

ഇ -ബുക്കുകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും എപ്രകാരമെല്ലാം ഉപയോഗപ്പെടുത്താമെന്നും സ്കൂൾ പഠനത്തിന് സഹായകമായ പോർട്ടലുകൾ ഏതെല്ലാമെന്നും സെമിനാറിൽ വിശദീകരിച്ചു.

  Canva എന്ന വെബ്സൈറ്റ് ഉപയോഗിച്ച് സ്വന്തമായി ഒരു ഡിജിറ്റൽ ബുക്ക് എങ്ങനെ തയ്യാറാക്കാം എന്നും ഇവിടെ ചെയ്തു കാണിക്കുകയുണ്ടായി.

ബഹുമാനപ്പെട്ട ഡെപ്യൂട്ടി എച്ച്. എം ടി. നാരായണനുണ്ണി സർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ

ശ്രീമതി ഡോ:ബബിത.കെ.പി   അധ്യക്ഷത വഹിച്ചു.അധ്യാപികയും നവമാധ്യമ എഴുത്തുകാരിയുമായ ശ്രീമതി ഉഷ കാരാട്ടിൽ,ATL അഡ്വൈസറി ബോർഡംഗം സുകേശ് ഒ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ATL ഇൻ ചാർജ് അശ്വതി.പി.പി സ്വാഗതവും ATL വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ മെഹ്റിൻ നന്ദിയും പറഞ്ഞു.

മികവിന്റെ നിറവിന് ആദരം  

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ 2022 - 2023 എസ്. എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ യു പി വിഭാഗം അധ്യാപകൻ ഇല്യാസ് പെരിമ്പലം, എൻ സി സി തേർഡ് ഓഫീസർ സാജിത കെ,എൻ എം എം എസ് വിജയികൾ, ദേശീയകായിക മത്സരത്തിലെ വിജയികളെയും മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.ബഹു. എം എൽ എ അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് അഡ്വ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. മുനിസിപ്പൽ ചെയർപേഴ്സൺ വി എം സുബൈദ മുഖ്യാതിഥിയായി.ബഹു. ഹെഡ്മാസ്റ്റർ ടി കെ ജോഷി സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി എം അബ്ദുൽ നാസർ, വാർഡ് കൗൺസിലർ.അഡ്വ. പ്രേമ രാജീവ്‌,പ്രിൻസിപ്പൽ ഇൻചാർജ് റീന , ഡെപ്യൂട്ടി എച്ച് എം. എൻ. നാരായണനുണ്ണി,പി ടി എ വൈസ് പ്രസിഡന്റ് ഹുസൈൻ പുല്ലഞ്ചേരി,സ്റ്റാഫ് സെക്രട്ടറി വി.പി മണികണ്ഠൻ, എസ് ആർ ജി കൺവീനർ കെ.പി റസ്‌ലി, വിജയഭേരി കൺവീനർ മനേഷ് പി, കെ എം അബ്ദുള്ള എന്നിവർ സംസാരിച്ചു

അവാർഡ് തുക കുട്ടികൾക്ക് സമ്മാനിച്ച് അധ്യാപകൻ

മഞ്ചേരി: 2022 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ആയ മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ ഇല്യാസ് പെരിമ്പലം, അവാർഡ് തുക ഉപയോഗിച്ച് സ്കൂളിലേക്ക് 40,000 രൂപയുടെ പ്രൊജക്റ്റർ സമ്മാനിച്ചു. താൻ പഠിപ്പിക്കുന്ന ഏഴാം ക്ലാസിൽ പ്രൊജക്റ്റർ ഇല്ലാതിരുന്ന ഏക ക്ലാസ് ആയ 7 എഫ് ക്ലാസിനാണ് പ്രൊജക്റ്റർ സമ്മാനിച്ചത്.

പ്രൊജക്റ്ററിൻ്റെ സ്വിച്ച് ഓൺ കർമം ഹെഡ്മാസ്റ്റർ  ടി.കെ. ജോഷി നിർവഹിച്ചു.  ചടങ്ങിൽ യു.പി. വിഭാഗം സീനിയർ അധ്യാപിക ജലജ പ്രസാദ്, സ്കൂൾ 'ഐ.ടി. കോഡിനേറ്റർ നിത വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഇല്യാസ് പെരിമ്പലം സ്വാഗതവും  ക്ലാസ് ടീച്ചർ മുഹ്സിന നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെ മനുഷ്യമതിൽ തീർത്ത് SPC കേഡറ്റുകൾ

ലോകലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ കവാടത്തിൽ പ്രതിരോധത്തിന്റെ മനുഷ്യമതിലാണ് മഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ SPC വിദ്യാർത്ഥികൾ തീർത്തത്. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ നിറഞ്ഞ പ്ലക്കാർഡുകളുമായി അണിനിരന്ന കേഡറ്റുകൾ ഒരിക്കലും ലഹരിക്ക് അടിമപ്പെടില്ല എന്നും സമൂഹത്തെ ലഹരിക്കെണിയിൽ വീഴാതെ സംരക്ഷിക്കുവാൻ നിരന്തരം പരിശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്തു.  CPO സുലൈമാൻ .എസ്  ACPO ഷീബ എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

SPCജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു.

മഞ്ചേരി ബോയ്സ് ഹൈസ്ക്കൂളിൽ ഈ വർഷം SPC യിൽ അംഗങ്ങളായ ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ ആദ്യ യോഗം ഇന്ന് 4 മണിക്ക് സ്കൂളിൽ വച്ച് നടന്നു. സീനിയർ SPC കേഡറ്റ് അനന്യ എം.ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു.ഡെപ്യൂട്ടി എച്ച്.എം ഷൈന സി.എ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു .തുടർന്ന് സംസാരിച്ച CP0 സുലൈമാൻ എസ് , ACPO ഷീബ എം, സ്റ്റാഫ് സെക്രട്ടറി മണികണ്ഠൻ വി പി , SRG കൺവീനർ റസ്ലി കെ പി എന്നിവർ SPC പ്രൊജക്ടിനെ കുറിച്ച് വിശദീകരിക്കുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സീനിയർ spc കേഡറ്റ് ധീരജിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

ലഹരി വിരുദ്ധ ദിനാചരണം.

ഇന്ന് എക്സൈസ് വകുപ്പിന്റെയും, നിയമ സേവന അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.Deputy H M ശ്രീമതി ഷൈന ടീച്ചർ സ്വാഗതമാശംസിച്ചു. PTA പ്രസിഡൻറ' adv.ഫിറോസ് ബാബു അദ്ധ്യക്ഷം വഹിച്ചു.  ശ്രീ ഷാജിർ ഇബ്രാഹിം M (സബ് ജഡ്ജ് DLS A മഞ്ചേരി)  സന്ദേശം കാൻവാസിൽ എഴുതി ഒപ്പ് വച്ച് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ രാഗേഷ് ടി മുഖ്യ പ്രഭാഷണം നടത്തി. adv പ്രേമരാജീവ് ആശംസകൾ അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർ സാജിദ് കെ.പി ആകർഷകമായ ക്ലാസ് നടത്തി.ORC നാർകോട്ടിക് കോർഡിനേറ്റർ ശ്രീമതി ഡാലി ഡി ചിറയത്ത് നന്ദിയും പറഞ്ഞു.

ബഷീർ അനുസ്മരണം

മഞ്ചേരി.ബഷീർ അനുസ്മരണത്തോടാനുബന്ധിച്ച്‌ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ രക്ഷിതാക്കൾ ഇമ്മിണി ബല്യ വരകളിലൂടെ ബഷീർ കഥാപാത്രങ്ങളെ പുനർനിർമിച്ചു.7 എഫ് ലെ കുട്ടികളായ ഫാത്തിമ ഷാനിഹ പി പി യും മുഹമ്മദ്‌ ഷാഹിൻ പി പി യും ചേർന്ന് ബഷീറിന്റെ ബാല്യകാല സഖിയിലെ  മജീദിന്റെയും സുഹറയുടെയും കഥാപാത്രാവിഷ്ക്കാരം നടത്തി.ചിത്രകാരൻ ജനു മഞ്ചേരി ബഷീറിന്റെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ. ടി കെ ജോഷി അധ്യക്ഷത വഹിച്ചു

ചടങ്ങിൽ മലയാളം കൺവീനർ സി. രാമകൃഷ്ണൻസ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി എച്ച് എം എൻ നാരായണനുണ്ണി,സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ, എസ് ആർ ജി കൺവീനർ കെ പി റസ്‌ലി, ജലജ പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.മലയാളധ്യാപികമാരായ എ സുജിത, ഹസീന സി. ഷെറീന കെ., ബബിത കെപി,ശ്രീജ എ പി ,റിൻസി പി,സതീശൻ പി എന്നിവർ പങ്കെടുത്തു ഉഷ കാരാട്ടിൽ നന്ദി പറഞ്ഞു

പൂർവ വിദ്യാർഥികൾ ഒരുക്കിയ കൊട്ടും പാട്ടുമായി ക്ലബ്ബുകൾ വിടർന്നു

മഞ്ചേരി.അർഥ പൂർണമായ ചിന്ത യുടെ പ്രതിഫലനമെന്നോണംവിവിധ ക്ലബ്ബുകൾ പൂക്കൾ വിരിയിച്ചു കൊണ്ട്  ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം നടന്നു.ചടങ്ങുകളുടെയും പ്രസംഗത്തിന്റെയും ബാഹുല്യമില്ലാതെയാണ് മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം നടന്നത്..പൂർവ വിദ്യാർഥികൾ ഒരുക്കിയ കൊട്ടും പാട്ടുമായിരുന്നു ചടങ്ങിലെ ആകർഷണം.

ഹെഡ്മാസ്റ്റർ ശ്രീ. ടി.കെ ജോഷി സ്വാഗതം പറഞ്ഞു.ബഹു. പി ടി എ പ്രസിഡന്റ് അഡ്വ. ഫിറോസ് ബാബു അധ്യ ക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീഹരി മാങ്ങാട്ടും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകൾ പ്ലക്കാർഡുകൾ പിടിച്ചു കൊണ്ടു വേദിയിൽ ക്ലബ്ബുകളെ പരിചയപ്പെടുത്തി.സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ എറോബിക്സ് ഡാൻസ് അവതരിപ്പിച്ചു.സുകേശ് ഒ പി നന്ദി പറഞ്ഞു.

ബോയ്സിലെ പൂർവ വിദ്യാർഥികളായ പ്രസ്ത നാടൻ പാട്ട് കലാകാരന്മാരായ പ്രശാന്ത് മങ്ങാട്ട്, ജയറാം മഞ്ചേരി, ശ്രീഹരി മങ്ങാട്ട്, പ്രജിൻ തിരുവാലി, അരുൺ മഞ്ചേരി,അഭിനവ് കൃഷ്ണ തുടങ്ങിയവർ ചേർന്ന് അവതരിപ്പിച്ച  നാടൻ പാട്ടുകൾ ചടങ്ങിനെ പ്രകമ്പനം കൊള്ളിച്ചു.

ചാന്ദ്രയാൻ - 3 വിക്ഷേപണം ആഘോഷമാക്കി ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ

മഞ്ചേരി: ചാന്ദ്രയാൻ - 3 ൻ്റെ വിക്ഷേപണം നാട്ടുകാർക്ക് മുമ്പിൽ അവതരിപ്പിച്ച് മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂൾ സ്പേസ് ക്ലബ്ബും സയൻസ് ക്ലബ്ബും സ്റ്റുഡൻ്റ്സ് പോലീസും സംയുക്തമായാണ്  കച്ചേരിപ്പടി ബസ് സ്റ്റാൻ്റിൽ  'ചന്ദ്രനെ തൊടാൻ ഇന്ത്യ' എന്ന പരിപാടി അവതരിപ്പിച്ചത്.

ഒൻപതാം തരം വിദ്യാർഥികളായ തീർഥ എ.കെ, അഭിൻ രാജ് കെ, എട്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ നസ്മി പി. എന്നിവരാണ്  മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ചാന്ദ്രയാൻ വിശേഷങ്ങൾ അവതരിപ്പിച്ചത്.   കുട്ടികൾ കൂട്ടമായി വാട്ടർ റോക്കറ്റുകളും വിനാഗിരി റോക്കറ്റുകളും  വിക്ഷേപിച്ചു കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർഥിനി തൻഹ സി. അധ്യക്ഷയായി. എട്ടാം ക്ലാസ് വിദ്യാർഥിനി അമീന അമൽ പി, ഒൻപതാം ക്ലാസ് വിദ്യാർഥി ഏബൽ വർഗീസ് ലിജു എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു. മുഴുവൻ പരിപാടികളും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു എന്നത് ശ്രദ്ധേയമായി. ചാന്ദ്രയാൻ - 3, ബഹിരാകാശ ചരിത്രത്തിലെ വിവിധ നാഴികക്കല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട 50 പാനലുകളുടെ പ്രദർശനവും നടന്നു.

ഇതോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ടി.കെ. ജോഷി, ഡെപ്യൂട്ടി എച്ച്.എം. ടി. നാരായണനുണ്ണി,  സയൻസ് ക്ലബ്ബ് സെക്രട്ടറി പി. മനേഷ്, സ്പേസ് ക്ലബ്ബ് കൺവീനർ ഇല്യാസ് പെരിമ്പലം, എസ്.പി.സി. ചുമതലയുള്ള അധ്യാപിക ഷീബ എം, എസ്.ആർ.ജി. കൺവീനർമാരായ റസ്ലി കെ.പി, അബ്ദുന്നാസിർ വി, അധ്യാപകരായ  കെ.എം. അബ്ദുള്ള,   അഞ്ജു എസ്, സതീശൻ കെ, സുകേഷ് ഒ.പി, വി.പി. മണികണ്ഠൻ,  ജംഷീന കെ, അമ്മു വി. നായർ, അശ്വതി പി.പി, നസീഹ സി.കെ, ജിൻസി മോൾ തുടങ്ങിയവർ നേതൃത്വം നൽകി.

ബസ്റ്റാൻ്റിലെ പരിപാടിക്ക് സമാന്തരമായി ഇന്ന് സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ചാന്ദ്രയാൻ - 3 ൻ്റെ വിക്ഷേപണം പ്രൊജക്റ്റർ ഉപയോഗിച്ച് ലൈവ് ആയി പ്രദർശിപ്പിച്ചു. ബസ് സ്റ്റാൻ്റിൽ നടന്ന പാനൽ പ്രദർശനം തുടർന്ന് ഒരാഴ്ച സ്കൂളിലും നടക്കും. ചാന്ദ്രദിനത്തിൽ സ്കൂളിലെ 80 സ്പെയ്സ് ക്ലബ്ബ് അംഗങ്ങൾ മൂന്നംഗ ഗ്രൂപ്പുകളായി സ്കൂളിലെ മുഴുവൻ ഡിവിഷനുകളിലും മൾട്ടിമീഡിയ അവതരണം നടത്തും.  മറ്റു ചില  വിദ്യാലയങ്ങളിലും ഓൺലൈനായി ഇവർ ക്ലാസ് അവതരരിപ്പിക്കുന്നുണ്ട്.

SPC DAY ആഘോഷമാക്കി മഞ്ചേരി ബോയ്സ് ഹൈസ്ക്കൂൾ

പതിനാലാമത് SPC DAY മഞ്ചേരി ഗവ: ബോയ്സ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  ബഹുമാനപ്പെട്ട ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ നാരായണൻ ഉണ്ണി . ടി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി..ലഹരിവിരുദ്ധ സന്ദേശം നൽകിയ കേഡറ്റുകളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് നടന്ന സമ്മേളനം ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് അഡ്വ: ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. സീനിയർ കേഡറ്റായ നിയ കാർത്തിക ലഹരിവിരുദ്ധ സന്ദേശം നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  നാരായണനുണ്ണി ടി, സ്റ്റാഫ് സെക്രടറി മണികണ്ഠൻ വി.പി അധ്യാപകരായ കെ.എം അബ്ദുള്ള, ജംഷാദ് വി, CP 0 സുലൈമാൻ എസ് ,ACPO ഷീബ.എം, ADI ചിത്ര എന്നിവർ സംസാരിച്ചു.

സമന്വയം

മഞ്ചേരി എൻ.എസ്.എസ് കോളേജിലെ ചരിത്ര വിഭാഗവും , ഗവ. ബോയ്സ്ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും, ATL ലാബും സംയുക്തമായി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങൾക്കായി 8/8/ 23 - ചൊവ്വാഴ്ച സ്കൂൾ ഹാളിൽ വച്ച് ചരിത്ര സമന്വയ ക്ലാസ്സ് നടത്തി.

പരിപാടിയിൽ ക്ലബ് കൺവീനർ വി.പി. മണികണ്ടൻ സ്വാഗതം പറഞ്ഞു. ഡോ: കെ.പി.രാജേഷ് (അസിസ്റ്റന്റ് പ്രൊഫസർ N SS കോളേജ് ) ക്ലാസ്സെടുത്തു. N S S കോളേജിലെ ചരിത്ര വിദ്യാർത്ഥികളായ അഭിനവ് കൃഷ്ണ .പി.കെ., ഹാനിയ സി.കെ, നവ്യ ടി., സുനിൽകുമാർ ടി.എം, ശ്രീനാഥ് എ. എന്നിവർ ചരിത്ര നാടൻ പാട്ടുകൾ ആലപിച്ചു. സാമൂഹ്യ ശാസ്ത്ര അധ്യാപിക റംല കൊടിത്തൊടിക നന്ദി പറഞ്ഞു.

എസ്.പി.സി കേഡറ്റുകൾ വിദ്യാർത്ഥി സമൂഹത്തിന് മാതൃകയാവണം , മലപ്പുറം അഡീഷണൽ എസ്പി

മഞ്ചേരി : എസ്.പി.സി കേഡറ്റുകൾ  സ്കൂളിലെ മറ്റു കുട്ടികൾക്ക് മാതൃകയാകുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും ലഹരിക്കെതിരെയും സാമൂഹ്യ തിന്മകൾക്കെതിരെയും പോരാടുന്നതിൽ സജീവമായി കർമ്മ രംഗത്തിറങ്ങണമെന്നും മലപ്പുറം അഡീഷണൽ എസ്. പി,  പി.എം പ്രദീപ് പറഞ്ഞു..

SPC പാസിംഗ് ഔട്ട് പരേ‍ഡ്

മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ മൂന്നു സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്റെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ആണ് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30 ന് നടന്നത്.മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ റിയാസ് ചാക്കീരി അധ്യക്ഷത വഹിച്ചു.

മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ. ജോഷി, പി.ടി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫിറോസ് ബാബു, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.ബി ബഷീർ എസ്.പി.സി. പി.ടി.എ. പ്രസിഡൻറ് മൊയ്തീൻകുട്ടി, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധികാ ദേവി, ഹെഡ് മിസ്ട്രസ് സുനിത, മഞ്ചേരി മുനിസിപ്പൽ കൗൺസിലർ അഡ്വ. പ്രേമരാജീവ് എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ കുമാരി ആവണികൃഷ്ണ, പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുമാരി ആയിഷ നജ്ന എന്നിവർ പരേഡിന് നേതൃത്വം നൽകി. മൂന്ന് സ്ക്കൂളുകളിലെ ആറ് പ്ലറ്റൂണുകളാണ് പാസിംഗ് ഔട്ട്പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മഞ്ചേരി ബോയ്സ് ഹയർസെക്കന്റി സ്കൂൾ

സ്വാതന്ത്ര്യ ദിനാഘോഷം

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വിപുലമായി ആഘോഷിച്ചു.ബഹു .ഹെഡ് മാസ്റ്റർ ടി കെ ജോഷി പതാക ഉയർത്തി.ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ സ്വാഗതം ആശംസിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ശ്രീ ഉണ്ണി അധ്യക്ഷത വഹിച്ചു.ബഹു. പി ടി എ പ്രസിഡന്റ് അഡ്വ. ഫിറോസ് ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി.ഭരണഘടന ആമുഖ വായന ബഹു വാർഡ് കൗൺസിലർ അഡ്വ. പ്രേമ രാജീവ്‌ വായിച്ചു കൊടുക്കുകയും കുട്ടികളും അധ്യാപകരുംഏറ്റുപറയുകയും ചെയ്തു.

ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികളുടെ ദേശഭക്തിഗാനാലാപനം , ഷസ യു , ഹരിപ്രിയ എന്നീ കുട്ടികളുടെ പ്രസംഗം,SPC കേഡറ്റുകളുടെ ലഘു നാടകം, NCC,JRC കേഡറ്റുകളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിയ്ക്ക് മിഴിവേകി. സ്വാതന്ത്ര്യദിനത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്ക് മധുര വിതരണവും നടത്തി.

സ്റ്റാഫ് ജോയിന്റ് സെക്രട്ടറി കെ എം അബ്ദുള്ള  സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു.ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഷൈന സി

നന്ദി പറഞ്ഞു. ഹൈ സ്കൂൾ, ഹയർ സെക്കന്ററി ടീച്ചേഴ്‌സ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ, SPC, NCC, JRC, NSS ,കുട്ടികളും പങ്കെടുത്തു.

അരങ്ങുണർന്നു

കലാമേള 2023-24


കലയുടെ കാൽച്ചിലമ്പിൻ താളത്തിന്  തുടക്കം കുറിച്ചുകൊണ്ട് മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം അഴകരങ്ങിൻ്റെ ഉദ്ഘാടനം പ്രശസ്ത സൂഫി സംഗീതജ്ഞനും അധ്യാപകനുമായ സമീർ ബിൻസി നിർവഹിച്ചു .  മനുഷ്യ സ്നേഹത്തിൻ്റെ രംഗാവിഷ്കാരമാണ് കലയെന്നും, മനസ്സകം സ്നേഹത്തിൻ്റെ ശ്വാസം കൊണ്ട് നിറയ്ക്കണമെന്നുമുള്ള മഹത്തായ സന്ദേശം ഉദ്ഘാടകൻ പകർന്നു നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ റീന.പി സ്വാഗതം ആശംസിച്ച യോഗത്തിന് പി.ടി.എ പ്രസിഡൻറ് അഡ്വ.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ ടി. കെ ജോഷി കലോത്സവ സന്ദേശം നൽകി.കല ശക്തമാകുന്നിടത്ത് വിവേചനങ്ങളില്ലാത്ത ലോകം പണിയപ്പെടുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മഞ്ചേരി മുൻസിപ്പാലിറ്റി സ്ഥിരസമിതി ചെയർമാൻ ടി.എം അബ്ദുൽ നാസർ വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ്,പി.ടി.എ വൈസ് പ്രസിഡൻറ് ഹുസൈൻ പുല്ലഞ്ചേരി,

സ്റ്റാഫ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ.എം, മണികണ്ഠൻ വി.പി,കലാമേള ജോയിൻ്റ് കൺവീനർ ഡോ: ബബിത എന്നിവർ ആശംസകൾ അർപ്പിച്ചു. കലാമേള കൺവീനർ ഡോ: അബ്ദുസമദ് നന്ദി പറഞ്ഞു.നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും.

കളിക്കളമുണർന്നു

ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ദ്വിദിന കായികമേള സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സ്കൂളിൻ്റെ  ചരിത്രമുറങ്ങുന്ന കൈലാസത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം നഗരം ചുറ്റി സ്കൂൾ  ഗൗണ്ടിലെത്തിയതോടെയാണ് കായിക മാമാങ്കത്തിന് തിരിതെളിഞ്ഞത്. വിദ്യാർഥികളെ നാല് ഹൗസുകളായി തിരിച്ച് നടത്തിയ  മാർച്ച് പാസ്റ്റ് മുതൽക്കുള്ള  മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും  കോഴിക്കോട് സർവകലാശാല കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസറും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ  ഡോ.പി.എം. സുധീറാണ്    ഉദ്ഘാടന കർമം നിർവഹിച്ചത്. ഹെഡ്മാസ്റ്റർ ടി.കെ ജോഷി അധ്യക്ഷത വഹിച്ചു.  കെ.എം. മുഹമ്മദ് അബ്ദുള്ള, പി. അബ്ദുൾ ഹമീദ് എന്നിവർ ആശംസകൾ നേർന്നു.  ഹയർസെക്കൻ്ററി പ്രിൻസിപ്പൽ പി. റീന സ്വാഗതവും കായികാധ്യാപകൻ കെ.പി. അജയ് രാജ്   നന്ദിയും പറഞ്ഞു .മഴ വെയിലും ഒളിഞ്ഞുനിന്ന് പരിപാടിക്ക് ഭംഗം വരാതെ നിശബ്ദമായ പ്രോത്സാഹനമേകി. സംഘാടക സമിതിയുടെ     അനൗൺസ്മെൻ്റുകൾ മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശം കൊള്ളിച്ചു .  റിലേ മത്സരങ്ങൾക്കു ശേഷം റിസർട്ട് പ്രഖ്യാപിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ, ഫലപ്രാപ്തിയിലെത്തിയ  കായികമാമാങ്കത്തിന് തിരശീല വീണു. നിരവധി പുതിയ താരങ്ങളുടെ  പിറവിക്ക് സാക്ഷ്യം വഹിക്കാൻ കായികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്

ട്രാഫിക്ക് ബോധവത്കരണം

മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജോഷിസാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  മഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സവാദ് സാർ റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡപകടങ്ങൾ ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കേഡറ്റുകളുമായി സംവദിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ഷാബിൻ ലാൽ സാർ, SPC CPO വി. ജംഷാദ്, ACPO ഷീബ എം, ജൂനിയർ കേഡറ്റ് സൗപർണ്ണിക എന്നിവർ സംസാരിച്ചു.

ഇന്റർ - ബെൽ 2023
ഇന്റർ - ബെൽ 2023

മധുര സ്മരണകളും നവീന ആശയങ്ങളുമായി  ഇന്റർ - ബെൽ 2023

സംഗമങ്ങളുടെ പ്രളയകാലത്തൊരു വേറിട്ട  വേദിയായി

മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പൂർവ്വാധ്യാപക സംഗമം- ഇൻ്റർ ബെൽ 2023 . പടിയിറങ്ങിയ വിദ്യാലയം നൽകിയ മധുര സ്മരണകളുമായി ദൂരവും പ്രായവും ശാരീരിക അവശതകളും വകവെക്കാതെ  ഒത്തുചേർന്നവരിൽ 84 വയസ്സ് പ്രായമായ മുഹമ്മദലി മാഷ് , റിട്ടയേഡ് ഡി ഡി ഇ പഴയ കാല സ്കൂൾ ബെൽ അടിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി പി മണികണ്‌ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകൻ കെ എം അബ്ദുള്ള പൂർവ്വാധ്യാപകരെ സദസ്സിന് പരിചയപ്പെടുത്തി.  അധ്യാപന കാലഘട്ട ഓർമ്മചെപ്പുകൾ തുറന്നും പ്രിയ സഹപ്രവർത്തകരോട് വിശേഷങ്ങൾ പങ്കുവെച്ചും പുതിയ തലമുറ അധ്യാപകരോട് സംവദിച്ചും പൂർവ്വാധ്യാപകർ ആവേശഭരിതരായി. വിദ്യാർത്ഥികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനും അധികപഠന പ്രവർത്തനങ്ങൾ നൽകുന്നതിനും മത്സരപ്പരീക്ഷകൾക്ക്  പരിശീലനങ്ങൾ നൽകുന്നതിനുമെല്ലാം   റിട്ടയേഡ് ജീവിതവും  വലിയ പങ്ക് വഹിക്കുമെന്ന് ചടങ്ങിൻ്റെ അധ്യക്ഷൻ ഹെഡ്മാസ്റ്റർ ടി കെ ജോഷി പറഞ്ഞു .ഇത്തരത്തിൽ വിദ്യാലയത്തിൻ്റെ ഭാഗമാവാൻ തീരുമാനിച്ച് ഒരു പൂർവ്വാധ്യാപക കൂട്ടായ്മ രൂപീകരിച്ചു.

അധ്യാപകരായ സുരേന്ദ്രൻ കെ കെ , അഞ്ജു ടി ജി, നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം കോർത്തൊരുക്കിയ ഗാനവും നൃത്തവും ചടങ്ങിന് മിഴിവേകിയ നിമിഷങ്ങൾ ആയിരുന്നു.പരസ്പരം സ്നേഹ സ്മരണകൾ പങ്കുവെച്ച ചടങ്ങിന് മനേഷ് പി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.ഇനിയുമൊരു സംഗമ വേദിക്കായ് കാതോർത്തുകൊണ്ട് ചടങ്ങ് സമാപിച്ചു.

മഞ്ചേരി ബോയ്സ് സ്കൂളിൽ ലഹരി വ ർജ്ജന മിഷൻ" വിമുക്തി " യുടെ ആഭിമുഖ്യത്തിൽ സംവാദസദസ്സ് സംഘടിപ്പിച്ചു

സംവാദസദസ്സ്
സംവാദസദസ്സ്

മഞ്ചേരി: 25/10/2023 ബുധനാഴ്ച ഗവ:ബോയ്സ് സ്കൂൾ മഞ്ചേരിയിൽ സംവാദസദസ്സും, ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ലഹരി വർജ്ജന മിഷൻ" വിമുക്തി" യുടെ ആഭിമുഖ്യത്തിൽ "നോ ടു ഡ്രഗ്സ്" എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും "വൈകാരിക ബുദ്ധി" അഥവാ " *ഇമോഷനൽ ഇറ്റലിജൻസ്* " ഓരോരുത്തരിലും ഉളവാക്കി, ലഹരിവിമോചനം സാദ്ധ്യമാക്കാനുമായി എന്ത് ചെയ്യാം എന്നതും ആയിരുന്നു സംവാദ വിഷയത്തിനടി സ്ഥാനം.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ TK ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ അഡ്വ: പ്രേമരാജീവ് ഉദ്ഘാടനം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നാരായണൻ ഉണ്ണി സർ, സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, ഷീബ ടീച്ചർ (spc) ഡാലി ടീച്ചർ (നോഡൽ അധ്യാപിക) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്ലാസ്സ് നടത്തിയത് ശ്രീ ജിഷിൽ നായർ E(വിമുക്തി കോ - ഓർഡിനേറ്റർ) ആയിരുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തം സംവാദത്തിൽ മാത്രമൊതുങ്ങിയില്ല. അവർ ലഹരിക്കെതിരെ ഒരു "ഫ്ലാഷ് മോബും" നടത്തി. ശ്രീ: ശ്രീഹരിയും (എക്സൈസ് ) സന്നിഹിതനായിരുന്നു.

"സുരീലി ഹിന്ദി" ആഘോഷം

"സുരീലി ഹിന്ദി" ആഘോഷം
"സുരീലി ഹിന്ദി" ആഘോഷം

ഗവ.ബോയ്സ് സ്കൂൾ മഞ്ചേരിയിൽ "സുരീലി ക്യാൻവാസ്" ഉദ്ഘാടനം കവയത്രി ശ്രീമതി ജലജാ പ്രസാദ് (UP അധ്യാപിക) നിർവ്വഹിച്ചു. ജലജ ടീച്ചറും,SRG കൺവീനർ (യുപി) നാസർ മാഷും ക്യാൻവാസിൽ ഹിന്ദി സന്ദേശങ്ങൾ എഴുതി ആശംസകൾ നേർന്നു. യുപി, ഹൈസ്കൂൾ ഹിന്ദി അധ്യാപികമാരും സന്ദേശങ്ങൾ ഹിന്ദിയിൽ എഴുതി. കുട്ടികൾ അധ്യാപികമാരുടെ നേതൃത്വത്തിൽ ക്യാൻവാസിനെ അക്ഷരങ്ങളും വാക്കുകളാലും ചിത്രങ്ങളാലും വർണ്ണാഭമാക്കി.

"സുരീലി വാണി"

സുരീലി ഹിന്ദി പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹിന്ദി അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സുരീലി വാണിയ്ക്ക് തുടക്കം കുറിച്ചു.8 J യിലെ കുട്ടികൾ വാർത്താവതരണം, ഭാഷാ ഗീതം, കഥ, സുവിചാർ, എന്നീ കാര്യപരിപാടികൾ അവതരിപ്പിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിലെ പ്രധാന വാർത്തകളും ഉൾപ്പെടുത്തി കൊണ്ട് വാർത്താ വായന തുടരുന്നു.

ക്രിയാത്മക കൗമാരം : കരുത്തും കരുതലും

ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്
ക്രിയാത്മക കൗമാരം ബോധവത്കരണക്ലാസ്സ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി 27.2.2024 ന്   ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മഞ്ചേരിയിൽ ടീൻസ് ക്ലബ്ബ് ൻറെ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമാ രാജീവ് ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീനാരായണൻ ഉണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ മണികണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ റെസ്ലി ടീച്ചർ റംല ടീച്ചർ സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി സിജി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ടീൻസ് ക്ലബ് അംഗങ്ങൾ പങ്കെടുത്ത ശില്പശാലയിൽ മുഹസ്സിൻ പരി രാവിലെ 10  മണി മുതൽ ഒരു മണി വരെ കൗമാരക്കാരുടെ വ്യത്യസ്ത മേഖല തലങ്ങൾ വിശദമായി പ്രതിപാദിച്ചു. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 30 വരെ  രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നൽകി.നോഡൽ ടീച്ചർ ഡാലി സി ചിറയത്ത് നന്ദി രേഖപ്പെടുത്തി ശില്പശാല അവസാനിപ്പിച്ചു.

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കേരള വനിതാ ശിശു വികസന വകുപ്പിന് (Men join the fight against violence towards women) കീഴിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ആയതിന്റെ ഭാഗമായി ഇന്ന് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കൽ, സിഗ്നേച്ചർ ക്യാമ്പയിൻ  എന്നിവ  സ്കൂൾ കൗൺസിലർ ശ്രീമതി.സിജി മുഖേന സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 70 ഓളം കുട്ടികൾ പങ്കെടുത്തു പരിപാടിയിൽ ശ്രീ മണികണ്ഠൻ ( സ്റ്റാഫ് സെക്രട്ടറി)സ്വാഗതം പറഞ്ഞു. ശ്രീ.നാരായണൻ ഉണ്ണി (ഡെപ്യൂട്ടി എച്ച് എം) അധ്യക്ഷ സ്ഥാനം വഹിച്ചു. ശ്രീ.മനേഷ് (വിജയവേരി കൺവീനർ) ആശംസ അറിയിച്ചു. ശ്രീ.ഫവാസ് പി ഫൈസൽ (ലീഗൺ കം. പ്രൊബേഷൻ  ഓഫീസർ,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്) ക്ലാസ് അവതരിപ്പിച്ചു. ശ്രീമതി നശീദ(DCPU ട്രെയിനി)  കുട്ടികൾക്ക് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശ്രീമതി സിജി സ്കൂൾ കൗൺസിലർ നന്ദി അറിയിച്ചു.

SPC ഫെസ്റ്റ്

SPC Fest 2024
SPC Fest 2024

മഞ്ചേരി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി SPC യൂണിറ്റ് SPC ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ കേഡറ്റുകളുടെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട HM ജോഷി സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട  PTA പ്രസിഡണ്ട് Adv. ഫിറോസ് ബാബു ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. SRG കൺവീനർ റസ്ലിടീച്ചർ, സ്റ്റാഫ് സെക്രട്ടറി മണി കണ്ഠൻ സാർ, അധ്യാപകരായ നൗഫൽ സാർ, അശ്വതി ടീച്ചർ, അജയൻ സാർ , CPO ജംഷാദ് സാർ , ACPO ഷീബ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സൂപ്പർ സീനിയർ കേഡറ്റുകൾക്കുള്ള മെമൊന്റോകൾ PTA പ്രസിഡണ്ട് വിതരണം ചെയ്തു.തുടർന്ന് സൂപ്പർ സീനിയർ കേഡറ്റുകൾ അവരുടെ SPC യിലെ പ്രവർത്തന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. കേഡറ്റുകളുടെ കലാകായിക പ്രകടനങ്ങൾ ചടങ്ങിന് ഉത്സവാന്തരീക്ഷം പകർന്നു.

ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം
ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശനം

ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.

08- 01 - 2014 ന് GBHSS മഞ്ചേരിയിലെ 37 JRC കേഡറ്റുകൾ രാവിലെ 10.30 ന് ആനക്കയം ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപികയുമായി സംവദിച്ചു. ആ കുഞ്ഞു പൂമ്പാറ്റകളോടൊപ്പം കേഡറ്റുകൾ ആടുകയും പാടുകയും ചെയ്തു. കുട്ടികളെ  ചെറിയ ചെറിയ ഗെയ്മുകളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ന്യൂ ഇയർ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശന പരിപാടി കേക്ക് മുറിച്ച് ആഘോഷിച്ചു. ബഡ്സ് സ്കൂൾ ടീച്ചർ , PTA പ്രസിഡന്റ്, വാർഡ് കൗൺസിലർ , CDS ചെയർപേഴ്സൺ, JRC കൗൺസിലർമാരായ സന്ധ്യ ടീച്ചർ, ഷൈജു മാഷ് എന്നിവർ പങ്കെടുത്തു.