ജി.എൽ..പി.എസ്. ഒളകര/സ്കൂൾ പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അധ്യയന വർഷത്തിൽ ജൂൺ 12 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ PTA ക്കു കീഴിൽ സ്കൂളിൽ നടന്ന പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ടാണ് വളരെ സ്നേഹാദരപൂർവം നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്

      PP സെയ്തുമുഹമ്മദ് പ്രസിഡണ്ടും ഉസ്മാൻ KP വൈസ് പ്രസിഡണ്ടും സിറാജ് UP, പവിത്രൻ K, ഷൈലജ, മുഹമ്മദലി, സുരേഷ് ബാബു, ലളിത AP, അബു CC, സലീം ചെമ്പൻ, ജഅഫർ എന്നിവർ   മെമ്പർമാരുമായുള്ള കമ്മിറ്റിയാണ് നിലവിലുള്ള പി.ടി.എ

പ്രദീപ് കുമാർ KM, സൈദലവി KK, അലി ഹസ്സൻ UP, രഞ്ജുഷ, പ്രമോദ് കുമാർ, ലത്തീഫ് AK, സുഷ, കുട്ടൻ മാഷ്, ഇബ്രാഹീം മൂഴിക്കൽ, ഹെഡ്മാസ്റ്റർ N വേലായുധൻ, വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങൽ എന്നിവർ മെമ്പർമാരുമായുള്ള കമ്മിറ്റിയാണ് നിലവിലുള്ള എസ്.എം.സി ഷൈലജ, ലളിത AP, ഖമറുന്നീസ, ഹബീബ E, റമീന, പ്രമീള, തിരാല, ശ്രീദേവി, ജിഷഎന്നിവർ മെമ്പർമാരുമായുള്ള കമ്മിറ്റിയാണ് നിലവിലുള്ള എം.പി.ടി.എ 101 വർഷം പൂർത്തിയായ സ്കൂളിന് വേണ്ട ഇടപെടലുകളെല്ലാം ഈ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനപുരോഗതി വർദ്ധിപ്പിക്കാനും നൂതന രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ കമ്മിറ്റി. അതിന്റെയൊക്കെ ഫലമായി ഈ വർഷം സ്കൂളിൽ 47 ഉം പ്രീ പ്രൈമറി യിൽ 27 ഉം വിദ്യാർത്ഥികൾ വർദ്ധിക്കുകയുണ്ടായി. കാലങ്ങളായി വളരെ പ്രയാസപ്പെടുന്ന വേനലിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്നോണം, നിരന്തരമായി പ്രയത്നിച്ച് മേലോറൻ കോയ ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സ്കൂളിന് പുതിയ കിണർ ഈ നിർമിക്കാൻ പി.ടി.എ.യുടെ ശ്രമഫലമായി സാധിച്ചു. എപ്പോഴും സ്കൂളിന്റെ പുരോഗതിക്ക് താങ്ങും തണലുമായുണ്ടാവാറുള്ള നമ്മുടെ പ്രിയപ്പെട്ട വാർഡ്‌ മെമ്പർ ശ്രീ ഇസ്മാഈൽ കാവുങ്ങൽ മുഖേന പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിനാൽ സ്കൂൾ പഴയ ബിൽഡിംഗ് നവീകരിക്കാനും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വീഡിയോ കോൺഫറൻസ് ഹാളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനും,ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കിരിക്കാൻ നൂതന രീതിയിലുള്ള ഫർണിച്ചറുകൾ ലഭ്യമാക്കാനും, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭക്ഷണാവശിഷ്ടങ്ങളിലൂടെ ഊർജം ശേഖരിക്കുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും അതിനു വേണ്ട മറ്റു സജീകരണങ്ങൾ ഒരുക്കാനും ഈ പി.ടി.എ യുടെ കാലയളവിൽ സാധിക്കുകയുണ്ടായി. AR നഗർ വ്യാപാര വ്യവസായ ഏകോപന സമിതിയുടെയും വേങ്ങര BRC യുടെയും കൂടി സഹായത്താൽ വൃന്ദാവനം ഔഷധ ഉദ്യാനം ഭംഗിയാക്കാനും സ്കൂളിന്റെ വിവിധ ഭാഗങ്ങൾ പെയിന്റ് ചെയ്ത് മോഡി പിടിപ്പിക്കാനും സ്ക്കൂൾ മുറ്റത്തെ തൈകൾക്ക് തട്ടം കെട്ടി ഭംഗിയാക്കി സംരക്ഷണം ഉറപ്പു വരുത്താനും പ്രീ പ്രൈമറിയിൽ അധികമായി വന്ന ക്ലാസിന് പുതിയ റൂം ടൈൽ പതിച്ച് സൗകര്യപ്പെടുത്താനും വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ കഴുകുന്നതിനാവശ്യമായ പബ്ലിംഗ് വർക്കുകൾ പൂർത്തികരിക്കാനും പ്രീ പ്രൈമറി യിലെ ഷീറ്റ് വർക്കുകൾ ചെയ്ത് ക്ലാസ് സുരക്ഷിതമാക്കാനും ഈ പി.ടി.എ പരിശ്രമിക്കുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് ലഭ്യമായതും രക്ഷിതാക്കളിൽ നിന്ന് സ്വരൂപിച്ചതുമായ ഫാനുകൾ സ്ഥാപിച്ചും ഇലക്ട്രിക് അറ്റകുറ്റപണികൾ നടത്തിയും ക്ലാസ് റൂം സൗകര്യം മെച്ചപ്പെടുത്തുകയും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സൗകര്യം ചെയ്തു നൽകിയതിലൂടെ സ്ക്കൂളിന് ഇൻവെർട്ടർ ലഭ്യമാക്കുകയുമുണ്ടായി PTA. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ കമ്മിറ്റി വേണ്ട പരിഗണന നൽകി വന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് PTA , MPTA ,SMC ഭാരവാഹികൾ അകമഴിഞ്ഞ് സഹായം നൽകിയിട്ടുണ്ട്. പ്രവേശനോത്സവം ജൂൺ 12 ന് ആയിരുന്നു കഴിഞ്ഞ അദ്ധ്യയന വർഷാരംഭം. തുടർച്ചയായ രണ്ടാം തവണയും പെരുവള്ളൂർ പഞ്ചായത്ത് തല പ്രവേശനോത്സവ മായിരുന്നു നമ്മുടെ സ്കൂളിൽ നടന്നത്. ഉദ്ഘാടനം വാർഡ് മെമ്പർ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചപ്പോൾ തദവസരത്തിൽ വേങ്ങര ബി.ആർ.സി പ്രതിനിധികളായി രധീഷ് മാഷ്, ഷൈജു മാഷ് , സ്കൂൾ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ, PTA പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, മറ്റു PTA, MPTA, SMC ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ചടങ്ങിനെത്തിയവർക്കെല്ലാം മധുര പലഹാരവും നൽകി. നവാഗതരായെത്തിയവർക്ക് വർണ്ണ ത്തൊപ്പി, കളറിംഗ് ബുക്ക്, ക്രയോൺ എന്നിവയും എ.ആർ.നഗർ കോപറേറ്റീവ് ബാങ്ക് വക സ്ക്കൂൾ ബാഗും നൽകുകയുണ്ടായി. പുതിയ അധ്യയന വർഷം ആരംഭിച്ചതിനു പിന്നാലെ വിദ്യാർത്ഥികളിൽ ലീഡർമാരെ കണ്ടെത്തുന്നതിന്നായി തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. ജനാധിപത്യ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിചയപ്പെടാനും ,ജനാധിപത്യ അവബോധം സൃഷ്ടിക്കാനുമെന്നോണം പൊതു തെരഞ്ഞെടുപ്പിന്റെ പ്രതീതിയുണർത്തി നടത്തിയ സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ മുഹമ്മദ് സ്വഫ് വാൻ സ്ക്കൂൾ ലീഡറായും ഫാത്വിമ ശിഫ CC വിദ്യാഭ്യാസ മന്ത്രിയായും ഫാത്വിമ ജാലിബ ആരോഗ്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ വിവിധ പാഠ്യ- പാഠ്യേതര പ്രവർത്തനത്തൾക്ക് നേതൃത്വം നൽകാനായി മലയാളം, അറബി, ഇംഗ്ലീഷ്, ഗണിതം,സാമൂഹ്യം, ശാസ്ത്രം, ശുചിത്വം, പരിസ്ഥിതി ക്ലബ്ബുകൾ രൂപീകരിക്കുകയുണ്ടായി. ഓരോ ക്ലബുകളും അവരുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചു പോന്നു. പഠന പിന്നോക്കക്കാരായ 27 വിദ്യാർത്ഥികൾക്കായി മഴവില്ല് എന്ന പേരിൽ 2 മാസം തുടർച്ചയായി എഴുത്തും വായനയും പരിശീലിപ്പിക്കുകയുണ്ടായി. പാദ, അർധ വാർഷിക പരീക്ഷകൾക്കു ശേഷവും ഒന്നാം ക്ലാസിന് പ്രത്യേകമായും CPTA വിളിച്ച് ചേർത്ത് വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്ത് കഴിയാവുന്നവ പരിഹരിച്ചു. പഠന പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം നീന്തൽ പോലുള്ള കായിക പഠനങ്ങൾക്കും PTA പ്രാധാന്യം നൽകി വന്നു.വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും അറിയിപ്പുകളൊന്നും ലഭിക്കുന്നതിനു മുമ്പേ പി.ടി.എ മുൻകയ്യെടുത്ത് വിദ്യാർത്ഥികൾക്കായി കാടപ്പടിയിലെ മാതാകുളത്തു പോയി നീന്തൽ പരിശീലനം ആരംഭിക്കുകയുണ്ടായി.വാർഡ് മെമ്പർ ശ്രീ ഇസ്മാഈൽ കാവുങ്ങലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ സർ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. PTA ക്കു കീഴിൽ സ്കൂളിൽ വിവിധ പരിപാടികൾ ഭംഗിയായി നടന്നു കൊണ്ടിരിക്കെ വേങ്ങര സബ് ജില്ല ആവശ്യപ്പെട്ട പ്രകാരം 3 ക്യാമ്പുകൾക്ക് ആദിഥ്യമരുളാമെന്നും PTA സന്നദ്ധത അറിയിച്ചു. സബ് ജില്ലാ തല ക്യാമ്പുകൾ ആദ്യ ക്യാമ്പ് ജൂലൈ 28,29 തീയതികളിൽ നടന്ന കൊള്ളാമീ മഴ, മഴക്കാല ക്യാമ്പായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത ക്യാമ്പ് കാവും കുളവും കുന്നും വയലും ഇല്ലവും തുടങ്ങി ഇന്ന് അന്യമാവുന്നവ കുട്ടികളിൽ പഠന വിഷയമാക്കിയും, പഴയ കാല ഭക്ഷണവിഭവങ്ങൾ രുചിച്ചറിഞ്ഞും കരീം മാഷ് കാടപ്പടി ഒരുക്കിയ പുരാവസ്തു ശേഖരണം, കോട്ടക്കൽ ആയുർവേദ ശാല തയ്യാറാക്കിയ ഔഷധ സസ്യങ്ങളുടെ പ്രദർശനം, ജില്ലാ വനം വകുപ്പ് ഒരുക്കിയ സ്റ്റാൾ , AR നഗർ വില്ലേജ് ഓഫീസർ ഒരുക്കിയ പഴയ കാല പത്രങ്ങളുടെ ശേഖരണവും കൊണ്ട് ശ്രദ്ധേയമായി. സബ് ജില്ലാ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഡിസംബർ 28, 29 തിയ്യതികളിൽ നടന്ന പരിപാടിയായിരുന്നു വേങ്ങര സബ് ജില്ലാതല ഭിന്നശേഷി ക്യാമ്പ്. പുകയൂർ അങ്ങാടിയിലേക്ക് ഫ്ലാഷ് മോബ് ഉൾപ്പെടുത്തി നടത്തിയ വിളംബര ജാഥ, പേപ്പർ ക്രാഫ്റ്റ്, രുചിക്കൂട്ട്, കളികൾ, യോഗകൾ, മറ്റു പഠന കോർണറുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു.ചടങ്ങ് വാർഡ്‌ മെമ്പർ ശ്രീ ഈ സ്മാഈൽ കാവുങ്ങലിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു സബ് ജില്ലാ തലത്തിൽ ഫെബ്രുവരി 14 ന് നമ്മുടെ സ്ക്കൂൾ വളരെ ആകാംക്ഷയോടെ ഏറ്റെടുത്ത് നടത്തിയ പരിപാടിയായിരുന്നു സബ് ജില്ലാ തല പഠനോത്സവം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഹഖ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റർ, വേങ്ങര AE0 ശ്രീമതി വിശാല , BP0 ഭാവന ടീച്ചർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു പഠനോത്സവ കമ്മിറ്റി. രക്ഷിതാക്കളെ ക്ഷണിക്കാൻ വിദ്യാർത്ഥികളെഴുതിയ അമ്മക്കൊരു കത്തും, തെരുവ് നാടകം ഉൾപ്പെടുത്തി നടത്തിയ വിളംബര ജാഥകളും, ഫാത്വിമ ജാലിബ,സഫ് വാൻ എന്നീ വിദ്യാർത്ഥികൾ അഭിനയിച്ച ഷോർട്ട് ഫിലിമും പ്രചരണം ശക്തമാക്കി. സല്ലാപം, ഗണിതപ്പുര, അറിവ് തരു, ഫ്ളാഷ്, നിറക്കൂട്ട് ,വഴിത്താര , എരൂം പുളീം, തുടങ്ങിയ വിവിധ കോർണറുകൾ പഠനോത്സവം ഗംഭീരമാക്കി. മത്സരമായി നടത്തിയ പരിപാടികളിലെ വിജയികൾക്ക് സമ്മാനവും വിതരണം ചെയതു. ശ്രീ കലാം മാസ്റ്റർ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രധാന ആഘോഷങ്ങൾ കേരളത്തെ നടുക്കിയ പ്രളയത്തോടനുബന്ധിച്ച് ലളിതമായ രീതിയിൽ ആഘോഷിച്ച സ്വാതന്ത്ര്യ ദിന ചടങ്ങ് PTA പ്രസിഡന്റ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ LSS നേടിയ അമേയക്ക് മെമെന്റോ നൽകുകയുണ്ടായി. പ്രളയ ദുരിതം കാരണം പെരുന്നാൾ, ഓണം എന്നീ ആഘോഷങ്ങളൊന്നും നടന്നില്ല. ക്രിസ്തുമസ് ആഘോഷം അമൽ CV ക്രിസ്തുമസ് അപ്പൂപ്പനായി വേഷമിടുകയും വിദ്യാർത്ഥികൾ കരോൾ ഗാനങ്ങളോടെ അദ്ദേഹത്തെ അനുഗമിച്ച് സ്കൂൾ വരാന്തകളിലും ഗ്രൗണ്ടിലും ചുറ്റി നടന്നത് വളരെ രസകരമായിരുന്നു. വർണാഭമായി ഒരുക്കിയ പുൽക്കൂടും ശ്രദ്ധേയമായി. അവസാനം ക്രിസ്തുമസ് കേക്ക് വിതരണവും നടത്തി. റിപ്പബ്ലിക് ദിനാഘോഷം നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ 64-ാം റിപ്പബ്ലിക് ദിനം വളരെ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. ശ്രീ ഇസ്മാഈൽ കാവുങ്ങൽ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്, ഹെഡ്മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.തുടർന്നു നടന്ന ക്വിസ്മത്സരം, പതാക നിർമ്മാണ മത്സരം, വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ എന്നിവക്കു ശേഷം പായസ വിതരണവും നടത്തി സ്കൂൾ മേളകൾ ഒക്ടോബർ 25 ന് നടന്ന കായിക മേള, ഫാസ്റ്റ്‌ ട്രാക്ക് 2019 വളരെ ആവേശകരമായി പി.ടി.എ നേതൃത്വത്തിൽ അരങ്ങേറുകയുണ്ടായി. മേളക്ക് മുന്നോടിയായി RED, BLUE, GREEN, YELLOW തുടങ്ങിയ ഹൗസുകൾ അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു. വാശിയേറിയ കായിക മേളയുടെ കിരീടം മുനീറ ടീച്ചറുടെ നേതൃത്വത്തിലിറങ്ങിയ ഗ്രീൻ ഹൗസ് നേടുകയുണ്ടായി. സ്ക്കൂൾ കലാമേള, , കായികമേളയെ പോലെ ആവേശകരമായിരുന്നു തക്കാരം 2019 എന്ന പേരിൽ ശ്രദ്ധേയമായ സ്ക്കൂൾ കലാമേള. തക്കാരത്തിന്റെ പ്രതീതിയുണർത്തി സദ്യയോടൊപ്പം പായസവും വിളമ്പി. പാലട, സേമിയ, ഫലൂദ,അലീസ തുടങ്ങിയ ഗ്രൂപ്പുകൾ തമ്മിൽ നടന്ന വാശിയേറിയ തക്കാര പോരാട്ടത്തിൽ സേമിയ വിജയികളായി. സാമ്പത്തിക സഹായങ്ങൾ പ്രളയ ബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി പി.ടി.എ ക്കു കീഴിൽ പണം സമാഹരിക്കാനിറങ്ങിയ വിദ്യാർത്ഥികൾ 18790 രൂപ സ്വരൂപിച്ച് നൽകുകയുണ്ടായി. നിത്യ രോഗികളായി ജീവിതത്തിൽ വളരെ പ്രയാസം അനുഭവിക്കുന്നവർക്കു വേണ്ടി കുന്നുംപുറം പാലിയേറ്റിവിലേക്കായി രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹായത്താൽ 20150 രൂപ സമാഹരിച്ച് കൈമാറുകയുണ്ടായി. ഇത്തരം സാമ്പത്തിക സഹായങ്ങൾക്കു വേണ്ടി പ്രയത്നിച്ച മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നന്ദി അറിയിക്കുകയാണ് കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയായിരുന്നു കൃഷിയോടുള്ള താൽപര്യം. മഹാത്മ ഗാന്ധിയുടെ 150ാം ചരമ വാർഷികത്തോടനുബന്നിച്ച് സ്കൂളും പരിസരവും ശുചീകരിച്ച ശേഷം കുട്ടികളുടെ കൃഷി വളപ്പിലെ മരച്ചീനികൾ വിളവെടുത്ത് ഭക്ഷണമായി ഉപയോഗിക്കുകയുമുണ്ടായി. പഠന പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും തരുന്ന PTA ഒന്നാം ക്ലാസിലെ നന്നായി വളരാം എന്ന പാഠ ഭാഗവുമായി ബസപ്പെട്ട് വിവിധ കച്ചവട സ്ഥാപനങ്ങൾ ഒരുക്കി ഒളകര കുട്ടി പീട്യാസ് സംഘടിപ്പിക്കാൻ സഹായിക്കുകയുണ്ടായി. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുടെ മൊബൈൽ ലോഗ് അദാലത്തിന്റെ ഭാഗമായി എത്തിയ മൊബൈൽ കോടതി അധികൃതരുമായി സംവധിക്കാനും അത്യാവശ്യ വിവരങ്ങൾ നേടാനും സഹായകമായത് PTA ഇടപെടലുകളിലൂടെയായിരന്നു. പഠനയാത്ര വിദ്യാർത്ഥികൾക്കായി മലയാള ഭാഷ പിതാവ് തുഞ്ചത്തെഴുത്തച്ചന്റെ തുഞ്ചൻ പറമ്പിലേക്കും വളാഞ്ചേരി ഫ്ലോറ ഫാന്റസിയിലേക്കും 98 വിദ്യാർത്ഥികളും 10 രക്ഷിതാക്കളും PTA ഭാരവാഹികളും അധ്യാപകരുമായി പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശ്രദ്ധേയമായ വിവിധ ദിനാചരണങ്ങളിലൂടെ ജൂൺ 19 വായന ദിനത്തിൽ പതിനായിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രദർശിപ്പിക്കാനും പുസ്തക വണ്ടിയുടെ അകമ്പടിയോടെ അങ്ങാടികളിൽ വായനാ സന്ദേശം പ്രചരിപ്പിക്കാനുമായി. പിന്നീട് നടന്ന പഞ്ചായത്ത് തല വായനാ മത്സരത്തിൽ 1,2 സ്ഥാനങ്ങൾ നേടിയ പാർവ്വതി നന്ദയും ഫാത്വിമ ജാലിബയും സ്കൂളിന്റെ അഭിമാനമായി. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ പുകയൂർ അങ്ങാടിയിലെത്തിയ വിദ്യാർത്ഥികൾ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർക്കുകയുണ്ടായി. ജൂലൈ 5 മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ കഥാപാത്ര വിഷ്കാരം,, ക്വിസ് മത്സരം, വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉൾകൊള്ളിച്ച് ബാല സഭ എന്നിവയും നടത്തി. റഷ്യയിൽ നടന്ന വേൾഡ് കപ്പ് ഫുട്ബോൾ പ്രചരണത്തിന്റെ ഭാഗമായി 4 ടീമുകളായി, വിദ്യാർത്ഥികൾക്ക് പി.ടി.എ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചപ്പോൾ അർജന്റീന വിജയികളായി. വിദ്യാർത്ഥിനികൾക്കായി ഷൂട്ടൗട്ട് മത്സരവും നടത്തി. ജൂലൈ 11 ലോക ജന സഖ്യാ ദിനത്തിൽ പി.ടി.എ പ്രസിഡൻറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലെത്തി വിവരങ്ങൾ ശേഖരിച്ച വിദ്യാർത്ഥികൾ, ആഗസ്ത് 5 ലോക സൗഹൃദ ദിനത്തിൽ വൃന്ദാവനം ഔഷധ ഉദ്യാനത്തിലെ സസ്യങ്ങളുമായി ചങ്ങാത്തം കൂടി സംരക്ഷണം ഏറ്റെടുക്കുകയുണ്ടായി ആഗസ്ത് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തിൽ ഭീമൻ സഡാക്കോ കൊക്കിനെ ഒരുക്കി സ്കൂളിൽ സമാധാന ദിനം ആചരിച്ചു. സെപ്തംബർ 9 സാക്ഷരതാ ദിനത്തിൽ അന്യദേശ തൊഴിലാളികൾക്കായി മലയാള ഭാഷ പഠനം സാധ്യമാക്കിയ PTA സഹായത്താൽ സെപ്തംബർ 26 ബധിര ദിനത്തിൽ പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെത്തി പുരാവസ്തുക്കളുടെ പ്രദർശനമൊരുക്കാനും സാധിച്ചു. ഒക്ടോബർ 1 ലോക വൃദ്ധ ദിനത്തിൽ സമീപത്തെ 35 ഓളം വൃദ്ധരായവരെ ഒരുമിച്ചുകൂട്ടി വിവിധ കായിക മത്സരങ്ങളിൽ പങ്കാളിയാക്കിയും പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരവരുടെ രോഗങ്ങൾക്ക് മരുന്ന് സൗജന്യമായി നൽകിയും PTA മാതൃകയായി. കലാം മാസ്റ്റർ വൃദ്ധർക്കു വേണ്ടി ഉപദേശങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 9 തപാൽ ദിനത്തിൽ 10000 ത്തോളം സ്റ്റാമ്പുകളുടെ പ്രദർശനവും അഞ്ചലോട്ടം, ദൂതൻ, പ്രാവ് എന്നിവ പരിചയപ്പെടലും നടന്നു. തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുകയുമുണ്ടായി ഒക്ടോബർ 15 APJ അബ്ദുൽ കലാമിന്റെ ജന്മദിനമായ വിദ്യാർത്ഥി ദിനത്തിൽ കലാമിൻറെ സ്മരണക്കായി കൂറ്റൻ മിസൈൽ നിർമ്മിച്ചപ്പോൾ, ഒക്ടോബർ 24 UN ദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ ഭൂപടവും UN ആചരിച്ച വർഷങ്ങളും ഉൾപ്പെടുത്തി ഭൂമിയുടെ കൂറ്റൻ മാതൃക ഒരുക്കുകയുണ്ടായി. ഒക്ടോബർ 20 ഓഡിയോ വിഷ്യൽ ദിനത്തിൽ പഴയ കാല ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചും പരിപാടി ശ്രദ്ധേയമാക്കി. ഒക്ടോബർ 30 സമ്പാദ്യ ദിനത്തിൽ സമ്പാദ്യ ഗ്രാമം പദ്ധതിയുമായി വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്താൻ ഓരോ ക്ലാസുകൾക്കും കളിമൺ കുറ്റികൾ നൽകി സമ്പാദ്യ ശേഖരണം ആരംഭിക്കാൻ PTA മുൻകൈ എടുക്കുകയുമുണ്ടായി. ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ക്ലാസ് തലങ്ങളിൽ ലഘു പരീക്ഷണങ്ങളും വൈകീട്ട് BRC സഹായത്താൽ PTA വാന നിരീക്ഷണവും സംഘടിപ്പിച്ചപ്പോൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറുകയുണ്ടായി പരിപാടി. സ്കൂൾ 101-ാം വാർഷികം ഒയാസിസ് 2019 , പ്രിയപ്പെട്ട ഗായിക മെഹറിൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒളകര ന്യൂസ് സപ്ലിമെന്റ് പ്രകാശനം ചെയ്യുകയും PTA, MPTA ഭാരവാഹികളെ ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കു പുറമെ വോയ്സ് ഓഫ് പെരുവള്ളൂർ അവതരിപ്പിച്ച ഗാനമേളയും നടന്നു. വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്ഥ കാഴ്ചപ്പാടുകളിലൂടെ, പുതിയ അനുഭവങ്ങളിലൂടെ നിങ്ങൾ രക്ഷിതാക്കളുടെ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുവാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ വിദ്യാലയത്തിന്റെ മികവ്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് നൽകിയ പ്രാധാന്യത്തിലുപരി പഠന പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചതുകൊണ്ടാണ് ആയിഷ ഇ, അനന്യ കെ, ഫാത്വിമ അംന, ഫാത്വിമ ശിഫ സി.സി എന്നീ 4 വിദ്യാർത്ഥികളുടെ LSS വിജയം. ഇത്തരം മികച്ച നേട്ടങ്ങളിലെല്ലാം PTA യുടെ പങ്ക് വിലമതിക്കാത്തതാണ്. മുൻ വർഷത്തെ വേങ്ങര സബ് ജില്ലയിലെ ഏറ്റവും മികച്ച PTA യും മലപ്പുറം ജില്ലയിലെ ആദ്യ സ്ഥാനങ്ങളിൽ പെടുന്ന PTA യുമാണ് നമ്മുടേത്. ഇനിയും വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ വരും PTA ക്ക് കഴിയട്ടെ എന്ന് ആശംസിച്ച് ഈ റിപ്പോർട്ട് നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു.

                                                                                                   എന്ന്