ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/മിഴിനീർത്തുള്ളികൾ...

Schoolwiki സംരംഭത്തിൽ നിന്ന്
മിഴിനീർത്തുള്ളികൾ...

വിജനമായ വീഥികൾ. ആരവങ്ങളില്ലാത്ത അമ്പലങ്ങൾ. എങ്ങും ശൂന്യതയുടെ മുഴക്കം. ആരും പുറത്തിറങ്ങുന്നില്ല. എല്ലാവരിലും ഒരു ഭീതി നിഴലിക്കുന്നു. എന്നാൽ അമ്മു രാവിലെ ഉണരുന്നത് ന്യൂസ്‌ കേട്ടാണ്. ഉറക്കച്ചടവ് മാറാതെ അവൾ നേരെ ചെന്നത് അടുക്കളയിലേക്ക്. "അമ്മേ...... അമ്മേ...... " ഉയർന്ന ശബ്ദത്തിൽ അവൾ വിളിച്ചു. "എന്താ...... " അമ്മയുടെ മറുപടി കേട്ടപ്പോഴാണ് അവൾക്ക് സമാദാനമായത്. "എനിക്ക് പനിയുണ്ടോ നോക്ക്യേ... വല്ലാത്ത തലവേദന. " അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതുകേട്ടപ്പോൾ അമ്മയ്ക്കും ചെറിയ പേടി ഉണർന്നു. 'ഇന്നലെയാണ് അയൽപക്കത്തെ സുമക്കും, മക്കൾക്കും കൊറോണ സ്ഥിരീകരിച്ചത്. മോളാണെങ്കിൽ ഏത് സമയവും അവിടെയായിരുന്നു. "അമ്മേ... എന്താ ഈ ആലോചിക്കുന്നേ..... ഞാൻ പറഞ്ഞത് കേട്ടില്ലേ... "അമ്മുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മ പെട്ടന്നൊന്ന് ഞെട്ടി.എന്നിട്ട് തന്റെ കൈപ്പത്തി അവളുടെ നെറ്റിയിൽ വെച്ചു. നേരിയ ചൂടുണ്ട്. എന്നാലും അമ്മ അത് അവളോട് പറഞ്ഞില്ല. "നിനക്കെവിടെ പനി. ഓരോ അജ്ഞാനവുമായി വന്നോളും. പോയി പല്ലുതേച്ചു വല്ലതും വന്ന് കഴിച്ചേ... "അമ്മയുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയി.

അമ്മു വളരെ ക്ഷീണിതയാണ്. എന്താണെന്ന് അവൾക്കും അറിയില്ല. ഭക്ഷണം കഴിക്കാൻ വല്ലാത്ത മടി. വിജനമായ പാതകളിലേക്ക് നോക്കികൊണ്ട് തന്നെ സമയം മുഴുവൻ ചിലവഴിച്ചു. "ഹലോ.... അതെ..... ആ ശെരി.... 14 ദിവസമോ??..... ഇത് മാത്രം തുണ്ടുതുണ്ടായി അവൾ കേട്ടു.... "ആരാ അമ്മേ വിളിച്ചേ " അമ്മുവിന്റെ ചോദ്യത്തിന് മറുപടിയെന്നോണം അമ്മ പറഞ്ഞു ആരോഗ്യ പ്രവർത്തകരാ.. 14ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ... എന്തേലും ലക്ഷണകളുണ്ടേൽ വെച്ചുകൊണ്ടിരിക്കരുതെന്ന് പറഞ്ഞു " ഇത് കേട്ടപ്പോൾ ദേഷ്യം വന്നത് അച്ഛനാണ്. "രോഗം വരാതിരിക്കാൻ വേണ്ടി വീട്ടിലിരിക്കാൻ സർക്കാര് പറഞ്ഞതാ... ആര് കേൾക്കാൻ. മറ്റുള്ളവര് ലോകം കാണാൻ പോയി ഞങ്ങളെയും അതിലേക്ക് വലിച്ചിടുകയാണല്ലോ. എന്തിനാ ദൈവമേ ഞങ്ങളോടിച്ചതി....... " അതും ആലോചിച്ചിരിക്കുകയായിരുന്നു ആ കുടുംബം. ഇരുന്ന് ഇരുന്ന് അറിയാതെ അമ്മു അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. എന്നാൽ അപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. "ന്റെ ഭഗവാനേ, ന്റെ കുട്ടിയുടെ ദേഹം പൊള്ളുന്നുണ്ടല്ലോ.?? അച്ഛൻ അത് കേട്ടത് വേവലാതിയോടെയാണ്. പിന്നെ ഒരു നിമിഷം പോലും കാക്കാതെ അവളെയും കൊണ്ട് ആശുപത്രിയിലേക്കുള്ള ഓട്ടമായിരുന്നു.

ആശുപത്രു എത്തിയതും ഡോക്ടർമാർ കാര്യങ്ങൾ അന്വേഷിച്ചു. പിന്നെയങ്ങോട്ട് ഓരോ ടെസ്റ്റുകളായിരുന്നു. എന്നാൽ അതൊന്നും അവൾ അറിഞ്ഞിരുന്നില്ല. പതിവുപോലെതന്നെ ഉണരുമ്പോൾ അമ്മു അമ്മയെ വിളിച്ചു എന്നാൽ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. മൂക്കിലേക്ക് കുത്തിക്കയറുന്ന മരുന്നുകളുടെ മണം. അപരിചിതമായ സ്ഥലം. കണ്ണുതുറന്നു അവൾ എല്ലായിടത്തേക്കും ഒന്ന് കണ്ണോടിച്ചപ്പോഴാണ് അറിയുന്നത് താൻ വീട്ടിലല്ല. താൻ ആശുപത്രിയിലാണ് എന്നറിയാൻ അവൾക്ക് അധികസമയം വേണ്ടിവന്നില്ല. താനെന്തിനാണ് ഇവിടെ എന്നാലോചിച്ചിരിക്കുമ്പോഴാണ് മുഖമെല്ലാം മൂടി, പ്രേതങ്ങളെ പോലെ തോന്നിക്കുന്ന നാലഞ്ചു രൂപങ്ങൾ അവളുടെ അടുക്കലേക്ക് വരുന്നത് കണ്ടത്. എന്നാൽ എണീറ്റോടാനോ ഒന്ന് കരയാനോ അവൾക്ക് സാധിച്ചിരുന്നില്ല. ആ രൂപം അവളോട് പറഞ്ഞു "പേടിക്കണ്ടാട്ടൊ, മോൾക്ക് പെട്ടന്ന് സുഖായി വീട്ടിലേക്ക് പോവാല്ലോ." ഇത് പറയുമ്പോഴും ആ രൂപത്തിനറിയാമായിരുന്നു ഈ കുഞ്ഞിന്റെ നില ഗുരതരമാണെന്ന്. എന്നാൽ അവൾക്ക് ഏക ആശ്വാസം നഴ്സുമാരുടെ കരുതലാണ്.

ഓരോ ദിവസങ്ങൾ കഴിയുമ്പോഴും അവളുടെ നില വഷളായിക്കൊണ്ടിരുന്നു. അമ്മു ചോദിച്ചു "ഡോക്ട..... റങ്കിളെ.... ഞാ.....ൻ..... മരിക്യോ..... "ഡോക്ടറുടെ കണ്ണുകൾ ഈറനണിഞ്ഞു. "മോളെന്താ ഈ പറയുന്നേ... മരിക്യുംന്നോ..... മോൾക്ക് അച്ഛനെയും അമ്മയെയും കാണേണ്ടെ.... എന്നിട്ടാണോ മരിക്യോന്ന് ചോദിക്കണേ.... " ഇത് പറയുമ്പോൾ ആ ഹൃദയത്തിന്റെ തുടിപ്പ് ഇരട്ടിച്ചിരുന്നു. എന്നാൽ അവളോട് ആരും ഒന്നും പറഞ്ഞില്ല.

അവൾക്ക് തീരെ വയ്യാതാവുന്നു. ശ്വാസമെടുക്കാൻ കഴിയുന്നില്ല. ഒരുപാട് ശ്രമിച്ചു.... കരയാനും കഴിയുന്നില്ല.... കണ്ണുകളിലേക്ക് ഇരുട്ട് പ്രകാശിക്കുന്നു. തൊണ്ട വറ്റി വരളുന്നു. ഒരു തുള്ളി നീരിനായ് അവളുടെ മനസ്സ് അലഞ്ഞു. എന്നാൽ ഒരു നിമിഷം അവൾ ആ വിജനമായ വീഥിയിലേക്ക് നോക്കി. സ്വതന്ത്രമായി അതിലൂടെ നടക്കാൻ അവൾ ആശിച്ചു. "ഒരുനാൾ ഞാനും സ്വാതന്ത്രമാകും "ആ ചുണ്ടുകൾ മന്ത്രിച്ചു അവളറിയാതെ കണ്ണുകൾ അടഞ്ഞു. രണ്ട് നീര്തുള്ളികൾ ഇരുക്കണ്ണുകളിലൂടെയും അവൾക്കായ് ഒഴുകി.....

റിസ്‌വാന പർവിൻ - എസ്
9 C ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ